Loading...
Larger font
Smaller font
Copy
Print
Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 6—വിശ്വാസവും അംഗീകാരവും

    പരിശുദ്ധാത്മാവ് നിന്‍റെ മനസ്സാക്ഷിയെ പുനര്‍ജ്ജീവിപ്പിച്ചതോടുകൂടി പാപത്തിന്‍റെ കേടു, ശക്തി, കുറ്റം, അതിനാല്‍ വരുന്ന നാശം എന്നിവയെക്കുറിച്ചു ഒരു ബോധം നിനക്ക് ലഭ്യമായിട്ടുണ്ടല്ലൊ. അത് നിമിത്തം നിനക്കിപ്പോള്‍ പാപത്തോടു വെറുപ്പും തോന്നിയിട്ടുണ്ട്. പാപം നിന്നെ ദൈവത്തില്‍നിന്നു വേര്‍പ്പെടുത്തിയിരിക്കുന്നു എന്നും പാപത്തിന്നു നീ അടിമപ്പെട്ടിരിക്കുന്നു എന്നും നിനക്ക് അനുഭവബോധ്യമാകുന്നു. ആ ദുരവസ്ഥയില്‍ നിന്ന് രക്ഷപ്പെടുവാന്‍ എത്രമാത്രം ശ്രമിക്കുന്നുവോ അത്രമാത്രം അതിനുള്ള നിന്‍റെ പ്രാപ്തിക്കുറവ്‌ നിനക്ക് മനസ്സിലാകും. നിന്‍റെ ഉന്നങ്ങള്‍ അശുദ്ധവും ഹൃദയം അഴുക്കുള്ളതും ആകുന്നു. ഇതുവരെയുള്ള നിന്‍റെ ജീവിതം മുഴുവനും സ്വാര്‍ത്ഥതയും പാപവുംകൊണ്ട് നിറഞ്ഞതായിരുന്നു എന്ന് നീ ഇപ്പോള്‍ കാണുന്നു. ആകയാല്‍ പാപക്ഷമ, വിശുദ്ധീകരണം, സ്വാതന്ത്ര്യം ആദിയായവ പ്രാപിപ്പാന്‍ നീ വാഞ്ചിക്കുന്നു. ദൈവത്തോടുള്ള യോജ്യതയും അവന്‍റെ രൂപസാദൃശ്യവും നീ എങ്ങനെ പ്രാപിക്കും?KP 50.2

    സമാധാനം—അതെ ദൈവത്തില്‍നിന്നുള്ള പാപക്ഷമയും ഹൃദയ സമാധാനവും സ്നേഹവും ആണ് നിനക്ക് ആവശ്യമായിരിക്കു ന്നത്. അത് പണം കൊടുത്തു മേടിക്കാവതല്ല. ബുദ്ധിക്കു അതിനെ കരഗതമാക്കുവാന്‍ കഴികയില്ല. ജ്ഞാനത്തിന്നു അത് സംപ്രാപ്യമല്ല. നിന്‍റെ സ്വന്ത ശ്രമങ്ങളാല്‍ അതിനെ സമ്പാദിക്കാമെന്നു നീ ഒരിക്കലും ആശിക്കയും വേണ്ട. എന്നാല്‍ ഇതാ ദൈവം “ദ്രവ്യവും വിലയും കൂടാതെ” (യെശ. 55:1) സൌജന്യമായി അത് നിനക്ക് നല്കിത്തരുന്നു. നീ നിന്‍റെ കൈനീട്ടി എടുത്തു കൊള്ളാമെങ്കില്‍ അത് നിന്‍റെ സ്വന്തമായിത്തീരും. “നിങ്ങളുടെ പാപങ്ങള്‍ കടുഞ്ചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും. രക്താംബരം പോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും” എന്നും (യെശ. 1:18) “ഞാന്‍ നിങ്ങള്‍ക്ക് പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും” (യെഹെ. 36:26) എന്നും കര്‍ത്താവ് പറയുന്നു.KP 50.3

