Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 14—പിൽക്കാല ആംഗ്ലേയ നവീകരണക്കാർ

    അടയ്ക്കപ്പെട്ടിരുന്ന വേദപുസ്തകം മാർട്ടിൻ ലൂഥർ ജർമ്മൻ ജനതയ്ക്കുവേണ്ടി തുറന്നപ്പോൾ, ടിൻഡേൽ ഇംഗ്ലീഷ് ജനതയ്ക്കുവേണ്ടി അതേ കാര്യം ചെയ്യുവാൻ പരിശുദ്ധാത്മാവ് പ്രേരിപ്പിച്ചു. വിക്ലിഫ്, ലത്തീൻ ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്ക് വേദപുസ്തകം നേരത്തെ പരിഭാഷപ്പെടുത്തിയിരുന്നു. എന്നാൽ അതിൽ പല സ്ഖലിതങ്ങളും കടന്നുകൂടിയിരുന്നു. വിക്ലിഫിന്‍റെ വേദപുസ്തകം അച്ചടിച്ചിരുന്നില്ല. കയ്യെഴുത്തു പ്രതികളായിരുന്നതു കൊണ്ട് ഓരോ പ്രതിയുടെയും വില വളരെ കൂടുതലായിരുന്നു. അതുകൊണ്ട് ധനികർക്കു മാത്രമെ അതിന്‍റെ പ്രതി സ്വന്തമാക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല, അത് റോമൻ കത്തോലിക്കാ സഭയുടെ കഠിനമായ വിമർശനത്തിന് പാത്രമായിരുന്നതിനാൽ താരതമ്യേന വിക്ലിഫിന്‍റെ വേദപുസ്തകത്തിന്‍റെ പ്രചാരം വളരെ ചുരുങ്ങി. 1516-ൽ അതായത് മാർട്ടിൻ ലൂഥർ കത്തോലിക്കാ സഭയ്ക്കെതിരായി 95 പ്രബന്ധങ്ങൾ പരസ്യപ്പെടുത്തുന്നതിന് ഒരു കൊല്ലം മുമ്പ്, ഇറാസ്മസ് പുതിയനിയമത്തിന്‍റെ ഗ്രീക്കും ലാറ്റിനും പതിപ്പുകൾ പ്രകാശനം ചെയ്തു. അങ്ങനെ ദൈവവചനം ആദ്യമായി പുരാതന ഭാഷകളിൽ അച്ചടിക്കപ്പെട്ടു. ഈ പതിപ്പുകളിൽ, മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട പല ഭാഷ്യങ്ങളുടെയും കുറവുകൾ പരിഹരിക്കപ്പെട്ടിരുന്നു. ആശയങ്ങൾ കൂടുതൽ വ്യക്തമാക്കപ്പെടുകയും ചെയ്തു. സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം, വിദ്യാഭ്യാസം ലഭിച്ചവരുടെ ഇടയിൽ ഉണ്ടാകുവാൻ അത് സഹായിച്ചു. കൂടാതെ നവീകരണ പ്രസ്ഥാനത്തിന് ഇവ നല്ല പ്രചോദനം നൽകുകയും ചെയ്തു. ഇതൊക്കെ ആയിരുന്നിട്ടും സാധാരണക്കാരിൽ നല്ല ഒരു പങ്കിന് ദൈവവചനം അപ്രാപ്യമായിരുന്നു. തന്‍റെ നാട്ടിലെ സാധാരണക്കാർക്ക് ദൈവവചനം എത്തിക്കുക എന്ന വിക്ലിഫിന്‍റെ ശ്രമം പൂർത്തീകരിക്കേണ്ടിയിരുന്ന ചുമതല ടിൻഡേലിനായിരുന്നു.GCMal 278.1

    ഒരു നല്ല വിദ്യാർത്ഥിയും ശുഷ്കാന്തിയുള്ള സത്യാന്വേഷകനുമായിരുന്നു ടിൻഡേൽ. അദ്ദേഹത്തിന് ഇറാസ്മസിന്‍റെ ഗ്രീക്ക് വേദപുസ്തകത്തിൽ നിന്ന് സുവിശേഷം ലഭിച്ചു. തനിക്ക് ലഭിച്ച സുവിശേഷം നിർഭയനായി ടിൻഡേൽ പ്രസംഗിച്ചു. എല്ലാ വേദസത്യങ്ങളും താൻ വേദപുസ്തക വെളിച്ചത്തിൽ പരിശോധിച്ചുവെന്ന് ടിൻഡേൽ പ്രസ്താവിച്ചു. വേദപുസ്തകം നൽകിയത് സഭയാണെന്നും, സഭയ്ക്കു മാത്രമേ വേദപുസ്തകത്തെ വിശദീകരിപ്പാൻ അധികാരമുള്ളുവെന്നുമുള്ള പാപ്പാത്വത്തിന്‍റെ അവകാശപ്പെടലിനെ സംബന്ധിച്ച് ടിൻഡേൽ ഇപ്രകാരം പറഞ്ഞു: “കഴുകന് തന്‍റെ ഇരയെ കണ്ടെത്തുവാൻ ആർ പഠിപ്പിച്ചു? അതേ, ആ ദൈവം വിശപ്പുള്ള തന്‍റെ കുഞ്ഞുങ്ങൾക്ക് തന്‍റെ വചനത്തിലൂടെ ഞങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിനെ കണ്ടെത്തുവാൻ അഭ്യസനം നടത്തുന്നു. വേദപുസ്തകത്തെ ദൈവം ഞങ്ങൾക്കു തന്നപ്പോൾ, നിങ്ങളാണ് അത് ഞങ്ങളിൽനിന്നും ഒളിപ്പിച്ചു വെച്ചത്, സത്യവേദപുസ്തകം പഠിപ്പിക്കുന്നവരെ തീയിലിട്ട് കൊല്ലുന്നവർ നിങ്ങളാണ്. കഴിയുമായിരുന്നെങ്കിൽ നിങ്ങൾ തിരുവചനത്തെ തീയിലിട്ടു കത്തിച്ചുകളയുമായിരുന്നു’- D'Aubigne, History of the Reformation of the 16th Century, b. 18, ch. 4.GCMal 279.1

    ടിൻഡേലിന്‍റെ പ്രസംഗം ജനങ്ങളിൽ വലിയ താത്പര്യം ഉളവാക്കി. എന്നാൽ പുരോഹിതന്മാർ ജാഗരൂകരായി, ടിൻഡേൽ വയൽ പ്രദേശം വിട്ട ഉടനെ അദ്ദേഹത്തിന്‍റെ പ്രവർത്തനത്തെ നിഷ്ഫലമാക്കുവാൻ ഭീഷണിയും തെറ്റിദ്ധാരണയും പരത്തുവാൻ ശ്രമിച്ചു. പലപ്പോഴും അവർ വിജയിക്കുകയും ചെയ്തു. “ഞാൻ എന്തു ചെയ്യണം?” ടിൻഡേൽ ചോദിച്ചു. “ഒരു സ്ഥലത്ത് ഞാൻ വിത്തു വിതച്ചശേഷം പോകുമ്പോൾ, ശത്രു ആ വയലിനെ നശിപ്പിക്കുന്നു. എനിക്ക് എല്ലായിടത്തും ആയിരിക്കാൻ കഴിയുകയില്ല. ക്രിസ്ത്യാനികൾക്ക് സ്വന്തഭാഷയിൽ വേദപുസ്തകം ലഭിച്ചിരിന്നുവെങ്കിൽ, ഈ വഞ്ചകരെ എതിർത്തു നില്ക്കാൻ അവർക്ക് കഴിയുമായിരുന്നു. വേദപുസ്തകംകൂടാതെ ജനത്തെ സത്യത്തിൽ ഉറപ്പിക്കുവാൻ കഴിയുകയില്ല. -Ibid., b.18, ch. 4.GCMal 279.2

    ടിൻഡേലിന്‍റെ മനസ്സിൽ പുതിയ ഒരാശയം രൂപംകൊണ്ടു. അദ്ദേഹം പറഞ്ഞു: “യഹോവയുടെ ആലയത്തിൽ പാടിയ സങ്കീർത്തനങ്ങൾ, യിസ്രായേല്യരുടെ ഭാഷയിലായിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ സുവിശേഷത്തിന് നമ്മോട് സംസാരിച്ചുകൂടായോ?... ഉദയത്തെക്കാൾ ശക്തികുറഞ്ഞ പ്രകാശം ഉച്ചയ്ക്ക് സഭയ്ക്ക് ലഭിച്ചാൽ മതിയോ?... ക്രിസ്ത്യാനികൾ തങ്ങളുടെ മാതൃഭാഷയിൽ പുതിയനിയമം വായിക്കണം. സഭയിലെ പണ്ഡിതന്മാരുടെയും അദ്ധ്യാപകരുടെയും ഇടയിൽ ഭിന്നത ഉണ്ടായി. വേദപുസ്തകത്തിലൂടെ മാത്രമേ സത്യത്തിലെത്തിച്ചേരുവാൻ കഴിയുകയുള്ളൂ. ഒരാൾ ഒരു പണ്ഡിതനെ പിന്താങ്ങുന്നു. മറ്റൊരാൾ വേറൊരു പണ്ഡിതനെ പിന്താങ്ങുന്നു. ഈ പണ്ഡിതന്മാർ തന്നെ പരസ്പരം കുറവുകൾ കണ്ടെത്തുന്നു. അങ്ങനെയെങ്കിൽ നമുക്ക് എങ്ങനെ തെറ്റും ശരിയും പറയുന്ന ആളെ തിരിച്ചറിയാം?. എങ്ങനെ?. തീർച്ചയായും ദൈവവചനത്തിൽക്കൂടെ മാത്രം'. -Ibid., p.18, ch.4.GCMal 279.3

    പിന്നീട്, ടിൻഡേലിനോട് വാദപ്രതിവാദത്തിൽ ഏർപ്പെട്ടിരുന്ന ഒരു കത്തോലിക്കാ പുരോഹിതൻ പറഞ്ഞു: പോപ്പിന്‍റെ കല്പനയെക്കാൾ ദൈവ കല്പനകൾ ഇല്ലാതെയിരിക്കുന്നതാണ് ഞങ്ങൾക്ക് ഏറെ നല്ലത്'. അതിന് ടിൻഡേൽ മറുപടി പറഞ്ഞു: “ഞാൻ പോപ്പിനേയും പോപ്പിന്‍റെ എല്ലാ കല്പനകളേയും എതിർക്കുന്നു. ദൈവം എനിക്ക് ആയുസ്സ് നൽകുകയാണെങ്കിൽ, അധികം താമസിയാതെ നിലം ഉഴുന്ന ഒരു ബാലന് താങ്കളേക്കാൾ കൂടുതൽ വേദപുസ്തക പരിജ്ഞാനം ലഭിക്കുവാൻ ഞാൻ ഇടയാക്കും”. -Anderson, Annals of the English Bible, page 19.GCMal 280.1

    ടിൻഡേലിന്‍റെ ഹൃദയാഭിലാഷം, അതായത് ഇംഗ്ലീഷ് ജനതയ്ക്ക് തങ്ങളുടെ മാതൃഭാഷയിൽ ഒരു പുതിയനിയമ വേദപുസ്തകം നൽകുക എന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ടിൻഡേൽ ആ കൃത്യനിർവ്വഹണത്തിന് ഒരുങ്ങി ക്കഴിഞ്ഞു. പീഡനം സഹിക്കവയ്യാതെ തന്‍റെ ഭവനത്തിൽനിന്നും ടിൻഡേൽ ലണ്ടനിലേക്ക് പലായനം ചെയ്തു. ലണ്ടനിൽ കുറെക്കാലം വലിയ ശല്യങ്ങളൊന്നും കൂടാതെ അദ്ദേഹം കഴിച്ചുകൂട്ടി. വീണ്ടും പാപ്പാപക്ഷവാദികളുടെ അക്രമംമൂലം ടിൻഡേലിന് ലണ്ടൻ വിട്ട് ഓടിപ്പോകേണ്ടതായി വന്നു. ഇംഗ്ലണ്ടിലെ വാതിലുകളെല്ലാം തനിക്കെതിരായി അടയ്ക്കപ്പെട്ടിരിക്കുന്നുവെന്ന് ടിൻഡേലിന് ബോദ്ധ്യമായി. ജർമ്മനിയിലേക്ക് അദ്ദേഹം പലായനം ചെയ്തു. അവിടെവച്ച് അദ്ദേഹം ഇംഗ്ലീഷിലുള്ള പുതിയനിയമം അച്ചടിക്കുവാൻ തുടങ്ങി. രണ്ടുപ്രാവശ്യം ഈ സംരംഭത്തിന് തടസ്സമുണ്ടായി. ഒരു നഗരത്തിൽ വേദപുസ്തകം അച്ചടിക്കുന്നതിന് വിലക്കുണ്ടായപ്പോൾ മറ്റൊരു നഗരത്തിലേക്ക് അദ്ദേഹം ഓടിപ്പോയി. ഒടുവിൽ അദ്ദേഹം “വേംസി'ലേക്ക് പോയി. അവിടെവച്ചായിരുന്നു മാർട്ടിൻ ലൂഥർ, ഒരു നിയമസഭയ്ക്ക് മുൻപാകെ. സുവിശേഷത്തിനുവേണ്ടി വാദിച്ചത്. വേംസിൽ നവീകരണ പ്രസ്ഥാനത്തിന് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. വലിയ തടസ്സങ്ങളൊന്നും കൂടാതെ ടിൻഡേൽ അവിടെ തന്‍റെ വേല പൂർത്തീകരിച്ചു. പുതിയനിയമത്തിന്‍റെ മൂവായിരം ഇംഗ്ലീഷ് പതിപ്പുകൾ തയ്യാറാക്കി അതേവർഷംതന്നെ വേറൊരു പതിപ്പു കൂടെ ഇറക്കി.GCMal 280.2

