Loading...
Larger font
Smaller font
Copy
Print
Contents
 • Results
 • Related
 • Featured
No results found for: "".
 • Weighted Relevancy
 • Content Sequence
 • Relevancy
 • Earliest First
 • Latest First

  അദ്ധ്യായം 10—ദൈവത്തെ അറിയുന്നത്

  വിവധമാര്‍ഗ്ഗങ്ങളില്‍കൂടി ദൈവം നമ്മുക്ക് തന്നെത്താന്‍ വെളിപ്പെടുത്തുവാനും നമ്മെ തന്‍റെ കൂട്ടായ്മയിലേക്ക് ആകര്‍ഷിക്കുവാനും ശ്രമിച്ചുവരുന്നു. പ്രകൃതി നിരന്തരമായി നമ്മുടെ പഞ്ചേന്ദ്രിയങ്ങളോടു സംഭാഷിച്ചുകൊണ്ടിരിക്കുന്നുവല്ലോ. തന്‍റെ കൈവേലകള്‍ മുഖാന്തരം വെളിവാക്കപ്പെട്ടിരിക്കുന്ന ദൈവസ്നേഹവും മഹത്വവും ഹൃദയപരമാര്‍ത്ഥതയുള്ള ഏതുമനുഷ്യനും കണ്ടറിയാതിരിക്കുകയില്ല. ശ്രദ്ധാലുക്കള്‍ പ്രകൃതിയിലെ വസ്തുക്കളെ സൂക്ഷ്മാവലോകനം ചെയ്തു അവ മൂലം ദൈവം തങ്ങളോടു അരുളിച്ചെയ്യുന്നവയെ പൂര്‍ണ്ണമായി ഗ്രഹിക്കും. പച്ചപുല്പുറങ്ങളും ഉയര്‍ന്ന വൃക്ഷങ്ങളും, വിടരുന്നമൊട്ടും, പൂക്കളും കടന്നുപോകുന്ന മേഘങ്ങളും മഴയും നീരുറവകളും വാനത്തിലെ മഹത്വങ്ങളും നമ്മുടെ ഹൃദയത്തോട് സംസാരിക്കുകയും അവയെ നിര്‍മ്മിച്ചവനോട് പരിചയിപ്പാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.KP 89.1

  നമ്മുടെ രക്ഷിതാവ് പ്രകൃതിയിലെ കാര്യാദികളെ ഉദാഹരിച്ചാണ് ഓരോ ഉപദേശം നല്കിയത്. വൃക്ഷങ്ങള്‍, പക്ഷികള്‍, വയലിലെ താമര, കുന്നുകള്‍, തടാകങ്ങള്‍ ആകാശഗോളങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളും പരിതസ്ഥിതികളും ഇവയെല്ലാം ഉദാഹരിച്ചുകൊണ്ട് അവന്‍ ദിവ്യസത്യങ്ങളെ മനുഷ്യര്‍ക്ക് പഠിപ്പിച്ചു കൊടുത്തിരിക്കയാല്‍ എത്ര ജോലിത്തിരക്കുള്ള അവസരത്തിലും പ്രസ്തുത ഉപദേശങ്ങളെ വിസ്മരിക്കാതിരിക്കുവാനും അവയെക്കുറിച്ചു ധ്യാനിപ്പാനും സൗകര്യമുണ്ട്. അവന്‍റെ മക്കള്‍ തന്‍റെ കൈവേലയെ അലങ്കരിച്ചിരിക്കുന്നതിനെ ഓര്‍ത്തു സന്തോഷിക്കുന്നവരും ആയിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ഭംഗിയുള്ളതൊക്കെയും അവന്നു വലിയ ഇഷ്ടമാണ് എന്നുമാത്രമല്ല പുറമെയുള്ള ഭംഗിയേക്കാള്‍ അകമെയുള്ള അതായത് സ്വഭാവത്തിന്‍റെ ഭംഗിയെയാണ് അവന്‍ അധികം ഇഷ്ടപ്പെടുന്നത്. പുഷ്പങ്ങളെപ്പോലെ നാം ശുദ്ധിയും നിര്‍മ്മലതയും ഉള്ളവരായിരിക്കണമെന്നാണ് അവന്‍ നമ്മെപ്പറ്റി പ്രത്യേകം ആഗ്രഹിക്കുന്നത്.KP 89.2

