Go to full page →

ബൈബിൾ ക്രിസ്തീയ വിദ്യാഭ്യാസത്തിൽ സആ 361

മാനസിക പരിശീലനത്തിന്റെ ഉപകരണമെന്ന നിലയിൽ ബൈബിൾ ഏതു പുസ്തകത്തെക്കാളും അഥവാ വിരചിതമായ മറ്റെല്ലാ പുസ്തകങ്ങളെക്കാളും കൂടുതൽ ഫലപ്രദമത്രെ, അതിലെ വിഷയങ്ങളുടെ ശ്രേഷ്ഠത ലളിത ഗാംഭീര്യത്തോടുകൂടിയ ഉച്ചാരണങ്ങൾ, സുന്ദരമായ ഭാവന, എന്നിവ മറ്റൊന്നിനും കഴിയാത്തവിധം ചിന്തയെ ഉദ്ദീപിപ്പിച്ചു ഉൽകൃഷ്ടമാക്കയും ചെയ്യുന്നു. വെളിപാടിലെ അത്ഭുതകരമായ സത്യം ഗ്രഹിക്കുന്നതിലുള്ള ശ്രമത്തിൽ ലഭിക്കുന്നതുപോലെ മാനസിക ശക്തി മറ്റു യാതൊരു പഠനത്തിനും നല്കാൻ കഴികയില്ല. ഇങ്ങനെ അനാദ്യന്തനെക്കുറിച്ചുള്ള ചിന്തയിൽ ബന്ധിക്കപ്പെടുന്ന മനസ്സിനു വികാസവും ശക്തിയും പ്രാപിക്കും. സആ 361.1

ആത്മിക പ്രകൃതിയെ പരിപുഷ്ടിപ്പെടുത്തുന്നതിൽ ബൈബിളിന്റെ ശക്തി അതിലും കൂടുതലാണ്. ദൈവവുമായുള്ള സംസർഗ്ഗത്തിനായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ യഥാർത്ഥ ജീവിതവും പുരോഗമനവും ആ സംസർഗ്ഗത്തിൽ കാണുന്നു. ഏറ്റവും വലിയ സന്തോഷം ദൈവത്തിൽ കാണുന്നതിനായി മനുഷ്യനെ സൃഷ്ടിച്ചു. ഹ്യദയവാഞ്ഛയെ ശമിപ്പി ക്കാനും ആത്മാവിന്റെ വിശപ്പിനെയും ദാഹത്തെയും സംതൃപ്തമാക്കാനും മറ്റൊന്നിനും സാധിക്കയില്ല. ആത്മാർത്ഥതയോടും പഠനമനോഭാവത്തോടും കൂടി ദൈവവചനത്തിലെ സത്യം ഗ്രഹിക്കാനന്വേഷിക്കുന്നവനെ തിരുവചനത്തിന്റെ ഗ്രന്ഥ കർത്താവുമായുള്ള സംസർഗ്ഗത്തിൽ കൊണ്ടുവരുകയും ചെയ്യും. സ്വാർത്ഥത ഒഴിച്ചാൽ അവന്റെ വികസന സാദ്ധ്യതയ്ക്കതിരില്ല. (Ed 124, 125) സആ 361.2

പാഠത്തോടു ബന്ധപ്പെട്ട പ്രധാന വേദഭാഗങ്ങൾ, ഭാരത്തോടല്ലാതെ നല്ലൊരവസരമെന്നു കരുതി മനഃപാഠമാക്കട്ടെ. ആദ്യം ഓർമ്മശക്തി ബലഹീനമായിരുന്നാലും അഭ്യാസംകൊണ്ടു ശക്തി പ്രാപിക്കുകയും, കുറെ സമയം കഴിയുമ്പോൾ ഹൃദിസ്ഥമാക്കിയതിൽ നിങ്ങൾ സന്തോഷിക്കയും ചെയ്യും. ആ ശീലം ആത്മിക വളർച്ചയ്ക്കു വിലയേറിയ സഹായമാണെന്നു തെളിയിക്കും . (CT 137, 138) സആ 361.3