    വലിയ ഉത്സാഹത്തോടും സഹിഷ്ണുതയോടും ടിൻഡേൽ തന്‍റെ വേല തുടർന്നു. ഇംഗ്ലണ്ടിലെ ഭരണാധികാരികൾ തങ്ങളുടെ തുറമുഖങ്ങളിലെല്ലാം കർശന നിരോധനം ഏർപ്പെടുത്തി. എങ്കിലും ദൈവവചനം പല മാർഗ്ഗങ്ങളിലൂടെ ലണ്ടനിലും അവിടെനിന്ന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പ്രചരിക്കപ്പെട്ടു. പാപ്പാപക്ഷക്കാർ സത്യത്തെ തടഞ്ഞുനിർത്തുവാൻ ശ്രമിച്ചുവെങ്കിലും അത് പാഴ്വേലയായി. ഡറാമിലെ ബിഷപ്പ് ഒരിക്കൽ, ടിൻഡേലിന്‍റെ സ്നേഹിതനായ ഒരു പുസ്തകവ്യാപാരിയിൽനിന്നും, ആ വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന വേദപുസ്തകങ്ങൾ മുഴുവനും നശിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി വില കൊടുത്തു വാങ്ങി. ടിൻഡേലിന്‍റെ വേലയെ അങ്ങനെ തടസ്സപ്പെടുത്താമെന്ന് ബിഷപ്പ് കരുതി. എന്നാൽ വ്യാപാരിയാകട്ടെ, തനിക്കു ലഭിച്ച പണംകൊണ്ട് കുറേക്കൂടി പതിപ്പ് ടിൻഡേലിനെക്കൊണ്ട് അച്ചടിപ്പിച്ച് ഇറക്കി. അപ്രകാരം പണം ലഭിച്ചില്ലായിരുന്നുവെങ്കിൽ പുതിയ പതിപ്പ് ഇറക്കുക അസാദ്ധ്യമായിരുന്നു. പിൽക്കാലത്ത് ടിൻഡേൽ തടവുകാരനാക്കപ്പെട്ടപ്പോൾ, തനിക്ക് പുതുതായി വീണ്ടും വേദപുസ്തകം പ്രസിദ്ധീകരിക്കുന്നതിന് പണം നല്കിയതാരെന്ന് വെളിപ്പെടുത്തിയാൽ തടവിൽനിന്ന് തന്നെ മോചിപ്പിക്കാമെന്ന് ഒരു അറിവു ലഭിച്ചു. “ഡറാമിലെ ബിഷപ്പ് ആയിരുന്നു മറ്റാരെയുംകാൾ കൂടുതൽ പണം തന്ന് എന്നെ സഹായിച്ചത് എന്ന് ടിൻഡേൽ പറഞ്ഞു. വിൽക്കാതെ ഇരുന്ന പുസ്തകങ്ങൾക്ക് പണം ലഭിച്ചപ്പോൾ ടിൻഡേലിന് സധൈര്യം മുൻപോട്ട് പോകാൻ കഴിഞ്ഞു. GCMal 281.1

    ഈ അവസരത്തിൽ ടിൻഡേലിനെ ആരോ ശത്രുക്കൾക്ക് ഒറ്റിക്കൊടുത്തു. അങ്ങനെ അനവധി ദിവസങ്ങൾ തടവിൽ കഴിയുന്നതിന് കാരണമായി. ഒടുവിൽ ടിൻഡേൽ ഒരു രക്തസാക്ഷിയായി തന്‍റെ വിശ്വാസത്തെ സാക്ഷീകരിച്ചു. താൻ ഒരുക്കിയ ആയുധങ്ങൾ കൊണ്ട്, തന്നെപ്പോലുള്ള മറ്റ് പോരാളി കൾക്ക് നൂറ്റാണ്ടുകളിലൂടെ അടരാടുന്നതിന് സഹായകമായി.GCMal 281.2

    ജനങ്ങളുടെ ഭാഷയിൽ വേദപുസ്തകം തയ്യാറാക്കപ്പെടണമെന്ന് ലാറ്റിമർ തന്‍റെ പ്രസംഗവേദികളിൽ സംസാരിച്ചു. “ദൈവമാണ് തിരുവെഴുത്തുകളുടെ ഗ്രന്ഥകാരൻ” എന്ന് ലാറ്റിമർ പറഞ്ഞു. “ദൈവത്തിന്‍റെ വിശുദ്ധ വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നതിൽനിന്നും ഒരു രാജാവോ, ചക്രവർത്തിയോ, ന്യായാധിപനോ, ഭരണാധികാരിയോ ഒഴിവാക്കപ്പെട്ടിട്ടില്ല. എല്ലാവരും ദൈവ കല്പന അനുസരിക്കുവാൻ കടപ്പെട്ടിരിക്കുന്നു. നമുക്ക് വേറെ കുറുക്ക് വഴികളൊന്നും വേണ്ട. അവർ ചെയ്തതൊന്നും നാം ചെയ്യേണ്ടതില്ല. അവർ ചെയ്യേണ്ടിയിരുന്നത് നമുക്ക് ചെയ്യാം”. -Hugh Latimer, “First Sermon Preached Before King Edward VI.”GCMal 281.3

    ടിൻഡേലിന്‍റെ വിശ്വസ്ത സുഹൃത്തുക്കളായിരുന്ന ബാൺസും ഫ്രിത്തും സത്യത്തിനുവേണ്ടി വാദിക്കുവാനായി എഴുന്നേറ്റു. റിഡ്മിസും, ക്രാൻമെറും അവരെ പിന്തുടർന്നു. ഇംഗ്ലണ്ടിലെ നവീകരണ നേതാക്കളായിരുന്ന ഇവർ അഭ്യസ്ത വിദ്യരായിരുന്നു. അവരിൽ പലരും യഥാർത്ഥമായ ഉണർവ്വിനും ഭക്തിക്കും റോമൻ കത്തോലിക്കാസഭയിൽ കീർത്തികേട്ടവരും ആയിരുന്നു. വിശുദ്ധ പിതാവിന്‍റെ തെറ്റുകളെക്കുറിച്ച് അവർക്കുണ്ടായിരുന്ന അറിവിന്‍റെ ഫലമായിരുന്നു പാപ്പാമതത്തോട് അവർക്കുണ്ടായിരുന്ന എതിർപ്പ്. ബാബിലോണിന്‍റെ മാർമ്മിക വശത്തെക്കുറിച്ചുള്ള തങ്ങളുടെ അറിവ് റോമൻ കത്തോലിക്കാ സഭയ്ക്കെതിരായി സാക്ഷ്യം നല്കുവാൻ അവർക്ക് ശക്തി പ്രദാനം ചെയ്തു. GCMal 282.1

    “ഞാൻ ഇപ്പോൾ വിചിത്രമായ ഒരു ചോദ്യം ചോദിക്കും” എന്ന് ലാറ്റിമർ പറഞ്ഞു. “ഇംഗ്ലണ്ടിൽ ഏറ്റവും ശുഷ്കാന്തിയോടെ പഠനം നടത്തുന്ന ബിഷപ്പും പുരോഹിത ശ്രേഷ്ഠന്മാരും ആരാകുന്നു? ഞാൻ തന്നെ അതിന്നുത്തരം നൽകാം. അത് പിശാചാണ്.... അവൻ തന്‍റെ രൂപതയിൽ നിന്നും ഒരിക്കലും പുറത്തുപോകയില്ല; നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അയാളെ സന്ദർശിക്കാം. എപ്പോഴും അയാൾ തന്‍റെ താമസസ്ഥലത്ത് കാണും; ഒരിക്കലും അവൻ വെറുതേ ഇരുന്ന് സമയം കളയുന്നത് കാണുകയില്ല. ഞാൻ ഉറപ്പായി പറയുന്നു. പിശാച് എവിടെയുണ്ടോ അവിടെ പുസ്തകങ്ങൾ ഉണ്ടായിരിക്കയില്ല, പക്ഷെ മെഴുകുതിരികൾ കത്തിക്കൊണ്ടിരിക്കും; വേദപുസ്തക മുണ്ടായിരിക്കയില്ല, പക്ഷേ ജപമാലയുണ്ടായിരിക്കും; സുവിശേഷ വെളിച്ചം ഉണ്ടായിരിക്കയില്ല, പക്ഷേ ഉച്ചയ്ക്കുപോലും മെഴുകുതിരി പ്രകാശിച്ചുകൊണ്ടിരിക്കും; ക്രിസ്തുവിന്‍റെ കുരിശ് അവിടെ ഉണ്ടായിരിക്കയില്ല, പക്ഷേ ശുദ്ധീകരണ സ്ഥലം അവിടെ ഉണ്ടായിരിക്കും; നഗ്നർക്കും ദരിദ്രർക്കും അബലന്മാർക്കും അവിടെ സ്ഥാനമുണ്ടായിരിക്കയില്ല, അണിയിച്ചൊരുക്കിയ വിഗ്രഹങ്ങൾ അവിടെ കാണും; പിതൃപാരമ്പര്യങ്ങൾക്കും മാനുഷ നിയമങ്ങൾക്കും അവിടെ പ്രാധാന്യം ഉണ്ടായിരിക്കും, ദൈവകല്പനകൾക്കും ദൈവിക നിയമങ്ങൾക്കും അവിടെ ഒരു പ്രാധാന്യവും ഉണ്ടായിരിക്കയില്ല. പിശാച് തന്‍റെ തന്ത്രങ്ങളെ വിതയ്ക്കുവാൻ ഉത്സാഹം കാണിക്കുന്നതുപോലെ നമ്മുടെ പുരോഹിതന്മാർ വേദപുസ്തക സത്യങ്ങളെ വിതയ്ക്കുവാൻ താത്പര്യം കാണിച്ചിരുന്നുവെങ്കിൽ” -Ibid., “sermon of the Plough”.GCMal 282.2

    ഈ നവീകരണ കർത്താക്കൾ കാത്തുസൂക്ഷിച്ചിരുന്ന മനോഹര തത്വം- വാൽഡൻസുകാരും വിക്ലിഫും ജോൺ ഹസ്സും ലൂഥറും സ്വിംഗ്ലിയും താലോലിച്ചിരുന്ന അതേ തത്വം തന്നെ - വിശ്വാസത്തിന്‍റേയും ജീവിതത്തിന്‍റെയും ഏക മാർഗ്ഗദർശിയായി അപ്രമാദിത്വം ഉള്ള തിരുവെഴുത്തുകളെ സ്വീകരിക്ക എന്നതായിരുന്നു. മതപരമായ കാര്യങ്ങളിൽ മനസ്സാക്ഷിയെ നിയന്ത്രിക്കുവാൻ പോപ്പിനോ സഭാ കമ്മിറ്റിക്കോ, പിതാക്കന്മാർക്കോ, രാജാക്കന്മാർക്കോ യാതൊരു അവകാശവുമില്ലായെന്നവർ ശഠിച്ചു. വേദപുസ്തകമായിരുന്നു അവരുടെ ഏക ആധാരം. വേദപുസ്തക ഉപദേശത്തിൽ അവരുടെ സകല ഉപദേശങ്ങളും അവകാശവാദങ്ങളും അവർ പരിശോധിച്ചു. അവരെ നിലനിർത്തിയത് വേദപുസ്തകത്തിലുള്ള തങ്ങളുടെ വിശ്വാസമായിരുന്നു. അഗ്നിക്കിരയാക്കപ്പെട്ടപ്പോഴും തങ്ങളുടെ വിശ്വാസം അചഞ്ചലമായിരുന്നു. “ആശ്വസിച്ചുകൊള്ളുക”, എന്ന് തന്നോടൊപ്പം രക്തസാക്ഷിത്വം വരിച്ച വ്യക്തിയോട് ലാറ്റിമർ പറഞ്ഞു. അഗ്നിനാളങ്ങൾ തങ്ങളുടെ ശബ്ദം നിശ്ശബ്ദ മാക്കുന്നതിനുമുൻപ് ലാറ്റിമർ പറഞ്ഞു: ഒരിക്കലും അണയ്ക്കാൻ കഴിയാത്തെ ഒരു മെഴുകുതിരി വെളിച്ചം ഇന്ന്, ഇംഗ്ലണ്ടിൽ ദൈവകൃപയിൽ ആശ്രയിച്ച് ഞങ്ങൾ തെളിയിക്കുകയാണ്.” -Works of Hugh Latimer, vol. I, p. 13. GCMal 282.3

    സ്‌കോട്‌ലാന്‍റിൽ കൊളംബായും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരും കൂടെ ചേർന്ന് വിതച്ച സത്യത്തിന്‍റെ വിത്തുകൾ പൂർണ്ണമായി നശിപ്പിക്കപ്പെടുവാൻ കഴിഞ്ഞില്ല. അനേക വർഷങ്ങൾക്കുശേഷം ഇംഗ്ലണ്ടിലെ സഭകൾ റോമിന് കീഴ്പെട്ടപ്പോഴും, സ്കോട്ട്ലന്‍റിൽ സ്ഥാപിക്കപ്പെട്ട സഭകൾ തങ്ങളുടെ സ്വാതന്ത്യം കാത്തുസൂക്ഷിച്ചു. എന്നിരിക്കിലും 12-ാം നൂറ്റാണ്ടിൽ പാപ്പാത്വം സ്കോട്ട്ലന്‍റിൽ അധീശത്വം ഉറപ്പിച്ചു. മറ്റൊരിടത്തും പ്രയോഗിച്ചിട്ടില്ലാത്ത സേച്ഛാധിപത്യം സ്കോട്ട്ലന്‍റിൽ പാപ്പാത്വം അടിച്ചേല്പ്പിച്ചു. മറ്റൊരിടത്തും, സേച്ഛാധിപത്യത്തിന്‍റെ കൂരിരുട്ട് ഇത്ര കഠിനമായിരുന്നിട്ടില്ല. എങ്കിലും പ്രകാശത്തിന്‍റെ നേർത്ത രശ്മികൾ കൂരിരുട്ടിനെ കുത്തിത്തുളച്ചു കൊണ്ട് പ്രകാശിച്ചു. വരുംകാലങ്ങളിലേക്കുള്ള വാഗ്ദത്തം ആ പ്രകാശ രശ്മികൾ നല്കി. വിക്ലിഫിന്‍റെ ഉപദേശങ്ങളോടും വേദപുസ്തക സത്യങ്ങളോടുംകൂടി ഇംഗ്ലണ്ടിൽനിന്നും വന്ന “ലൊല്ലാർഡ്സ്” സുവിശേഷ സംരക്ഷണത്തിനുവേണ്ട കാര്യങ്ങൾ ചെയ്തു. എല്ലാ കാലഘട്ടങ്ങൾക്കും അതിന്‍റേതായ സാക്ഷികളും രക്തസാക്ഷികളും ഉണ്ടായിരുന്നു.GCMal 284.1

