Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 29—പാപത്തിന്‍റെ ഉത്ഭവം

    പാപത്തിന്‍റെ ഉത്ഭവവും അതിന്‍റെ നിലനില്പിന്‍റെ കാരണവും അനേക മനസ്സുകളെയും ഉല്ക്കണ്ഠാകുലരാക്കുന്നു. അവർ പാപപ്രവൃത്തിയുടെ ദുരിതവും ശൂന്യതയും കണ്ട് അളവില്ലാത്ത പരിജ്ഞാനവും ശക്തിയും സ്നേഹവും നിറഞ്ഞ ദൈവത്തിന്‍റെ സർവ്വാധിപത്യത്തിൽ ഇതെങ്ങനെ നിലനില്ക്കുന്നുവെന്ന് ചോദിക്കുന്നു. അത് വിശദീകരണമില്ലാത്ത ഒരു മർമ്മമായി അവർ കാണുന്നു. അവരുടെ സംശയത്തിലും അനിശ്ചിതത്വത്തിലും രക്ഷയ്ക്കനിവാര്യമായ സത്യം തിരുവചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നതു അവർ കാണുന്നില്ല. പാപത്തിന്‍റെ നിലനില്പിനെ സംബന്ധിച്ചുള്ള അന്വേഷണത്തിൽ ദൈവം ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലാത്തവ പരിശോധിക്കുന്നവർ തങ്ങളുടെ സംശയങ്ങൾക്ക് അഥവാ പ്രതിബന്ധങ്ങൾക്ക് വിശദീകരണം ലഭിക്കാ ത്തതുമൂലം തിരുവചനം നിരസിക്കുന്നു. മറ്റുള്ളവർക്കു തിന്മയുടെ ഭയങ്കര പ്രശ്നത്തിനു തൃപ്തികരമായ അറിവു ലഭിക്കാത്തതിനു കാരണം പാരമ്പര്യവും തെറ്റായ വ്യാഖ്യാനവുംമൂലം ദൈവസ്വഭാവത്തെയും തന്‍റെ ഭരണ പ്രകൃതിയെയും പാപത്തെ കൈകാര്യം ചെയ്യുന്ന തന്‍റെ രീതിയെയുംകുറിച്ചു ബൈബിൾ എന്തു പഠിപ്പിക്കുന്നു എന്നുള്ളതു മറഞ്ഞുകിടക്കുന്നതിനാലാണ്.GCMal 562.1

    പാപത്തിന്‍റെ ഉത്ഭവമോ, അതിന്‍റെ നിലനില്പിന്‍റെ കാരണമോ വിശ ദീകരിക്കാൻ അസാദ്ധ്യമാണ്. എങ്കിലും പാപത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചും അതിന്‍റെ അവസാന നിർമ്മാർജ്ജനത്തെക്കുറിച്ചും അതിൽ ദൈവത്തിന്‍റെ നീതിയെക്കുറിച്ചും കൃപയെക്കുറിച്ചും ആവശ്യത്തിനറിയാൻ കഴിയും. പാപത്തിന്‍റെ പ്രവേശനത്തിനു ദൈവം യാതൊരു വിധത്തിലും ഉത്തരവാദി അല്ലെന്നും ദൈവകൃപ അനിയന്ത്രിതമായി പിൻവലിക്കപ്പെട്ടിട്ടില്ലെന്നും ദൈവിക ഭരണത്തിൽ ഒരു ന്യൂനതയും ഇല്ലെന്നുമുള്ളതിനാൽ മത്സരം ഉണ്ടാകേണ്ട കാര്യമില്ലായിരുന്നുവെന്നും തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നു. പാപം ഒരു നുഴഞ്ഞുകയറ്റക്കാരനും അതിന്‍റെ ആവിർഭാവത്തിന്നൊരു കാരണവും നല്‍കാനുമല്ല. അകാരണമായ ഒരു മർമ്മമാണത്! അതു ക്ഷമിക്കുന്നത് അതിനെ ന്യായീകരിക്കലാണ്. അതിന് ഒഴികഴിവു കണ്ടുപിടിക്കയോ അഥവാ അതിന്‍റെ നിലനില്പിനു കാരണം കണ്ടുപിടിക്കയോ ചെയ്യുന്നത് അതിനെ പാപം അല്ലാതാക്കുകയാണ്. അതു ദൈവിക ഭരണകൂടത്തിന്‍റെ അടിസ്ഥാനമായ വലിയ സ്നേഹനിയമത്തിന്‍റെ തത്വത്തോടുള്ള യുദ്ധമാണ്. പാപത്തെക്കുറിച്ചുള്ള നമ്മുടെ ഏക നിർവ്വചനം, “കല്പനാലംഘനം പാപം” എന്നു വേദപുസ്തകം പറയുന്നത് മാത്രമാണ്.GCMal 562.2

    പാപത്തിന്‍റെ ആവിർഭാവത്തിനുമുമ്പ് അഖിലാണ്ഡം മുഴുവൻ സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു. എല്ലാം സ്രഷ്ടാവിന്‍റെ ഇഷ്ടാനുസരണം ആയിരുന്നു. ദൈവത്തോടുള്ള സ്നേഹം പരമപ്രധാനമായിരുന്നു. മറ്റുള്ളവരോടുള്ള സ്നേഹം പക്ഷപാതരഹിതവുമായിരുന്നു. ദൈവത്തിന്‍റെ ഏകജാതൻ നിത്യ പിതാവിനോടുകൂടെയായിരുന്നു സ്വഭാവത്തിലും ഉദ്ദേശത്തിലും പ്രകൃതത്തിലും- ദൈവത്തിന്‍റെ എല്ലാ ആലോചനകളിലും പ്രവേശിക്കാൻ കഴിയുന്ന അഖിലാണ്ഡത്തിലെ ഏക വ്യക്തി ക്രിസ്തു മാത്രമായിരുന്നു. സ്വർഗ്ഗീയവാസികളുടെ സൃഷ്ടിപ്പും പിതാവു ക്രിസ്തുമൂലം നിർവ്വഹിച്ചു. “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമാ യതും സിംഹാസനങ്ങൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ കർതൃത്വങ്ങളാകട്ടെ വാഴ്ചകൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു” (കൊലൊ. 1:16). ക്രിസ്തു പിതാവിനു സമനായവനും സ്വർഗ്ഗം മുഴുവനും ആദരിച്ചിരുന്നവനുമായിരുന്നു.GCMal 563.1

    ദൈവത്തിന്‍റെ ഭരണകൂടത്തിന്‍റെ അടിസ്ഥാനം സ്നേഹത്തിന്‍റെ നിയമമാകയാൽ സകലരുടെയും സന്തോഷം നീതിയുടെ വലിയ തത്വങ്ങളോടുള്ള പരിപൂർണ്ണ യോജിപ്പിനെ ആശ്രയിച്ചിരിക്കുന്നു. ദൈവം തന്‍റെ എല്ലാ സൃഷ്ടികളിലും നിന്നാഗ്രഹിക്കുന്നത് സ്നേഹത്തിന്‍റെ സേവനമാണ്-- ദൈവത്തിന്‍റെ സ്വഭാവത്തെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നതിൽ നിന്നുള്ള ആരാധനയാണ്. ദൈവം എല്ലാവർക്കും സ്വാതന്ത്ര്യം നല്കിയിരിക്കുന്നു. തന്നെ ആരാധിക്കുവാൻ ആരെയും നിർബന്ധിക്കുന്നില്ല. എല്ലാവരും സ്വമേധയാ സ്നേഹാന്വിതമായ സേവനം നല്കണമെന്നാണ് തന്‍റെ ആഗ്രഹം.GCMal 563.2

