Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 37—തിരുവചനം ഒരു സുരക്ഷിത വലയം

    “ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലയെങ്കിൽ - അവർക്കു അരുണോദയം ഉണ്ടാകയില്ല” (യെശ. 8:20). കള്ളപ്രവാചകന്മാരുടെ സ്വാധീനത്തിനും അന്ധകാരത്തിന്‍റെ ആത്മാക്കളുടെ വഞ്ചക ശക്തിക്കുമെതിരെയുള്ള സുരക്ഷിത വലയമായി ദൈവജനങ്ങൾ തിരുവചനത്തിലേക്കു തിരിയേണ്ടതാണ്. വേദപുസ്തകത്തിലെ വ്യക്തമായ പ്രസ്താവനകൾ സാത്താന്‍റെ കപട വഞ്ചനകളെ വെളിവാക്കുന്നതുകൊണ്ട് ജനങ്ങളെ ബൈബിൾ പരിജ്ഞാനത്തിൽനിന്നു അകറ്റിനിറുത്തുവാൻ അവൻ തനിക്കു സാദ്ധ്യമായ എല്ലാ തന്ത്രങ്ങളും ഉപയോഗിക്കുന്നു. ദൈവവേലയുടെ ഓരോ നവീകരണത്തിലും ഉണർവ്വിലും ദുഷ്ടതയുടെ പ്രഭു വികാരതീവത് യോടെ ഉണർന്നു പ്രവർത്തിക്കുന്നു; ക്രിസ്തുവിനും അവന്‍റെ അനുഗാമികൾക്കുമെതിരേയുള്ള തന്‍റെ അന്ത്യ പോരാട്ടത്തിനു അവൻ സകല കഴിവുകളുമുപയോഗിച്ചു പ്രവർത്തിക്കുന്നു. അവസാനത്തെ ഏറ്റവും വലിയ വഞ്ചന നമ്മുടെ മുമ്പിൽ വളരെ വേഗം പ്രത്യക്ഷമാകും. എതിർ ക്രിസ്തു തന്‍റെ അത്ഭുതപ്രവർത്തനങ്ങൾ നമ്മുടെ മുമ്പിൽ കാണിക്കും. ഇതിനു സത്യത്തോടു വളരെ സാമ്യമുള്ളതിനാൽ വിശുദ്ധ തിരുവചനം കൂടാതെ തിരിച്ചറിയുവാൻ അസാദ്ധ്യമാണ്. അതിന്‍റെ സാക്ഷ്യവചനമുപയോഗിച്ച് ഓരോ പ്രസ്താവ നയും ഓരോ അത്ഭുതവും പരിശോധിക്കേണ്ടതാണ്.GCMal 684.1

    ദൈവത്തിന്‍റെ കല്പനകളെല്ലാമനുസരിക്കുവാൻ ഉത്സാഹിക്കുന്നവർക്ക് എതിർപ്പും പരിഹാസവും അനുഭവിക്കേണ്ടിവരും. അവർക്കു നില്ക്കുവാനാശ്രയം ദൈവം മാത്രമാണ്. തങ്ങളുടെ മുമ്പിലുള്ള പരീക്ഷകൾ നേരിടണ മെന്നുണ്ടെങ്കിൽ ദൈവേഷ്ടം തിരുവചനത്തിൽകൂടെ വെളിപ്പെടുത്തിയിരിക്കുന്നതവർ മനസ്സിലാക്കണം; ദൈവത്തിന്‍റെ സ്വഭാവം, ഭരണകൂടം, ഉദ്ദേശ്യങ്ങൾ എന്നിവയെ ശരിയായി ആഗ്രഹിക്കുകയും അവയ്ക്കനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ മാത്രമെ ദൈവത്തെ ബഹുമാനിക്കുവാൻ സാദ്ധ്യമാകൂ. വേദപുസ്തക സത്യങ്ങൾകൊണ്ട് മനസ്സിനെ കോട്ടകെട്ടി കാക്കുന്ന വരൊഴികെ മറ്റാരും തന്നെ അവസാനത്തെ മഹാപോരാട്ടത്തിൽ ഉറച്ചു നില്ക്കുകയില്ല. മനുഷ്യരെക്കാളധികം ഞാൻ ദൈവത്തെ അനുസരിക്കേണ്ടതാണോ? എന്ന വലിയ പരിശോധന ഓരോ വ്യക്തിയും നേരിടേണ്ടിവരും. തീരുമാനമെടുക്കേണ്ട നാഴിക ഇപ്പോൾ തന്നെ സമീപമെത്തിക്കഴിഞ്ഞിരിക്കുന്നു. ദൈവത്തിന്‍റെ വചനമെന്ന ഇളകാത്ത പാറമേൽ നമ്മുടെ പാദങ്ങൾ ഉറപ്പിച്ചിട്ടുണ്ടോ? ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തു കൊള്ളുന്നതിനുവേണ്ടി ഉറച്ചു നിൽക്കുവാൻ നാം ഒരുക്കമാണോ?GCMal 684.2