    വലിയ നവീകരണത്തിന്‍റെ ആവിർഭാവത്തോടുകൂടി മാർട്ടിൻ ലൂഥറിന്‍റെ എഴുത്തുകളും പിന്നീട് ടിൻഡേലിന്‍റെ ഇംഗ്ലീഷിലുള്ള പുതിയനിയമവും പുറത്തുവന്നു. മേലധികാരികളുടെ ശ്രദ്ധയിൽപെടാതെ, ഈ ദൂതുകൾ കുന്നുകളും മലകളും താഴ്വരകളും കടന്നുചെന്നു. സത്യത്തിന്‍റെ ദീപശിഖയെ ഇവരുടെ കൃതികൾ ജാജ്വല്യമാനമാക്കി. റോമിന്‍റെ നാലാം നൂറ്റാണ്ടിലെ സേച്ഛാധിപത്യത്തിൽ സ്കോട്ട്ലന്‍റിലും മറ്റും അണയാറായ സത്യത്തെ അവ പ്രകാശിപ്പിച്ചു.GCMal 284.2

    രക്തസാക്ഷികളുടെ രക്തം നവീകരണ പ്രസ്ഥാനത്തിന് പുതുജീവൻ നൽകി. തങ്ങളുടെ താല്പര്യങ്ങൾ അപകടത്തിലാവുമെന്ന് കണ്ടുണർന്ന കത്തോലിക്കാനേതാക്കൾ, സ്കോട്ട്ലന്‍റിലെ ഏറ്റവും ബഹുമാന്യരും കുലീനരുമായ ചിലരെ ചിതയിലേക്ക് തള്ളിവിട്ടു. അങ്ങനെ അവർ ഒരു പ്രസംഗ പീഠം ഒരുക്കി. ആ പ്രസംഗപീഠത്തിൽ നിന്നും അഗ്നിക്കിരയായ ചിലരുടെ സാക്ഷ്യങ്ങൾ ദേശമെങ്ങും പടർന്നു. റോമാക്കാരുടെ ചങ്ങലകളെ പൊട്ടിച്ചെറിയണമെന്ന ആവേശം, ആ സാക്ഷ്യങ്ങൾ ജനഹൃദയങ്ങളിലുളവാക്കി.GCMal 285.1

    ഹാമിൽട്ടനും വിഷാർട്ടും, സ്വഭാവത്തിലും ജനനം കൊണ്ടും പ്രഭുക്കൻമാരായിരുന്നു. മറ്റ് സാധാരണക്കാരായ സാക്ഷികളോടൊപ്പം, തങ്ങളുടെ ജീവനേയും അവർ ചിതയിലൊടുക്കി. വിഷാർട്ടിന്‍റെ ചിതാഗ്നിയിൽ നിന്ന് പൊങ്ങിയ അഗ്നിനാളങ്ങൾ, കോട്ട്ലന്‍റിലെ പാപ്പാത്വ മേൽക്കോയ്മയുടെ മരണ മണിനാദം മുഴക്കി.GCMal 285.2

    സഭയുടെ പാരമ്പര്യങ്ങളിൽനിന്നും മാർമ്മികതയിൽനിന്നും മാറി, ദൈവ വചനത്തിൽ മേയുവാൻ ജോൺ നോക്സ് തീരുമാനിച്ചു. റോമയുമായുള്ള ബന്ധം വിടർത്തുവാൻ ജോൺ നോക്സിനെ പ്രേരിപ്പിച്ചതും കഷ്ടപ്പെടുന്ന നവീകരണക്കാരോടുകൂടെ ചേരുവാൻ അദ്ദേഹത്തെ ഉത്സാഹിപ്പിച്ചതും വിഷാർട്ടിന്‍റെ ഉപദേശമായിരുന്നു.GCMal 285.3

    ഒരു പ്രസംഗകന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് തന്‍റെ സ്നേഹിതന്മാർ നിർബന്ധിച്ചപ്പോൾ ഭയചകിതനായി ജോൺ നോകസ് അതിൽ നിന്നും പിൻവലിഞ്ഞു. എന്നാൽ കുറേ ദിവസങ്ങളോളം നീണ്ടുനിന്ന ഉൾപ്പോരിന്‍റെ ഫലമായും ഏകാന്തത ഇഷ്ടപ്പെടാത്തതിനാലും, ആ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് ജോൺ നോക്സ് സമ്മതിച്ചു. എന്നാൽ ആ സ്ഥാനം ഒരിക്കൽ കയ്യേറ്റുകഴിഞ്ഞപ്പോൾ, വളരെ ഉത്സാഹത്തോടും നിശ്ചയദാർഢ്യത്തോടും ധീരതയോടുംകൂടെ ജോൺ നോക്സ് ജീവിതാന്ത്യംവരെ മുന്നോട്ടു പോയി. സത്യസന്ധനായിരുന്ന ആ നവീകരണ കർത്താവ് മനുഷ്യരെ ഭയപ്പെ് ട്ടിരുന്നില്ല. തങ്ങളുടെ വിശ്വാസത്തിനുവേണ്ടി ജീവിതം ആത്മഹുതി ചെയ്യപ്പെടേണ്ടിവന്നവരുടെ തീജ്വാല ജോൺ നോക്സിന്‍റെ ഉത്സാഹവും ധീരതയും വർദ്ധിപ്പിക്കുവാൻ കാരണമായി. സേച്ഛാധിപന്‍റെ മഴു തന്‍റെ തലയ്ക്കു മുകളിലൂടെ അപായകരമാം വിധം വീശപ്പെട്ടുകൊണ്ടിരുന്നപ്പോഴും ജോൺ നോക്സ് ധീരതയോടെ താൻ നിന്നിടത്തുതന്നെ ഉറച്ചുനിന്നു. വിഗ്രഹാരാധനയെ താളടിയാക്കുവാൻ തന്നാൽ കഴിവത് ജോൺ നോക്സ് ചെയ്തു.GCMal 285.4

    അനേക പ്രൊട്ടസ്റ്റന്‍റ് വീരന്മാരെ നിലംപരിചാക്കിയ സ്കോട്ട്ലന്‍റിലെ രാജ്ഞിയുമായി മുഖാമുഖം നില്ക്കേണ്ടി വന്നപ്പോഴും ജോൺ നോക്സ്, സത്യത്തിനുവേണ്ടി അചഞ്ചലനായി നിന്നു. പ്രീണനങ്ങളിൽ വഴങ്ങുന്നവനായിരുന്നില്ല ജോൺ നോക്സ്. ഭീഷണികളുടെ മുൻപിൽ അദ്ദേഹം ഭയപ്പെട്ടില്ല. മതത്തിനെതിരായി പഠിപ്പിക്കുന്നു എന്ന ആരോപണം ജോൺ നോക്സിന്‍റെമേൽ രാജ്ഞി ചുമത്തി. രാഷ്ട്രം നിരോധിച്ച ഒരു മതം സ്വീകരിപ്പാൻ ജോൺ നോക്സസ് ജനത്തെ പഠിപ്പിക്കുന്നു എന്ന ആരോപണം അദ്ദേഹത്തിന്‍റെ മേൽ ആരോപിക്കപ്പെട്ടു. അതിന് ജോൺ നോക്സിന്‍റെ ഉത്തരം ഇപ്രകാരമായിരുന്നു:GCMal 285.5

    “ശരിയായ മതം, ലോക പ്രഭുക്കന്മാരിൽ ആശ്രയിക്കുകയോ, സ്വന്ത ശക്തി കാട്ടുകയോ ചെയ്യാതിരിക്കുകയും നിത്യനായ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നതുമാകയാൽ, പ്രഭുക്കന്മാരുടെ ഇഷ്ടാനിഷ്ടപ്രകാരമുള്ള മതം സ്വീകരിപ്പാൻ ജനം ഒരു വിധത്തിലും കടപ്പെട്ടവരല്ല. പലപ്പോഴും പ്രഭുക്കന്മാർ മറ്റുള്ളവരെക്കാൾ അജ്ഞരാണ്. അബ്രഹാമിന്‍റെ സന്തതികൾ ദീർഘകാലം പാർത്ത ഈജിപ്തിലെ രാജാവിന്‍റെ മതം സ്വീകരിച്ചിരുന്നുവെങ്കിൽ, ഞാൻ തിരുമനസ്സിനോട് ചോദിക്കുകയാണ്, ഈ ലോകത്തിൽ ഇന്ന് ഏതു മതം കാണുമായിരുന്നു? അതുകൊണ്ട് തിരുമനസ്സ് ഒരു കാര്യം മനസ്സിലാക്കണം, തങ്ങൾ എത്രമാത്രം നിർബന്ധിതരാകുന്നെങ്കിൽത്തന്നെയും തങ്ങളുടെ പ്രഭുക്കന്മാരുടെ മതം സ്വീകരിപ്പാൻ ജനം ബാദ്ധ്യസ്ഥരല്ലGCMal 286.1

    മേരി രാജ്ഞി പറഞ്ഞു: “നിങ്ങൾ തിരുവെഴുത്തുകളെ ഒരുവിധത്തിൽ വ്യാഖ്യാനിക്കുന്നു. റോമൻ കത്തോലിക്കർ വേറൊരു വിധത്തിൽ വ്യാഖ്യാനിക്കുന്നു. ഞാൻ ആരെയാണ് വിശ്വസിക്കേണ്ടത്? ആർ ഇതിന്‍റെ വിധി പ്രസ്താവിക്കും?”GCMal 286.2

    ജോൺ നോക്സ് മറുപടിയായി പറഞ്ഞു: “നിങ്ങൾ ദൈവത്തെ വിശ്വസിക്കുക. തന്‍റെ വചനത്തിലൂടെ ദൈവം വ്യക്തമായി സംവാദിക്കുന്നു. ദൈവ വചനം പഠിപ്പിക്കുന്നതിനപ്പുറത്ത് നിങ്ങൾ ആരേയും വിശ്വസിക്കരുത്. ദൈവ വചനം വളരെ വ്യക്തമാണ്. എന്തെങ്കിലും അവ്യക്തത നിങ്ങൾക്ക് അനുഭവപ്പെടുന്നെങ്കിൽ ഒരിക്കലും താൻ പറഞ്ഞതിന് എതിരായി പറയാത്ത പരിശുദ്ധാത്മാവ് അവയെ സ്പഷ്ടമാക്കിത്തരും. മർക്കട മുഷ്ടിയോടെ തന്‍റെ അജ്ഞതയിൽത്തന്നെ കഴിയണമെന്ന് ആഗ്രഹിക്കുന്നവർക്കൊഴിച്ച്, ആർക്കും പിന്നീട് ഒരു സംശയവും ഉണ്ടാകുന്നതല്ല.”-David Laing, The Collected Works of John Knox, vol. 2, pp. 281, 284.GCMal 286.3

    തന്‍റെ ജീവനെപ്പോലും അപകടത്തിലാക്കിക്കൊണ്ട് രാജ്ഞിയോട് സംസാരിച്ച ധീരനായ നവീകരണകർത്താവിന്‍റെ വാക്കുകൾ ഇതായിരുന്നു. ഇതേ ധീരതയോടുകൂടി ജോൺ നോക്സ് തന്‍റെ ഉപദേശത്തിൽ ഉറെച്ചുനിന്നു. സ്കോട്ട്ലന്‍റ് പാപ്പാത്വത്തിൽനിന്ന് മോചിതയാകുന്നതുവരെ ജോൺ നോക്സ് പ്രാർത്ഥനയിലും കർത്താവിനുവേണ്ടിയുള്ള പോരാട്ടത്തിലും ഉറച്ചുനിന്നു.GCMal 286.4

    ഇംഗ്ലണ്ടിൽ പ്രൊട്ടസ്റ്റൻറ് മതം, ഒരു ദേശീയമതമെന്ന നിലയിൽനിന്നും അധഃപതിച്ചു. എന്നാൽ പീഡനം പൂർണ്ണമായും നിർത്തിയിരുന്നില്ല. റോമിന്‍റെ അനേക ഉപദേശങ്ങൾ തള്ളിക്കളയപ്പെട്ടപ്പോൾ അവളുടെ രൂപങ്ങൾ പലതും നിലനിന്നിരുന്നു. പാപ്പാത്വത്തിന്‍റെ മേൽക്കോയ്മ ത്യജിക്കപ്പെട്ടപ്പോൾ, ഒരു മേൽക്കോയ്മാസ്ഥാനത്തേക്ക് ഇംഗ്ലണ്ടിലെ രാജാവ് അധിപതിയായി കടന്നു വന്നു. സഭാശുശ്രൂഷയിൽ സുവിശേഷത്തിന്‍റെ ലാളിത്യത്തിൽനിന്നും വിശു ദ്ധിയിൽനിന്നും വലിയ അകൽച്ച ഉണ്ടായിരുന്നു. മതസ്വാതന്ത്യത്തിന്‍റെ തത്വം അപ്പോൾ ആരും മനസ്സിലാക്കിയിട്ടില്ലായിരുന്നു. മതനിന്ദയ്ക്കെതിരായി റോമാ സഭ നടത്തിയിരുന്ന ക്രൂരമായ സമീപനം പ്രൊട്ടസ്റ്റന്‍റുമതവും നിലനിർത്തിയിരുന്നു. യഥാർത്ഥ മതസ്വാതന്ത്ര്യം അപ്പോഴും അനുവദിക്കപ്പെട്ടിരുന്നില്ല. റോമാസഭയുടെ ഉപദേശങ്ങളും ആരാധനാകമങ്ങളും ഉപയോഗിപ്പാൻ ഏവരും നിർബന്ധിതരായിരുന്നു. അതിനെ എതിർത്തവർക്ക് പീഡനം അനുഭവിക്കേണ്ടി വന്നു. ഇത് വർഷങ്ങളോളം നീണ്ടുനിന്നു.GCMal 287.1