    എന്നാൽ ഈ സ്വാതന്ത്യത്തെ ദുർവ്വിനിയോഗം ചെയ്യുവാൻ ഒരാൾ തീരുമാനിച്ചു. അവനിലാണു പാപത്തിന്‍റെ ഉത്ഭവം. സ്വർഗ്ഗീയവാസികളുടെ ഇടയിൽ ഏറ്റവും ശക്തിയും മഹത്വവും ദൈവം അവനു നല്കി. അവൻ ക്രിസ്തുവിനു സമീപം നിന്നു. വീഴ്ചയ്ക്കുമുമ്പ് ലൂസിഫർ മറെയ്ക്കുന്ന കെരുബുകളിൽ ഒന്നാമനും വിശുദ്ധനും നിഷ്കളങ്കനും ആയിരുന്നു. “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്ര ആകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നെ. നീ ദൈവത്തിന്‍റെ തോട്ടമായ ഏദെനിലായിരുന്നു... സകല രത്നങ്ങളും നിന്നെ മൂടിയിരുന്നു... “നീ ചിറകു വിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധ ദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങ ളുടെ മദ്ധ്യ സഞ്ചരിച്ചുപോന്നു. നിന്നെ സൃഷ്ടിച്ച നാൾ മുതൽ നിങ്കൽ നീതി കേടു കണ്ടതുവരെ നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു” (യെഹെ. 28:12-15).GCMal 564.1

    ലൂസിഫറിന്‍റെ ശ്രേഷ്ഠശക്തി മറ്റുള്ളവരെ അനുഗ്രഹിപ്പാനും അവന്‍റെ സ്രഷ്ടാവിനെ മഹത്വപ്പെടുത്തുവാനും ഉപയോഗിച്ചിരുന്നുവെങ്കിൽ അവൻ ദൈവത്തിന്‍റെ പ്രിയനും സ്വർഗ്ഗീയ ദൂതന്മാരാൽ ബഹുമാനിക്കപ്പെടുന്നവനും ആയി നിലനില്ക്കുമായിരുന്നു. എന്നാൽ പ്രവാചകൻ പറയുന്നു : “നിന്‍റെ സൗന്ദര്യം നിമിത്തം നിന്‍റെ ഹൃദയം ഗർവ്വിച്ചു; നിന്‍റെ പ്രഭ നിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി” (യെഹ. 28:17). ലൂസിഫറിന്‍റെ മനസ്സിൽ അല്പാല്പം സ്വയമഹിമയ്ക്കായി ആഗ്രഹിച്ചു. “നീ ദൈവഭാവം നടിക്ക യാൽ” (വാക്യം 6). “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്‍റെ അതിർത്തിയിൽ സമാഗമ പർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേലോന്ന തങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” (യെശ. 14:13,14). എല്ലാ സൃഷ്ടികളുടെയും സ്നേഹവും കൂറും പരമാവധി ദൈവത്തിനു നല്കുവാൻ ശ്രമിക്കുന്നതിനുപകരം ലൂസിഫറിന്‍റെ ശ്രമം അവരുടെ സേവനവും ആരാധനയും തന്നിലേക്കാക്കുവാനായിരുന്നു. നിത്യപിതാവു തന്‍റെ പുത്രനു നല്കിയ ബഹുമതി മോഹിച്ച് ദൈവദൂതന്മാരുടെ തലവൻ, ക്രിസ്തുവിനുമാത്രം അവകാശപ്പെട്ട, ശക്തിയും മഹത്വവും കൈവശമാക്കുവാൻ ശ്രമിച്ചു.GCMal 564.2

    സ്വർഗ്ഗം മുഴുവനും സ്രഷ്ടാവിന്‍റെ മഹത്വം പ്രതിഫലിപ്പിക്കുന്നതിൽ സന്തുഷ്ടരായി തന്നെ സ്തുതിച്ചുകൊണ്ടിരുന്നു. ദൈവത്തെ ഇങ്ങനെ മാനിച്ചപ്പോൾ എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു. എന്നാൽ ഒരു മത്സര അടയാളം സ്വർഗ്ഗീയ ഐക്യത്തിനു കളങ്കം വരുത്തി. സ്വയത്തെ ഉയർത്തുകയും വളർത്തുകയും ചെയ്യുന്നതു ദൈവത്തിന്‍റെ പദ്ധതിക്കു എതിരാകയാൽ ദൈവമഹത്വം പരമോന്നതമായിരുന്ന മനസ്സിൽ തിന്മയുടെ അനിഷ്ട സൂചന തലപൊക്കി. സ്വർഗ്ഗീയ കൗൺസിൽ ലൂസിഫറുമായി സംവാദം നടത്തി. ദൈവപുത്രൻ സ്രഷ്ടാവിന്‍റെ നീതിയും നന്മയും മാഹാത്മ്യവും തന്‍റെ നിയമത്തിന്‍റെ വിശുദ്ധിയും സുസ്ഥിരതയും അവന്‍റെ മുമ്പാകെ വ്യക്തമാക്കി. സ്വർഗ്ഗത്തിലെ നിയമങ്ങൾ ദൈവം തന്നെയാണു നിലവിലാക്കിയത്, അതിൽ നിന്നു വ്യതിചലിക്കുന്നതുമൂലം ലൂസിഫർ അവന്‍റെ സ്രഷ്ടാവിനെ അവഗണിക്കുകയും സ്വയം നാശം വരുത്തിവയ്ക്കുകയും ചെയ്തു. എന്നാൽ അളവറ്റ സ്നേഹത്തിലും കരുണയിലും മുന്നറിയിപ്പു നല്കിയെങ്കിലും എതിർപ്പു വർദ്ധിക്ക മാത്രം ചെയ്തു. ലൂസിഫർ ക്രിസ്തുവിനോടുള്ള അസൂയ നിലനിറുത്തുകയും കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്തു.GCMal 565.1

    സ്വന്ത മഹത്വത്തിലുള്ള അഹങ്കാരം വളർത്തി പരമാധികാരം ആഗ്രഹിച്ചു. ലൂസിഫറിനു നല്കിയ ഉന്നത പദവി ദൈവത്തിന്‍റെ ദാനമാണെന്നവൻ അഭിനന്ദിക്കുകയോ സ്രഷ്ടാവിനോടു കൃതജ്ഞത കാട്ടുകയോ ചെയ്തില്ല. അവന്‍റെ ശോഭയിലും ഉയർച്ചയിലും അവൻ അഹങ്കരിക്കുകയും ദൈവത്തിനു സമനാകുവാൻ ആഗ്രഹിക്കുകയും ചെയ്തു. അവൻ സ്വർഗ്ഗീയ സൈന്യങ്ങൾക്കു പ്രിയനും ആദരണീയനുമായിരുന്നു. അവന്‍റെ കല്പനകൾ നടപ്പാക്കുന്നതിൽ ദൂതന്മാർ സന്തുഷ്ടരുമായിരുന്നു. മറ്റെല്ലാവരെക്കാളും അവൻ ജ്ഞാനവും മഹത്വവും അണിഞ്ഞിരുന്നു. എന്നാൽ പിതാവിനോടൊപ്പം അധികാരത്തിലും ശക്തിയിലും സമനായി അംഗീകരിക്കപ്പെട്ടിരുന്ന ഭരണാധിപൻ ദൈവപുത നായിരുന്നു. ദൈവത്തിന്‍റെ എല്ലാ ആലോചനകളിലും ക്രിസ്തു ഉൾപ്പെട്ടിരുന്നു. എന്നാൽ ലൂസിഫറിന് അതിന് അനുവാദമില്ലായിരുന്നു. അങ്ങനെ അവനു ദിവ്യ ഉദ്ദേശങ്ങളിലും ആലോചനകളിലും പ്രവേശനമില്ലായിരുന്നു. “എന്തു കൊണ്ട് ക്രിസ്തുവിനു ഈ പരമാധികാരം നല്കി”? എന്ന് ഈ ശക്തനായ ദൈവദൂതൻ, ചോദ്യം ചെയ്തു. ലൂസിഫറിനെക്കാൾ അധികമായി ഇങ്ങനെ ക്രിസ്തു മാനിക്കപ്പെടുന്നത് എന്തുകൊണ്ട്?”GCMal 565.2