    കർത്താവായ യേശുക്രിസ്തു മരണത്തിനേൽപ്പിക്കപ്പെടുമെന്നും കല്ലറ വിട്ട് ഉയിർത്തെഴുന്നേല്ക്കുമെന്നും തന്‍റെ കൂശാരോഹണത്തിനു മുൻപു തന്നെ ശിഷ്യന്മാർക്കു വിശദീകരിച്ചുകൊടുക്കുകയും തന്‍റെ വാക്കുകൾ അവരുടെ ഹൃദയങ്ങളിൽ പതിപ്പിക്കുവാൻ ദൂതഗണങ്ങൾ അപ്പോൾ സന്നിഹിതരായിരിക്കുകയും ചെയ്തു. പക്ഷെ, റോമൻ നുകത്തിൽ നിന്നുള്ള താൽക്കാ ലിക മോചനം ശിഷ്യന്മാർ പ്രതീക്ഷിച്ചിരുന്നതുകൊണ്ട് അവരുടെ സകല പ്രത്യാശയുടെയും കേന്ദ്രമായ കർത്താവ് ലജ്ജാകരമായ മരണം അനുഭ വിക്കേണ്ടിവരുമെന്ന ചിന്തപോലും അവർക്കു സഹിക്കുവാൻ ആകാത്തതായിരുന്നു. അവർ ഓർത്തിരിക്കേണ്ടതായ വചനം മനസ്സിൽനിന്നു മാഞ്ഞുപോയി; പരീക്ഷാഘട്ടം വന്നപ്പോൾ ഒരുക്കമില്ലാത്തവരായവർ കാണപ്പെട്ടു. യേശു വിന്‍റെ മരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലായിരുന്നു എന്ന വണ്ണം അവരുടെ പ്രത്യാശകളെല്ലാം പൂർണ്ണമായി നശിച്ചുപോയി. ക്രിസ്തുവിന്‍റെ വാക്കുകളിൽക്കൂടെ ഭാവിയെപ്പറ്റി ശിഷ്യന്മാർക്ക് അറിവു ലഭിച്ചിരുന്നതുപോലെ നമ്മുടെ മുമ്പിലും ഭാവിയിൽ എന്താണെന്നു പ്രവചനങ്ങൾ തുറന്നുകാട്ടിയിരിക്കുന്നു. കൃപാകാലം അവസാനിക്കുന്നതിനോടു ബന്ധപ്പെട്ടുള്ള സംഭവങ്ങളും മഹാകഷ്ടകാലത്തെ നേരിടുന്നതിനു ചെയ്യേണ്ട ഒരുക്കങ്ങളും എന്തെല്ലാമെന്നു വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിലയേറിയ സുപ്രധാന സത്യങ്ങളൊന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ലായെന്നവിധം പുരുഷാരമൊക്കെയും അജ്ഞതയിലാണ്. അവരെ രക്ഷയ്ക്കു ജ്ഞാനിയാക്കേണ്ട വചനത്തിന്‍റെ ഓരോ മുദ്രണവും എടുത്തുകളഞ്ഞുകൊണ്ട് മഹാകഷ്ടകാലത്തിൽ ഒരുങ്ങാത്തവരായി അവർ കാണപ്പെടുവാൻ സാത്താൻ നോക്കിപ്പാർത്തിരിക്കുന്നു.GCMal 685.1

    ആകാശമദ്ധ്യ പറക്കുന്ന വിശുദ്ധദൂതന്മാർ പ്രഘോഷിക്കുന്ന രീതിയിൽ അതിപ്രധാന മുന്നറിയിപ്പ് ദൈവം മനുഷ്യർക്കയയ്ക്കുമ്പോൾ ഓരോ വ്യക്തിയും ആ ദൂതു ചെവിക്കൊള്ളുന്നതിനാവശ്യമായ വിവേചനാശക്തി പ്രാപിക്കേണ്ടതാണെന്നവൻ ആഗ്രഹിക്കുന്നു. മൃഗത്തെയും അതിന്‍റെ പ്രതിമയേയും നമസ്ക്കരിക്കുന്നവർക്കെതിരെ ഭയങ്കര ന്യായവിധി പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട് (വെളി. 14:9-11), മൃഗത്തിന്‍റെ മുദ്ര എന്താണെന്നും അതു ലഭിക്കാതെ ഒഴിഞ്ഞിരിക്കേണ്ടത് എപ്രകാരമാണെന്നും മനസ്സിലാക്കുവാൻ പ്രവചനം ശ്രദ്ധയോടെ പഠിക്കുന്നതിനത് താല്പര്യപ്പെടേണ്ടതാണ്. എന്നാൽ ജനലക്ഷങ്ങൾ സത്യം കേൾക്കാതെ ചെവി തിരിച്ചുകൊണ്ട് കെട്ടുകഥകളിലേക്കു തിരിയുന്നു. “സത്യത്തിനു ചെവി കൊടുക്കാതെ കെട്ടുകൾ കേൾപ്പാൻ തിരിയുകയും ചെയ്യുന്ന കാലം വരും” (2തിമൊ. 4:4). ആ സമയം പൂർണ്ണമായി വന്നുകഴിഞ്ഞു. പാപപങ്കിലവും ലോകനേഹം നിറഞ്ഞതുമായ ഹൃദയത്തിന്‍റെ ആഗ്രഹങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതുകൊണ്ട് ജനകോടികൾക്ക് വേദ പുസ്തക സത്യം ആവശ്യമില്ല; അവർ സ്നേഹിക്കുന്ന കാപട്യങ്ങളെത്തന്നെ സാത്താൻ അവർക്കു കൊടുക്കുന്നു.GCMal 685.2

    എന്നാൽ എല്ലാ ഉപദേശസംഹിതകളുടേയും മാനദണ്ഡമായും സകല വിധ നവീകരണങ്ങളുടേയും അടിസ്ഥാനമായും വേദപുസ്തകത്തെ മാത്രം കണക്കാക്കുന്ന ഒരുകൂട്ടം ജനം ഈ ഭൂമിയിൽ ദൈവത്തിന്‍റേതായി ഉണ്ടായിരിക്കും. വിദ്യാസമ്പന്നരുടെ അഭിപ്രായങ്ങൾ ശാസ്ത്രീയ നിഗമനങ്ങൾക്കു വൈരുദ്ധ്യമാണ്. നിരവധി സഭകളുടെ വിരുദ്ധങ്ങളായ വൈദിക ഉപദേശക സമിതി തീരുമാനങ്ങൾ അഥവാ, പ്രമാണങ്ങൾ, ഭൂരിപക്ഷത്തിന്‍റെ ശബ്ദം ഇവകളിലൊന്നോ എല്ലാമോതന്നെ മതവിശ്വാസത്തിനു അനുകൂലമായോ പതികൂലമായോ ആയ തെളിവായി കണക്കാക്കുവാൻ പാടില്ല. ഒരു വിശ്വാസ് സത്യമോ സാക്ഷ്യമോ സ്വീകരിക്കുന്നതിനുമുൻപേ അതിനെ പിൻതാങ്ങുന്ന, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന വ്യക്തമായ അവകാശവാദം പിന്നിലുണ്ടായെന്നു നാം നോക്കേണ്ടതാണ്.GCMal 686.1