    17-ാം നൂറ്റാണ്ടിൽ ആയിരക്കണക്കിന് പാസ്റ്റർമാർ അവരുടെ സ്ഥാനങ്ങളിൽനിന്ന് നിഷ്കാസിതരായി. സഭ അനുവദിച്ചിട്ടില്ലാത്ത ഏതെങ്കിലും മതപരമായ യോഗങ്ങളിലോ കൂട്ടായ്മകളിലോ പങ്കെടുക്കുന്നവരെ അതിൽ നിന്ന് വിലക്കിയിരുന്നു. അതനുസരിക്കാത്തവർക്ക് വലിയ പിഴയോ, തടവോ, നാടുകടത്തലോ ആയിരുന്നു ശിക്ഷ. വിശ്വസ്തരായ ഭക്തജനങ്ങൾക്ക് ഇപ്രകാരമുള്ള നിരോധനാജ്ഞകളെ ഭയന്നിരിക്കുവാൻ കഴിഞ്ഞില്ല. ഇരുളടഞ്ഞ ഇടനാഴികളിലോ, നിഗൂഢമായ മുറിക്കുള്ളിലോ, വനാന്തർഭാഗത്തോ പീഡിപ്പിക്കപ്പെട്ടവരായ ദൈവമക്കൾ, തങ്ങളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിൽ പകരുന്നതിനും ദൈവത്തിന് സ്തോത്രം അർപ്പിക്കുന്നതിനും സഭയായി കൂടി വന്നിരുന്നു. അവർ എന്തെല്ലാം മുൻകരുതൽ എടുത്തിരുന്നിട്ടും തങ്ങളുടെ വിശ്വാസത്തിനുവേണ്ടി കഷ്ടത അനുഭവിക്കേണ്ടിവന്നു. ജയിലുകൾ നിറഞ്ഞു കവിഞ്ഞു. അനേക കുടുംബങ്ങൾ ഛിന്നഭിന്നമായി. അനേകർ വിദേശങ്ങളിലേക്ക് നാടുകടത്തപ്പെട്ടു. എങ്കിലും ദൈവം തന്‍റെ ജനത്തോടുകൂടെ ഉണ്ടായിരുന്നു. പീഡനങ്ങൾക്ക് ദൈവജനത്തെ നിരാശരാക്കുവാൻ കഴിഞ്ഞില്ല. അനേകർക്ക് അമേരിക്കയിലേക്ക് പോകേണ്ടിവന്നു. അങ്ങനെ അമേരിക്കയിൽ ചെന്നവർ, സ്വാതന്ത്ര്യത്തിന്‍റെയും പൗരാവകാശത്തിന്‍റെയും അടിത്തറയിട്ടു. അവരുടെ ആഗമനം അമേരിക്കയ്ക്ക് മഹത്വവും പുങ്കോട്ടയും ആയിത്തീർന്നു.GCMal 287.2

    അപ്പൊസ്തലിക കാലത്തെന്നപോലെ പീഡനം സുവിശേഷത്തിന്‍റെ വളർച്ചയ്ക്ക് കാരണമായി. ഭയങ്കര കുറ്റവാളികളെ പാർപ്പിച്ചിരുന്ന, മനം പുരട്ടുളവാക്കുന്ന ഒരു തടവറയിൽ ജോൺ ബന്ന്യനെ പാർപ്പിച്ചു. അവിടെവച്ചാണ് ലോകപ്രശസ്തമായ “പരദേശി മോക്ഷയാത്ര” എന്ന ഗ്രന്ഥം ജോൺ ബന്ന്യൻ രചിച്ചത്. ഏതാണ്ട് 200-ൽ പരം വർഷങ്ങൾ “ബഡ്ഫോർഡ്” ജയിലിൽ നിന്ന് ജോൺ ബന്ന്യന്‍റെ ഗ്രന്ഥങ്ങൾ മനുഷ്യ ഹൃദയത്തോട് സംവാദിച്ചു. ജോൺ ബന്ന്യന്‍റെ കൃതികളായ “പരദേശി മോക്ഷയാതയും”, “പാപികളിൽ ഒന്നാമന് നല്കപ്പെടുന്ന നിറഞ്ഞുകവിയുന്ന കൃപയും” അനേകരെ ജീവന്‍റെ പാതയിലേക്ക് നയിച്ചു.GCMal 288.1

    ബാക്സ്റ്റരും ഫ്ളേവലും അലീനും ധാരാളം കഴിവുകൾ ഉള്ളവരും, വിദ്യാസമ്പന്നരും, ആഴമേറിയ ക്രിസ്തീയ അനുഭവമുള്ളവരും ആയിരുന്നു. ഒരിക്കൽ വിശുദ്ധന്മാർക്കു ഭരമേൽപ്പിച്ചിരുന്ന ഈ വേല നിർവ്വഹിപ്പാൻ. അവരും എഴുന്നേറ്റു. ഇവർ നേടിയെടുത്ത് വേല, ഒരിക്കലും നശിക്കുവാൻ പാടുള്ളതല്ല. ഭരണാധികാരികളും രാജാക്കന്മാരും ഈ വൻവേലയെ നശിപ്പിക്കുവാൻ നിയമംകൊണ്ടും മറ്റും ശ്രമിച്ചെങ്കിലും അത് നശിപ്പിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. ഫ്ളേവലിന്‍റെ കൃതിയായ “ജീവന്‍റെ ഉറവിടവും കൃപയുടെ മാർഗ്ഗവും” എന്ന കൃതി അനേകായിരങ്ങളെ, തങ്ങളുടെ ജീവിതം എപ്രകാരം ക്രിസ്തുവിന് സമർപ്പിക്കണമെന്ന് പഠിപ്പിച്ചു. ബാക്സ്റ്റരുടെ കൃതിയായ “നവീകരണം പ്രാപിച്ച ആത്മീയ ഇടയൻ” (Reformed Pastor) എന്ന പുസ്തകം ദൈവവേലയിൽ ഒരു പുനർജീവൻ വേണം എന്നാഗ്രഹിക്കുന്നവർക്ക് ഒരനുഗ്രഹമായി പരിണമിച്ചു. ബാക്സ്റ്റരുടെ മറ്റൊരു ഗ്രന്ഥമായ- “വിശുദ്ധന്മാരുടെ നിത്യ സ്വസ്ഥത” (Saint’s Everlasting Rest) എന്ന ഗ്രന്ഥം ദൈവജനത്തിന് ഒടുവിൽ ലഭിക്കുന്ന സ്വസ്ഥതയിലേക്ക് വഴിനടത്തുന്നതായിരുന്നു.GCMal 288.2

    അതിന് ഏതാണ്ട് 100 വർഷങ്ങൾക്കുശേഷം, ആത്മീയ അന്ധകാരം യൂറോപ്പിനെ ബാധിച്ചിരുന്ന കാലഘട്ടത്തിൽ വൈറ്റ്ഫീൽഡും വെസ്ലി കുടുംബവും ദൈവത്തിന്‍റെ ദൂതുവാഹകരായി എഴുന്നേറ്റു. ജാതികളിൽനിന്നും വിഭിന്നമല്ലാത്ത ആത്മീയത്തകർച്ചയിലേക്ക് ഇംഗ്ലണ്ടിലെ ജനത നിപതിച്ചു. അപ്പോൾ ഇംഗ്ലണ്ട് കത്തോലിക്കാസഭയുടെ ആധിപത്യത്തിൻ കീഴിലായിരുന്നു. “പ്രകൃത്യാ ഉള്ള മതം” എന്ന വിഷയമായിരുന്നു പുരോഹിത ശുശ്രൂഷയ്ക്കുവേണ്ടി പഠിക്കുവാൻ പോകുന്നവരുടെ പ്രധാന വിഷയങ്ങളിലൊന്ന്. ഉന്നത വർഗ്ഗത്തിലുള്ളവർ ഭക്തിയെ അപഹസിച്ചു. തങ്ങൾ മറ്റുള്ളവരെപ്പോലെ മതഭ്രാന്തന്മാർ അല്ലാത്തതുകൊണ്ട് ഉന്നതകുലജാതർ അഹങ്കരിച്ചു. താഴേക്കിടയിലുള്ള ആളുകൾ കൂടുതലും അജ്ഞരായിരുന്നു. അവർ തിന്മ പ്രവൃത്തികൾ ചെയ്യുവാൻ തള്ളപ്പെട്ടവരായിരുന്നു. സത്യത്തിന്‍റെ ശോചനീയമായ അവസ്ഥയിൽ നിന്ന് അതിനെ ഉയർത്തിക്കൊണ്ടുവരുവാൻ വേണ്ട ധാർമ്മിക ശേഷിയോ വിശ്വാസമോ സഭയ്ക്കില്ലായിരുന്നു.GCMal 288.3

    ലൂഥർ വ്യക്തമായി പഠിപ്പിച്ച വിശ്വാസത്താലുള്ള നീതീകരണം എന്ന വേദോപദേശം ഏതാണ്ട്, പൂർണ്ണമായി വിസ്മൃതിയിലാണ്ടുപോയി. റോമൻ കത്തോലിക്കാസഭയുടെ ഉപദേശമായ പ്രവൃത്തിയാലുള്ള രക്ഷ എന്ന പഠിപ്പിക്കൽ ആ സ്ഥാനം ഏറ്റെടുത്തു. റോമൻ കത്തോലിക്കാസഭയിലെ അംഗങ്ങളായിരുന്ന വൈറ്റ്ഫീൽഡും വെസ്ലി കുടുംബങ്ങളും ദൈവത്തിന്‍റെ പ്രീതി നേടാൻ ആത്മാർത്ഥമായി ആഗ്രഹിച്ചവരായിരുന്നു. ദൈവപ്രീതി നേടുന്നതിന് വളരെ വിശുദ്ധമായ ജീവിതം നയിക്കുകയും സഭ അനുശാസിക്കുന്ന കർമ്മങ്ങൾ നിർവ്വഹിക്കണമെന്നും അവരെ പഠിപ്പിച്ചിരുന്നു.GCMal 289.1

    ഒരിക്കൽ ചാൾസ് വെസ്ലി മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് രോഗിയായി കിടക്കുമ്പോൾ, നിത്യജീവനെക്കുറിച്ചുള്ള തന്‍റെ പ്രത്യാശ ഏതിന്മേൽ ആശ്രയിച്ചിരിക്കുന്നു എന്ന് ആരോ തന്നോടു ചോദിച്ചു. അദ്ദേഹത്തിന്‍റെ ഉത്തരം ഇപ്രകാരമായിരുന്നു: “ദൈവത്തെ സേവിപ്പാൻ എന്‍റെ എല്ലാ കഴിവുകളും ഉപയോഗിച്ചു”. ചോദ്യം ചോദിച്ച സ്നേഹിതന് ഈ ഉത്തരം തൃപ്തികരമായില്ല. ചാൾസ് വെസ്ലി ഇപ്രകാരം ചിന്തിച്ചു: “എന്ത്? എന്‍റെ പ്രയത്നങ്ങൾ എന്‍റെ രക്ഷയ്ക്ക് പോരായോ? എന്‍റെ പ്രയത്നങ്ങളെ ദൈവം അവഗണിക്കുമോ ? എനിക്ക് ആശ്രയിപ്പാൻ വോറൊന്നുമില്ല”. - John Whitehead Life of the Rev. Charles Wesley, page 102. സഭയുടെ മേൽ ഉരുണ്ടുകൂടിയിരുന്ന അന്ധകാരം ഇത്ര വലുതായിരുന്നു. അതു ക്രിസ്തുവിന്‍റെ മഹത്വത്തെയും മറച്ചിരുന്നു. മനുഷ്യരുടെ മനസ്സുകളെ തങ്ങളുടെ ഏക പ്രത്യാശയായ ക്രൂശിതനായ രക്ഷകനിൽനിന്ന് വ്യതിചലിപ്പിച്ചിരുന്നു.GCMal 289.2

    വെസ്ലിയും തന്‍റെ സഹപ്രവർത്തകരും, യഥാർത്ഥ മതം നിലകൊള്ളുന്നത് ഹൃദയത്തിലാണ് എന്നറിഞ്ഞിരുന്നു. ദൈവത്തിന്‍റെ കല്പനകൾ വാക്കുകളിലും പ്രവൃത്തികളിലും കാണപ്പെടുന്നതുപോലെ ചിന്തകളിലും വ്യാപിക്കുന്നുവെന്ന് അവർ മനസ്സിലാക്കിയിരുന്നു. ഹൃദയ പരിശുദ്ധിയുടെ ആവശ്യകതയെക്കുറിച്ചും അതുപോലെതന്നെ ബാഹ്യമായ വസ്ത്രധാരണ രീതിയെക്കുറിച്ചും ശരിയായ ബോധ്യമുണ്ടായിരുന്ന അവർ, ആ പുതുജീവിതം നയിക്കുന്നതിന് വളരെ ആവേശത്തോടെ ശ്രമിച്ചു. ഏറ്റവും വലിയ ശുഷ്കാന്തിയോടും പ്രാർത്ഥനാപൂർവ്വമായ ശ്രമത്തോടുംകൂടെ പ്രാകൃത ഹൃദയത്തിന്‍റെ തിന്മകളെ കീഴ്പെടുത്തുവാൻ അവർ ശ്രമിച്ചു. സ്വയത്യാഗത്തിന്‍റേയും സ്നേഹത്തിന്‍റേയും വിനയത്തിന്‍റേയും ജീവിതം അവർ നയിച്ചു. തങ്ങൾ ആഗ്രഹിച്ച വിശുദ്ധ ജീവിതം നയിക്കുന്നതിനും, തദ്വാരാ ദൈവത്തിന്‍റെ പ്രീതി നേടുന്നതിനും അവ സഹായിക്കുമെന്ന് അവർ കരുതി. എന്നാൽ തങ്ങൾ ആഗ്രഹിച്ച ലക്ഷ്യം നേടുവാൻ അവർക്ക് കഴിഞ്ഞില്ല. പാപത്തിന്‍റെ ശിക്ഷാവിധിയിൽനിന്നും മോചനം നേടുവാനുള്ള അവരുടെ ശ്രമം വൃഥാവിലായി. ഏർഫർട്ടിലുള്ള തന്‍റെ അറയിൽവച്ച് മാർട്ടിൻ ലൂഥറിനുണ്ടായ അനുഭവം ഇതുതന്നെയായിരുന്നു. ലൂഥറിന്‍റെ ആത്മാവിനെ പീഡിപ്പിച്ച ചോദ്യവും ഇതു തന്നെയായിരുന്നു- “ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? (ഇയ്യോ. 9:12).GCMal 289.3