    നീ നിന്‍റെ പാപം ഏറ്റു പറഞ്ഞു ഹൃദയപൂര്‍വ്വം അതിനെ വിട്ടൊഴിഞ്ഞിരിക്കുന്നു. നിന്നെത്തന്നെ ദൈവത്തിന്നു സമര്‍പ്പിപ്പാനും നീ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടു നീ ഉടന്‍ തന്നെ ദൈവത്തിന്‍റെ അടുക്കല്‍ ചെന്നു നിന്‍റെ പാപങ്ങളെ കഴുകി വെടിപ്പാക്കി നിനക്ക് ഒരു പുതിയ ഹൃദയം തരുവാന്‍ അവനോടു അപേക്ഷിക്കുക. അതോടുകൂടി അവന്‍ അത് വാഗ്ദത്തം ചെയ്തിരിക്കയാല്‍ തീര്‍ച്ചയായും ചെയ്തുതരും എന്ന് പൂര്‍ണ്ണമായി വിശ്വസിക്കുകയും ചെയ്ക. ദൈവം നമ്മുക്ക് വാഗ്ദത്തം ചെയ്യുന്ന ദാനം നമ്മുക്ക് ലഭിച്ചു കഴിഞ്ഞു എന്ന് നാം ദൃഢമായി വിശ്വസിച്ചാല്‍ അത് നാം വാസ്തവമായി പ്രാപിക്കുന്നു എന്ന് യേശു കര്‍ത്താവ് തന്‍റെ ഐഹിക ജീവിതകാലത്ത് മനുഷ്യരെ പഠിപ്പിച്ച പ്രകാരം തന്നെ. തന്‍റെ ശക്തിയില്‍ വിശ്വസിച്ച രോഗികളെ യേശു സൌഖ്യപ്പെടുത്തി; ഇങ്ങനെ അവര്‍ക്ക് ദൃഷ്ടിഗോചരമായിരുന്ന ശാരീരികാവശതകളെ പരിഹരിച്ചിട്ടു അദൃശ്യമായിരുന്ന ആത്മീയാവശതകളെ അഥവാ പാപങ്ങളെ കൂടെ മോചിപ്പാനുള്ള തന്‍റെ ശക്തിയെ സംബന്ധിച്ചുതന്നില്‍ ആശ്രയിപ്പാനായി അവന്‍ അവരെ ധൈര്യപ്പെടുത്തി. പക്ഷവാതക്കാരനെ സൌഖ്യപ്പെടുത്തിയ അവസരത്തില്‍ യേശു കര്‍ത്താവ് ആ വസ്തുതയെ പ്രസ്പഷ്ടമാക്കിക്കൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു:- “ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ട് എന്ന് നിങ്ങള്‍ അറിയേണ്ടതിന്നു അവന്‍ പക്ഷവാത ക്കാരനോട്: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടില്‍ പോക എന്ന് പറഞ്ഞു.” (മത്തായി 9:6) അപ്രകാരം തന്നെ സുവിശേഷകനായ യോഹന്നാനും യേശു കര്‍ത്താവ് ചെയ്ത അതിശയ പ്രവൃത്തികളെപ്പറ്റി സംസാരിക്കുമ്പോള്‍:- “യേശു ദൈവപുത്രനായ ക്രിസ്തു എന്ന് നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇത് എഴുതിയിരിക്കുന്നു” (യോഹ 20:31) എന്ന് പറയുന്നു മരിച്ചുപോയ വിധവയുടെ മകനെ ഉയര്‍ത്തെഴുന്നേല്പിക്കുന്നത്.KP 51.1

    യേശുകര്‍ത്താവ് ദീനക്കാരെ സൌഖ്യമാക്കിയത് എങ്ങിനെയായിരുന്നു എന്ന് വേദപുസ്തകത്തില്‍ പറയപ്പെട്ടിരിക്കുന്നവയില്‍ നിന്ന് നമ്മുടെ പാപങ്ങളുടെ മോചനത്തിനായി നാം അവനില്‍ വിശ്വസിക്കേണ്ടത് എങ്ങനെയാണെന്നു ഗ്രഹിക്കാം. ബെഥസ്ദാ കുളക്കരയില്‍ 38 വര്‍ഷം രോഗിയായിക്കിടന്നിരുന്നവന്‍റെ ദൃഷ്ടാന്തം നോക്കുക. ആ സാധു തീരെ സഹായമറ്റവനായിരുന്നു.38 വര്‍ഷമായി തന്‍റെ കൈകാലുകള്‍ ഉപയോഗിക്കുവാന്‍ പാടില്ലാതെ കിടന്നിരുന്നു. എ ന്നിട്ടും കര്‍ത്താവ് അവനോടു: “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടില്‍ പോക” എന്ന് കല്പിച്ചു. “കര്‍ത്താവെ, നീ എന്നെ സൌഖ്യപ്പെടുത്തിയാല്‍ നിന്‍റെ കല്പന പ്രകാരം ഞാന്‍ ചെയ്യാം” എന്ന് ആ രോഗിക്ക് പറയാമായിരുന്നു. എന്നാല്‍ അവന്‍ അങ്ങനെ പറഞ്ഞില്ല. നേരെ മറിച്ചു അവന്‍ കര്‍ത്താവിന്‍റെ വാക്കു വിശ്വസിച്ചു. അവന്‍ (കര്‍ത്താവ്) തന്നെ സൌഖ്യപ്പെടുത്തിയിരിക്കുന്നു എന്ന് വിശ്വസിച്ചുംകൊണ്ട് അവന്‍ ( ആ രോഗി) നടപ്പാന്‍ മനസ്സുവെച്ചു. അതുകൊണ്ടു അവന്നു എഴുന്നേറ്റു നടപ്പാന്‍ സാധിച്ചു. അവന്‍ കര്‍ത്താവിന്‍റെ വാക്കുപ്രമാണിച്ചു അത് ചെയ്തതുകൊണ്ടു അതിന്നു വേണ്ടി ശക്തി ദൈവം അവന്നു കൊടുത്തു. അവന്‍ സൌഖ്യം പ്രാപിക്കയും ചെയ്തു.KP 52.1