    ദൈവത്തിന്‍റെ ഏറ്റവും സമീപം ആയിരിക്കുന്നവർ മറ്റ് ദൂതന്മാരുടെ ഇടയിൽ അസംതൃപ്തിയുടെ ആത്മാവിനെ പ്രചരിപ്പിക്കുവാൻ പുറപ്പെട്ടു. കുറെ സമയം അവന്‍റെ യഥാർത്ഥ ഉദ്ദേശം മറച്ചുവെച്ച് ദൈവത്തോടുള്ള ഭക്ത്യാദരവുകളുടെ വേഷത്തിൽ സ്വർഗ്ഗീയരെ ഭരിച്ചുവന്ന നിയമങ്ങളുടെമേൽ അതൃപ്തി ഉളവാക്കുകയും അവരുടെ മേൽ അനാവശ്യമായ ഒരു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്നുവെന്ന് ധരിപ്പിച്ചു. അവരുടെ പ്രകൃതി വിശുദ്ധമാകയാൽ അവർ സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു നിയമം പാലിച്ചാൽ മതിയെന്നവൻ പ്രചരിപ്പിച്ചു. പരമോന്നത ബഹുമാനം ക്രിസ്തുവിനു നല്കിയതിൽ ദൈവം അവനോടു അനീതി കാട്ടിയെന്നുള്ള സഹതാപം സ്വർഗ്ഗീയരുടെ ഇടയിൽനിന്നു പിടിച്ചുപറ്റാൻ അവൻ ശ്രമിച്ചു. അവൻ കൂടുതൽ അധികാരവും ബഹുമാനവും കാംക്ഷിക്കുന്നതു സ്വയത്തെ ഉയർത്തുന്നതിനല്ല പ്രത്യുത സ്വർഗ്ഗീയവാസികൾക്കെല്ലാം സ്വാതന്ത്ര്യവും ഒരുന്നത നിലയും പ്രാപിക്കാനാണു താൻ ശ്രമിക്കുന്നതെന്ന് അവൻ അവകാശപ്പെട്ടു.GCMal 566.1

    ദൈവം തന്‍റെ മഹാകരുണയിൽ ദീർഘനാൾ ലൂസിഫറിനോട് മുഷിഞ്ഞില്ല. അവൻ അസന്തുഷ്ടി പ്രകടിപ്പിച്ച ഉടനെ അവനെ അവന്‍റെ ഉന്നത സ്ഥാനത്തുനിന്നും ബഹിഷ്കരിച്ചില്ല. ദീർഘനാൾ ആ സ്ഥാനം വഹിച്ചു കൊണ്ട് അവന്‍റെ കുപ്രചരണങ്ങൾ ദൈവത്തോടു കൂറുള്ള ദൂതന്മാരുടെ ഇടയിൽ നടത്തിക്കൊണ്ടിരുന്നു. ദീർഘനാൾ അവൻ സ്വർഗ്ഗത്തിൽതന്നെ കഴിയാൻ അനുവദിച്ചു. മാനസാന്തരവും അനുസരണവും ഉണ്ടായാൽ അവനോടു ക്ഷമിക്കുവാൻ ദൈവം വീണ്ടും വീണ്ടും ശ്രമിച്ചു. നിത്യസ്നേഹത്തിനും ജ്ഞാനത്തിനും മാത്രമെ അപകാരമുള്ള ശ്രമം ആസൂത്രണം ചെയ്ത് അവന്‍റെ തെറ്റിനെ അവനു ബോദ്ധ്യപ്പെടുത്തുവാൻ കഴികയുള്ളൂ. അസംതൃപ്തിയുടെ മനോഭാവം മുമ്പ് സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നില്ല. ലുസിഫർ തന്നെയും തന്‍റെ യഥാർത്ഥ നില മോശപ്പെടുകയാണെന്ന് ആദ്യം മനസ്സിലാക്കിയില്ല. എന്നാൽ അവന്‍റെ അസംതൃപ്തി കാരണം ഇല്ലാത്തതാണെന്നു വ്യക്തമാക്കപ്പെട്ടു. ലൂസിഫർ ചെയ്തതു തെറ്റാണെന്നും ദൈവിക അധികാരം നീതിയുള്ളതാണെന്നും അതിനാൽ അവൻ സ്വർഗ്ഗത്തിന്‍റെ മുമ്പിൽ അതംഗീകരിക്കേണ്ടതാണെന്നും അവനു ബോദ്ധ്യമായി. അവനതു ചെയ്തിരുന്നെങ്കിൽ അവനെത്തന്നെയും അവനോടുചേർന്ന അനേക ദൂതന്മാരെയും രക്ഷിക്കാമായിരുന്നു. അപ്പോൾ അവൻ ദൈവത്തോടുള്ള ഭക്തി പരിപൂർണ്ണമായി ഉപേക്ഷിച്ചില്ല. മറെയ്ക്കുന്ന കെരൂബ് എന്നുള്ള തന്‍റെ സ്ഥാനം ഉപേക്ഷിച്ചെങ്കിലും അവൻ മടങ്ങിവന്ന് സ്രഷ്ടാവിന്‍റെ ജ്ഞാനത്തെ അംഗീകരിച്ച് ദൈവത്തിന്‍റെ പദ്ധതിയിൽ അവനു നല്കിയിരുന്ന സ്ഥാനത്തിൽ തൃപ്തനാ യിരുന്നെങ്കിൽ അവന്‍റെ സ്ഥാനത്തുതന്നെ വീണ്ടും തുടരുകയും ചെയ്യാമാ യിരുന്നു. എന്നാൽ കീഴടങ്ങുവാൻ അഹങ്കാരം അവനെ അനുവദിച്ചില്ല. തന്‍റെ ഗതിയെ നിരന്തരം അവൻ ന്യായീകരിക്കുകയും മാനസാന്തരത്തിന്‍റെ ആവശ്യമില്ലെന്നുള്ള നിലയിലെത്തുകയും സ്രഷ്ടാവിനെതിരായിട്ടുള്ള വൻപോരാട്ട ത്തിനു പൂർണ്ണമായി സ്വയം അർപ്പിക്കുകയും ചെയ്തു.GCMal 566.2

    അവന്‍റെ മേധാവിത്വശക്തി മുഴുവൻ തന്‍റെ കീഴിലുള്ള ദൂതന്മാരുടെ സഹതാപം ആർജ്ജിക്കുവാൻ വഞ്ചനാപ്രവർത്തനങ്ങളിൽ ഉപയോഗിച്ചു. ക്രിസ്തു നല്കിയ മുന്നറിയിപ്പും ഉപദേശങ്ങളും അവന്‍റെ രാജ്യദ്രോഹപര മായ പദ്ധതികൾക്കുപകരിക്കത്തക്ക രീതിയിൽ വികൃതമാക്കി. അവനോടു കൂടുതൽ സ്നേഹാദരവു കാട്ടിയവരോടു സാത്താൻ പറഞ്ഞത് അവൻ തെറ്റായി വിധിക്കപ്പെട്ടുവെന്നും തന്‍റെ സ്ഥാനം മാനിക്കപ്പെടുന്നില്ലെന്നും അവന്‍റെ സ്വാതന്ത്ര്യം എടുത്തുകളയുന്നുവെന്നും ആണ്. ക്രിസ്തുവിന്‍റെ വാക്കുകളെ തെറ്റിദ്ധരിപ്പിച്ച് നേരിട്ടു കള്ളം പറഞ്ഞ് സ്വർഗ്ഗീയരുടെ മുമ്പിൽ ദൈവപുത്രനെ അപമാനിക്കുവാൻ അവൻ പദ്ധതി ആവിഷ്കരിച്ചു. ദൈവത്തോടു കൂറുള്ള ദൂതന്മാരുടെയും അവന്‍റെ അനുയായികളുടെയും ഇടയിൽ ഒരു തെറ്റായ വാദമുഖം കൊണ്ടുവരുവാൻ അവൻ ശ്രമിച്ചു. തകിടം മറിച്ചു പൂർണ്ണമായി തന്‍റെ വശത്താക്കാൻ കഴിയാഞ്ഞവർ സ്വർഗ്ഗവാസികളുടെ താല്പര്യത്തിൽ ഉത്സാഹമില്ലാത്തവരാണെന്നവൻ കുറ്റം വിധിച്ചു. അവൻ ചെയ്യുന്നതിന്‍റെ എല്ലാം കുറ്റം ദൈവത്തോടു വിശ്വസ്തരായ ദൂതന്മാരുടെമേൽ ആരോപിച്ചു. അവനോടു ദൈവം കാട്ടുന്നത് അനീതിയാണെന്ന് സ്ഥിരീകരിക്കാൻ ദൈവത്തിന്‍റെ വാക്കുകളും പ്രവൃത്തിയും അവൻ തെറ്റായി അവതരിപ്പിച്ചു. ദൈവത്തിന്‍റെ ഉദ്ദേശങ്ങളെ സംബന്ധിച്ച് ദൂതന്മാരുടെ ഇടയിൽ ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന സൂക്ഷ്മമായ വാദപ്രതിവാദം ഉന്നയിക്കുന്ന തവന്‍റെ ഒരു ഉപായം ആയിരുന്നു. യഹോവയുടെ വളരെ വ്യക്തമായ പ്രസ്താവനകളെ അവൻ വികടവും അവ്യക്തവുമാക്കി അതിൽ സംശയം ഉണ്ടാക്കിയിരുന്നു. ദൈവിക ഭരണകൂടത്തോടു ഏറ്റം അടുത്ത ബന്ധമുള്ള സ്ഥാനം അവനുണ്ടായിരുന്നതിനാലും അവന്‍റെ മാതൃകയ്ക്ക് കൂടുതൽ ശക്തി ഉണ്ടായിരുന്നതിനാലും പലരും സ്വർഗ്ഗത്തിലെ അധികാരത്തോടുള്ള മത്സരത്തിൽ അവനോടു ചേർന്നു.GCMal 567.1