    ദൈവത്തിന്‍റെ സ്ഥാനത്ത് മനുഷ്യനിലേക്കു ശ്രദ്ധ ആകർഷിക്കുവാൻ സാത്താൻ നിരന്തരം പരിശ്രമിക്കുകയാണ്. തിരുവ.Jനത്തിൽ അന്വേഷിച്ച് തങ്ങൾ തന്നെ തങ്ങളുടെ ചുമതലകൾ മനസ്സിലാക്കുന്നതിനുപകരം ബിഷപ്പു മാരിലും പാസ്റ്റർമാരിലും മതപണ്ഡിതന്മാരിലും നോക്കി അവരെ വഴികാട്ടികളാക്കുവാൻ അവൻ ജനത്തെ നിയന്ത്രിക്കുന്നു. ഇങ്ങനെ ഈ നേതാക്കൻ മാരുടെ മനസ്സുകളെ നിയന്ത്രിച്ചുകൊണ്ട് തന്‍റെ ഇഷ്ടപ്രകാരം ജനക്കൂട്ടത്തെ സ്വാധീനിക്കുവാൻ സാത്താൻ സാധിക്കുന്നു.GCMal 686.2

    ജീവന്‍റെ വചനം ഘോഷിക്കുവാൻ ക്രിസ്തു വന്നപ്പോൾ സാധാരണ ജനങ്ങൾ സന്തോഷമായി അതു കൈക്കൊണ്ടു; അനേകംപേർ, പുരോഹിന്മാരും ഭരണാധികാരികൾ പോലും അവനിൽ വിശ്വസിച്ചു. എന്നാൽ പുരോഹിത വർഗ്ഗത്തിന്‍റെ തലവനും രാഷ്ട്രത്തിലെ ഉന്നത അധികാരികളും അവനെ കുറ്റം വിധിക്കുവാനും അവന്‍റെ വാക്കുകളെ നിഷേധിക്കുവാനും നിശ്ചയിച്ചു റച്ചു. അവനെതിരെ കുറ്റാരോപണങ്ങൾ കണ്ടെത്തുന്നതിനുള്ള അവരുടെ പ്രയത്നങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും, അവന്‍റെ വാക്കുകളിലടങ്ങിയിരുന്ന ദിവ്യശക്തിയുടേയും ജ്ഞാനത്തിന്‍റേയും സ്വാധീനത്തിൽ നിന്നകന്നിരിക്കാൻ അവർക്കു കഴിയാതിരുന്നെങ്കിലും, മുൻവിധിയിൽതന്നെ ഒതുങ്ങിനില്ക്കുവാൻ അവർ തീരുമാനിച്ചു; അല്ലാഞ്ഞാൽ അവർ അവന്‍റെ ശിഷ്യരാകുവാൻ നിർ ബന്ധിക്കപ്പെടുമെന്നുള്ളതുകൊണ്ട് അവന്‍റെ മശീഹാത്വത്തിന്‍റെ വ്യക്തമായ തെളിവുകളെ അവർ ഉപേക്ഷിച്ചുകളഞ്ഞു. യേശുവിന്‍റെ എതിരാളികളായ ഈ മനുഷ്യരെ വണങ്ങി നമസ്കരിക്കുവാൻ ബാല്യം മുതൽതന്നെ ജനങ്ങൾ അഭ്യസിപ്പിക്കപ്പെടുകയും അവരുടെ അധികാരത്തെ ചോദ്യം ചെയ്യാതെ അനുസരിക്കുവാൻ മനുഷ്യർ പരിചയിക്കപ്പെടുകയും ചെയ്തിരുന്നു. “നമ്മുടെ നേതാക്കന്മാരും ശാസ്ത്രിമാരും യേശുവിൽ വിശ്വസിക്കാത്തത് എന്തു കൊണ്ടാണ്? അവൻ ക്രിസ്തു ആയിരുന്നെങ്കിൽ ഈ ബുദ്ധിമാന്മാർ അവനെ സ്വീകരിക്കുമായിരുന്നില്ലേ’? എന്നവർ ചോദിച്ചു. തങ്ങളുടെ വീണ്ടെടുപ്പുകാ രനെ തള്ളിക്കളയുവാൻ യെഹൂദാജനത്തെ വഴി നയിച്ച ഗുരുക്കന്മാരുടെ സ്വാധീനം ഇപ്രകാരമായിരുന്നു.GCMal 686.3

    അന്നത്തെ പുരോഹിതന്മാരേയും ഭരണാധികാരികളേയും ഉദ്ദീപിപ്പിച്ച ആത്മാവ് ഇന്നും ഉന്നത ഭക്തി നടിക്കുന്ന അനേകരിൽ പ്രകടമാകുന്നു. ഇക്കാലത്തേക്കുള്ള പ്രത്യേക സത്യത്തെ സംബന്ധിക്കുന്ന തിരുവചന സാക്ഷ്യം പരിശോധിക്കുന്നതിലവർ വിമുഖത കാട്ടുന്നു. അവരുടെ സംഖ്യാബലം, സമ്പത്ത്, ജനപ്രീതി എന്നിവയെ അവർതന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട്, സത്യത്തിന്‍റെ സാക്ഷികളായവരെ എണ്ണത്തിൽ ചുരുക്കവും നിർദ്ധനരും ജനപ്രീതി ഇല്ലാത്തവരും, ലോകത്തിൽനിന്നു വേർതിരിക്കുന്ന വിശ്വാസമുള്ളവരുമെന്ന് പറഞ്ഞുകൊണ്ട് വെറുപ്പോടെ വീക്ഷിക്കുന്നു.GCMal 687.1