    പ്രോട്ടസ്റ്റാന്‍റിസത്തിന്‍റെ അൾത്താരകളിൽ മിക്കവാറും അണഞ്ഞിരുന്ന ദൈവിക സത്യത്തിന്‍റെ തീജ്വാലകൾ, ബൊഹീമിയൻ ക്രിസ്ത്യാനികളാൽ പിൻതലമുറയ്ക്ക് കൈമാറ്റപ്പെട്ട പുരാതനമായ ദൈവിക സത്യത്തിന്‍റെ ദീപശിഖ പുതുതായി ജ്വലിപ്പിക്കേണ്ടതുണ്ടായിരുന്നു. അത് പ്രോട്ടസ്റ്റാൻന്‍റിസത്തിന്‍റെ അൾത്താരകളിൽ മിക്കവാറും അണഞ്ഞുപോയിരുന്നു. നവീകരണത്തിനുശേഷം ബൊഹീമിയയിലെ പ്രോട്ടസ്റ്റാന്‍റിസം റോമിൽനിന്നുള്ള തുടർച്ചയായ ആകമണം നിമിത്തം ചവിട്ടി മെതിക്കപ്പെട്ടു. സത്യം കൈവെടിയുവാൻ വിസമ്മതം കാട്ടിയവർ ഓടിപ്പോകുവാൻ നിർബന്ധിതരായി. അവരിൽ ചിലർ സാക്സണ്ടിയിൽ അഭയം തേടി. അവിടെ അവർ പുരാതന സത്യത്ത പരിരക്ഷിച്ചു. ഈ കിസ്ത്യാനികളുടെ പിൻതലമുറക്കാരിൽനിന്നാണ് വെസ്ലിക്കും തന്‍റെ സഹപ്രവർത്തകർക്കും വെളിച്ചം ലഭിച്ചത്.GCMal 290.1

    ജോൺ വെസ്ലിയും ചാൾസ് വെസ്ലിയും അഭിഷിക്തരായശേഷം സുവിശേഷ ദൗത്യവുമായി അമേരിക്കയിലേക്ക് അയയ്ക്കപ്പെട്ടു. അവർ യാത്ര ചെയ്തിരുന്ന കപ്പലിൽ മൊറേവിയൻ വിഭാഗത്തിൽപ്പെട്ട ഒരുകൂട്ടം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. അവരുടെ കപ്പൽ താമസിയാതെ ഒരു കൊടുങ്കാറ്റിലകപ്പെട്ടു. ജോൺ വെസ്ലി മരണത്തെ മുഖാമുഖം കണ്ടു. തനിക്ക് ദൈവിക സമാധാനത്തിന്‍റെ നിർണ്ണയം ലഭിച്ചിട്ടില്ലായെന്ന് ജോൺ വെസ്ലിക്ക് അനുഭവപ്പെട്ടു. എന്നാൽ ജർമ്മൻകാരായ മൊറേവിയൻ വിശ്വാസികൾ, തനിക്ക് അന്യമായ ദൈവിക സമാധാനം പ്രകടമാക്കുന്നതായി ജോൺ വെസ്ലി കണ്ടു.GCMal 290.2

    ജോൺ വെസ്ലി പിന്നീട് ഇപ്രകാരം സാക്ഷീകരിച്ചു: “വളരെ മുൻപു തന്നെ മൊറേവിയൻ വിശ്വാസികളുടെ ജീവിതചര്യ ഞാനും പാലിച്ചിരുന്നു. ഇംഗ്ലീഷുകാരൻ ഒരിക്കലും ചെയ്യാത്ത ദാസ്യപ്രവൃത്തി, ഈ മൊറേവിയൻ ക്രിസ്ത്യാനികൾ സഹയാത്രികർക്കുവേണ്ടി ചെയ്തിരുന്നു. ഈ വക പ്രവൃത്തികൾക്ക് ഒരു പ്രതിഫലം അവർ ഇച്ഛിച്ചില്ല. തങ്ങളുടെ നിഗള ഹൃദയത്തെ വിനയപ്പെടുത്തുവാൻ ഈ ദാസ്യപ്രവൃത്തി നല്ലതാണെന്ന് അവർ വിശ്വസിച്ചു. തങ്ങളുടെ കർത്താവ് ഇതിനേക്കാൾ വലിയ വിനയത്തിന്‍റെ പ്രവൃത്തി ചെയ്തിട്ടുണ്ട്. ഒന്നിനും അവരുടെ വിനയ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുവാൻ കഴിഞ്ഞില്ല. അവരെ അടിച്ചാലോ, തള്ളിയാലോ, നിലത്തുതള്ളിയിട്ടാലോ അവർ അക്ഷമയുടെ ഒരു ലാഞ്ചനപോലും കാണിച്ചില്ല. ഒരു പരാതിയും അവർ പുറപ്പെടുവിച്ചില്ല. ഒരിക്കൽ ജോൺ വെസ്ലിക്ക് ഇതിന്‍റെ കാരണം ചോദിക്കാനുള്ള സന്ദർഭം ലഭിച്ചു. അവരുടെ ആരാധനയുടെ ആരംഭമായി ഒരു സങ്കീർത്തനം വായിച്ചുകൊണ്ടിരുന്നപ്പോൾ, സമുദ്രം ഇളകിമറിയാൻ തുടങ്ങി. “ആഴി ഞങ്ങളെ മൂടിക്കളയുമോ” എന്ന് തോന്നുമാറ് കടൽവെള്ളം കപ്പലിന്‍റെ തട്ടിലേക്ക് പാഞ്ഞുകയറി. കപ്പലിന്‍റെ പായ്മരം ഒടിഞ്ഞ് ഛിന്ന ഭിന്നമായി. ഭയചകിതരായ ഇംഗ്ലീഷുകാർ നിലവിളിച്ചു. എന്നാൽ ആപൽ സന്ധിയിൽ ജർമ്മൻകാരായ മൊറേവിയൻ വിശ്വാസികൾ ശാന്തരായി പാട്ടുപാടിക്കൊണ്ടിരുന്നു. കൊടുങ്കാറ്റ് ശമിച്ചപ്പോൾ ഞാൻ അവരോടു ചോദിച്ചു: “നിങ്ങൾക്ക് ഭയമുണ്ടായില്ലേ”? അവരിലൊരാൾ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “ഞങ്ങൾക്ക് ഒട്ടും ഭയമില്ലായിരുന്നു; ദൈവത്തിനു സ്തോത്രം”. ഞാൻ വീണ്ടും ചോദിച്ചു: “നിങ്ങളുടെ കുട്ടികൾക്കും സ്ത്രീകൾക്കും ഭയമുണ്ടായിരുന്നില്ലേ? അദ്ദേഹം മറുപടി പറഞ്ഞു: “ഇല്ല ഞങ്ങളുടെ കുട്ടികൾക്കും ഭാര്യമാർക്കും മരണത്തെ ഭയമില്ല”. - Whitehead, Life of the Rev. John Wesley, page 10.GCMal 290.3

    സാവന്നയിൽ എത്തിയശേഷം ജോൺ വെസ്ലി മൊറേവിയക്കാരുടെ കൂടെ അല്പകാലം പാർത്തു. അവരുടെ ക്രിസ്തീയ ജീവിതം അദ്ദേഹത്ത ആഴമായി സ്പർശിച്ചു. ആംഗ്ലിക്കൻ സഭയുടെ നിർജ്ജീവമായ ആരാധനാ രീതിയിൽ നിന്ന് വ്യത്യസ്തമായ മൊറേവിയക്കാരുടെ ആരാധനാക്രമത്തക്കുറിച്ച് അദ്ദേഹം എഴുതി: “മൊറേവിയക്കാരുടെ ആരാധനയുടെ ലാളിത്യവും പരിപാവനതയും എനിക്കുമുമ്പ് കടന്നുപോയ 1700 വർഷങ്ങളെ മറക്കുവാൻ ഇടയാക്കി. രൂപവും ഭാവവും ഇല്ലാതിരുന്ന, മൊറേവിയക്കാരുടെ ആരാധനകളിൽ ഞാൻ ആകൃഷ്ടനായി. കൂടാരപ്പണിക്കാരനായ പൌലൊസോ അഥവാ മീൻപിടുത്തക്കാരനായ പത്രൊസോ ആരാധനയിൽ അദ്ധ്യക്ഷ്യം വഹിച്ചതു പോലെ തോന്നി. അവർ പരിശുദ്ധാത്മ നിറവുള്ളവരായിരുന്നു”. -- ibid., page 11, 12.GCMal 291.1

    ജോൺ വെസ്ലി ഇംഗ്ലണ്ടിൽ തിരിച്ചെത്തിയപ്പോൾ മൊറേവിയൻ സ്വാധീനത്താൽ വേദപുസ്തക വിശ്വാസത്തിൽ ഒന്നുകൂടെ ഉറപ്പുള്ളവനായിത്തീർന്നു. ആത്മരക്ഷയ്ക്ക് സ്വന്തപ്രവൃത്തിയിലുള്ള എല്ലാ ആശയവും വെടിയണമെന്ന് അദ്ദേഹത്തിന് പൂർണ്ണബോദ്ധ്യം വന്നു. “ലോകത്തിന്‍റെ പാപത്തെ ചുമക്കുന്ന” ദൈവത്തിന്‍റെ കുഞ്ഞാടിൽ പൂർണ്ണമായി ആശ്രയിക്കണമെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. ലണ്ടനിലുള്ള ഒരു മൊറേവിയൻ സൊസൈറ്റിയുടെ യോഗത്തിൽ ലൂഥറിന്‍റെ ആ പ്രസ്താവന വായിക്കയുണ്ടായി. ഒരു വിശ്വാസിയിൽ ദൈവാത്മാവ് വരുത്തുന്ന മാറ്റത്തെക്കുറിച്ചായിരുന്നു ആ പ്രസ്തവാന. ജോൺ വെസ്ലി അത് ശ്രദ്ധിച്ചപ്പോൾ, തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം എഴുതി: “രക്ഷയ്ക്ക് ക്രിസ്തുവിൽ മാത്രം ആശ്രയിക്കണമെന്ന് എനിയ്ക്ക് അനുഭവപ്പെട്ടു. എനിക്ക് ഒരു ഉറപ്പ് ലഭിച്ചു. എന്‍റെ പാപം മുഴുവൻ കർത്താവ് നീക്കിക്കളഞ്ഞു എന്ന് എനിക്ക് ബോദ്ധ്യം വന്നു. പാപത്തിന്‍റെ ന്യായപ്രമാണത്തിൽനിന്നും അവൻ എന്നെ രക്ഷിച്ചിരിക്കുന്നു എന്ന് എനിക്ക് ഉറപ്പ് ലഭിച്ചു”. - Ibid., page 52.GCMal 291.2

    സുഖലോലുപതയെ വെടിഞ്ഞ്, കഠിനമായ തപസ്യയിലൂടെ തന്‍റെ ഏക ലാക്കായ ദൈവികാന്വേഷണത്തിലേക്ക് വെസ്ലി ഇറങ്ങിത്തിരിച്ചു. അവൻ കണ്ടെത്തുകയും ചെയ്തു. “ദ്രവ്യവും വിലയും കൂടാതെ സൗജന്യമായി തനിക്ക് ലഭിച്ചതായിരുന്നു ദൈവകൃപ.GCMal 292.1

    ഒരിക്കൽ ക്രിസ്തുവിന്‍റെ വിശ്വാസത്തിൽ ഉറച്ചശേഷം, വെസ്ലിയുടെ മുഴുഹൃദയവും ദൈവത്തിന്‍റെ സൗജന്യകൃപയെ സംബന്ധിച്ച മഹത്വമേറിയ സുവിശേഷ പരിജ്ഞാനം എങ്ങും വിതറുവാനുള്ള ആവേശത്താൽ എരിഞ്ഞു. “ലോകം മുഴുവൻ എന്‍റെ ഇടവകയായി ഞാൻ തെരഞ്ഞെടുത്തു. അതിന്‍റെ ഏതൊരു ഭാഗത്തും കേൾക്കാൻ മനസ്സുള്ളവരോടെല്ലാം രക്ഷയുടെ ദൂത് പറയുക എന്നത് എന്‍റെ പരമപ്രധാനമായ ചുമതലയായിരിക്കും'. -Ibid.. page 74.GCMal 292.2

    സ്വയത്യാഗത്തിന്‍റെ കർശനമായ ജീവിതശൈലി ജോൺ വെസ്ലി തുടർന്നു. പക്ഷേ അതേ സംബന്ധിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം വന്നു. ഇപ്പോൾ അത് വിശ്വാസജീവിതത്തിന്‍റെ വേരായിരുന്നില്ല. നേരെമറിച്ച് അതിന്‍റെ ഫലമായിരുന്നു. ഒരു ക്രിസ്ത്യാനിയുടെ പ്രത്യാശയുടെ അടിസ്ഥാനമാണ് ക്രിസ്തുവിലൂടെയുള്ള ദൈവകൃപ. അനുസരണത്തിലൂടെ ആ ദൈവകൃപ വെളിപ്പെടുന്നു. തനിക്കു ലഭിച്ച വിലയേറിയ സത്യം എവിടേയും പ്രസംഗിക്കുവാൻ വെസ്ലിയുടെ ജീവിതം പ്രതിജ്ഞാബദ്ധമായിരുന്നു. ആ സത്യം ക്രിസ്തുവിന്‍റെ പാപപരിഹാര രക്തത്തിലെ വിശ്വാസത്തിലൂടെ പ്രാപിക്കുന്ന നീതീകരണം ആയിരുന്നു. അതോടൊപ്പം ഹൃദയത്തെ പുതുതാക്കുകയും, ക്രിസ്തുവിന്‍റെ ജീവിത മാതൃകയ്ക്ക് അനുസൃതമായ ഫലം പുറപ്പെടുവിക്കാൻ കാരണമാക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയിലുള്ള വിശ്വാസവും ആയിരുന്നു.GCMal 292.3