    ദൈവം തന്‍റെ ജ്ഞാനത്തിൽ സാത്താന്‍റെ അസംതൃപ്തി ശക്തമായ മത്സരത്തിൽ എത്തുന്നതുവരെ അവന്‍റെ പ്രവർത്തനം തുടരുവാൻ അനു വദിച്ചു. അവന്‍റെ പദ്ധതിയുടെ യഥാർത്ഥ സ്വഭാവവും പ്രവണതയും എല്ലാ വർക്കും കാണണമെങ്കിൽ അവ പൂർണ്ണമായി വികസിക്കേണ്ടതാവശ്യമായിരുന്നു. മറെയ്ക്കുന്ന കെരൂബായി നിയമിതനായിരുന്ന ലൂസിഫറിനെ ശേഷം പദവിയിൽ സ്വർഗ്ഗത്തിലുള്ളവരെല്ലാം സ്നേഹിച്ചിരുന്നു. അവരിൽ അവന്‍റെ പ്രേരണാശക്തി വളരെ കൂടുതലുമായിരുന്നു. ദൈവത്തിന്‍റെ ഭരണകൂടത്തിൽ ഉൾപ്പെട്ടിരുന്നതു സ്വർഗ്ഗീയ വാസികൾ മാത്രമായിരുന്നില്ല പിന്നെയോ ദൈവം സൃഷ്ടിച്ച എല്ലാ ലോകങ്ങളുമുൾക്കൊള്ളുന്നു. സാത്താൻ കരുതിയത് സ്വർഗ്ഗീയദൂതരെയെല്ലാം തന്‍റെ കൂടെ മത്സരത്തിൽ ഉൾപ്പെടുത്തിയാൽ മറ്റു ലോകങ്ങളിലുള്ളവരെയും തന്‍റെ പക്ഷത്താക്കാമെന്നാണ്. തന്‍റെ വശം വളരെ കൗശലപൂർവ്വം കള്ള ന്യായങ്ങളും വഞ്ചനകളും കലർത്തി അവൻ അവതരിപ്പിച്ചു. വഞ്ചിക്കുവാനുള്ള അവന്‍റെ ശക്തി വളരെ വലുതായിരുന്നു. തന്‍റെ ആൾമാറാട്ട പ്രവർത്തനം അവനു വളരെ ഗുണകരമായിരുന്നു. വിശ്വസ്തരായ ദൂതന്മാർക്കുതന്നെയും അവന്‍റെ സ്വഭാവം പൂർണ്ണമായി ഗ്രഹിക്കുവാനോ അവന്‍റെ വേല എവിടേക്കു നയിക്കുന്നുവെന്നറിയാനോ കഴിഞ്ഞില്ല. GCMal 569.1

    സാത്താൻ വളരെ ശ്രേഷ്ഠമായി മാനിക്കപ്പെട്ടിരുന്നു. അവന്‍റെ പ്രവർത്തനങ്ങളൊക്കെ നിഗൂഢമായിരുന്നതിനാൽ അവന്‍റെ സ്വഭാവം തിരിച്ചറിയാൻ ദൂതന്മാർക്കു പ്രയാസമായിരുന്നു. പാപം പൂർണ്ണമായി വളർന്നുയെങ്കിലെ അതു തിന്മയാണെന്നു പ്രത്യക്ഷമാകയുള്ളൂ. ഇതുവരെ ദൈവത്തിന്‍റെ പ്രപഞ്ചത്തിൽ അതിനു സ്ഥാനം ഇല്ലായിരുന്നു. വിശുദ്ധ ജീവികൾക്ക് അതിന്‍റെ സ്വഭാവത്തെയോ ദുഷ്ടതയെക്കുറിച്ചോ അറിവില്ലായിരുന്നു. ദൈവകല്പന ലംഘിക്കുന്നതിന്‍റെ ഭയങ്കര ഫലം എന്തെന്ന് ഊഹിക്കുവാൻ പോലും കഴിഞ്ഞില്ല. സാത്താൻ ആദ്യം ദൈവഭക്തിയുടെ നാട്യത്തിലാണ് തന്‍റെ പ്രവർത്തനങ്ങൾ നടത്തിയത്. ദൈവത്തെ ബഹുമാനിക്കുന്നത് താൻ പ്രോത്സാഹിപ്പിക്കുകയും ദൈവത്തിന്‍റെ ഭരണകൂടത്തിനുറപ്പു വരുത്തുന്നതിനും സ്വർഗ്ഗീയവാസികളുടെ നന്മയ്ക്കുമായിട്ടാണ് താൻ പ്രവർത്തിക്കുന്നതെന്നും അവൻ അവകാശപ്പെട്ടു. അവന്‍റെ കീഴിലുള്ള ദൈവദൂതന്മാരുടെ മനസ്സിൽ അസംതൃപ്തി ക്രമേണ കടത്തുകയും അതെ സമയം അസംതൃപ്തിയെ നീക്കം ചെയ്യുവാൻ ശ്രമി ക്കയാണെന്നു മറ്റുള്ളവർക്കു തോന്നത്തക്കതുപോലെ പ്രവർത്തിക്കയും ചെയ്തു. സ്വർഗ്ഗീയ സമാധാനം നിലനിർത്തുവാൻ ദൈവിക ഭരണകൂടത്തിന്‍റെ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതാവശ്യമാണെന്ന് അവൻ വാദിച്ചു.GCMal 569.2