    ശാസ്ത്രിമാരും പരീശന്മാരും വച്ചുപുലർത്തിയിരുന്ന അയോഗ്യമായ അധികാര പ്രമത്തത യെഹൂദന്മാരുടെ ചിതറിപ്പോക്കോടുകൂടെ അവസാനിക്കുകയില്ലായെന്ന് ക്രിസ്തു മുൻകൂട്ടിക്കണ്ടു. എല്ലാ യുഗങ്ങളിലും സഭയ്ക്ക് ഭീകര ശാപമായിത്തീർന്നിരുന്ന, മനസ്സാക്ഷിയെ നിയന്ത്രിക്കുന്നതിനുള്ള മാനുഷിക അധികാര ഉന്നതിയുടെ പ്രവർത്തനം പ്രവാചക ദൃഷ്ടിയിൽ അവൻ കാണുകയുണ്ടായി. ശാസ്ത്രിമാരേയും പരീശന്മാരേയും ഭത്സിക്കുന്ന ഭയാനകമായ അവന്‍റെ ശാസനയും, കുരുടന്മാരായ ഈ വഴികാട്ടികളെ അനുഗമിക്കാതിരിപ്പാൻ ജനങ്ങൾക്ക് കൊടുക്കുന്ന മുന്നറിയിപ്പും ഭാവിതലമുറകൾക്കു ഉപദേശത്തിനായി രേഖപ്പെടുത്തിയിരിക്കുന്നുGCMal 687.2

    തിരുവചന വ്യാഖ്യാനത്തിനുള്ള അവകാശം റോമൻ സഭാ പുരോഹിത വർഗ്ഗത്തിനു മാത്രമുള്ളതായി ഒതുക്കിനിർത്തിയിരിക്കുന്നു. ദൈവവചനം വിശദീകരിക്കുവാനുള്ള യോഗ്യത പുരോഹിതവർഗ്ഗത്തിന്‍റേതാണെന്ന അവ കാശത്തിന്മേൽ സാധാരണ ജനങ്ങളിൽ നിന്നു അത് അകറ്റിവച്ചിരിക്കു കയാണ്. നവീകരണ പ്രസ്ഥാനംമൂലം തിരുവചനം എല്ലാ ജനങ്ങൾക്കും നല്കപ്പെട്ടെങ്കിലും റോമാസഭ കൈക്കൊണ്ടിരുന്ന തത്വത്തിന്‍റെ വെളിച്ചത്തിൽ നിന്നുകൊണ്ടുതന്നെ പ്രൊട്ടസ്റ്റന്റു സഭകൾ, അവരുടെ ജനങ്ങൾ ഓരോരുത്തരും ബൈബിൾ പാരായണം ചെയ്യുന്നതിനെ തടയുന്നു. അവരുടെ പഠിപ്പിക്കലുകളെ സഭയുടെ വ്യാഖ്യാനമായി സ്വീകരിക്കുവാൻ ജനങ്ങളെ അഭ്യസിപ്പിക്കുന്നു; വേദപുസ്തകത്തിൽ എത്ര വ്യക്തമായി വെളിപ്പെടുത്തി യിരിക്കുന്നതാണെങ്കിലും അവരുടെ സഭയുടെ വിശ്വാസപ്രമാണങ്ങൾക്കും തത്വങ്ങൾക്കുമത് എതിരാണെങ്കിൽ ആയിരക്കണക്കായ ജനങ്ങൾ അത് സ്വീകരിക്കാൻ ധൈര്യപ്പെടാതിരിക്കുന്നു.GCMal 688.1

    വേദപുസ്തകത്തിലുടനീളം ദുരുപദേഷ്ടാക്കൾക്കെതിരെയുള്ള താക്കീതുകളാണെന്നറിയാതെ തങ്ങളുടെ ആത്മാക്കളെ കാത്തുരക്ഷിക്കുന്നതിനു പുരോഹിതന്മാരുടെ പക്കലേൽപ്പിച്ചുകൊടുക്കുവാൻ പലരും ഒരുക്കമാണ്. ഇന്ന് ആയിരക്കണക്കായ മതവിശ്വാസികളുടെ വിശ്വാസപ്രമാണങ്ങൾക്കാ ധാരം തങ്ങളുടെ മതനേതാക്കൾ അപ്രകാരം പഠിപ്പിച്ചിരിക്കുന്നു എന്നുള്ളത ല്ലാതെ മറ്റൊന്നുമല്ല. രക്ഷകനായ കർത്താവിന്‍റെ ഉപദേശങ്ങളോടവർ ഏകദേശം കാണാത്തമട്ട് നടിക്കുകയും അവരുടെ സഭാനേതാക്കളുടെ വാക്കു കളിൽ പരിപൂർണ്ണ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ശുശ്രൂഷ യ മാർ തെറ്റാവരമുള്ളവരാണോ? അവർ വെളിച്ചവാഹകരാണെന്നു തിരുവചനത്തിൽ കൂടെ മനസ്സിലാക്കാതെ എപ്രകാരം നാം നമ്മുടെ ആത്മാക്കളെ അവരുടെ നിയന്ത്രണത്തിനു ഭരമേല്പിക്കും? ലോകം പലതവണ കടന്നു പോയ വഴിയിൽ നിന്നിറങ്ങി മാറുവാനുള്ള ധാർമ്മികധൈര്യക്കുറവുമൂലം അനേകർ പണ്ഡിതന്മാരുടെ പടികൾതന്നെ പിൻതുടരുന്നു; അവർ തങ്ങൾക്കു വേണ്ടി സത്യമെന്തെന്നു അന്വേഷിച്ചു കണ്ടെത്തുവാൻ താല്പര്യപ്പെടാത്തതുകൊണ്ട് പ്രത്യാശയ്ക്ക് വകയില്ലാതെ കാപട്യത്തിന്‍റെ ചങ്ങലയാൽ ബന്ധിക്കപ്പെടുന്നു. ഈ കാലത്തേക്കുള്ള സത്യം വ്യക്തമായി വേദപുസ്തകത്തിൽക്കൂടെ വെളിവാകുന്നത് അവർ കാണുന്നു; അതിന്‍റെ പ്രഘോഷണത്തിൽ പരിശുദ്ധാത്മശക്തി വ്യാപരിക്കുന്നതവർ അനുഭവിക്കുകയും ചെയ്യുന്നു; എന്നിട്ടും വെളിച്ചത്തിൽ നിന്നവരെ അകറ്റിക്കളയുവാനുള്ള പുരോഹിതവർഗ്ഗത്തിന്‍റെ എതിർപ്പിനെ അവർ അനുകൂലിക്കുന്നു. ന്യായവാദവും മനസ്സാക്ഷിയും അവരെ ബോദ്ധ്യപ്പെടുത്തിയെങ്കിലും വിശദീകരിക്കപ്പെട്ടിരിക്കുന്ന ഈ ആത്മാക്കൾ തങ്ങളുടെ സഭാശുശ്രൂഷകരിൽനിന്നു വ്യത്യസ്തമായി ചിന്തിക്കുവാൻ ധൈര്യപ്പെടുന്നില്ല; അവരുടെ വ്യക്തിപരമായ ന്യായവിധി, നിത്യമായ താല്പര്യങ്ങൾ എന്നിവ മറ്റുള്ളവരുടെ അവിശ്വാസം, അഹങ്കാരം, മുൻവിധി എന്നിവയ്ക്കുമുമ്പിൽ ബലികഴിക്കപ്പെടുന്നു.GCMal 688.2