  നാം ശരിയായി ശ്രദ്ധിക്കുമെങ്കില്‍ ദൈവത്തിന്‍റെ സൃഷ്ടിപ്രവൃത്തികളില്‍ നിന്ന് നമ്മുക്ക് അനുസരണത്തിന്‍റെയും ആശ്രയത്തിന്‍റെ യും വിലയേറിയ പാഠങ്ങള്‍ പഠിക്കാം. യുഗങ്ങള്‍തോറും തങ്ങളുടെ ഗതിക്കു യാതൊരു വ്യത്യാസവും കൂടാതെ നിശ്ചിതപാന്ഥാവില്‍കൂടി ആകാശമാര്‍ഗ്ഗേസഞ്ചരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രജാലങ്ങള്‍ തുടങ്ങി ഏറ്റവും ചെറിയ അണുക്കള്‍വരെയുള്ള പ്രകൃതിയിലെ സര്‍വ്വവസ്തുക്കളും സ്രഷ്ടാവിന്‍റെ ഇഷ്ടം അനുസരിക്കുന്നു. ദൈവമോ എല്ലാറ്റിനേയുംകുറിച്ചു കരുതലുള്ളവനായിരിക്കുകയും താന്‍ സൃഷ്ടിച്ച സര്‍വ്വത്തേയും താങ്ങിനടത്തുകയും ചെയ്യുന്നു. ആകാശമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന അനേകായിരം ലോകങ്ങളെ താങ്ങിപ്പോരുന്നവന്‍ നിര്‍ഭയസ്വൈരമായി മധുരഗാനമാലപിക്കുന്ന കുരികില്‍ പക്ഷികളുടെ ആവശ്യങ്ങളേയും നിറവേറ്റിക്കൊടുക്കുന്നു. മനുഷ്യര്‍ പ്രാര്‍ത്ഥിക്കുമ്പോഴും തങ്ങളുടെ ദിനകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും രാത്രി കിടന്നുറങ്ങുമ്പോഴും പുലര്‍കാലെ എഴുന്നേല്ക്കുമ്പോഴും ധനവാന്‍ വിരുന്നു ആചരിക്കുമ്പോഴും എളിയവന്‍ തന്‍റെ ഭാര്യാകുഞ്ഞുങ്ങളുമായി ഒന്നിച്ചിരുന്നു അന്നന്നുള്ള തുച്ഛമായ ആഹാരം കഴിക്കുമ്പോഴും സ്വര്‍ഗ്ഗസ്ഥപിതാവായ ദൈവം ഓരോരുത്തരെയും ആര്‍ദ്രതയോടുകൂടി കാത്തുപരിപാലിക്കുന്നു. നാം ഒഴുക്കുന്ന കണ്ണുനീര്‍ അവനുമറിയാതിരിക്കുന്നില്ല. അവന്‍റെ അറിവുകൂടാതെ നമ്മുക്ക് പുഞ്ചിരിതൂകുവാനും കഴിയുന്നതല്ല.KP 89.3

  ഇത് നാം പൂര്‍ണ്ണമായി വിശ്വസിക്കുമെങ്കില്‍ അനാവശ്യമായ ആകുലചിന്തകള്‍ ഒഴിവാക്കാം. ഇപ്പോഴത്തെപ്പോലെ നമ്മുടെ ജീവിതം നിരാശാപൂര്‍ണ്ണമായിരിക്കയില്ല. കാരണം ചെറുതും വലുതുമായ നമ്മുടെ എല്ലാകാര്യങ്ങളും ദൈവത്തിന്‍റെ കൈയില്‍ ഭരമേല്പിക്കപ്പെട്ടിരിക്കും. അവന്‍ നമ്മുടെ ആവശ്യതകളുടെ മഹത്വം നിമിത്തം അമ്പരന്നുപോകയോ അവയുടെ ഭാരം നിമിത്തം ഭയപരവശനായിത്തീരുകയോ ചെയ്തില്ല. അപ്പോള്‍ പലരും ദീര്‍ഘകാലം അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ആത്മീകസ്വസ്ഥതയും സമാധാനവും നമ്മുക്ക് അനുഭവമാകും.KP 90.1