    പാപത്തെ കൈകാര്യം ചെയ്യുന്നതിൽ നീതിയും സത്യവും മാത്രമെ ദൈവത്തിനു ചെയ്യുവാൻ കഴിയുമായിരുന്നുള്ളൂ. ദൈവത്തിനു ചെയ്യാൻ കഴി യാത്ത വഞ്ചനയും മുഖസ്തുതിയും ചെയ്യുവാൻ സാത്താനു കഴിഞ്ഞു. ദൈവ ദൂതന്മാരുടെ മുമ്പിൽ ദൈവവചനത്തെ തെറ്റായി അവതരിപ്പിക്കുന്നതിനും ദൈവത്തിന്‍റെ ഭരണ പദ്ധതികളെ ദുർവ്യാഖ്യാനം ചെയ്യുവാനും അവനു കഴിഞ്ഞു. ദൈവം നീതിമാനല്ലെന്നും നിയമങ്ങളും ചട്ടങ്ങളും സ്വർഗ്ഗവാസി കളുടെമേൽവച്ച് അവരെ അനുസരിപ്പിക്കുന്നത് ദൈവത്തിനു തന്നെത്താനു യരുവാനാണെന്നും അവൻ ആരോപിച്ചു. അതിനാൽ സ്വർഗ്ഗവാസികളുടെ മുമ്പിലും മറ്റു ലോകങ്ങളിലും ദൈവത്തിന്‍റെ ഭരണം നീതിപൂർവ്വമുള്ളതും കല്പനകൾ തികവുള്ളതും ആണെന്നു തെളിയിക്കേണ്ടതു ആവശ്യമായിരുന്നു. സാത്താൻ അഖിലാണ്ഡത്തിന്‍റെ നന്മയെ പുരോഗമിപ്പിക്കയാണെന്നു മറ്റുള്ളവരെ തോന്നിപ്പിക്കുവാൻ അവൻ ശ്രമിച്ചു. അവന്‍റെ യഥാർത്ഥ സ്വഭാ വവും അവന്‍റെ ഉദ്ദേശവുമെന്തെന്ന് എല്ലാവരും അറിയണം. അവന്‍റെ ദുഷ്ടപ്രവർത്തനങ്ങൾ ചെയ്ത് സ്വയം വെളിപ്പെടുത്തുവാൻ അവനു സമയം വേണം.GCMal 570.1

    സ്വർഗ്ഗത്തിൽ ആരംഭിച്ച അവന്‍റെ മത്സരത്തിനു കാരണം ദൈവത്തിന്‍റെ ഭരണവും കല്പനയുമാണെന്നവൻ ആരോപിച്ചു. ദിവ്യഭരണത്തിന്‍റെ ഫലമാണ് സകല തിന്മയുടെയും ഉത്ഭവമെന്നവൻ പ്രസ്താവിച്ചു. യഹോവയുടെ ചട്ടങ്ങളുടെ സ്ഥിതി മെച്ചമാക്കുകയാണവന്‍റെ ലക്ഷ്യമെന്നവൻ അവകാശപ്പെട്ടു. അതിനാൽ അവന്‍റെ അവകാശവാദം തെളിയിക്കുവാൻ ദൈവകല്പനയിൽ മാറ്റം വരുത്തേണ്ടതാവശ്യമാണെന്നു അവൻ നിർദ്ദേശിച്ചു. അവന്‍റെ സ്വന്ത പ്രവൃത്തിതന്നെ അവനെ കുറ്റവാളിയാക്കി. ആരംഭം മുതലെ സാത്താൻ അവകാശപ്പെടുന്നതു അവൻ മത്സരിക്കുന്നില്ലെന്നാണ്. അഖിലാണ്ഡം മുഴുവനും വഞ്ചകനെ മൂടുപടം ഇല്ലാതെ കാണണം.GCMal 570.2

    അവനു സ്വർഗ്ഗത്തിൽ തുടരാൻ സാദ്ധ്യമല്ലെന്നു തീരുമാനിച്ചപ്പോൾ ദൈവത്തിന്‍റെ അപ്രമേയ ജ്ഞാനം സാത്താനെ നശിപ്പിച്ചില്ല. സ്നേഹത്തിൽ നിന്നുള്ള സേവനം മാത്രമെ ദൈവം അംഗീകരിക്കുന്നുള്ളൂ. തന്‍റെ സൃഷ്ടിക ളുടെ ഭക്തി ദൈവത്തിന്‍റെ നീതിയിലും കൃപയിലുമുള്ള ദൃഢവിശ്വാസത്തിൽ നിന്നുള്ളതായിരിക്കണം. സ്വർഗ്ഗീയരും മറ്റുലോകരും പാപത്തിന്‍റെ സ്വഭാവമോ ഫലമോ മനസ്സിലാക്കാൻ ഒരുക്കമല്ലായിരുന്നു. സാത്താനെ നശിപ്പിച്ചിരുന്നെങ്കിൽ ദൈവത്തിന്‍റെ കരുണയും നീതിയും കാൺമാനും കഴിയുമായിരുന്നില്ല. ഉടൻതന്നെ അവനെ നശിപ്പിച്ചിരുന്നെങ്കിൽ അവർ ദൈവത്തെ സ്നേഹത്തിനുപകരം ഭയം മൂലമെ സേവിക്കുമായിരുന്നുള്ളു. വഞ്ചകന്‍റെ പ്രേരണാശക്തി നശിപ്പിക്കുവാനും മത്സരത്തിന്‍റെ ആത്മാവിനെ പരിപൂർണ്ണമായി നീക്കം ചെയ്യുവാനും സാധിക്കയില്ലായിരുന്നു. തിന്മ അതിന്‍റെ പൂർണ്ണ വളർച്ച പ്രാപി ക്കാൻ അനുവദിക്കണം. പ്രപഞ്ചത്തിന്‍റെ നിത്യമായ നന്മയ്ക്കു സാത്താൻ അവന്‍റെ തത്വങ്ങൾ വികസിപ്പിച്ച് ദൈവത്തിന്‍റെ ഭരണത്തിനെതിരായി ഉന്നയിക്കുന്ന ആരോപണങ്ങളെ അതിന്‍റെ യഥാർത്ഥ വെളിച്ചത്തിൽ സർവ്വ സൃഷ്ടി കളും കാണുകയും ദൈവത്തിന്‍റെ നീതിയും കരുണയും ദൈവകല്പന കളുടെ സുസ്ഥിരതയും എന്നേക്കും ചോദ്യം ചെയ്യപ്പെടാതിരിക്കയും വേണം.GCMal 570.3

    സാത്താന്‍റെ മത്സരം പ്രപഞ്ചത്തിനൊരു പാഠമായി എന്നേയ്ക്കും നില കൊള്ളുകയും പാപത്തിന്‍റെ സ്വഭാവത്തിനും അതിന്‍റെ ഭവിഷ്യത്തിനും ഒരു ശാശ്വത സാക്ഷ്യമായിരിക്കയും ചെയ്യും. സാത്താന്‍റെ നിയമങ്ങൾ അനുസരിക്കുന്നതും അതിന്‍റെ ഫലം മനുഷ്യരിലും ദൂതന്മാരിലും കാണുന്നതും ദൈവീക അധികാരത്തെ അവഗണിക്കുന്നതുമൂലമാണെന്നു കാണാം. ദൈവത്തിന്‍റെ ഭരണവും, കല്പനകളും നിലനില്ക്കുന്നതു താൻ സൃഷ്ടിച്ച എല്ലാവരുടെയും നന്മയ്ക്കാണെന്നു സാക്ഷ്യം വഹിക്കുന്നു. ഇങ്ങനെ മത്സരത്തിന്‍റെ ചരിത്രം സകല ബുദ്ധിജീവികൾക്കും അവർ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും പാപം ചെയ്യാതിരിക്കാനും അതിന്‍റെ ശിക്ഷാവിധിയിൽ കഷ്ടപ്പെടാതിരിക്കാനും ഒരു സുരക്ഷാ നടപടി ആയിരിക്കണം.GCMal 571.1

    സ്വർഗ്ഗത്തിലെ വൻ വിവാദത്തിന്‍റെ അവസാനത്തിൽ സാത്താൻ സ്വയം നീതീകരിച്ചുകൊണ്ടിരുന്നു. സാത്താനെയും അവനോടനുകൂലിക്കുന്നവരെയും സ്വർഗ്ഗത്തിൽനിന്നു ബഹിഷ്കരിക്കുന്നുവെന്നു പ്രസ്താവിച്ചപ്പോൾ മത്സര നേതാവ് ദൈവകല്പനയോടു ധൈര്യമായി വെറുപ്പു പ്രകടിപ്പിച്ചു. ദൂതന്മാ രിൽ നിയന്ത്രണം ആവശ്യമില്ലെന്നും അവരുടെ ഇഷ്ടത്തിനു വിട്ടാൽ അവർ എപ്പോഴും ശരിയായി നയിക്കപ്പെടുമെന്നുമുള്ള തന്‍റെ അവകാശവാദം അവൻ ആവർത്തിച്ചു പറഞ്ഞു. ദൈവകല്പന അവരുടെ സ്വാതന്ത്യത്തിനു തടസ്സമാ ണെന്നും അതു നീക്കം ചെയ്താൽ സ്വർഗ്ഗീയസൈന്യം ശ്രഷ്ഠ പദവിയിലും മഹത്വത്തിലും പ്രവേശിക്കുമെന്നുമുള്ളതിനാലാണ് അതിന്‍റെ നിർമ്മാർജ്ജനം ഉറപ്പുവരുത്താൻ തുനിഞ്ഞത്.GCMal 571.2