    ഇപ്രകാരം തന്നെ നീയും ഒരു പാപിയാകുന്നു. നിന്‍റെ പാപങ്ങള്‍ പരിഹരിപ്പാനോ നിന്‍റെ ഹൃദയം മാറ്റുവാനോ നിന്നെത്തന്നെ ശുദ്ധനാക്കുവാനൊ നിനക്ക് സ്വയമായി കഴികയില്ല. എന്നാല്‍ ക്രിസ്തുമൂലം ഇതെല്ലാം നിനക്ക് ചെയ്തുതരാം എന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. ആ വാഗ്ദത്തം നീ വിശ്വസിക്കുക. എന്നിട്ട് നിന്‍റെ പാപങ്ങളെ അവനോടു ഏറ്റു പറഞ്ഞു നിന്നെത്തന്നെ അവന്നു സമര്‍പ്പിക്കുക. അവനെ സേവിപ്പാന്‍ ഇഷ്ടപ്പെടുക. ഇതൊക്കെയും നീ തീര്‍ച്ചയായും ചെയ്‌താല്‍ ദൈവവും തന്‍റെ വാക്കു നിവര്‍ത്തിക്കും. നീ അവന്‍റെ വാഗ്ദത്തം മുറുകെ പിടിച്ചുംകൊണ്ട് അവന്‍ നിന്‍റെ പാപങ്ങളെ ക്ഷമിച്ചിരിക്കുന്നു എന്നും നിന്നെ കഴുകി വെടിപ്പാക്കിയിരിക്കുന്നു എന്നും നീ വിശ്വസിച്ചാല്‍ ദൈവം ചെയ്യേണ്ടതെല്ലാം അവന്‍ നിന്നില്‍ ചെയ്തുകൊള്ളും നിശ്ചയം. ആ പക്ഷവാതക്കാരന്‍ താന്‍ സൌഖ്യപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിച്ച ഉടനെ യേശു കര്‍ത്താവ് അവന്നു നടപ്പാന്‍ ശക്തി നല്‍കിയ പ്രകാരം നിന്നെയും അവന്‍ സൌഖ്യപ്പെടുത്തും. നീ വിശ്വസിക്കുന്നുവെങ്കില്‍ അപ്രകാരം നിന്നില്‍ സംഭവിക്കയും ചെയ്യും.KP 53.1

    നിനക്ക് സൌഖ്യം വന്നിരിക്കുന്നു എന്നൊരു അനുഭവം വരുവോളം നീ കാത്തിരിക്കേണ്ട. നേരെമറിച്ചു:- “എനിക്ക് സൌഖ്യം വന്നിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു; എനിക്ക് അങ്ങനെ തോന്നുന്നതുകൊണ്ടല്ല, പ്രത്യുത ദൈവം അങ്ങനെ വാഗ്ദത്തം ചെയ്തിരിക്കുന്നതു കൊണ്ടാണ് ഞാന്‍ അപ്രകാരം വിശ്വസിക്കുന്നത്.”KP 53.2