  ഈ ഭൂമി നിന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഇത്ര കമനീയമായിരിക്കുന്നെങ്കില്‍ പാപവും മരണവും ഏശാത്തതും യാതൊരു ശാപവും ഇല്ലാതിരിക്കുന്നതുമായ വരുവാനുള്ള ലോകം എത്ര അധികം കമനീയമായിരിക്കും! രക്ഷിക്കപ്പെട്ടവരുടെ വാസസ്ഥലം നമ്മുക്ക് ഊഹിപ്പാന്‍ കഴിയുന്നതിലും അധികം മഹത്വമേറിയതാകുന്നു. ഈ പ്രകൃതിയില്‍ ദൈവം നിക്ഷിപ്തമാക്കിയിരിക്കുന്ന വിവധദാനങ്ങള്‍ അവന്‍റെ മഹത്വത്തിന്‍റെ ഒരു മങ്ങിയ പ്രഭാകിരണം മാത്രമെ ദൃശ്യമാകുന്നുള്ളു. അവിടത്തെ അവസ്ഥയെക്കുറിച്ചു: “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കീട്ടുള്ളത് കണ്ണുകണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെ ഹൃദയത്തില്‍ തോന്നീട്ടുമില്ല.” (1കൊരി. 2:9) എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്.KP 90.2

  കവികളും പ്രകൃതി ശാസ്ത്രജ്ഞന്മാരും ഈ പ്രകൃതിയെക്കുറിച്ചു ധാരാളം വര്‍ണ്ണിച്ചിട്ടുണ്ട്; എങ്കിലും ഒരു സത്യക്രിസ്ത്യാനി മാത്രമേ അതിനെ വേണ്ടുംപോലെ വിലമതിച്ചു അതിന്‍റെ മനോഹരത്വം പൂര്‍ണ്ണമായി ആസ്വദിക്കുന്നുള്ളു. എന്തുകൊണ്ടെന്നാല്‍ അവന്‍ അതില്‍ തന്‍റെ സ്വര്‍ഗ്ഗീയപിതാവിന്‍റെ കൈവേലയെ തിരിച്ചറികയും പൂവിലും ചെടിയിലും വൃക്ഷത്തിലും അവന്‍റെ സ്നേഹത്തെ കാണുകയും ചെയ്യുന്നു. കുന്നും, താഴ്വരയും, കടലും കാണുന്ന ഏവനും അവയില്‍ മനുഷ്യരോടുള്ള ദൈവത്തിന്‍റെ പ്രതിഫലനം കാണുന്നില്ലെങ്കില്‍ അവയെ അവന്നു ഉള്ളവണ്ണം വിലമതിപ്പാന്‍ കഴികയില്ല.KP 91.1

  നമ്മുക്ക് വേണ്ടിയുള്ള അവന്‍റെ കാരുണ്യപ്രവര്‍ത്തികളും നമ്മുടെ ഹൃദയങ്ങളുടെ മേലുള്ള അവന്‍റെ ആത്മാവിന്‍റെ സ്വാധീനശക്തിയും മുഖേനയാണ് ദൈവം നമ്മോട് സംസാരിക്കുന്നത്. നമ്മുടെ സ്ഥിതിഗതികള്‍, പരിതസ്ഥിതി, നമ്മുടെ ചുറ്റും ദിനമ്പ്രതി നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ആദിയായവയെ നാം വേണ്ടുംപോലെ വിവേചിക്കുന്നതായാല്‍ അവയില്‍നിന്ന് അനേകം മഹത്തായ പാഠങ്ങള്‍ നമ്മുക്ക് പഠിപ്പാന്‍ കഴിയും. സങ്കീര്‍ത്തനക്കാരന്‍ ദൈവത്തിന്‍റെ കാരുണ്യപ്രവൃത്തികളെ ആസ്പദമാക്കി “യഹോവയുടെ ദയകൊണ്ടുഭൂമിനിറഞ്ഞിരിക്കുന്നു” എന്നും “ജ്ഞാനമുള്ളവര്‍ ഇവയെശ്രദ്ധിക്കും; അവര്‍ യഹോവയുടെ കൃപകളെ ചിന്തിക്കും” എന്നും പ്രസ്താവിക്കുന്നു.
  (സങ്കീ. 33:5; 107:43)
  KP 92.1