    സാത്താനും അവന്‍റെ അനുയായികളും ഒന്നായിട്ടു തങ്ങളുടെ മത്സര ത്തിന്‍റെ കുറ്റം മുഴുവനായി ക്രിസ്തുവിന്മേൽ വച്ചു. അവരെ ശാസിച്ചില്ലായിരുന്നെങ്കിൽ ഒരിക്കലും മത്സരിക്കയില്ലായിരുന്നുവെന്നവൻ പ്രസ്താവിച്ചു. അങ്ങനെ അവരുടെ ഭക്തിയില്ലായ്മയിൽ ദുർവ്വാശിയോടും പ്രത്യക്ഷമായ എതിർപ്പോടും ദൈവത്തിന്‍റെ ഭരണത്തെ തകിടം മറിക്കുവാൻ വൃഥാ ശ്രമിക്കുകയും തങ്ങൾ എതിർ ശക്തിയാൽ പീഡിപ്പിക്കപ്പെടുകയും ഒടുവിൽ നിരപരാ ധികളാണെന്നു അവകാശപ്പെടുന്ന മത്സര നേതാവും അവന്‍റെ അനുയായി കളും സ്വർഗ്ഗത്തിൽനിന്നും ബഹിഷ്കൃതരാവുകയും ചെയ്തു.GCMal 571.3

    സ്വർഗ്ഗത്തിൽ മത്സരം ഉണ്ടാക്കിയ അതെ ആത്മാവിൽ ഭൂമിയിൽ മത്സരത്തിനുള്ള പ്രചോദനം നല്കി. ദൂതന്മാരുടെ ഇടയിൽ ആവർത്തിച്ച അതെ നയം മനുഷ്യരുടെ ഇടയിലും സാത്താൻ തുടർന്നു. ഇപ്പോൾ അവന്‍റെ ആത്മാവ് അനുസരണംകെട്ട മക്കളിൽ പ്രവർത്തിക്കുന്നു. അവനെപ്പോലെ ദൈവകല്പനയിലെ നിയന്ത്രണം തകർത്തു കളവാൻ അവരും ശ്രമിക്കുകയും കല്പ്പനാ ലംഘനം മൂലം മനുഷ്യർക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പാപത്തെ ശാസിക്കുന്നത് വെറുപ്പിന്‍റെയും പ്രതിരോധത്തിന്‍റെയും ആത്മാവിനെ ഉണർത്തുന്നു. ദൈവത്തിന്‍റെ മുന്നറിയിപ്പിൻ ദൂതുകൾ മനസ്സാക്ഷിയിൽ എത്തുമ്പോൾ സാത്താൻ മനുഷ്യരെ സ്വയം നീതികരിപ്പാൻ പ്രേരിപ്പിക്കു കയും മറ്റുള്ളവരിൽനിന്നു തങ്ങളുടെ പാപമാർഗ്ഗത്തിൽ സഹതാപം അന്വേഷിക്കുകയും ചെയ്യുന്നു. തങ്ങളുടെ തെറ്റുകളെ തിരുത്താതെ അവർ തങ്ങളുടെ പ്രയാസങ്ങൾക്കു കാരണക്കാരൻ തങ്ങളെ ശാസിച്ചവനാണെന്നുള്ള നിലയിൽ കോപം മുഴുവനും അവനിലേക്കു തിരിച്ചുവിടുന്നു. നീതിമാനായ ഹാബേലിന്‍റെ സമയം മുതൽ ഇന്നുവരെയും പാപത്തെ കുറ്റം വിധിക്കുന്നവരോടുള്ള അവന്‍റെ മനോഭാവം അങ്ങനെതന്നെയായിരുന്നു.GCMal 572.1

    ദൈവത്തിന്‍റെ സ്വഭാവത്തെ തെറ്റിദ്ധരിപ്പിച്ച് സ്വർഗ്ഗത്തിൽ മത്സരമുണ്ടാക്കിയ അതെ ആത്മാവിൽ സാത്താൻ ഭൂമിയിലും മനുഷ്യർ പാപം ചെയ്യാൻ പ്രേരിപ്പിച്ചു. അങ്ങനെ ഇതുവരെ അവൻ വിജയിക്കയാൽ ദൈവത്തിന്‍റെ അനീ തിയായ കർശനനിയമങ്ങളാണു മനുഷ്യരെ പാപത്തിൽ വീഴ്ത്തിയതെന്നവൻ പ്രസ്താവിച്ചു.GCMal 572.2

    എന്നാൽ തന്‍റെ സ്വഭാവത്തെക്കുറിച്ചു നിത്യനായ ദൈവംതന്നെ പ്രസ്താവിച്ചു: “യഹോവയായ ദൈവം, കരുണയും കൃപയും ഉള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ, ആയിരം ആയിരത്തിനു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവന് (പുറ. 34:6,7)GCMal 572.3

    സ്വർഗ്ഗത്തിൽനിന്നു സാത്താനെ ബഹിഷ്കരിച്ചതിൽ ദൈവം തന്‍റെ നീതിയും തന്‍റെ സിംഹാസനത്തിന്‍റെ വിലയും പരിരക്ഷിച്ചു എന്നു ദൈവം പ്രസ്താവിച്ചു. എന്നാൽ വഞ്ചനയാൽ മനുഷ്യർ പാപം ചെയ്തപ്പോൾ ദൈവം തന്‍റെ സ്നേഹത്തിന്‍റെ ഒരു തെളിവായി തന്‍റെ ഏകജാതനായ പുത്രനെ പാപത്തിന്നധീനരായ മനുഷ്യവർഗ്ഗത്തിനുവേണ്ടി മരിപ്പാൻ നല്കി. പാപപരിഹാരത്തിൽ ദൈവത്തിന്‍റെ സ്വഭാവം വെളിപ്പെടുത്തി. ദൈവത്തിന്‍റെ ഭരണത്തി നെതിരായിട്ടുള്ള ആരോപണം യാതൊരു പ്രസക്തിയുമില്ലാത്തതാണെന്ന് ക്രൂശിന്‍റെ ശക്തിയേറിയ വാദം പ്രപഞ്ചത്തിനു വ്യക്തമാക്കുന്നു.GCMal 573.1

    ക്രിസ്തുവും സാത്താനും തമ്മിലുള്ള പോരാട്ടം രക്ഷകന്‍റെ ഭൗമിക ശുശ്രൂഷയിൽ മഹാവഞ്ചകന്‍റെ സ്വഭാവത്തവെളിപ്പെടുത്തി. സ്വർഗ്ഗീയ ദൂതന്മാരുടെ സ്നേഹത്തിൽനിന്നു സാത്താനെ വേരോടെ പിഴുതെറിയാൻ ലോക രക്ഷകനു മാത്രമെ കഴിഞ്ഞുള്ളൂ. അവന്‍റെ ധൈര്യമായ ദൈവദൂഷണം ക്രിസ്തു അവനെ നമസ്ക്കരിക്കണമെന്നുള്ളതായിരുന്നു. അവന്‍റെ അഹങ്കാ രവും ധൈര്യവും മൂലമാണ് ക്രിസ്തുവിനെ ഒരു ഉയർന്ന മലയിൽ കൂട്ടി ക്കൊണ്ടുപോയതും ദൈവാലയാഗത്തിൽ കൊണ്ടുപോയതും താഴേക്കുചാ ടാൻ ആവശ്യപ്പെട്ടതും അവന്‍റെ ദുഷ്ട ഉദ്ദേശം സ്പഷ്ടമാക്കി. അവന്‍റെ സജീ വമായ ദ്രോഹമനസ്സ് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു പിൻചെല്ല കയും പുരോഹിതന്മാരുടെയും ജനങ്ങളുടെയും മനസ്സിൽ ക്രിസ്തുവിന്‍റെ സ്നേഹത്തെ നിരസിക്കുവാനും അവസാനം “അവനെ ക്രൂശിക്ക” ‘അവനെ ക്രൂശിക്ക” എന്നു നിലവിളി കൂട്ടുന്നതിനും പ്രേരിപ്പിക്കുകയും ചെയ്തു. ഇതെല്ലാം പ്രപഞ്ചം മുഴുവനും അത്ഭുതവും കോപവും സംഭ്രമവും ഉളവാക്കി.GCMal 573.2