    “നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യാചിക്കുന്നതെല്ലാം ലഭിച്ചു എന്ന് വിശ്വസിപ്പിന്‍; എന്നാല്‍ അത് നിങ്ങള്‍ക്കുണ്ടാകും” (മര്‍ക്കൊ. 11:24) എന്ന് യേശുകര്‍ത്താവ്‌ പറയുന്നു. എന്നാല്‍ ഈ വാഗ്ദത്തിന്നു ഒരു വ്യവസ്ഥ ഉണ്ട്. ആ വ്യവസ്ഥ നമ്മുടെ പ്രാര്‍ത്ഥന ദൈവത്തിന്‍റെ തിരുഹിതത്തിന്നു യോജിച്ചതായിരിക്കണം എന്നുള്ളതാകുന്നു എന്നാല്‍ നമ്മെ പാപത്തില്‍നിന്ന് കഴുകി ശുദ്ധീകരിച്ചു തന്‍റെ മക്കളാക്കി വിശുദ്ധജീവിതം നയിപ്പാന്‍ പ്രാപ്തിയുള്ളവരാക്കണമെന്നുള്ളതാണ് ദൈവത്തിന്നു നമ്മെ സംബന്ധിച്ചുള്ള തിരുഇഷ്ടം. ആകയാല്‍ ഏതാദൃശ നന്മകള്‍ക്കായി നമ്മുക്ക് ദൈവത്തോടു യാചിക്കാം. യാചിച്ചിട്ടു അവ നമ്മുക്ക് ലഭിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ചുകൊണ്ട് ലഭിച്ച ഈ നന്മക്കുവേണ്ടി ദൈവത്തിന്നു സ്തോത്രം അര്‍പ്പിക്കയും ചെയ്യാമല്ലൊ. കര്‍ത്താവിന്‍റെ അടുക്കല്‍ ചെല്ലുന്നതും അവന്മൂലം ശുദ്ധീകരിക്കപ്പെടുന്നതും പിന്നെത്തേതില്‍ ന്യായപ്രമാണത്തിന്‍റെ മുമ്പില്‍ യാതൊരു കുണ്ഠിതവും ലജ്ജയും കൂടാതെ നില്പാന്‍ കഴിയുന്നതും നമ്മുക്കുള്ള വലിയ അവകാശമാകുന്നു. “അത്കൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് (ജഡത്തെയല്ല ആത്മാവിനെ അത്രെ അനുസരിച്ചു നടക്കുന്നവര്‍ക്ക്) ഒരു ശിക്ഷാവിധിയും ഇല്ല.” (റോമ. 8:1)KP 54.1

    നിങ്ങളെ വിലക്കുവാങ്ങിയിരിക്കയാല്‍ ഇനി നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല. “നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത് പൊന്നു വെള്ളി മുതലായ അഴിഞ്ഞു പോകുന്ന വസ്തുക്കളെ കൊണ്ടല്ല, ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്‍റെ വിലയേറിയ രക്തം കൊണ്ടത്രെ. (1 പത്രോ. 1:18,19) വിശ്വസിക്കുക എന്ന ലളിതമായ പ്രവൃത്തിമൂലം പരിശുദ്ധാത്മാവ് നിന്‍റെ ഹൃദയത്തില്‍ ഒരു നവജീവന്‍ സംജാതമാക്കുന്നു. അങ്ങനെ തന്നെ നീ ദൈവത്തിന്‍റെ കുടുംബത്തില്‍ പുതുതായി ജനിച്ച ഒരു ശിശുവായിരിക്കുന്നതുകൊണ്ടു സ്വന്ത പുത്രനെ എന്ന പോലെ ദൈവം നിന്നെ സ്നേഹിക്കുന്നു.KP 54.2

    ഇപ്രകാരം നിന്നെത്തന്നെ കര്‍ത്താവിന്നു പ്രതിഷ്ഠിച്ചശേഷം നീ അവനെ വിട്ടു പിരിയരുത്. അവങ്കല്‍ നിന്ന് നിന്നെത്തന്നെ അകറ്റിക്കളകയുമരുത്. അങ്ങനെ ചെയ്യുന്നതിന് പകരം ദിനംപ്രതി “ഞാന്‍ എന്നെ പൂര്‍ണ്ണമായി ക്രിസ്തുവിന്നു പ്രതിഷ്ഠിച്ചിരിക്കു ന്നതിനാല്‍ ഞാന്‍ അവന്‍റെ വകയാകുന്നു എന്ന് പറകയും അവന്‍റെ ആത്മാവിനെ നിനക്ക് നല്കിയ തന്‍റെ കൃപയാല്‍ നിന്നെ കാത്തുസൂക്ഷിക്കുവാന്‍ അവനോടു അപേക്ഷിക്കയും ചെയ്ക, ഇങ്ങനെ നീ നിന്നെത്തന്നെ ദൈവത്തിന്നു പ്രതിഷ്ഠിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്തിട്ട് അവന്‍റെ പൈതലായി തീര്‍ന്നത്പോലെ നീ അവനില്‍ തന്നെ ജീവിക്കണം. ആകയാല്‍ നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ കൈക്കൊണ്ടതുപോലെ അവന്‍റെ കൂട്ടായ്മയില്‍ നടപ്പിന്‍” (കൊലോ. 2:6) എന്ന് അപ്പോസ്തലന്‍ പറയുന്നു.KP 54.3