  തിരുവചനം മൂലം ദൈവം നമ്മോടു സംസാരിക്കുന്നു. അതില്‍ നമ്മുക്ക് അവന്‍റെ സ്വഭാവഗുണത്തിന്‍റെയും മനുഷ്യരോടുള്ള അവന്‍റെ ഇടപാടുകളുടെയും അതിമഹത്തായ വീണ്ടെടുപ്പുവേലയുടെയും പ്രസ്പഷ്ടമായ ഒരു വെളിപ്പാട് അടങ്ങിയിരിക്കുന്നു. ഇതുമൂലം പൂര്‍വ്വപിതാക്കന്മാരുടെയും പ്രവാചകന്മാരുടെ ദൈവത്തിന്‍റെ ഇതര വിശുദ്ധന്മാരുടെയും ചരിത്രം നമ്മുക്ക് അറിവായ്‌വരുന്നുണ്ട്. “അവര്‍ നമ്മുക്ക് സമസ്വഭാവമുള്ള മനുഷ്യര്‍ ആയിരുന്നു.” (യാക്കൊ. 5:17) നമ്മുക്ക് നേരിട്ടതുപോലുള്ള അധൈര്യങ്ങള്‍ അവര്‍ക്കും ഉണ്ടായിരുന്നുവെന്നും, നാം പരീക്ഷയില്‍ അകപ്പെടുന്നതുപോലെ അവരും അകപ്പെട്ടിരുന്നുവെന്നും, എങ്കിലും അവര്‍ വീണ്ടും കര്‍ത്താവിന്‍റെ കൃപയാല്‍ ധൈര്യം ഉള്‍ക്കൊണ്ടു ജയം പ്രാപിച്ചു എന്നും നാം തിരുവെഴുത്തുകളില്‍ കാണുന്നു. അതിനാല്‍ ആ വസ്തുത നാം വായിച്ചറിയുംതോറും നീതിക്കായുള്ള പോരാട്ടത്തില്‍ നമ്മുടെ ധൈര്യം വര്‍ദ്ധിച്ചു വരുന്നതാണ്. കൃപയാല്‍ അവര്‍ക്ക് സിദ്ധിച്ച വിലയേറിയ അനുഭവങ്ങളേയും അവര്‍ ആസ്വദിച്ച വെളിച്ചം, സ്നേഹം, അനുഗ്രഹം, ആദിയായവയും അവര്‍ ചെയ്ത പ്രവൃത്തികളേയും കുറിച്ചു നാം വായിക്കുമ്പോള്‍ അവരെ ഇതിന്നായി പ്രോത്സാഹിപ്പിച്ച അതേ ആത്മാവ്‌ നമ്മുടെ ഹൃദയങ്ങളിലും അവര്‍ക്കുണ്ടായിരുന്നതു പോലെയുള്ള ഒരു തീഷ്ണാഗ്നിയും സ്വഭാവത്തിലും ദൈവത്തോടുള്ള കൂട്ടായ്മയിലും അവര്‍ ആയിത്തീരുവാനുള്ള ഒരു അഭിവാഞ്ചയും നമ്മുടെ ഹൃദയത്തില്‍ ഉളവാകും.KP 92.2

  യേശുകര്‍ത്താവ് പഴയനിയമ തിരുവെഴുത്തുകളെക്കുറിച്ചു “അവ എനിക്ക് സാക്ഷ്യം പറയുന്നു” (യോഹ. 5:39) എന്ന് പറഞ്ഞിട്ടു ള്ള സ്ഥിതിക്കു അവ പുതിയനിയമ തിരുവെഴുത്തുകളെ സംബന്ധിച്ചിടത്തോളം എത്ര അധികം വാസ്തവമായിരിക്കും. അതെ, വേദപുസ്തകം നമ്മുടെ വീണ്ടെടുപ്പുകാരനും നമ്മുടെ നിത്യജീവന്‍റെയും പ്രത്യാശയുടെയും കേന്ദ്രമായിരിക്കുന്ന യേശുകര്‍ത്താവിനെക്കുറിച്ചു സാക്ഷ്യം പറയുന്നു. “ഉളവായതൊന്നും അവനെക്കൂടാതെ ഉളവായതല്ല” (യോഹ. 1:3) എന്ന തിരുവെഴുത്തിന്‍പ്രകാരം സൃഷ്ടിപ്പിനെക്കുറിച്ചുള്ള ഉല്പത്തിപുസ്തകത്തിലെ ആദ്യരേഖ തുടങ്ങി വെളിപ്പാടുപുസ്തകത്തിലെ, അതെ, ഞാന്‍ വേഗം വരുന്നു” (വെളി. 22:20) എന്നുള്ള അന്ത്യവാഗ്ദത്തം നാം അവന്‍റെ പ്രവൃത്തികളെക്കുറിച്ചു വായിക്കുകയും അവന്‍റെ ശബ്ദം ശ്രവിക്കുകയും ചെയ്യുന്നു. നിനക്ക് രക്ഷിതാവിനോടു പരിചയമുണ്ടാകണമെന്ന ആശയുണ്ടെങ്കില്‍ തിരുവെഴുത്തുകളെ നന്നായി ആരാഞ്ഞുപഠിക്കുക.KP 92.3