    തന്‍റെ ബദ്ധന്മാരെ ബന്ധനസ്ഥരാക്കുന്നതിനു വിവിധങ്ങളായ മാർഗ്ഗങ്ങളുപയോഗിച്ച് സാത്താൻ മാനുഷിക സ്വാധീനം പ്രയോഗിക്കുന്നു. ക്രൂശിന്‍റെ ശത്രുക്കളായവരുടെ മാർദ്ദവമേറിയ സ്നേഹപാശത്തിൽ കുടുക്കി ജനസഹ സങ്ങളെ തന്‍റെ വലയിൽപ്പെടുത്തുന്നു. മാതാപിതാ, വൈവാഹിക, പുത്രീ പുത്ര, സാമൂഹികങ്ങളായ ഏതുതരം ബന്ധമായിരുന്നാലും അനന്തരഫലം ഒന്നുതന്നെയാണ്; സത്യത്തിന്‍റെ എതിരാളികൾ തങ്ങളുടെ ശക്തിയു പയോഗിച്ച് മനുഷ്യമനസ്സാക്ഷികളെ നിയന്ത്രിക്കുകയും, അവരുടെ വഴിയിൽ വീണ ദേഹികൾക്കു തങ്ങളുടെ തീരുമാനത്തിന്‍റെ ചുമതല നിറവേറ്റുന്നതിനാ വശ്യമായ ധൈര്യമോ സ്വാത്രന്ത്യമോ ഇല്ലാതാക്കിത്തീർക്കുകയും ചെയ്യുന്നു.GCMal 689.1

    സത്യവും ദൈവമഹത്വവും വ്യത്യസ്തമായി വേർതിരിപ്പാൻ അസാദ്ധ്യ മാണ്; വേദപുസ്തകം നമുക്ക് പ്രാപ്യമായിരിക്കുമ്പോൾ തെറ്റായ അഭിപ്രായ ങ്ങളിൽ തൂങ്ങിനിന്നു ദൈവത്തിനു മഹത്വം കൊടുക്കുവാൻ നമുക്കു സാധിക്കുകയില്ല. അവന്‍റെ ജീവിതം ശരിയാണെങ്കിൽ ഒരുവൻ എന്തു വിശ്വസിക്കുന്നുവെന്നത് അപ്രസക്തമാണെന്നു പലരും ന്യായവാദം നടത്തുന്നു. എന്നാൽ ജീവിതം രൂപീകൃതമാകുന്നത് വിശ്വാസത്തിൽനിന്നാണ്. വെളിച്ചവും സത്യവും നമുക്കു പ്രാപ്യമായ വിധമായിരിക്കുകയും. അതു കേൾക്കുവാനും കാണുവാനുമുള്ള അവകാശത്തെ പരിപോഷിപ്പിക്കുന്നതിനുള്ള അവസരം അഗണ്യമാക്കുകയും ചെയ്യുകയാണെങ്കിൽ നാം ഫലത്തിൽ അതു നിഷേധിക്കുകയും വെളിച്ചത്തേക്കാളധികം ഇരുളിനെ തെരെഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.GCMal 689.2

    “ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു; അതിന്‍റെ അവ സാനമോ മരണവഴികൾ അത” (സദൃശവാക്യങ്ങൾ 16:25). ദൈവഹിത മെന്തെന്നറിയാനുള്ള അവസരമുള്ളപ്പോൾ അജ്ഞത എന്നത് പാപത്തിനും തെറ്റിനുമുള്ള ഒഴിവുകഴിവല്ല. യാത്രചെയ്യുന്ന ഒരു മനുഷ്യൻ പല റോഡുകൾ തിരിയുന്ന ഒരു സ്ഥാനത്തെത്തുമ്പോൾ ഓരോ പാതയും എവിടേക്കാണന്നുള്ള കൈചൂണ്ടി കാണുന്നു. ആ കൈ ചൂണ്ടി വകവയ്ക്കാതെ തനിക്കു നല്ലതെന്ന് തോന്നുന്ന വഴി തെരഞ്ഞെടുക്കുകയാണെങ്കിൽ, അവനെത്രമാത്രം ശുദ്ധഹൃദയനായിരുന്നാലും താൻ തെറ്റായ പാതയിലൂടെ പോവുകയാണെന്ന് മിക്കവാറുമവൻ മനസ്സിലാക്കുംGCMal 689.3