    നവീകരണം പ്രാപിച്ചിരിക്കുന്നു എന്ന് കര്‍ത്താവിന്നു ബോധ്യമാകുന്നതു വരെ ഒരു പരീക്ഷാകാലത്തില്‍ കൂടികടന്നു പോകേണ്ടിയിരിക്കുന്നതിനാല്‍ ആ കാലയളവില്‍ യാതൊരു അനുഗ്രഹത്തിനു വേണ്ടിയും കര്‍ത്താവിനോടു അപേക്ഷിച്ചുകൂടാ എന്ന് ചിലര്‍ വിചാരിക്കുന്നു അത് ശരിയല്ല. ഇപ്പോള്‍ തന്നെയും ദൈവത്തോട് ഏതു നന്മയ്ക്ക് വേണ്ടിയും യാചിക്കുന്നതിനു യാതൊരു തടസ്സവുമില്ല. തങ്ങളുടെ ബലഹീനതയില്‍ ദൈവത്തിന്‍റെ കൃപയും കര്‍ത്താവിന്‍റെ ആത്മാവും അവരെ സഹായിക്കുന്നില്ലെങ്കില്‍ ദോഷത്തെ പ്രതിരോധിപ്പാന്‍ അവര്‍ക്ക് സാധിക്കയില്ലല്ലോ. പാപത്താല്‍ നിറയപ്പെട്ടവരും നിസ്സഹായരും പരാജിതരും ആയ നാം നമ്മുടെ പൂര്‍വ്വസ്ഥിതിയില്‍ തന്നെ തന്‍റെ അടുക്കല്‍ ചെല്ലണം എന്ന് യേശു കര്‍ത്താവ് വാഞ്ചിക്കുന്നു. നമ്മുടെ ബലഹീനതകളോടും ഭോഷത്വങ്ങളോടും പാപങ്ങളോടും കൂടെത്തന്നെ അവന്‍റെ അടുക്കല്‍ ചെന്ന് അനുതാപത്തോടെ അവന്‍റെ കാല്‍ക്കല്‍ വീഴാം. (ഇത് നമ്മുടെ ഭാഗത്തു അത്യാവശ്യമായ വേലയാകുന്നു.) അപ്പോള്‍ കര്‍ത്താവ് തന്‍റെ സ്നേഹകരങ്ങളാല്‍ നമ്മെ താങ്ങി എടുത്തു നമ്മുടെ മുറിവുകളെ കെട്ടി എല്ലാ അശുദ്ധിയില്‍ നിന്നും നമ്മെ വെടിപ്പാക്കി തന്‍റെ മാറോടണച്ചു കൊള്ളും അത് അവന്നു എത്രയും മഹത്വമേറിയ ഒരു വേലയായി അവന്‍ കരുതുന്നു.KP 55.1