    :തങ്ങളുടെ പാപാവസ്ഥയെക്കുറിച്ച് ശക്തമായ ബോധം ഉണ്ടായതിനു ശേഷമാണ് വെസ്ലി സഹോദരന്മാരും വൈറ്റ്ഫീൽഡും തങ്ങളുടെ വേലയ്ക്ക് ഒരുങ്ങിയത്. സുവിശേഷ ശുശ്രൂഷയിലും തങ്ങൾ പഠിച്ചിരുന്ന കലാശാലയിലും പരിഹാസവും നിന്ദയും പീഡനവും അവർക്ക് ഏൽക്കേണ്ടിവന്നു. ക്രിസ്തുവിന്‍റെ നല്ല പടയാളികളായി കഷ്ടം സഹിക്കേണ്ടതിന്, ഇതെല്ലാം ആവശ്യമായിരുന്നു. അവരേയും അവരോടു കൂടെയുണ്ടായിരുന്ന മറ്റുചിലരേയും, സഹപാഠികൾ പരിഹാസരൂപേണ “മെതെഡിസ്റ്റുകൾ” എന്ന് വിളിച്ചു. ഇന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും വലിയ അനുയായികളുള്ള ഒരു സഭയുടെ പേരായിത്തീർന്നു ആ പരിഹാസ നാമം.GCMal 292.4

    ആംഗ്ലിക്കൻ സഭയുടെ അംഗങ്ങളായിരുന്ന വെസ്ലി സഹോദരന്മാരും വൈറ്റ്ഫീൽഡും ആ സഭയുടെ ആരാധനാക്രമങ്ങളിൽ ശക്തമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ കർത്താവ് തന്‍റെ വചനത്തിലൂടെ വളരെ ഉന്നതമായ ആ ജീവിത ശൈലി അവർക്ക് കാട്ടിക്കൊടുത്തിരുന്നു. ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെ പ്രസംഗിക്കുവാൻ പരിശുദ്ധാത്മാവ് അവരെ ഉത്ബോധിപ്പിച്ചു. അത്യുന്നതന്‍റെ ശക്തി അവരുടെ പ്രയത്നങ്ങളോടുകൂടെയുണ്ടായിരുന്നു. ആയിരക്കണക്കിനാളുകൾ മാനസാന്തരപ്പെട്ടു. കടിച്ചുകീറുന്ന ചെന്നായ്ക്കളിൽനിന്ന് ഈ ആട്ടിൻകൂട്ടത്തെ രക്ഷിക്കേണ്ടതുണ്ടായിരുന്നു. പുതിയ ഒരു സഭ ഉണ്ടാക്കുന്നതിനെക്കുറിച്ച് വെസ്ലി ചിന്തിച്ചിരുന്നില്ല. എന്നാൽ “മെതെഡിസ്റ്റ് കണക്ഷൻ’ എന്ന പേരിൽ ഒരു കൂട്ടം അദ്ദേഹം രൂപീകരിച്ചു.GCMal 293.1

    അന്നത്തെ ശക്തമായ സഭയിൽനിന്നും പരിക്ഷീണിപ്പിക്കുന്ന എതിർപ്പുകൾ ഈ പ്രവർത്തകർക്ക് അനുഭവപ്പെട്ടു. എന്നാൽ ദൈവം തന്‍റെ ജ്ഞാനത്താൽ എല്ലാറ്റിനേയും നിയന്ത്രിച്ചു. സഭയ്ക്കുള്ളിൽ ഒരു നവീകരണം വരുത്താൻ ദൈവം ഇടയാക്കി. ഈ നവീകരണം മുഴുവനും പുറത്തുനിന്നു വന്നിരുന്നുവെങ്കിൽ, ആവശ്യമായ കടന്നുചെല്ലൽ ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഉണർവ്വ പ്രസംഗകർ സഭാംഗങ്ങളായിരുന്നതുകൊണ്ടും അവർ സഭയുടെ ചട്ടക്കൂട്ടിനുള്ളിൽനിന്നു പ്രവർത്തിച്ചതുകൊണ്ടും അവസരം കിട്ടുമ്പോഴെല്ലാം മറ്റു വിധത്തിൽ അപ്രാപ്യമായിരുന്നിടത്തെല്ലാം സത്യത്തിന് കടന്നുചെല്ലാൻ കഴിഞ്ഞു. അവൻ തങ്ങളുടെ ഇടവകകളിൽ ശുഷ്കാന്തിയോടെ പ്രവർത്തിച്ചു. നാമമാത്രമായ ആരാധനകളാൽ ജീർണ്ണാവസ്ഥയിൽ ആയ അനേക സഭകൾ പുതുജീവൻ പ്രാപിച്ചു.GCMal 293.2

    സഭാചരിത്രത്തിൽ ഏതു കാലഘട്ടത്തിലുമെന്നപോലെ വെസ്ലിയുടെ കാലത്തും പലവിധമായ കഴിവുകളുള്ളവർ സഭയ്ക്കുവേണ്ടി പ്രവർത്തിച്ചു. വേദോപദേശങ്ങളിലെല്ലാം അവർ ഐകരൂപ്യമുള്ളവർ ആയിരുന്നില്ല. എങ്കിലും അവർ എല്ലാവരും ദൈവാത്മാവാൽ നയിക്കപ്പെട്ടു. ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടുക എന്ന കാര്യത്തിൽ അവർ ഐക്യപ്പെട്ടു. വൈറ്റ്ഫീൽഡും വെസ്ലി സഹോദരന്മാരും തമ്മിലുണ്ടായ ആശയ സംഘട്ടനം സഭയിൽ അകൽച്ച ഉണ്ടാക്കുമോ എന്ന് ഭയപ്പെട്ട ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ ക്രിസ്തുവിന്‍റെ വിദ്യാലയത്തിൽനിന്ന് അവർ സൗമ്യത പഠിച്ചിരുന്നതുകൊണ്ട് അവർ ഒരുമനപ്പെട്ടു. എല്ലായിടത്തും വിഘടനവാദവും പാപവും വർദ്ധിച്ചു കൊണ്ടിരിക്കുകയും പാപികൾ നാശത്തിലേക്ക് പതിക്കയും ചെയ്തുകൊണ്ടി രിക്കുമ്പോൾ, അവർക്ക് പിടിച്ചു നില്ക്കുവാൻ സമയമില്ലായിരുന്നു. GCMal 293.3

    ദൈവദാസന്മാർ പരുപരുത്ത പാതയിലൂടെ നടന്നു. സ്വാധീനശക്തി ധൂവരും സമ്പന്നരും തങ്ങളുടെ കഴിവുകളെ അവർക്കെതിരായി വിനിയോഗിച്ചു. പുരോഹിതന്മാർ, തങ്ങളുടെ വിദ്വേഷം പ്രകടിപ്പിച്ചു. സഭയുടെ വാതായ നങ്ങൾ നിഷ്കളങ്കരായ വിശ്വാസികൾക്കെതിരെ അടയ്ക്കപ്പെട്ടു. ദൈവജനത്തെ ദുഷിക്കുന്നതിനും, പ്രസംഗ പീഠത്തിൽനിന്ന് അവരെ വിമർശിക്കുന്നതിനും പുരോഹിതന്മാർ എടുത്ത നിലപാട്, അജ്ഞതയേയും പാപത്തേയും ഇളക്കിവിടുവാൻ കാരണമായി. ജോൺ വെസ്ലി പല പ്രാവശ്യം ദൈവകൃപയാൽ വധശ്രമത്തിൽനിന്ന് രക്ഷപെട്ടു. മനുഷ്യരുടെ ക്രോധം ജോൺ വെസ്ലിക്കെതിരായി തിരിഞ്ഞപ്പോൾ തന്‍റെ രക്ഷയ്ക്ക് ഒരു മാർഗ്ഗവും ഇല്ലാതിരുന്ന വേളയിൽ, മനുഷ്യരൂപത്തിൽ വന്ന സ്വർഗ്ഗീയ ദൂതന്മാർ ദുഷ്ടജനങ്ങളുടെ ക്രോധാവേശത്തിൽനിന്നും ജോൺ വെസ്ലിയെ രക്ഷിച്ചു.GCMal 294.1

    കോപാന്ധരായ ജനക്കൂട്ടത്തിൽനിന്നും തനിക്ക് ലഭിച്ച വിടുതലിനെക്കുറിച്ച് വെസ്ലി ഇപ്രകാരം പറഞ്ഞു: “നഗരത്തിലേക്കുള്ള ഇറക്കത്തിൽവെച്ച്, വഴുവഴുപ്പായ പാതയിൽ നിന്നും എന്നെ തള്ളിയിടുവാൻ അനേകർ ശ്രമിച്ചു. ഒരിക്കൽ ഞാൻ താഴെ വീണാൽ പിന്നെ ഞാൻ എഴുന്നേല്ക്കുകയില്ല എന്ന കണക്കുകൂട്ടലിലായിരുന്നു അത്. എന്നാൽ അവരുടെ കയ്യിൽനിന്ന് പൂർണ്ണമായി വിടുവിക്കപ്പെടുംവരെ എന്‍റെ കാൽ വഴുതുകയോ, വീഴേണ്ടിവരുകയോ ഉണ്ടായില്ല. പലരും എന്‍റെ ഷർട്ടിന്‍റെ കോളറിൽ പിടിക്കുവാനും, വസ്ത്രത്തിൽ പിടിച്ച് തള്ളിയിടുവാനും ശ്രമിച്ചിട്ടുണ്ടെങ്കിലും അവർക്ക് എന്നെ വീഴ്ത്തുവാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ ഒരുവൻ എന്‍റെ വെയ്സ്റ്റ് കോട്ടിൽ പിടിച്ചു. പക്ഷേ അത് കീറി ഒരുഭാഗം അവന്‍റെ കയ്യിലായി. വേറൊരു മോശമായ ആൾ എന്‍റെ പിന്നിൽ നിന്നുകൊണ്ട് വടികൊണ്ട് എന്‍റെ തലയുടെ പിൻഭാഗത്ത് അടിച്ചു. ആ ഒരു അടി മതിയായിരുന്നു ഞാൻ മരിക്കുവാൻ. എന്നാൽ ഓരോ അടിയും ദൈവം തടഞ്ഞു. അയാൾ ആഗ്രഹിച്ച സ്ഥാനത്ത് കൊണ്ടില്ല. അതെങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല. എനിക്ക് വലത്തോട്ടോ ഇടത്തോട്ടോ തിരിയുവാൻ കഴിയുകയില്ലായിരുന്നു. വേറൊരുവൻ ജനക്കൂട്ടത്തിൽനിന്ന് എന്നെ അടിക്കുവാൻ കൈ ഉയർത്തി. എന്നാൽ വലിയവനായ ദൈവം എന്നെ രക്ഷിച്ചു. എന്നെ അടിക്കുവാൻ ഉയർത്തിയ കൈ അതുപോലെ താഴേക്ക് പതിച്ചു. ആ കൈ എന്‍റെ തലയിൽ ഒന്ന് ഉരസുക മാത്രമാണ് ചെയ്തത്. അടിക്കാൻ ശ്രമിച്ച ആൾ പറഞ്ഞു: ഇവന്‍റെ തലമുടി എത്ര മാർദ്ദവമായിരിക്കുന്നു. ആ ദുഷ്ടജനങ്ങളുടെ ഹൃദയങ്ങൾക്ക് മാറ്റം ഭവിച്ചിരുന്നു. കലാപക്കാരുടെ നേതാവ് നഗരത്തിലെ ഒരു മത്സര ബോക്സർ ആയിരുന്നു.GCMal 294.2

    “എത്ര സാവധാനത്തിലാണ് ദൈവം നമ്മെ ഒരുക്കുന്നത്. രണ്ടുവർഷ ത്തിനുമുമ്പ് ഒരു ഇഷ്ടിക കഷണം എന്‍റെ തോളിൽക്കൂടി ഉരുമ്മിക്കടന്നു പോയി. അതിന് ഒരു വർഷം കഴിഞ്ഞ് ഒരു കല്ല് എന്‍റെ നെറ്റിത്തടത്തിൽ കൊണ്ടു. കഴിഞ്ഞ മാസത്തിൽ എനിക്ക് ഒരു അടിയേറ്റു. ഇന്നു വൈകുന്നേരം എനിക്ക് രണ്ടു പ്രാവശ്യം അടികൊണ്ടു. ഒന്ന് ഞങ്ങൾ നഗരത്തിൽ എത്തുന്നതിനു മുൻപും, മറ്റേത് ഞങ്ങൾ വീട്ടിൽനിന്ന് ഇറങ്ങിക്കഴിഞ്ഞതിനുശേഷവും. എന്നാൽ രണ്ടടിയും അത്ര ഗൗരവമുള്ളതായിരുന്നില്ല. ഒരാൾ തന്‍റെ സർവ്വ ശക്തിയുമുപയോഗിച്ച് എന്‍റെ നെഞ്ചിൽ അടിച്ചു. മറ്റേയാൾ രക്തം വരത്തക്കവണ്ണം എന്‍റെ വായ്ക്ക് അടിച്ചു. ഈ രണ്ടടികളും എന്നെ ഒരു കച്ചിത്തുരുമ്പു കൊണ്ട് തൊട്ടു എന്ന് എനിക്കു തോന്നിയതല്ലാതെ ഒരു വേദനയും ഉണ്ടാ ക്കിയില്ല'. -John Wesley, Works, vol. 3, pp. 297, 298.GCMal 295.1