    ദൈവം തന്‍റെ വചനം നമുക്കു നല്കിയിരിക്കുന്നത് അതിലെ ഉപദേശങ്ങളുമായി നാം പരിചയപ്പെടുവാനും അവനെന്താണു നമ്മിൽനിന്നാഗ്രഹിക്കുന്നതെന്നു നാം അറിയുവാനുമാണ്. “നിത്യജീവൻ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യണം” എന്ന ചോദ്യവുമായി യേശുവിന്‍റെ അടുക്കൽ വന്ന ന്യായ ശാസ്ത്രിയെ തിരുവചനത്തിലേക്കു തിരിച്ചുകൊണ്ടു രക്ഷകൻ ഇപ്രകാരം പറഞ്ഞു: “ന്യായപ്രമാണത്തിൽ എന്തെഴുതിയിരിക്കുന്നു? നീ എങ്ങനെ വായിക്കുന്നു?” അജ്ഞത ചെറുപ്പക്കാരെയും പ്രായമുള്ളവരെയും ഒഴിവാക്കു ന്നില്ല, മാത്രമല്ല, കല്പനാലംഘനത്തിന്‍റെ ശിക്ഷയിൽനിന്നു ഇളവു കൊടുക്കുന്നുമില്ല; കാരണം അവരുടെ കൈകളിൽ വിശ്വസ്തതയോടെ രേഖപ്പെടുത്തിയിരിക്കുന്ന നിയമങ്ങളും അതിന്‍റെ വിശ്വാസ തത്വങ്ങളും ന്യായവാദ ങ്ങളും ഇരിക്കുന്നു എന്നുള്ളതുകൊണ്ടുതന്നെയാണ്. നല്ല താല്പര്യങ്ങൾ ഉണ്ടെന്നുള്ളതോ, ഒരുവൻ ശരിയെന്നു തോന്നുന്നതുതന്നെ ചെയ്യുന്നതോ, സഭാശുശ്രൂഷകൻ പറയുന്നതാണു ശരിയെന്നു ചിന്തിക്കുന്നതോ കാര്യമല്ല. അവന്‍റെ ദേഹിയുടെ രക്ഷ അപകടത്തിലാണ്, ആയതിനാൽ അവനുവേണ്ടി തന്നെത്താൻ തിരുവചനത്തിൽ അന്വേഷിക്കേണ്ടിയിരിക്കുന്നു. അവന്‍റെ ദൃഢ വിശ്വാസം എത്ര ഉറച്ചതായിരുന്നാലും, തന്‍റെ സഭാ ശുശ്രൂഷകനു സത്യം എന്തെന്നു അറിയാമെന്നുള്ള ആത്മവിശ്വാസം എത്രയധികം അവനുണ്ടായിരുന്നാലും അതൊന്നും അവന്‍റെ അടിസ്ഥാനമല്ല. തന്‍റെ സ്വർഗ്ഗീയയാതയിൽ വ്യക്തമായ രൂപരേഖ വഴികാട്ടിയായി അവനുണ്ട്, ഒന്നും അവൻ ഊഹിച്ചെടുക്കേണ്ട ആവശ്യമില്ല.GCMal 691.1

    ചിന്തിക്കുന്ന ഓരോ വ്യക്തിയുടെയും ആദ്യത്തേതും ഉന്നതവുമായ ചുമതല സത്യമെന്നാലെന്ത്? എന്ന് തിരുവചനത്തിൽനിന്നു മനസ്സിലാക്കുക എന്നുള്ളതാണ്; എന്നിട്ട് ആ വെളിച്ചത്തിൽ നടക്കുകയും തന്‍റെ മാതൃക പിൻതുടരുവാൻ മറ്റുള്ളവരെ ധൈര്യപ്പെടുത്തുകയും വേണം. തിരുവചന വാക്യങ്ങളെ മറ്റു വാക്യങ്ങളോടു താരതമ്യപ്പെടുത്തിയും ചിന്താശകലങ്ങൾ വിലയിരുത്തിയുംകൊണ്ട് ദിനന്തോറും നമ്മൾ വേദപുസ്തകം സൂക്ഷ്മത യോടെ പഠിക്കേണ്ടതാണ്. ദൈവസന്നിധിയിൽ നാം ഉത്തരം പറയേണ്ടവരായതുകൊണ്ട് ദിവ്യസഹായത്തോടെ നമുക്കാവശ്യമായ അഭിപ്രായങ്ങൾ അതിൽ നിന്നു രൂപപ്പെടുത്തേണ്ടതാണ്.GCMal 691.2

    വളരെ വ്യക്തമായി വേദപുസ്തകം വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങൾ ഇരുളിലും സംശയത്തിലുമാണെന്നു പണ്ഡിതരെന്നഭിമാനിക്കുന്നവർ വാദിക്കുന്നു; തിരുവചനത്തിൽ മർമ്മ പ്രധാനങ്ങളായ രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അതെഴുതുവാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ അതിന്‍റെ ആത്മീക അർത്ഥം വെളിവാക്കുവാൻ പര്യാപ്തമല്ലെന്നും മഹാജ്ഞാനികളെന്നു നടിക്കുന്ന അവർ പഠിപ്പിക്കുന്നു. ഈ മനുഷ്യർ കള്ള ഉപദേഷ്ടാക്കന്മാരാണ്. “നിങ്ങൾ തിരുവെഴുത്തുകളേയും ദൈവശക്തിയേയും അറിയായ്കകൊണ്ട് ല്ലയോ തെറ്റിപ്പോകുന്നത്? എന്ന് യേശു ഇവരെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നു (മർക്കൊസ് 12:24). അടയാളങ്ങളോ ചിത്രീകരണങ്ങളോ ഉപയോഗിച്ചിട്ടില്ലെങ്കിൽ അതിന്‍റെ വ്യക്തമായ അർത്ഥത്തിൽതന്നെ വേദപുസ്തക ഭാഷ വിശദീകരിക്കേണ്ടതാണ്. “അവന്‍റെ ഇഷ്ടം ചെയ്യാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കു ന്നതോ എന്നു അറിയും” എന്നു യേശു വാഗ്ദത്തം ചെയ്തിരിക്കുന്നു (യോഹ. 7:17). വേദപുസ്തകം വായിക്കുന്ന രീതിയിൽത്തന്നെ മനുഷ്യർ അർത്ഥമാക്കുകയും, അവരുടെ മനസ്സുകളെ വഴിതെറ്റിച്ച് കലക്കിക്കളയുവാൻ ദുരുപദേഷ്ടാക്കന്മാർ ഇല്ലാതിരിക്കുകയും ചെയ്താൽ, ദൂതന്മാർ സന്തോഷിക്കുന്ന രീതിയിൽ പ്രവർത്തനം നടക്കുകയും, തെറ്റിൽ അലഞ്ഞുതിരിയുന്ന ആയിരമായിരങ്ങൾ ക്രിസ്തുവിന്‍റെ കൂട്ടത്തിലേക്കു കടന്നുവരികയും ചെയ്യും.GCMal 691.3