  നിന്‍റെ ഹൃദയം മുഴുവനും ദൈവവചനം കൊണ്ട് നിറയ്ക്കുക. അതു നിന്‍റെ കത്തിജ്വലിക്കുന്ന ആത്മീക ദാഹം ശമിപ്പിക്കുന്ന ജീവജലമാകുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ജീവന്‍റെ അപ്പവും അത് തന്നെ. “നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ജീവനില്ല” എന്ന് കര്‍ത്താവ് പറകയും “ഞാന്‍ നിങ്ങളോട്‌ സംസാരിച്ച വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു” എന്ന് താന്‍ തന്നെ അതിനെ വിശദീകരിക്കയും ചെയ്തിരിക്കുന്നു. (യോഹ. 6:53-63) നാം ഭക്ഷിക്കയും കുടിക്കയും ചെയ്യുന്നതില്‍ നിന്ന് നമ്മുടെ ശരീരം പോഷിപ്പിക്കപ്പെടുന്നു. പ്രകൃതിയിലെ വ്യവസ്ഥപോലെ തന്നെയാണ് ആത്മീയ ലോകത്തിലെ വ്യവസ്ഥയും. നമ്മുടെ ധ്യാനവിഷയമാണ് നമ്മുടെ ആത്മപ്രകൃതിക്ക് ആരോഗ്യവും ശക്തിയും കൊടുക്കുന്നത്.KP 93.1

  വീണ്ടെടുപ്പു എന്ന വിഷയം ദൈവ ദൂതന്മാരും കുനിഞ്ഞു നോക്കുവാന്‍ ആഗ്രഹിക്കുന്ന ഒന്നാകുന്നു: അത് തന്നെയായിരിക്കും നിത്യതയുടെ അവസാനമില്ലാത്ത യുഗായുഗങ്ങളില്‍ പ്രശംസയും പാട്ടും. ആ സ്ഥിതിക്ക് ഇപ്പോള്‍ അത് നമ്മുടെ അതിസൂക്ഷ്മമായ പഠനവും പരിചിന്തനവും അര്‍ഹിക്കുന്നില്ല എന്ന് ആര്‍ പറയും? കര്‍ത്താവിന്‍റെ അളവറ്റ കരുണ, അവന്‍റെ ആര്‍ദ്രസ്നേഹം, അവന്‍റെ യാഗാര്‍പ്പണം ഇവയെല്ലാം എത്രയും ഗൗരവപൂര്‍വ്വവും, ഭയഭക്തിയോടും വിചിന്തനം ചെയ്യേണ്ട വിഷയങ്ങളാകുന്നു. നമ്മുടെ പ്രിയരക്ഷിതാവും മദ്ധ്യസ്ഥനുമായിരിക്കുന്നവന്‍റെ സ്വഭാവ വൈശിഷ്ട്യത്തെക്കുറിച്ചു നാം എപ്പോഴും ധ്യാനിക്കണം. തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്ന് രക്ഷിപ്പാനായി ഈ ലോകത്തില്‍ വന്ന അവന്‍റെ ഉദ്ദേശത്തെപ്പറ്റിയും നാം ഗാഢമായി ചിന്തിക്കണം. ഇങ്ങനെ നാം ഈ സ്വര്‍ഗ്ഗീയ വിഷയങ്ങളെപ്പറ്റി ചിന്തിക്കുന്തോറും നമ്മുടെ വിശ്വാസവും സ്നേഹവും അധികമധികമായി സുശ്ശക്തമാകയും നമ്മുടെ പ്രാര്‍ത്ഥനയില്‍ വിശ്വാസവും സ്നേഹവും കലര്‍ന്നിരിക്കുന്നത് കൊണ്ട് അത് ദൈവത്തിന്നു കൂടുതല്‍ സ്വീകാര്യമായിത്തീരുകയും ചെയ്യും. മാത്രമല്ല അത് ബുദ്ധിപൂര്‍വ്വകവും എരിവുള്ളതും ആയിരിക്കും. അപ്പോള്‍ യേശു കര്‍ത്താവില്‍ അധികം സ്ഥിരമായ വിശ്വാസം ഉണ്ടാകയും തല്‍ഫലമായി അവന്മുഖാന്തരം ദൈവത്തോട് അടുക്കുന്നവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ കഴിയുന്ന അവന്‍റെ ശക്തിയില്‍ ദൈനംദിനവും സജീവവുമായ ഒരനുഭവം കരഗതമാകയും ചെയ്യുന്നതാണ്.KP 93.2