    പ്രാരംഭകാലങ്ങളിലെ മെതഡിസ്റ്റുകാർക്ക് -പ്രസംഗകരും ജനങ്ങളും- വളരെ പീഡനങ്ങൾ സഹിക്കേണ്ടതായി വന്നു. സഭാവിശ്വാസികളും അവിശ്വാസികളും ഒരുപോലെ അവരെ ഉപദ്രവിച്ചു. ന്യായാധിപകോടതികളിൽ അവർക്ക് വരേണ്ടിവന്നു. പേരിൽ മാത്രമേ അവ നീതിന്യായാധിപ കോടതികളായിരുന്നുള്ളൂ. അക്കാലങ്ങളിൽ കോടതികളിൽ ന്യായം നടത്തുക അപൂർ വ്വമായിരുന്നു. പലപ്പോഴും പ്രതികളായി കൊണ്ടുവരപ്പെട്ടവർക്ക് പീഡനം അനുഭവിക്കേണ്ടിവന്നു. അക്രമാസക്തരായ ജനക്കൂട്ടം വീടുവീടാന്തരം കയറി അക്രമങ്ങൾ അഴിച്ചുവിട്ടു. മെതെഡിസ്റ്റുകാരുടെ വീടുകൾ ആക്രമിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസുകൾ ചില അവസരങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ദൈവിക കല്പനകളുടെയും മാനുഷിക നിയമങ്ങളുടയും ഇപ്രകാരമുള്ള നഗ്നമായ ലംഘനം നിർവിഘ്നം നടന്നിരുന്നു. പാപികളെ നാശമാർഗ്ഗത്തിൽനിന്ന് നന്മയുടെ വഴിയിലേക്ക് നയിച്ചു എന്ന ഏക തെറ്റ് മാത്രമെ അവരുടെമേൽ ചുമത്തുവാനുണ്ടായിരുന്നുള്ളൂ. അവരുടെമേൽ ആലോചിച്ചുറച്ച പീഡനമാണ് നടത്തിപ്പോന്നിരുന്നത്.GCMal 295.2

    തന്‍റെമേലും, തന്‍റെ സഹപ്രവർത്തകരുടെമേലും ആരോപിക്കപ്പെട്ടിരുന്ന ആരോപണങ്ങളെ പരാമർശിച്ചുകൊണ്ട് ജോൺ വെസ്ലി പറഞ്ഞു: മെതെഡിസ്റ്റുകാരുടെ ഉപദേശങ്ങൾ വ്യാജവും തെറ്റുനിറഞ്ഞതും വളരെ തീവ്രസ്വഭാവമുള്ളതുമാണെന്നും അവ പാരമ്പര്യാചാരങ്ങൾക്ക് വിരുദ്ധവും പുതിയ ആശയം ക്വാക്കറിസം, മതഭ്രാന്ത് എന്നിവ ഉൾക്കൊള്ളുന്നതുമാണെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം വേരോടെ അറുത്തു നീക്കി. സഭയുടെ ഉപദേശങ്ങൾ വേദപുസ്തകത്തിന്‍റെ സ്പഷ്ടമായ വ്യാഖ്യാനമാണ്. അതുകൊണ്ട് അത് വ്യാജമോ, തെറ്റോ ആയിരിക്കാൻ സാദ്ധ്യമല്ല. തിരുവെഴുത്തുകൾ സത്യമാണെങ്കിൽ, ഈ സഭയുടെ ഉപദേശങ്ങളും സത്യമാണ്. മെതേഡിസ്റ്റുകാരുടെ ഉപദേശങ്ങൾ വളരെ കഠിനമാണെന്ന് ചിലർ കുറ്റപ്പെടുത്താറുണ്ട്. അവർ സ്വർഗ്ഗത്തേക്കുള്ള വഴി വളരെ ഇടുക്കമുള്ളതാക്കിത്തീർക്കുന്നു. ഇത് യഥാർത്ഥത്തിൽ ആദ്യമേയുള്ള എതിർപ്പാണ്. (കുറേക്കാലത്തേക്കുള്ളത് മാത്രമായിരുന്നു ഈ ഏക ആരോപണം). അനേകം എതിർപ്പുകളുടേയും മൂലകാരണം ഇതായിരുന്നു. അത് പല രൂപത്തിൽ കാണുന്നുവെന്നുമാത്രം. എന്നാൽ നമ്മുടെ കർത്താവും അപ്പൊസ്തലന്മാരും ആഗ്രഹിച്ചിട്ടുള്ളതിനേക്കാൾ നമ്മുടെ ഉപദേഷ്ടാക്കന്മാർ കൂടുതൽ ഇടുക്കമുള്ളതാക്കിത്തീർക്കുന്നുവോ? അവരുടെ ഉപദേശങ്ങൾ വേദപുസ്തകത്തെക്കാൾ കൂടുതൽ കടുപ്പമേറിയതാണോ? കുറച്ചു വാക്യങ്ങൾ പരിശോധിക്കുക. “നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും, പൂർണ്ണാത്മാവോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം”. “മനുഷ്യർ പറയുന്ന ഏത് നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും”. ആകയാൽ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്‌വിൻ.” GCMal 295.3

    അവരുടെ ഉപദേശം ഇതിനേക്കാൾ കർശനമെങ്കിൽ അവർ കുറ്റക്കാർ തന്നെ. എന്നാൽ വാസ്തവമതല്ലായെന്ന് നിങ്ങളുടെ മനസ്സു പറയുന്നു. ദൈവത്തിന്‍റെ വചനത്തെ മാലിന്യപ്പെടുത്താതെ ആർക്ക് ഒരംശമെങ്കിലും കുറയ്ക്കാൻ സാധിക്കും? ദൈവത്തിന്‍റെ വിശുദ്ധ ആജ്ഞകളെ മാറ്റിക്കൊണ്ട് ദൈവത്തിന്‍റെ ഏതൊരു ദാസനെങ്കിലും ദൈവസന്നിധിയിൽ വിശുദ്ധനായി നില്ക്കാൻ കഴിയുമോ? തീർച്ചയായും കഴിയുകയില്ല. അവന് ഒന്നും കുറയ്ക്കുവാൻ സാദ്ധ്യമല്ല. ഒന്നിനേയും മയപ്പെടുത്തുവാനും കഴിയുകയില്ല. “നിങ്ങളുടെ അഭിരുചിക്കനുസരിച്ച് എനിക്ക് തിരുവെഴുത്തുകളെ താഴോട്ടുകൊണ്ടു വരുവാൻ കഴിയുകയില്ല. നിങ്ങൾ അതിനനുസരിച്ച് ഉയരണം. അല്ലെങ്കിൽ നശിക്കുക”. മെതെഡിസ്റ്റുകാരുടെ സ്നേഹമില്ലായ്മയെക്കുറിച്ച് വിളിച്ചു കൂവുന്ന ജനതയുടെ അവസ്ഥ ഇതാണ്. അവർ സ്നേഹമില്ലാത്തവരാണോ? ഏതു രീതിയിലാണ് അവർ സ്നേഹമില്ലാത്തവരായിരിക്കുന്നത്? അവർ വിശപ്പുള്ളവർക്ക് ആഹാരം കൊടുക്കുകയും നഗ്നരെ ഉടുപ്പിക്കയും ചെയ്യുന്നില്ലേ? അതല്ല കാര്യം വിമർശിക്കുന്നവരാണ് ഒട്ടും സ്നേഹമില്ലാത്തവർ. തങ്ങളെപ്പോലെ മറ്റുള്ളവർ ആയിത്തീരുന്നില്ലെങ്കിൽ ഒരുത്തനും രക്ഷപെടാൻ പോകുന്നില്ല എന്നാണ് അവർ കരുതുന്നത്”. -Ibid., vol. 3. pp 152, 153.GCMal 296.1

    ഇംഗ്ലണ്ടിൽ വെസ്ലിക്ക് തൊട്ടുമുൻപ് പ്രകടമായ ആത്മീയാധഃപതനത്തിനു കാരണം ദൈവകല്പനയ്ക്കെതിരായിട്ടുള്ള ഉപദേശമായിരുന്നു. ക്രിസ്തു പത്തു കല്പനയെ നീക്കിക്കളഞ്ഞുവെന്ന് അനേക ഉപദേഷ്ടാക്കന്മാർ ശക്തമായി പഠിപ്പിച്ചു. അതുകൊണ്ട് ക്രിസ്ത്യാനികൾ കല്പന അനുസരിക്കുവാൻ ബാദ്ധ്യസ്ഥരല്ലായെന്നും അവർ പഠിപ്പിച്ചു. ഒരു വിശ്വാസി കല്പനാനുസരണം എന്ന തടവറയിൽനിന്ന് മോചിതനാണെന്ന് അവർ പഠിപ്പിച്ചു. മറ്റു ചിലർ, “കല്പന മാറ്റമില്ലാത്തതാകുന്നുവെന്ന് സമ്മതിക്കുന്നുവെങ്കിലും, ഉപദേഷ്ടാക്കന്മാർ കല്പനാനുസരണത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ല എന്ന് പറഞ്ഞു. കാരണം ദൈവം രക്ഷയ്ക്കായി തെരഞ്ഞെടുക്കുന്നവർ, ദൈവകൃപയാൽ കല്പനകളെ സ്വാഭാവികമായി കാത്തുകൊള്ളും. അതുപോലെതന്നെ, നിത്യ നാശത്തിനായി വിധിക്കപ്പെട്ടവർ, ദൈവകല്പനകളെ പ്രമാണിക്കുവാൻ അശക്തരുമായിരിക്കും”.GCMal 297.1

    “തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധന്മാർക്ക് കൃപയിൽനിന്ന് വീണുപോകാനോ, ശത്രുവിന്‍റെ അടിമയായിത്തീരുവാനോ കഴിയുകയില്ല” എന്നവർ പഠിപ്പിച്ചു. ഇപ്രകാരം പഠിപ്പിച്ചവർ ഒരു പടികൂടെ താഴേക്ക് പതിച്ചു. അവർ പറഞ്ഞു: “വിശുദ്ധന്മാർ ചെയ്യുന്ന പാപങ്ങൾ യഥാർത്ഥത്തിൽ പാപങ്ങളല്ല. അവ ദൈവകല്പനയുടെ ലംഘനങ്ങളാണെന്നും കരുതേണ്ടതില്ല. അവർക്ക് ഏറ്റുപറയുവാനോ, അനുതപിക്കുവാനോ അവസരങ്ങളില്ല. - McClintock and Strong, Cyclopedia, art. അതുകൊണ്ട് ഏറ്റവും ഹീനമായ പാപവും, ദൈവകല്പനയുടെ ലംഘനമെന്ന് ലോകത്തെല്ലാടവും പറയപ്പെടുന്ന പാപങ്ങൾപോലും, ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവർ ചെയ്യുമ്പോൾ അത് പാപമല്ലാതായിത്തീരുന്നു”.GCMal 297.2

    ഈ ഭയാനകമായ ഉപദേശസംഹിതകൾതന്നെയാണ് പിന്നീട് വന്ന വേദപണ്ഡിതരും, ഉപദേഷ്ടാക്കന്മാരും പഠിപ്പിച്ചത്. ദൈവകല്പനയ്ക്ക് മാറ്റം വരുമെന്ന് അവർ പഠിപ്പിച്ചു. സമൂഹമാണ് ധാർമ്മിക മൂല്യങ്ങളുടെ മാനദണ്ഡം നിർമ്മിക്കുന്നതെന്നും, സമൂഹം കാട്ടിക്കൊടുക്കുന്ന മാനദണ്ഡം അംഗീകരിച്ചാൽ മതിയെന്നും, ഇത് എപ്പോഴും മാറ്റത്തിന് വിധേയമാണെന്നും അവർ പഠിപ്പിച്ചു. ഈ ആശയങ്ങളെല്ലാം ഒരേ ആത്മാവിനാൽ നയിക്കപ്പെടുന്നതാണ്. ആ ആത്മാവായിരുന്നു പാപരഹിതരായ സ്വർഗ്ഗവാസികളുടെ ഇടയിൽ പോലും ദൈവകല്പനകളെ തകർക്കാൻ ശ്രമിച്ചത്.GCMal 297.3

    ദൈവിക കല്പനകളെ സംബന്ധിച്ച ഉപദേശം മനുഷ്യസ്വഭാവങ്ങളെ ദൃഢമായി ഉറപ്പിക്കുന്നു. ഈ അവസ്ഥാവിശേഷം അനേകരെ കല്പനാനിഷേധത്തിലേക്ക് നയിച്ചു. ദൈവകല്പനയ്ക്കെതിരായി നിലകൊണ്ട ഉപദേശ രുടെ തെറ്റുകളെ പലപ്പോഴും എതിർത്തിരുന്നു. അവരുടെ നിലപാട് തിരുവെഴുത്തുകൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. “സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ”. ഇത് വളരെ നല്ലതും ദൈവദൃഷ്ടിയിൽ അംഗീകാരമുള്ളതുമാണ്. എല്ലാവരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്‍റെ പരിജ്ഞാനത്തിൽ വരണമെന്നും ദൈവം ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ നമുക്ക് ഒരു ദൈവവും ഒരു മദ്ധ്യസ്ഥനും മാത്രമേയുള്ളൂ. അത് കർത്താവായ യേശുക്രിസ്തു ആകുന്നു. താൻ എല്ലാ മനുഷ്യർക്കുംവേണ്ടി യാഗമായിത്തീർന്നു (തീത്തൊസ് 2:11; 1 തിമൊ. 2:3-6). ദൈവാത്മാവ് സൗജന്യമായി ഏവർക്കും നല്കപ്പെട്ടിരിക്കയാണ്. ഇപ്രകാരം ക്രിസ്തു “ലോകത്തിലേക്ക് വരുന്ന സകലരേയും പ്രകാശിപ്പിക്കുന്നു” (യോഹ.29). ജീവന്‍റെ ദാനത്തെ മനുഷ്യർ അറിഞ്ഞുകൊണ്ട് ത്യജിക്കുന്നതിനാൽ മനുഷ്യന് രക്ഷ നഷ്ടപ്പെടുന്നു.GCMal 298.1