    നമ്മുടെ മാനസിക ശക്തി മുഴുവൻ തിരുവചനപഠനത്തിനു വിനിയോഗിക്കുകയും മർത്യരായ നമുക്ക് സാധിക്കുന്നിടത്തോളം ദൈവത്തിന്‍റെ വൻ കാര്യങ്ങൾ ഗ്രഹിക്കുവാൻ ബുദ്ധിയെ ശക്തീകരിക്കുകയും; ഒരു കുട്ടി എന്ന പോലെ താഴ്മയുടെയും, ക്ഷമയുടെയും ശരിയായ ആത്മാവ് വേദ വിദ്യാർത്ഥി എന്ന നിലയിൽ പ്രകടിപ്പിക്കുകയും വേണം. തത്വജ്ഞാനപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുപയോഗിക്കുന്ന രീതികൾകൊണ്ട് തിരുവചനത്തിലെ പ്രയാസമേറിയ ഭാഗങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുകയില്ല. ശാസ്ത്രലോകത്തിലേക്കു അനേകർ കടന്നുചെല്ലുന്നതുപോലെ സ്വയതാണ ത്തോടുകൂടെ നാം വേദപുസ്തകപഠനത്തിനു മുതിരുവാൻ പാടില്ല. എന്നാൽ പ്രാർത്ഥനയോടുകൂടെ ദൈവത്തിലാശ്രയിച്ചും തന്‍റെ ഇഷ്ടം ഗ്രഹിക്കുവാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടുംകൂടെയും പഠിക്കേണ്ടതാണ്. വലിയവനായ ഞാൻ ആകുന്നവനിൽ നിന്ന് അറിവ് പ്രാപിക്കുവാൻ വിനയസമ്പന്നമായ, പഠിപ്പിക്കാവുന്ന ആത്മാവോടുകൂടെ കടന്നുവരേണ്ടതാണ്. അങ്ങനെയല്ലെങ്കിൽ ദുഷ്ടദൂതന്മാർ നമ്മുടെ മനസ്സുകളെ കുരുടാക്കുകയും ഹൃദയങ്ങളെ കഠിനപ്പെടുത്തുകയും സത്യം നമ്മിൽ പതിയാതാകുകയും ചെയ്യും.GCMal 692.1

    ജ്ഞാനികളായവർ മർമ്മങ്ങളെന്നു പറഞ്ഞുകൊണ്ട് അപ്രധാനങ്ങളായി തള്ളിക്കളയുന്ന അനേകവേദഭാഗങ്ങൾ, ക്രിസ്തുവിന്‍റെ വിദ്യാലയത്തിൽ അഭ്യസിക്കുന്നവന് ആശ്വാസവും അറിവും പകരുന്നവയാണ്. മത തത്വജ്ഞാനികളായ അനേകർക്ക് ദൈവവചനം ശരിയായി മനസ്സിലാകാത്തതിന്‍റെ കാരണം, അവർക്കനുസരിപ്പാൻ ഇഷ്ടമില്ലാത്ത സത്യങ്ങളുടെ നേരെ അവർ കണ്ണുകളടച്ചുകളയുന്നതുകൊണ്ടാണ്. വേദപുസ്തകസത്യം മനസ്സിലാക്കുന്നതിനാധാരമായിരിക്കുന്നത് ഏകാഗ്രലക്ഷ്യത്തോടെ ബുദ്ധിശക്തി ഉപയോഗിച്ച് പരിശോധിക്കുന്നതിലല്ലാ, പിന്നെയോ നീതിക്കുവേണ്ടി ആകാംക്ഷയോടെ ആഗ്രഹിക്കുന്നതിലാണ്.GCMal 692.2