    ക്രിസ്തുവിനെ ലോകം നിരസിക്കുന്നതിനു പ്രേരിപ്പിച്ചതും സാത്താ നായിരുന്നു. പാപത്തിന്‍റെ അധിപൻ അവന്‍റെ സകലശക്തിയും തന്ത്രങ്ങളും യേശുവിനെ നശിപ്പിക്കാൻ ഉപയോഗിച്ചു. കാരണം യേശുവിന്‍റെ കരുണയും സ്നേഹവും അവന്‍റെ ദയയും സഹതാപവും ഈ ലോകത്തിനു ദൈവ ത്തിന്‍റെ സ്വഭാവത്തിന്‍റെ പ്രതീകമായിരുന്നു, ദൈവപുത്രന്‍റെ അവകാശവാദങ്ങളെ മുഴുവൻ സാത്താൻ എതിർത്തു. അവന്‍റെ പ്രതിനിധികളായി മനുഷ്യരെ ഉപയോഗിച്ച് രക്ഷകന്‍റെ ജീവിതം കഷ്ടതയും ദുഃഖവും കൊണ്ടും നിറച്ചു. യേശുവിന്‍റെ വേലയ്ക്ക് തടസ്സമായി അവൻ കള്ള ന്യായങ്ങളും വ്യാജവും പ്രയോഗിച്ചു. അതുല്യമായ നന്മയുടെ ഉടമയായ യേശുവിന്നു നേരെയുള്ള ക്രൂരമായ ആരോപണങ്ങളും വെറുപ്പും അനുസരണം കെട്ടവരുടെ പതി കാരേച്ഛയിൽ നിന്നുണ്ടായതാണ്. വളർന്നുവന്നിരുന്ന അസൂയയും ദോഹചിതയും വെറുപ്പും പ്രതികാരവും ദൈവപുത്രനെതിരായി കാൽവറിയിൽ കാണി ച്ചപ്പോൾ സ്വർഗ്ഗം മുഴുവനും നിശ്ശബ്ദമായും ഭയത്തോടുംകൂടെ നോക്കിക്കൊണ്ടിരുന്നു.GCMal 573.3

    തന്‍റെ വലിയ യാഗം പൂർത്തീകരിച്ചുകഴിഞ്ഞ് ക്രിസ്തു സ്വർഗ്ഗത്തി ലേക്കു കരേറിയപ്പോൾ ദൂതന്മാരുടെ ആരാധന “ഞാൻ ഇരിക്കുന്ന ഇടത്തു നീ എനിക്കു തന്നിട്ടുള്ളവരും എന്നോടുകൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു” (യോഹ. 17:24) എന്നുള്ള അപേക്ഷ പിതാവിന്‍റെ സന്നിധിയിൽ സമർപ്പിക്കുന്നതിനു മുമ്പ് സ്വീകരിച്ചില്ല. അപ്പോൾ പിതാവിന്‍റെ സിംഹാസന ത്തിൽനിന്നും അവർണ്ണനീയമായ സ്നേഹവും ശക്തിയുമുള്ള ഉത്തരം ലഭിച്ചു: “ദൈവത്തിന്‍റെ സകല ദൂതന്മാരും അവനെ നമസ്കരിക്കേണം” (എബ്രാ. 1:6). യാതൊരു കളങ്കവും യേശുവിന്മേൽ ഉണ്ടായിരുന്നില്ല. അവന്‍റെ താഴ്ച് അവസാനിച്ചു, തന്‍റെ യാഗം പൂർത്തിയായി അവിടെ അവനു എല്ലാ നാമ ത്തിനും മേലായ നാമവും നല്കി.GCMal 574.1

    ഇപ്പോൾ സാത്താന്‍റെ കുറ്റം ഒരു മറയുമില്ലാതെ പ്രത്യക്ഷമായി. ഒരു കള്ളനും കൊലപാതകനും എന്ന നിലയിൽ അവന്‍റെ യഥാർത്ഥ സ്വഭാവം അവൻ വെളിപ്പെടുത്തി. അവന്‍റെ അധികാരത്തിൻകീഴിലുള്ള മനുഷ്യരെ അവൻ ഭരിച്ചതുപോലെ അവനെ അനുവദിച്ചിരുന്നെങ്കിൽ സ്വർഗ്ഗത്തിലുള്ളവ രെയും അതുപോലെ നിയന്ത്രിക്കുമായിരുന്നു. ദൈവകല്പന ലംഘിക്കുന്നതു മൂലം അവർ സ്വതന്ത്രരാവുകയും ശ്രേഷ്ഠപദവിയിലെത്തുകയും ചെയ്യുമെന്ന വൻ അവകാശപ്പെട്ടു. എന്നാൽ അതിന്‍റെ ഫലം അടിമത്തവും അധഃപതനവു മാണെന്നു കാണപ്പെട്ടു.GCMal 574.2

    ദൈവത്തിന്‍റെ സ്വഭാവത്തിനും ഭരണത്തിനും എതിരായിട്ടുള്ള ആരോ പണങ്ങൾ അതിന്‍റെ യഥാർത്ഥ വെളിച്ചത്തിൽ പ്രത്യക്ഷമായി. സൃഷ്ടികളിൽ നിന്നു അനുസരണവും കീഴടങ്ങലും ദൈവം ആവശ്യപ്പെടുന്നതു സ്വയം പുകഴ്ചയ്ക്കുവേണ്ടിയാണെന്ന് സാത്താൻ ദൈവത്തെ കുറ്റം പറഞ്ഞു. മറ്റുള്ളവരിൽ നിന്നു സ്വയത്യാഗം ആവശ്യപ്പെടുമ്പോൾ സ്വന്തജീവിതത്തിൽ അതു കാട്ടുന്നില്ലെന്നു അവൻ പ്രസ്താവിച്ചു. ഇപ്പോൾ പാപികളായ മനുഷ്യ വർഗ്ഗത്തിന്‍റെ രക്ഷയ്ക്കുവേണ്ടി പ്രപഞ്ചാധിപൻ ഏറ്റവും വലിയ ത്യാഗം സ്നേഹം മൂലം നിർവ്വഹിച്ചു. “ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു” (2 കൊരി. 5:19). അവന്‍റെ മാനത്തിനും പ്രഥമ സ്ഥാനത്തിനും പാപത്തിന്‍റെ പ്രവേശനത്തിനും ലൂസിഫർ വാതിൽ തുറന്നപ്പോൾ, പാപത്തെ നശിപ്പിക്കുവാൻ ക്രിസ്തു സ്വയം താഴ്ത്തി മരണത്തോളം അനുസരണം ഉള്ളവനായി കാണപ്പെട്ടു.GCMal 574.3