    ക്രിസ്തുവിന്‍റെ മരണത്തിൽ കർമ്മാചാരപരമായ മോശൈക ന്യായ പ്രമാണത്തോടൊപ്പം ദൈവത്തിന്‍റെ പത്തുകല്പനയായ സാന്മാർഗ്ഗിക ന്യാ പ്രമാണവും നീക്കപ്പെട്ടു എന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് ജോൺ വെസ്ലി പറഞ്ഞു: പത്തു കല്പനയിൽ ഉൾപ്പെട്ടിരിക്കുന്ന സാന്മാർഗ്ഗിക നിയമങ്ങൾ ക്രിസ്തു ഒരിക്കലും എടുത്തുകളഞ്ഞില്ല. തന്‍റെ വരവിന്‍റെ ഉദ്ദേശം ദൈവ കല്പനകൾ എങ്ങിനെയെങ്കിലും മാറ്റുകയായിരുന്നില്ല. ഒരിക്കലും മാറ്റുവാൻ കഴിയാത്തതാകുന്നു ദൈവകല്പനകൾ. അതൊരു വിശ്വസ്ത സാക്ഷിയായി സ്വർഗ്ഗത്തിൽ നിലകൊള്ളുന്നു.... ലോകാരംഭം മുതൽ ഇപ്രകാരമായിരുന്നു. കല്പലകകളിലല്ല ഇവ എഴുതിയിരിക്കുന്നത്. നേരേമറിച്ച് എല്ലാ മനുഷ്യരുടെയും ഹൃദയത്തിൽ ഇവ എഴുതപ്പെട്ടിരിക്കുന്നു. ഒരിക്കൽ ദൈവത്താൽ എഴുതപ്പെട്ട ഈ കല്പനകൾ ഇന്ന് പാപം മൂലം വികൃതമാക്കപ്പെട്ടിരിക്കുന്നു. എങ്കിലും, നന്മതിന്മകളെക്കുറിച്ച് നമുക്ക് എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ ദൈവകല്പനകളെ നമുക്ക് തുടച്ച് നീക്കുവാൻ കഴികയില്ല. ദൈവകല്പനയുടെ എല്ലാ ഭാഗവും എല്ലാ മനുഷ്യരുടെമേലും, എല്ലായ്പ്പോഴും സംശക്തമായി നിലകൊള്ളണം. ഇതിന് കാലദേശ വ്യത്യാസമോ മറ്റ് സാഹചര്യ വ്യത്യാസങ്ങളോ ഇല്ല. ഇവ ദൈവത്തിന്‍റെ പ്രകൃതംപോലെയാണ്. ദൈവ കല്പനയ്ക്ക് ഒരു മാറ്റവുമില്ല.GCMal 298.2

    “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന് വന്നു എന്ന് നിരൂപിക്കരുത്. നീക്കേണ്ടതിനല്ല, നിവർത്തിപ്പാനത്രെ വന്നത്', ഞാൻ ഈ പറഞ്ഞതിന്‍റെ അർത്ഥം: ഞാൻ വന്നതിന്‍റെ ഉദ്ദേശം ദൈവകല്പനകളെ പൂർണ്ണമായി ഉറപ്പിക്കുന്നതിനാണ്. മനുഷ്യൻ എന്ത് വ്യാഖ്യാനം നല്കിയാലും ക്രിസ്തു വന്നതിന്‍റെ ഉദ്ദേശം, ഇരുട്ടത്തായിപ്പോയ ദൈവകല്പനയ്ക്ക് വെളിച്ചം കൊടുക്കുന്നതിനും തെളിമയുള്ളതും പൂർണ്ണവുമായ ദർശനം കല്പനയ്ക്ക് ലഭിക്കുന്നതിനും ആയിരുന്നു. ദൈവകല്പനയുടെ യഥാർത്ഥവും പൂർണ്ണവുമായ ശക്തിയെ പ്രഘോഷിക്കുന്നതിനും, അതിന്‍റെ വീതിയും നീളവും പ്രഖ്യാപിക്കുന്നതിനുമാണ് ക്രിസ്തു വന്നത്. ദൈവകല്പനയുടെ എല്ലാ ഭാഗവും, അതിന്‍റെ ആഴവും ഉയരവും, മാനുഷ ചിന്തയ്ക്ക് ഉൾക്കൊള്ളാവുന്ന എല്ലാ വിശുദ്ധിയും, ആത്മീയതയും അതിന് നല്കണമെന്ന് പറയുവാനാണ് ഞാൻ വന്നത്.” - Wesley, sermon 25.GCMal 298.3

    ദൈവകല്പനയും സുവിശേഷവും എപ്രകാരം ഐക്യപ്പെട്ടിരിക്കുന്നു വെന്ന് വെസ്ലി പറഞ്ഞു. “സുവിശേഷവും ദൈവകല്പനയും തമ്മിൽ ഏറ്റവും അടുത്ത ബന്ധമാണുള്ളത്. ഒരു വശത്ത് ദൈവകല്പന സുവിശേഷത്തിനായി വഴി ഒരുക്കുകയും സുവിശേഷത്തെ നമുക്ക് കാട്ടിത്തരുകയും ചെയ്യുന്നു. മറുവശത്ത്, സുവിശേഷം ദൈവകല്പനയിലേക്ക് നയിക്കുന്നു. ഉദാഹരണമായി, ദൈവകല്പ്പന നമ്മോട് ആവശ്യപ്പെടുന്നത് ദൈവത്തെ സ്നേഹിക്കുവാനാണ്. അതുപോലെതന്നെ നമ്മുടെ അയൽക്കാരനേയും സ്നേഹിക്കുന്നതിന് ദൈവകല്പന ആവശ്യപ്പെടുന്നു. നാം താഴ്ചയുള്ളവരായിരിപ്പാനും സൌമ്യതയും വിശുദ്ധിയും ഉള്ളവരായിരിക്കുവാനും ദൈവകല്പന ആഹ്വാനം ചെയ്യുന്നു. ഈവക കാര്യങ്ങളിൽ നാം ഒന്നുമായിത്തീർന്നിട്ടില്ല എന്ന ബോധം നമുക്കുണ്ട്. “മനുഷ്യന് ഇത് അസാദ്ധ്യം തന്നെ; എങ്കിലും ദൈവത്തിന്‍റെ വാഗ്ദത്തം ഇതാണ്: നമ്മ താഴ്മയുള്ളവരും വിശുദ്ധിയുള്ളവരും ആക്കിത്തീർക്കുന്ന സ്നേഹം നല്കാമെന്ന ദൈവവാഗ്ദത്തം നാം കാണുന്നു. ഈ സുവിശേഷത്തെ നാം മുറുകെ പിടിക്കുന്നു. ഈ സുവാർത്തയെ നാം വിശ്വാ ത്താൽ കൈക്കൊള്ളുന്നു. നമ്മുടെ വിശ്വാസത്തിന്‍റെ അളവിനൊത്ത് അത് നമുക്ക് നല്കപ്പെടുന്നു. അങ്ങനെ ന്യായപ്രമാണത്തിന്‍റെ നീതി നമ്മിൽ നിവൃത്തിയാക്കപ്പെടുന്നു. ഇത് ക്രിസ്തുവിലുള്ള വിശ്വാസത്താൽ സംഭവിക്കുന്നു. GCMal 299.1

    സുവിശേഷത്തിന്‍റെ ശത്രുക്കളായുള്ളവരുടെ ഉന്നത മണ്ഡലങ്ങളിൽ ദൈവത്തിന്‍റെ ന്യായപ്രമാണത്തെ പരസ്യമായി വിമർശിക്കുന്നവരുണ്ട്. ദൈവ കല്പനയെ ലംഘിക്കുവാൻ അവർ മറ്റുള്ളവരെ പ്രേരിപ്പിക്കും. ഒരു കല്പന മാത്രമല്ല, എല്ലാ കല്പനകളേയും ലംഘിക്കുവാൻ അവർ ഉപദേശിക്കും. അതിൽ ഏറ്റവും അത്ഭുതകരമായിട്ടുള്ളത്, ദൈവകല്പനയെ സംരക്ഷിക്കേ ണ്ടവർ, അതിനെ പുറന്തള്ളുമ്പോൾ, തങ്ങൾ ക്രിസ്തുവിനെ ബഹുമാനിക്കയാണെന്നും അതിനെ വലുതാക്കി കാണിക്കുകയാണെന്നും വിശ്വസിക്കുന്നതാണ്. യൂദയെപ്പോലെ അവരും കർത്താവിനെ ബഹുമാനിക്കുന്നു. “ഗുരുവേ വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവർ ക്രിസ്തുവിനെ ചുംബിക്കുന്നു. “മനുഷ്യപുത്രനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുക്കുന്നുവോ” എന്ന് കർത്താവ് അവരോടും ചോദിക്കുന്നു. കർത്താവിന്‍റെ രക്തത്തെക്കുറിച്ച് സംസാരിക്കുകയും തന്‍റെ കിരീടത്തെ എടുത്തുകളകയും ചെയ്യുന്നവർ, കർത്താവിനെ ചുംബനത്താൽ എന്നപോലെ ഒറ്റിക്കൊടുക്കുന്നവരാണ്. ഏതെങ്കിലും ഭാഗത്ത് സുവിശേഷത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന മറവിൽ കർത്താ വിന്‍റെ കല്പനകളിൽ ഏതെങ്കിലും ഭാഗത്തെ ലാഘവമായി എടുക്കുന്നവരും കർത്താവിനെ ഒറ്റിക്കൊടുക്കുന്നവരുടെ കൂട്ടത്തിലാണ്. ദൈവകല്പനകളിൽ ഏതെങ്കിലും ഭാഗത്തെ അവഗണിച്ചുകൊണ്ട്, വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നവനും മേൽപ്പറഞ്ഞ ആരോപണത്തിൽനിന്നും ഒഴിഞ്ഞു മാറാവതല്ല.ദൈവകല്പ്പനകളിൽ ഏതിനെയെങ്കിലും അവഗണിച്ചുകൊണ്ട് ക്രിസ്തുവിനെ പ്രസംഗിക്കുന്നവരും ഇതേ കുറ്റം ചെയ്യുന്നവരാണ്. -Ibid., sermon 35.GCMal 299.2

    സുവിശേഷം ന്യായപ്രമാണത്തിന്‍റെ അവസാനം ആകുന്നു എന്ന് വാദിച്ചവരോട് വെസ്ലി പറഞ്ഞു: “ഇത് ഞാൻ പൂർണ്ണമായും നിഷേധിക്കുന്നു. കല്പനയുടെ ഒന്നാമത്തെ ലക്ഷ്യത്തെക്കുറിച്ച് ഇതൊന്നും പറയുന്നില്ല. പ്രത്യേകിച്ചും പാപബോധത്തെക്കുറിച്ച്. നരകത്തിന്‍റെ പടിവാതിലിൽ കിടക്കുന്നവരെ ഉണർത്തേണ്ടതിന്‍റെ ആവശ്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അപ്പൊസ്തലനായ പൌലൊസ് പറയുന്നു: “ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല” (റോമ. 7:17). തന്‍റെ പാപത്തെക്കുറിച്ച് അറിവു ലഭിക്കുന്നതുവരെ പാപപരിഹാരത്തിനുവേണ്ടി ക്രിസ്തു ചൊരിഞ്ഞ രക്തത്തെക്കുറിച്ച് മനുഷ്യന് ആവശ്യബോധം ഉണ്ടാകയില്ല'. ആരോഗ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല. വൈദ്യനെ ആവശ്യമുള്ളത് രോഗികൾക്കാണ് എന്ന് കർത്താവ് പറഞ്ഞു. രോഗമില്ലാത്തവർക്ക് വൈദ്യനെ നല്കുന്നത് വിഡ്ഢിത്തമാണ്. രോഗമില്ലായെന്ന് കരുതുന്നവർക്കും വൈദ്യനെ ആവശ്യമില്ല. തങ്ങൾ രോഗികളാണെന്ന് അവരെ ആദ്യം ബോദ്ധ്യപ്പെടുത്തണം. അല്ലെങ്കിൽ അവർ നിങ്ങളുടെ പ്രയത്നത്തിന് നന്ദി പ്രകാശിപ്പിക്കയില്ല. അതുപോലെ പരിശുദ്ധമായ ഹൃദയമുള്ള ഒരുവന് ക്രിസ്തുവിനെ നൽകുന്നതും വിഡ്ഢിത്തമാണ്. ഒരിക്കലും ഹൃദയം നുറുങ്ങാത്തവർക്ക് ക്രിസ്തുവിനെ നല്കുന്നത് അബദ്ധമാണ്”. -Ibid., sermon 35. GCMal 300.1

    ഇങ്ങനെ ക്രിസ്തുവിന്‍റെ കൃപയെക്കുറിച്ച് പ്രസംഗിച്ചപ്പോൾ, തന്‍റെ ഗുരുവിനെപ്പോലെ, വെസ്ലി കല്പനയെ മഹത്വീകരിപ്പാനും ബഹുമാനമുള്ളതാക്കുവാനും ശ്രമിച്ചു. ദൈവത്താൽ നല്കപ്പെട്ട വേല വെസ്ലി വിശ്വസ്തതയോടെ പൂർത്തീകരിച്ചു. അതിന്‍റെ ഫലം മഹത്വപൂർണ്ണമായിരുന്നു. അതു കണ്ടാനന്ദിപ്പാനും ദൈവം വെസ്ലിയെ അനുവദിച്ചു. തന്‍റെ ദീർഘമായ ജീവിതകാലത്ത് തനിക്ക് ലഭിച്ച അനുയായികളുടെ എണ്ണം ഏതാണ്ട് അഞ്ച് ലക്ഷമായിരുന്നു. എന്നാൽ തന്‍റെ പ്രയത്നത്താലും തന്‍റെ ഉപദേശങ്ങളാലും സമ്പന്നമായ ആത്മീകാനുഭവത്തിലേക്ക് ഇറങ്ങിയവരുടെ എണ്ണം ദൈവരാജ്യത്തിൽ വീണ്ടെടുക്കപ്പെട്ടവർ ഒന്നിച്ചു കൂടുംവരെ അറിയുകയില്ല. വെസ്ലിയുടെ ജീവിതം ഓരോ ക്രിസ്ത്യാനിക്കും വില കല്പിക്കുവാൻ പാടില്ലാത്ത പാഠമാണ് നല്കുന്നത്. ഇന്നത്തെ സഭകളിൽ വെസ്ലിയുടെ വിശ്വാസവും താഴ്ചയും ഒരിക്കലും തളരാത്ത ഊർജ്ജസ്വലതയും പ്രതിഫലിച്ചിരുന്നെങ്കിൽ!GCMal 300.2