    ഈ കാര്യത്തിലാണ് പലരും പരാജിതരാകുന്നത്. കര്‍ത്താവും ആളാംപ്രതിയായും വ്യക്തിപരമായും തങ്ങളുടെ പാപങ്ങളെ മോചിക്കുന്നു എന്ന് അവന്‍ വിശ്വസിക്കുന്നില്ല. ദൈവം തന്‍റെ വാഗ്ദത്തങ്ങളെ സത്യമായി പാലിക്കും എന്ന് അവര്‍ കരുതുന്നതുമില്ല. ദൈവം വച്ചിരിക്കുന്ന വ്യവസ്ഥകളില്‍ പ്രകാരം നടക്കുന്നവര്‍ക്ക് തങ്ങ ളുടെ സര്‍വ്വ പാപങ്ങളും സൌജന്യമായി മോചിക്കപ്പെടുന്നു എന്ന് അറിയുന്നത് തന്നെ ഒരു പദവിയാകുന്നു. ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ നിനക്കും കൂടി ഉള്ളവയല്ല എന്ന സംശയം ദൂരെക്കളക. ആ വാഗ്ദത്തങ്ങള്‍ മാനസാന്തരപ്പെടുന്ന ഏതു പാപിക്കും അര്‍ഹതയുള്ളവയാകുന്നു. വിശ്വസിക്കുന്ന ഏതു ദേഹിക്കും ആവശ്യമായിരിക്കുന്ന കരുണയും ശക്തിയും യേശുക്രിസ്തുമൂലം നല്‍കപ്പെട്ടിരിക്കുന്നു. ആയതു ശുശ്രൂഷക്കാരായ ദൂതന്മാര്‍ അതതു ദേഹികള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. തങ്ങള്‍ക്കുവേണ്ടി മരിച്ച യേശുവില്‍ നിന്ന് ശക്തിയും ശുദ്ധിയും നീതിയും പ്രാപിപ്പാനര്‍ഹതയില്ലാത്തവരായിത്തീരത്തക്കവണ്ണം ഒരു പാപിയും അത്രമാത്രം കെട്ടുപോയിട്ടില്ല. ഇതാ! അവന്‍ പാപത്താല്‍ കറപ്പെട്ടും അശുദ്ധിയായും പോയിരിക്കുന്ന അവരുടെ അഴുക്കു വസ്ത്രം അഴിച്ചു തന്‍റെ നീതിയാകുന്ന വെള്ളവസ്ത്രം അവരെ ധരിപ്പിക്കേണ്ടതിന്നു അവന്‍ കാത്തിരിക്കുന്നു. ജീവിച്ചിരിപ്പിന്‍! എന്തിന്നു മരിക്കുന്നു എന്നാണ് അവരോടു പറയുന്നത്.KP 55.2

    മര്‍ത്യരായ നാം അന്യോന്യം ഇടപെടുന്നതു പോലെയല്ല ദൈവം നമ്മോടു ഇടപ്പെടുന്നത്. അവന്‍ എത്ര കരുണയും സ്നേഹവും മഹാദയയുമുള്ളവനായി നമ്മുക്ക് വേണ്ടി കരുതുന്നു. “ദുഷ്ടന്‍ തന്‍റെ വഴിയെയും നീതികെട്ടവന്‍ തന്‍റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്ക് തിരിയട്ടെ; അവന്‍ അവനോട് കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ; അവന്‍ ധാരാളം ക്ഷമിക്കും (യെശ. 55:7) എന്നും “ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്‍റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്‍റെ പാപങ്ങളെയും മായിച്ചു കളയുന്നു (യെശ 44:22) എന്നും അവന്‍ പറയുന്നു.KP 56.1

    “മരിക്കുന്നവന്‍റെ മരണത്തില്‍ എനിക്ക് ഇഷ്ടമില്ല എന്ന് യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; ആകയാല്‍ നിങ്ങള്‍ മനം തിരിഞ്ഞു ജീവിച്ചു കൊള്‍വിന്‍.” (യെഹെ 18:32) ദൈവത്തിന്‍റെ ഈ അനുഗ്രഹ പൂര്‍ണ്ണമായ വാഗ്ദത്തങ്ങളെ അപഹരിപ്പാന്‍ പിശാചു സദാ ജാഗരൂകനായിരിക്കുന്നു. മാനുഷ ഹൃദയത്തില്‍ ഇത് സംബന്ധിച്ചു മങ്ങി കത്തുന്ന ആശയും പ്രകാശത്തിന്‍റെ നേരിയ രശ്മിയും ഇല്ലാതാക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നീ അതിന്നു ഇടം കൊടുക്കരുത്. പരീക്ഷകന്നു ചെവി കൊടുക്കരുത്. അവനോടു ഇപ്രകാരം പറക:- “ഞാന്‍ ജീവിക്കേണ്ടതിന്നു ക്രിസ്തു എനിക്ക് വേണ്ടി മരിച്ചിരിക്കുന്നു. അവന്‍ എന്നെ സ്നേഹിക്കുന്നു; ഞാന്‍ നശിച്ചു പോകണമെന്നു അവന്‍ ആഗ്രഹിക്കുന്നില്ല. മനസ്സലിവുള്ളൊരു സ്വര്‍ഗ്ഗസ്ഥപിതാവ് എനിക്കുണ്ട്. ഞാന്‍ അവന്‍റെ സ്നേഹത്തെ നിരസിക്കയും അവന്‍റെ ദാനങ്ങളെ നാനാവിധമാക്കി കളകയും ചെയ്തിരിക്കുന്നു എങ്കിലും ഞാന്‍ എഴുന്നേറ്റു എന്‍റെ അപ്പന്‍റെ അടുക്കല്‍ ചെന്ന് അവനോടു: “അപ്പാ ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്‍റെ മകന്‍ എന്ന പേരിന്നു ഞാന്‍ യോഗ്യനല്ല; നിന്‍റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമെ” എന്ന് പറയും. ഇങ്ങനെ തന്‍റെ കുറ്റം സമ്മതിച്ചു ഏറ്റു പറഞ്ഞു കൊണ്ടും തന്‍റെ പിതാവിനെ സമീപിച്ച ആ നാശ പുത്രനെ അവന്‍റെ പിതാവ് എപ്രകാരം സ്വീകരിച്ചു എന്ന് ഉപമ തെളിയിക്കുന്നുണ്ട്. “ദൂരത്തുനിന്ന് തന്നെ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്‍റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” (ലൂക്കൊ. 15:18-20)KP 56.2

