Go to full page →

5 - രക്ഷാപദ്ധതി വീച 43

ദൈവം ലോകത്തെ സൃഷ്ടിച്ചത് മനുഷ്യരെക്കൊണ്ട് നിറയ്ക്കുവാനായിരുന്നു. അവർ കഷ്ടതയ്ക്കും, രോഗത്തിനും, മരണത്തിനും വിധിക്കപ്പെട്ട, കുറ്റക്കാരായതിൽനിന്നു രക്ഷപ്പെടുന്നതിനു സാദ്ധ്യതയൊന്നുമില്ലെന്നു ഗ്രഹിച്ചപ്പോൾ സ്വർഗ്ഗം സങ്കടത്തിൽ നിമഗ്നമായി. ആദാമിന്‍റെ കുടുംബം മുഴുവനും മരിക്കണം. ഞാൻ സ്നേഹവാനായ യേശുവിനെ കാണുകയും അപ്പോൾ തന്‍റെ മുഖത്ത് സഹതാപത്തിന്‍റെയും സങ്കടത്തിന്‍റെയും പ്രകാശം കാണുകയും ചെയ്തു. പെട്ടെന്ന് അവൻ പിതാവിന്‍റെ ശക്തിയേറിയ പ്രകാശത്തിലേക്കു പോകുന്നതു കണ്ടു. അവൻ പിതാവുമായി അടുത്തു സംസാരിക്കുകയാണെന്നു എന്‍റെകൂടെ ഉണ്ടായിരുന്ന ദൂതൻ പറഞ്ഞു. യേശു പിതാവുമായി സംസാരിക്കുമ്പോൾ ദൂതന്മാരുടെ ഉൽക്കണ്ഠ വർദ്ധിക്കുന്നതുപോലെ തോന്നി. പിതാവിനുചുറ്റും ഉണ്ടായിരുന്ന മഹത്വമേറിയ പ്രകാശത്തിൽ മൂന്നു പ്രാവിശ്യം യേശു മറെയ്ക്കപ്പെട്ടു. മൂന്നാം പ്രാവിശ്യം പിതാവിൽനിന്ന് പുറത്തുവന്നപ്പോൾ അവൻ വ്യക്തമായി കാണപ്പെട്ടു. അവന്‍റെ മുഖം ശാന്തവും ഉലക്കണ്ഠയില്ലാത്തതും സംശയമില്ലാത്തതുമായിരുന്നു. വാക്കുകളാൽ അവർണ്ണനീയമായ കൃപയും സ്നേഹവും അവന്‍റെ മുഖത്തു പ്രകടമായിരുന്നു. വീച 43.1

നഷ്ടപ്പെട്ട മനുഷ്യനുവേണ്ടി ഒരു രക്ഷാമാർഗ്ഗം ഉണ്ടാക്കിയെന്നു സ്വർഗ്ഗീയ സൈന്യത്തെ അറിയിച്ചു. മനുഷ്യനു വിധിക്കപ്പെട്ട മരണശിക്ഷയ്ക്കു മറുവിലയായി താൻ അതെടുത്തുകൊള്ളാമെന്നും തന്നിൽകൂടെ മനുഷ്യന് ക്ഷമ കണ്ടെത്താമെന്നും തന്‍റെ അനുസരണത്തിന്‍റെയും രക്തത്തിന്‍റെയും മേന്മയിൽ ദൈവത്തിന്‍റെ പ്രീതി നേടുകയും മനോഹരമായ തോട്ടത്തിലേയ്ക്ക് അവരെ കൊണ്ടുവരികയും അവർക്കു ജീവവൃക്ഷഫലം ഭക്ഷിക്കുകയും ചെയ്യാമെന്നും താൻ പിതാവിനോട് അഭ്യർത്ഥിച്ചതായി യേശു പറഞ്ഞു. വീച 43.2

രക്ഷാപദ്ധതിയിൽ ഒന്നും മറച്ചുവയ്ക്കാതെ മുഴുവനും തങ്ങളുടെ സൈന്യാധിപൻ അവരെ അറിയിച്ചപ്പോൾ ദൂതന്മാർക്ക് ആദ്യം സന്തോഷിപ്പാൻ കഴിഞ്ഞില്ല. പിതാവിന്‍റെ കോപത്തിനും പാപിയായ മനുഷ്യനുമിടയിൽ താൻ നിലക്കുമെന്നും അനീതിയും പരിഹാസവും താൻ വഹിക്കുമെന്നും എന്നാൽ കുറച്ചുപേർ തന്നെ ദൈവപുത്രനായി സ്വീകരിക്കുമെന്നും യേശു പറഞ്ഞു. ഏകദേശം എല്ലാവരും അവനെ വെറുക്കുകയും നിരസിക്കുകയും ചെയ്യും. സ്വർഗ്ഗത്തിലെ തന്‍റെ മഹത്വമെല്ലാം വെടിഞ്ഞു. ഭൂമിയിൽ ഒരു മനുഷ്യനെപ്പോലെ പ്രത്യക്ഷപ്പെടുകയും ഒരു മനുഷ്യനെപ്പോലെ സ്വയം താഴ്ത്തുകയും തന്‍റെ സ്വന്തം അനുഭവത്തിലൂടെ മനുഷ്യരെ അസഹ്യപ്പെടുത്തുന്ന പരീക്ഷകളെ എങ്ങനെ നേരിട്ടു ജയിക്കാമെന്നു കാണിക്കുകയും അവസാനം ഒരു ഉപദേഷ്ടാവെന്നവണ്ണം തന്‍റെ ദൗത്യം നിറവേറ്റുകയും ചെയ്യുകഴിഞ്ഞിട്ട് അവൻ മനുഷ്യരുടെ കയ്യിൽ ഏൽപ്പിക്കപ്പെടുകയും സാത്താനും അവന്‍റെ ദൂതന്മാരും ദുഷ്ട മനുഷ്യരിലൂടെ ക്രൂരതയും കഷ്ടതയും അടിച്ചേല്പിച്ച് പാപിയായ മനുഷ്യനെപ്പോലെ വാനിനും ഭൂവിനും മദ്ധ്യേ തൂങ്ങി ഏറ്റവും ക്രൂരമായ മരണം വരിച്ച് മണിക്കുറുകളോളം ഭയങ്കര മരണവേദന അനുഭവിക്കുന്നത് നോക്കിക്കാണ്മാന്‍ ദൈവദൂതന്മാർക്കു കഴിയാതെ തങ്ങളുടെ മുഖം മറച്ചുകളഞ്ഞു. കേവലം ശാരീരിക വേദന അല്ല തനിക്കു സഹിക്കേണ്ടിവന്നത്, പ്രത്യുത അത് ശാരീരികവും വേദനയോടു താരതമ്യപ്പെടുത്താനാവാത്ത മാനസിക യാതനയായിരുന്നു. മുഴുലോകത്തിന്‍റെയും പാപഭാരം മുഴുവനും അവന്‍റെമേൽ ആകണം. അവൻ മരിക്കുകയും മൂന്നാം നാൾ ഉയിർക്കുകയും പിതാവിന്‍റെ അടുക്കലേക്കു കയറിപ്പോകയും അനുസരണംകെട്ട മനുഷ്യനുവേണ്ടി മദ്ധ്യസ്ഥത നടത്തുകയും ചെയ്യുമെന്നും യേശു പറഞ്ഞു. വീച 44.1