  നമ്മുടെ രക്ഷിതാവിന്‍റെ പൂര്‍ണ്ണതയെപ്പറ്റി ധ്യാനിക്കുമ്പോള്‍ നാം മുഴുവനും രൂപാന്തരപ്പെട്ടു അവന്‍റെ വിശുദ്ധിയുടെ സാദൃശ്യത്തോട് അനുരൂപരാകുവാന്‍ വാഞ്ചിക്കും. അപ്പോള്‍ നമ്മുക്ക് നാം ആരാധിക്കുന്ന അവനെപ്പോലെ ആയിത്തീരണമെന്നുള്ള ആത്മീയവിശപ്പും ദാഹവും ഉണ്ടാകും. നാം കര്‍ത്താവിനെപ്പറ്റി എത്ര അധികം ധ്യാനിക്കുമോ അത്ര അധികം അവനെപ്പറ്റി മറ്റുള്ളവരോടു സംസാരിക്കയും ലോകസമക്ഷം അവനെ പ്രതിബിംബിക്കയും ചെയ്യും.KP 94.1

  വേദപുസ്തകം പണ്ഡിതന്മാര്‍ക്കുവേണ്ടി മാത്രം എഴുതപ്പെട്ടതല്ല; നേരെ മറിച്ചു അത് സാമാന്യ ജനങ്ങള്‍ക്കും കൂടെയുള്ളതാണ്. രക്ഷയ്ക്കു അത്യന്താപേക്ഷിതമായ വന്‍ സത്യങ്ങള്‍ പട്ടാപ്പകല്‍പോലെ അതില്‍ പ്രസ്പഷ്ടമാക്കപ്പെട്ടിരിക്കുന്നു. അത് വെളിവാക്കുന്ന ദൈവേഷ്ടത്തിന്നു വിപരീതമായി തങ്ങളുടെ സ്വന്ത ഇഷ്ടപ്രകാരം നടക്കുന്നവരൊഴികെ മറ്റാരും അതിനെ തെറ്റിദ്ധരിക്കയൊ അങ്ങനെ വഴി തെറ്റിപ്പോകയൊ ചെയ്കയില്ല.KP 94.2

  ദൈവവചനം എന്ത് ഉപദേശിക്കുന്നു എന്നറിവാന്‍ നാം മനുഷ്യരുടെ അഭിപ്രായം എടുക്കാതെ തിരുവെഴുത്തുകള്‍ എന്ത് പറ യുന്നു എന്ന് നാം തന്നെ വായിച്ചു പഠിക്കണം. നാം തന്നെ ചിന്തിച്ചറിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്താല്‍ നമ്മുടെ ശക്തികള്‍ മുടന്തിയും പ്രാപ്തികള്‍ കുറുകിയും പോകുന്നതാണ്. മനസ്സിന്‍റെ ശ്രേഷ്ഠശക്തികള്‍ അഭ്യാസനക്കുറവു നിമിത്തം ദൈവവചനത്തിന്‍റെ ഗാഢമായ അര്‍ത്ഥം ഗ്രഹിക്കത്തക്ക നിലയില്‍ അവയെ കേന്ദ്രീകൃതമാക്കുവാന്‍ അപര്യാപ്തങ്ങളായി ഭവിച്ചുപോകും. നേരെമറിച്ചു തിരുവെഴുത്തിനെ തിരുവെഴുത്തോടും ആത്മീകമായതിനെ ആത്മീകമായതിനോടും താരതമ്യപ്പെടുത്തി വേദപുസ്തകത്തിലെ വിവിധ വിഷയങ്ങള്‍ തമ്മിലുള്ള ബന്ധം കണ്ടുപിടിപ്പാനായി മനസ്സു വ്യാപരിപ്പിച്ചാല്‍ അത് നല്ലവണ്ണം വികസിക്കും.KP 94.3