    ഈ ഉപമ നമ്മുടെ മനസ്സിനെ ഇളക്കുകയും ഹഠാദാകര്‍ഷിക്കയും ചെയ്യുന്നുണ്ട്. എങ്കിലും സ്വര്‍ഗ്ഗസ്ഥപിതാവിന്‍റെ സ്നേഹത്തെയും മനസ്സലിവിനെയും യഥാപ്രകാരം വിവരിച്ചു കാട്ടുവാന്‍ ഇതിന്നു ശക്തിയില്ല. തന്‍റെ ഒരു പ്രവാചകന്‍ മുഖാന്തരം കര്‍ത്താവ് പറയുന്നത്:- “നിത്യസ്നേഹം കൊണ്ട് ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു. അതുകൊണ്ടു ഞാന്‍ നിനക്ക് ദയദീര്‍ഘമാക്കിയിരിക്കുന്നു.” (യിരെ: 31:3) എന്നത്രെ. മനുഷ്യന്‍ തന്‍റെ പിതാവിന്‍റെ ഭവനം വിട്ടകന്നു ഈ പാപലോകത്തില്‍ പരദേശവാസം ചെയ്തുകൊണ്ടു തന്‍റെ വസ്തുവകകളെ നശിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിലും പിതാവിന്‍റെ ഹൃദയം അവനെക്കുറിച്ചു അതിവേദനയോടെ വാഞ്ചിക്കുന്നു. ആകയാല്‍ ദൈവത്തിന്‍റെ അടുക്കലേക്കു തിരിച്ചു പോകുവാനായി ആത്മാവില്‍ ഉണ്ടായിക്കാണുന്ന അഭിവാഞ്ച വഴിതെറ്റി നടക്കുന്ന ദോഷിയെ വീണ്ടും തന്‍റെ പിതാവിന്‍റെ സ്നേഹത്തിലേക്കു ആകര്‍ഷിക്കുകയും വലിക്കുകയും ചെയ്യുന്ന ദൈവാത്മാവിന്‍റെ കൃപാപ്രവൃത്തിയുടെ പ്രത്യക്ഷലക്ഷണമാകുന്നു.KP 57.1