    മത്സരത്തിന്‍റെ തത്വങ്ങളോടു ദൈവം തന്‍റെ വെറുപ്പു പ്രകടിപ്പിച്ചു. ദൈവത്തിന്‍റെ നീതി മനുഷ്യന്‍റെ വീണ്ടെടുപ്പിലും സാത്താന്‍റെ ശിക്ഷാവിധിയിലും സ്വർഗ്ഗം മുഴുവനും കണ്ടു. ദൈവകല്പന മാറ്റപ്പെടാത്തതാണെങ്കിൽ അതിന്‍റെ ശിക്ഷ ഇളവു ചെയ്തു കൊടുക്കാനും സാദ്ധ്യമല്ല സ്രഷ്ടാവിന്‍റെ നേഹത്തിൽനിന്നു എന്നേക്കുമായി പുറത്താക്കപ്പെടുമെന്നും അവൻ പ്രസ്താവിച്ചു. പാപികളായ മനുഷ്യർ വീണ്ടെടുക്കപ്പെടാൻ സാദ്ധ്യമല്ലാത്തെതിനാൽ അവരെല്ലാം തനിക്കവകാശപ്പെട്ട ഇരയാണെന്നും അവൻ അവകാശപ്പെട്ടു. എന്നാൽ മനുഷ്യനുവേണ്ടിയുള്ള ക്രിസ്തുവിന്‍റെ മരണം അനിഷേധ്യമായ ഒരു ന്യായവാദമാണ്. നിയമലംഘനത്തിന്‍റെ ശിക്ഷ ദൈവത്തോടു സമനായവന്‍റെ മേൽ വരികയും ക്രിസ്തു സാത്താനെ ജയിച്ചതുപോലെ താഴ്ചയോടും പശ്ചാത്താപത്തോടുമുള്ള ഒരു ജീവിതം നയിച്ചും ക്രിസ്തുവിന്‍റെ നീതി സ്വീകരിച്ചും ആർക്കും വിജയി ആകാം. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെയെല്ലാം നീതീകരിക്കുന്നവനും ദൈവത്തിന്‍റെ നീതിയുമാണവൻ.GCMal 575.1

    എന്നാൽ മനുഷ്യന്‍റെ വീണ്ടെടുപ്പ് സാദ്ധ്യമാക്കുന്നതിനു മാത്രമല്ല ക്രിസ്തു ഈ ഭൂമിയിൽ വന്ന് കഷ്ടം അനുഭവിച്ചു മരിച്ചത്. അവൻ വന്നതു ദൈവകല്പനയെ വിശദമാക്കുന്നതിനും ബഹുമാനയോഗ്യമാക്കുന്നതിനും കൂടിയാണ്. ഈ ലോകർ മാത്രമല്ല മറ്റു ലോകരും ദൈവകല്പനയ്ക്ക് അർഹിക്കുന്ന പരിഗണന നല്കേണ്ടതും അതു സുസ്ഥിരവുമാണെന്നു തെളിയിക്കാനും കൂടിയാണ് ക്രിസ്തു വന്നത്. അതിന്‍റെ അവകാശവാദത്തെ പുറംതള്ളുകയാണെങ്കിൽ ദൈവപുത്രൻ കല്പ്പനാലംഘനത്തിന്‍റെ പാപപരിഹാരത്തിനായി തന്‍റെ ജീവൻ അർപ്പിക്കേണ്ടതില്ലായിരുന്നു. ക്രിസ്തുവിന്‍റെ മരണം അതിന്‍റെ സുസ്ഥിരതയെയാണ് തെളിയിക്കുന്നത്. പിതാവിന്‍റെയും പുത്രന്‍റെയും നിസീ മമായ സ്നേഹമാണ് പാപികളെ വീണ്ടെടുക്കാൻ നിർബന്ധിച്ചത്. പാപപരി ഹാര പദ്ധതിയെക്കാൾ കുറഞ്ഞ ഒന്നിനും അതിന് കഴിയുമായിരുന്നില്ല. കല്പ നയുടെയും ദൈവിക ഭരണത്തിന്‍റെയും അടിസ്ഥാനം നീതിയും കരുണയു മാണെന്നു പ്രപഞ്ചത്തിനു മുഴുവൻ കാട്ടിക്കൊടുക്കുവാൻ ക്രിസ്തു വന്നു.GCMal 575.2

    അവസാന ന്യായവിധിനടത്തിപ്പിൽ പാപത്തിന്‍റെ നിലനില്പിനു ഒരു കാരണവും കാണുകയില്ല. സർവ്വ ലോകന്യായാധിപൻ സാത്താനോട് “നീ എന്തുകൊണ്ട് എന്നോടു മത്സരിക്കുകയും എന്‍റെ രാജ്യത്തിലെ പ്രജകളെ മോഷ്ടിക്കയും ചെയ്തത് എന്നു ചോദിക്കുമ്പോൾ തിന്മയുടെ ഉടമയ്ക്കു അതിനൊരു കാരണം കാണിപ്പാനില്ല. എല്ലാ നാവും അടയുകയും മത്സരത്തിൽ ഇടപെട്ടവർക്കാർക്കും ഒന്നും പറയുവാനുമില്ല.GCMal 575.3

    കാൽവറി ക്രൂശ് പ്രസ്താവിക്കുന്നത് കല്പനകൾ സുസ്ഥിരമാണെന്നും പാപത്തിന്‍റെ ശമ്പളം മരണമാണെന്നുമത്. “സകലതും നിവൃത്തിയായി” എന്നുള്ള രക്ഷകന്‍റെ അവസാന നിലവിളിയിൽ സാത്താന്‍റെ മരണമണിയാണു മുഴങ്ങിയത്. ദീർഘനാൾ നീണ്ടുനിന്ന വൻ വിവാദവും പാപത്തിന്‍റെ അവസാന തുടച്ചുമാറ്റലും അപ്പോൾ തീരുമാനിക്കപ്പെടുകയും സുനിശ്ചിത മാക്കപ്പെടുകയും ചെയ്തു. ദൈവപുത്രൻ മരണകവാടത്തിലൂടെ കടന്ന് “മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താൽ നീക്കി മരണ ഭീതിയിൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു” (എബ്രാ. 2:14). ലൂസിഫറിന്‍റെ സ്വയ പുകഴ്ചയ്ക്കായുള്ള ആഗ്രഹമാണ് “ഞാൻ എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കു മീതെ വെയ്ക്കണം) . ഞാൻ അത്യുന്നതനോടു സമനാകും” എന്നു ഹൃദയത്തിൽ പറയുവാനിടയാക്കിയത്. ദൈവം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും... നീ സദാകാലത്തേക്കും ഇല്ലാതെയാകും” (യെശ. 14:13,14; യെഹെ. 28:18,19). “ചൂളപോലെ കത്തുന്ന ഒരു ദിവസം വരും. അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും. വരുവാനുള്ള ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (മലാ. 4:1).GCMal 576.1

    പാപത്തിന്‍റെ സ്വഭാവത്തെയും അതിന്‍റെ ഫലത്തെയും പ്രപഞ്ചത്തിനു മുഴുവൻ കാൺമാൻ കഴിഞ്ഞു. ആരംഭത്തിൽ തന്നെ അതിനെ നശിപ്പിച്ചിരുന്നെെങ്കിൽ ദൂതന്മാരുടെ ഇടയിൽ ഭീതിക്കും ദൈവത്തോടുള്ള ബഹുമാനക്കുറവിനും ഇടയാകുമായിരുന്നു. ഇപ്പോൾ ദൈവസ്നേഹത്തെ വെളിപ്പെടുത്തു കയും പ്രപഞ്ചത്തിനുമുമ്പിൽ ദൈവയിഷ്ടം ചെയ്യാനാഗ്രഹിക്കുന്നവരുടെ ഉള്ളിൽ ദൈവസ്നേഹത്തിനും ബഹുമാനത്തിനും കുറവില്ലാതാകുകയും ചെയ്യുന്നു. തിന്മ ഒരിക്കലും ഇനി വെളിപ്പെടുകയില്ല. ദൈവവചനം പറയുന്നു: കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങി വരികയില്ല” (നഹൂം 1:9). അടിമത്വത്തിന്‍റെ നുകമാണെന്നു സാത്താൻ പ്രഖ്യാപിച്ച ദൈവകല്പന സ്വാതന്ത്യത്തിന്‍റെ കല്പനയായി മാനിക്കപ്പെടും. ദൈവസ്വഭാവവും നിസീമമായ സ്നേഹവും അപമേയമായ ജ്ഞാനവുമാണെന്ന് പൂർണ്ണമായി വെളിപ്പെടുത്തപ്പെട്ട, പരീക്ഷിക്കപ്പെടുകയും തെളിയിക്കയും ചെയ്ത ഒരു സൃഷ്ടി ഒരിക്കലും ദൈവഭക്തിയിൽനിന്നു പിന്മാറുകയില്ല.GCMal 576.2