  തിരുവെഴുത്തു പഠനംപോലെ നമ്മുടെ ബുദ്ധിയെ ബലപ്പെടുത്തുവാന്‍ ഉപയുക്തമായ മറ്റൊന്നുമില്ല. നമ്മുടെ ആലോചനകളെ ശ്രേഷ്ഠമാക്കുവാനും പ്രാപ്തികളെ ശക്തീകരിക്കുവാനും പര്യാപ്തമായിരിക്കുന്ന വിശാലവും അത്യുത്തമവുമായ സത്യങ്ങള്‍ വേദപുസ്തകത്തിലുള്ളതുപോലെ വേറൊരു ഗ്രന്ഥത്തിലും ഇല്ല. മനുഷ്യര്‍ ദൈവവചനത്തെ പഠിക്കേണ്ട പ്രകാരം പഠിച്ചാല്‍ ഇക്കാലത്ത് ദുര്‍ല്ലഭമായി മാത്രം കാണപ്പെടുന്ന വിശാല മനസ്സും ശ്രേഷ്ടമായ സ്വഭാവഗുണവും സ്ഥിരനിശ്ചയവും അവരില്‍ ധാരാളമായി ഉണ്ടാകും.KP 95.1

  എന്നാല്‍ ബദ്ധപ്പെട്ടു ദൈവവചനം വായിച്ചാല്‍ യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ല. ഒരുവന്‍ വേദപുസ്തകം ആദിയോടന്തം വായിച്ചിരിക്കാം; എങ്കിലും അതിന്‍റെ ഭംഗിയാകട്ടെ അതിന്‍റെ അഗാധവും മറവുമായിരിക്കുന്ന പൊരുളാകട്ടെ ഗ്രഹിച്ചിരിക്കയില്ല. ഒരു വാക്യം എടുത്തു അതിന്‍റെ അര്‍ത്ഥം എന്തെന്നും രക്ഷാമാര്‍ഗ്ഗത്തോട് അതു എങ്ങനെ സംബന്ധപ്പെട്ടിരിക്കുന്നു എന്നും നമ്മുടെ മനസ്സില്‍ സ്പഷ്ടമായി ബോധ്യപ്പെടുന്നതുവരെ അതിനെക്കുറിച്ചു ധ്യാനിക്കാതെ തത്രപ്പാടോടുകൂടി അനേകം അദ്ധ്യായങ്ങള്‍ ഒരെനീട്ടായി വായിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. നിങ്ങളുടെ കൈയ്യില്‍ എപ്പോഴും വേദപുസ്തകം ഉണ്ടായിരിക്കണം. അവസരം കിട്ടുമ്പോഴൊക്കെ അത് വായിക്കുക. കഴിവുള്ളിടത്തോളം വേദവാക്യങ്ങളെ മനഃപാഠം ചെയ്ക. വഴി നടക്കുമ്പോള്‍ അതില്‍ നിന്ന് ഒരു ഭാഗം വായിച്ചു ധ്യാനിച്ചു അതിനെ നിന്‍റെ മനസ്സില്‍ പതിച്ചു കൊള്‍ക.KP 95.2

  നല്ലശ്രദ്ധയും പ്രാര്‍ത്ഥനാപൂര്‍വ്വകവുമായ പാരായണവും കൂടാതെ നമ്മുക്ക് ജ്ഞാനം സമ്പാദിപ്പാന്‍ കഴികയില്ല. വേദപുസ്തകത്തിന്‍റെ ചില ഭാഗങ്ങള്‍ നിഷ്പ്രയാസം മനസ്സിലാക്കത്തക്കവയാണ്. എന്നാല്‍ മറ്റ് ചില ഭാഗങ്ങളുടെ അര്‍ത്ഥം പെട്ടെന്ന് ഗ്രഹിപ്പാന്‍ കഴികയില്ല. അതിനാല്‍ നാം തിരുവെഴുത്തുകള്‍ ഒത്തു നോക്കണം. ആ കാര്യത്തില്‍ വളരെ സൂക്ഷ്മമായ നിരീക്ഷണവും പ്രാര്‍ത്ഥനയോടുകൂടിയ വിചിന്തനവും ആവശ്യമുണ്ട്. ഏതാദൃശ പരിശ്രമത്തിന്നു ധാരാളം പ്രതിഫലം ലഭിക്കും. ലോഹഖനിയില്‍ വേലചെയ്യുന്ന ഒരുവന്‍ ഭൂമിയുടെ അന്തര്‍ഭാഗത്തു മറഞ്ഞിരിക്കുന്ന വിലയേറിയ ലോഹഞരമ്പു (ലോഹരേഖ) കണ്ടെത്തുന്ന പ്രകാരം ദൈവവചനമാകുന്ന ഖനിയില്‍ ഇടവിടാതെ നിരീക്ഷണം നടത്തുന്നവന്‍ ആശ്രദ്ധരായ അന്വേഷകരുടെ ദൃഷ്ടികള്‍ക്ക്‌ മറഞ്ഞിരിക്കുന്ന അനവധി മഹല്‍ സത്യങ്ങളെ ഒളിച്ചു വച്ച നിധിപോലെ കണ്ടെത്തുന്നതാണ്. നമ്മുടെ ഹൃദയങ്ങളില്‍ നാം സംഗ്രഹിച്ചു ധ്യാനിക്കുന്ന ആത്മശ്വാസീയമായ വചനങ്ങള്‍ ജീവന്‍റെ ഉറവയില്‍ നിന്ന് പുറപ്പെട്ടൊഴുകുന്ന ജീവപ്രവാഹം പോലെയായിരിക്കും.KP 96.1