    ഈ മാതിരി അസംഖ്യം വാഗ്ദത്തങ്ങള്‍ ദൈവവചനത്തിലുണ്ടായിരിക്കെ നീ ഇനിയും സംശയിക്കേണ്ട ആവശ്യമെന്തു? നഷ്ടപ്പെട്ട പാപി അവന്‍റെ പാപങ്ങളെ വിട്ടു തന്‍റെ അടുക്കല്‍ മടങ്ങിവരുവാനുള്ള ആത്യാശയോടുകൂടി അനുതാപത്തോട് തന്നെ സമീപിക്കുമ്പോള്‍ കരുണാനിധിയായ യേശു കര്‍ത്താവ് അവനെ നിര്‍ദ്ദയമായി തള്ളിക്കളയും എന്ന് നീ നിരൂപിക്കുന്നുവോ? അപ്രകാരമുള്ള നിരൂപണങ്ങളെ ദുരീകരിക്കുക. സ്വര്‍ഗ്ഗസ്ഥ പിതാവിനെക്കുറിച്ചു ഈ ദൃശ്യമായ നിരൂപണങ്ങള്‍ നിന്‍റെ ഹൃദയത്തില്‍ വെച്ചുകൊണ്ടിരിക്കുന്നതില്പരമായി നിന്‍റെ ആത്മാവിനെ നശിപ്പിക്കാവുന്ന മറ്റൊരുപാധിയും ഇല്ല. അവന്‍ പാപത്തെ വെറുക്കുന്നു; എങ്കിലും പാപിയെ സ്നേഹിക്കുന്നു. അതുകൊണ്ടു രക്ഷപ്രാപിപ്പാന്‍ ആഗ്രഹിക്കുന്ന ഏവരും അവന്‍റെ മഹത്വരാജ്യത്തിലെ നിത്യഭാഗ്യത്തിന്നു അംശികളായിത്തീരുമാറ് അവന്‍ ക്രിസ്തുവില്‍ തന്നെത്താന്‍ യാഗമായി അര്‍പ്പിച്ചു. “ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോട്‌ കരുണതോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കയില്ല.” (യെശ. 49:15) എന്ന് ദൈവം പറയുന്നു. തനിക്കു നമ്മോടുള്ള സ്നേഹത്തെ വെളിപ്പെടുത്തുവാന്‍ ഇതില്‍പരം ആര്‍ദ്രതയോടുകൂടി ഇനി എങ്ങനെയാണ് അവര്‍ സംസാരിക്കേണ്ടത്!KP 57.2

    ആകയാല്‍ സംശയിച്ചും ചഞ്ചലിച്ചും നില്ക്കുന്ന ആത്മാവെ, തല ഉയര്‍ത്തി മേലോട്ടു നോക്കുക. യേശു കര്‍ത്താവ് തന്‍റെ പിതാവിന്‍റെ മുമ്പില്‍ നമ്മുക്കുവേണ്ടി മാദ്ധ്യസ്ഥം ചെയ്തുകൊണ്ടു നില്‍ക്കുന്നുവല്ലൊ. തന്‍റെ പ്രിയപുത്രനെ നിനക്കുവേണ്ടി ദാനം ചെയ്തതിന്നായി അവന്നു സ്തോത്രം ചെയ്യുക. അവന്‍ നിനക്ക് വേണ്ടി മരിച്ചത് വൃഥാവാകാതിരിപ്പാന്‍ അവനോടു അപേക്ഷിക്കുക. ആത്മാവ് ഇന്ന് നിന്നെ ക്ഷണിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടു യേശുവിന്‍റെ അടുക്കല്‍ ചെന്നു അവന്‍റെ അനുഗ്രഹങ്ങളെ അവകാശപ്പെട്ടു വാങ്ങിക്കൊള്‍ക.KP 58.1

    അവന്‍റെ വാഗ്ദത്തങ്ങളെ നീ വായിക്കുമ്പോള്‍ അവ പറഞ്ഞറിയിപ്പാന്‍ കഴിയാത്ത സ്നേഹത്തിന്‍റെയും ദയയുടെയും ദിവ്യവെളിപ്പാടുകളാകുന്നു എന്ന് ഓര്‍ത്ത്‌ കൊള്‍ക. അളവില്ലാത്ത സ്നേഹം നിറഞ്ഞ ദൈവത്തിന്‍റെ വന്‍ ഹൃദയം സീമാതീതമായ മനസ്സലിവോടുകൂടെ പാപിയുടെ നേര്‍ക്ക്‌ ആകര്‍ഷിക്കപ്പെടുന്നു. “അവനില്‍ നമ്മുക്ക് അവന്‍റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പുണ്ട്.” (എഫെ. 1:7) അതെ, ദൈവം നിന്‍റെ സഹായക നാകുന്നു എന്ന് വിശ്വസിക്കമാത്രം ചെയ്ക. നഷ്ടമായ തന്‍റെ സല്‍ഗുണ സാദൃശ്യം മനുഷ്യനില്‍ പുനര്‍സ്ഥാപിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു. നീ അനുതാപത്തോടും ഏറ്റു പറച്ചിലോടും കൂടി അവന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലുമ്പോള്‍ അവന്‍ കരുണയോടും പാപക്ഷമയോടുംകൂടി നിന്‍റെ അടുക്കലേക്കും മടങ്ങിവരും. (മാലാഖി 3:7)KP 58.2

    * * * * *

    Larger font
    Smaller font
    Copy
    Print
    Contents