  പ്രാര്‍ത്ഥനകൂടാതെ ഒരിക്കലും ദൈവവചനം പാരായണം ചെയ്യരുത്. വേദപുസ്തകം തുറക്കുന്നതിനു മുമ്പെ ദൈവാത്മാവിന്‍റെ പ്രകാശത്തിന്നായി നീ അപേക്ഷിച്ചാല്‍ അത് തീര്‍ച്ചയായും നിനക്ക് ലഭിക്കും. നഥനയേല്‍ യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍: ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടം ഇല്ല” എന്ന് രക്ഷിതാവ് അവനെക്കുറിച്ചു പറഞ്ഞു. “നഥനയേല്‍ അവനോടു എന്നെ എവിടെ വച്ചു അറിയും എന്ന് ചോദിച്ചതിന്നു: ഫിലിപ്പോസ് നിന്നെ വിളിക്കും മുമ്പെ നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്ന് യേശു ഉത്തരം പറഞ്ഞു.” (യോഹന്നാന്‍ 1:47,48) സത്യം ഇന്നതെന്നറിയേണ്ടതിന്നു നമ്മുക്കാവശ്യമായ വെളിച്ചം വേണമെന്നു ആഗ്രഹിച്ചുകൊണ്ട് നാം അവനെ സമീപിച്ചാല്‍ നാം പ്രാര്‍ത്ഥിക്കുന്ന സ്ഥലത്ത് വച്ചു അവന്‍ നമ്മെയും കാണും. മനോവിനയത്തോടുകൂടി ദിവ്യനടത്തിപ്പിന്നായി അപേക്ഷിക്കുന്ന ഏവരോടും വെളിച്ച ലോകത്തില്‍ നിന്നുള്ള ദൂതന്മാരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും.KP 96.2

  പരിശുദ്ധാത്മാവ് രക്ഷിതാവിനെ ഉയര്‍ത്തിക്കാണിക്കുകയും മഹത്വീകരിക്കയും ചെയ്യുന്നു. കര്‍ത്താവിനെയും അവന്‍റെ നീതിയുടെ നിഷ്കളങ്കതയെയും അവന്മൂലം നമ്മുക്കുള്ള മഹാരക്ഷയെയും നമ്മുക്ക് കാണിച്ചു തരുന്നതാകുന്നു പരിശുദ്ധാത്മാവിന്‍റെ ഉദ്യോഗം. “അവന്‍ എനിക്കുള്ളതില്‍ നിന്ന് എടുത്തു നിങ്ങള്‍ക്ക് അയച്ചുതരും” എന്ന് യേശു കര്‍ത്താവ് പറയുന്നു. (യോഹ. 16:14) സത്യത്തിന്‍റെ ആത്മാവുമാത്രമാണ് ദിവ്യസത്യം യഥാവിധി പഠിപ്പിപ്പാന്‍ കഴിവുള്ള ഗുരുനാഥന്‍. തന്‍റെ പുത്രനെ മനുഷ്യര്‍ക്ക് വേണ്ടി മരണത്തിന്നു ഏല്പിക്കുകയും തന്‍റെ ആത്മാവിനെ അവരുടെ ഗുരുവും സദാകാലത്തേയ്ക്കുള്ള വഴികാട്ടിയും ആയി നിയമിക്കുകയും ചെയ്തിരിക്കുന്നതില്‍ നിന്ന് ദൈവം മാനുഷവര്‍ഗ്ഗത്തെ എത്ര കണ്ടു വിലമതിച്ചിരിക്കുന്നു എന്ന് നോക്കുവിന്‍.KP 97.1

  * * * * *