    പ്രാർത്ഥന കൂടാതെ ഒരിക്കലും വേദപുസ്തകം പഠിക്കരുത്. തിരുവചന സത്യങ്ങളുടെ പ്രാധാന്യം നമുക്ക് ഗ്രഹിപ്പിച്ചു തരുന്നതു മനസ്സിലാക്കാൻ പ്രയാസമുള്ള സത്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യാതെ നമ്മെ സൂക്ഷിക്കുന്നതും പരിശുദ്ധാത്മാവാണ്. തിരുവചനം അതിന്‍റെ സൗന്ദര്യത്തിൽ മനസ്സിലാക്കി അതിലെ മുന്നറിയിപ്പുകളിൽ ഉപദേശം പ്രാപിച്ച് അതിന്‍റെ വാഗ്ദത്തങ്ങളിൽ ഉറപ്പിച്ചു നമ്മ ശക്തിപ്പെടുത്തുന്നതിനു ഹൃദയത്തെ ഒരുക്കുന്ന ജോലി സ്വർഗ്ഗീയ ദൂതന്മാരുടേതാണ്. “നിന്‍റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിനു എന്‍റെ കണ്ണുകളെ തുറക്കേണമേ,” എന്നു സങ്കീർത്തനക്കാരനോടൊപ്പം നമ്മൾ പ്രാർത്ഥിക്കേണ്ടതാണ് (സങ്കീ. 119:18). പലപ്പോഴും പരീക്ഷകൾ നേരിടുവാൻ അസാദ്ധ്യമായി വരുന്നത് പ്രാർത്ഥനയുടെയും വേദപാ നത്തിന്‍റെയും അഭാവം മൂലം ദൈവിക വാഗ്ദത്തങ്ങൾ ഓർമ്മയിൽ ഇല്ലാതെ തിരുവചനമെന്ന ആയുധം കൊണ്ട് സാത്താനെ എതിർക്കുവാൻ പരീക്ഷിക്കപ്പെടുന്നവനു സാധിക്കാത്തതിനാലാണ്. എന്നാൽ ദൈവിക കാര്യങ്ങളിൽ അഭ്യസിപ്പിക്കപ്പെടുവാനാഗ്രഹിക്കുന്നവർക്കുചുറ്റും മാലാഖമാർ ഉണ്ടായിരിക്കുകയും അത്യാവശ്യഘട്ടം വരുമ്പോൾ ആവശ്യമുള്ള സത്യങ്ങൾ ഓർമ്മയിൽ വരുത്തിക്കൊടുക്കുകയും ചെയ്യുന്നു. ഇപ്രകാരം, “കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ” ശത്രു വരുമ്പോൾ കർത്താവിന്‍റെ ആത്മാവ് അവനെതിരെ ഒരു കോട്ട കെട്ടി ഉയർത്തും (യെശ. 59:19).GCMal 693.1

    “എങ്കിലും പിതാവു എന്‍റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും” എന്നു യേശു തന്‍റെ ശിഷ്യന്മാരോടു വാഗ്ദത്തം ചെയ്തിരിക്കുന്നു (യോഹ. 14:26). എന്നാൽ പ്രതികൂല സമയത്ത് ക്രിസ്തുവിന്‍റെ ഉപദേശങ്ങൾ ദൈവാത്മാവു നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുവേണ്ടി ആദ്യമേതന്നെ നാം അവയെ മനസ്സിൽ സംഗ്രഹിച്ചിരിക്കേണ്ടതുണ്ട്. “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു നിന്‍റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു” എന്നു ദാവീദ് പ്രസ്താവിച്ചിരിക്കുന്നു (സങ്കീ. 119:11).GCMal 693.2

    നിത്യമായ താല്പര്യങ്ങൾക്ക് വില കല്പിക്കുന്നവരെല്ലാം അവിശ്വാസത്തിന്‍റെ പാതയ്ക്കെതിരെ തങ്ങളെ കാത്തുസൂക്ഷിക്കേണ്ടതാണ്. സത്യത്തിന്‍റെ തൂണുകൾപോലും ആക്രമിക്കപ്പെടും. ആധുനിക അന്ധവിശ്വാസത്തിന്‍റെ കുത്തുവാക്ക്, കുതർക്കം, കുടുക്കിൽപ്പെടുത്തൽ എന്നിങ്ങനെയുള്ള വിനാശകരമായ ഉപദേശങ്ങളുടെ പിടിയിൽനിന്നു ഒഴിഞ്ഞിരിക്കുകയെന്നത് വളരെ പ്രയാസമാണ്. സാത്താൻ തന്‍റെ പരീക്ഷകൾ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. തിരുവചനത്തോടു അവിശ്വാസവും അവജ്ഞയും പ്രകടിപ്പിക്കുന്നതിനു വിദ്യാഹീനരെ കളിയാക്കിയും പരിഹസിച്ചും, വിദ്യാസമ്പന്നരെ ശാസ്ത്രീയ തടസ്സം, തത്വശാസ്ത്രവിവാദം എന്നിവ ഉന്നയിച്ചുകൊണ്ടും ആക്രമിക്കുന്നു. അനുഭവജ്ഞാനമില്ലാത്ത യുവാക്കൾ പോലും ക്രിസ്ത്യാനിത്വത്തിന്‍റെ അടിസ്ഥാന ഉപദേശങ്ങളെ കുത്തിപ്പറയുവാൻ താല്പര്യം കാണിക്കുന്നു. ആഴമില്ലാത്ത ഈ യുവ അവിശ്വാസത്തിനുപോലും അതിന്‍റേതായ സ്വാധീനമുണ്ട്. ഇപ്രകാരം അനേകർ തങ്ങളുടെ പിതാക്കന്മാരുടെ വിശ്വാസത്തെ പരിഹസിക്കുകയും കൃപയുടെ ആത്മാവിനെ ദുഃഖിപ്പിക്കുകയും ചെയ്യുന്നു (എബ്രാ. 10:29). ദൈവത്തിനു മഹത്വവും ലോകത്തിനു അനുഗ്രഹവും പകരേണ്ട വിലയേറിയ അനേക ജീവിതങ്ങൾ അന്ധവിശ്വാസത്തിന്‍റെ ദുർഗന്ധ ശ്വാസത്തിൽ വാടി നശിച്ചുപോകുന്നു. മാനുഷിക ന്യായ വാദത്തിന്‍റെ അഹംഭാവ തീരുമാനങ്ങളിൽ വിശ്വാസമർപ്പിക്കുകയും ദൈവിക ജ്ഞാനം കൂടാതെ ദിവ്യമർമ്മങ്ങളെ വിശദീകരിച്ച് സത്യം കണ്ടെത്താമെന്നു സങ്കൽപ്പിക്കുകയും ചെയ്യുന്നവർ സാത്താന്‍റെ വലയിൽ കുടുങ്ങിപ്പോകുന്നു.GCMal 693.3

    ഈ ലോക ചരിത്രത്തിന്‍റെ അതീവ ഗുരുതര കാലഘട്ടത്തിൽ നാം ജീവിച്ചിരിക്കുന്നു. ഭൂമിയിലെ എണ്ണമറ്റ മനുഷ്യരുടെ വിധി നിർണ്ണയിക്കുവാൻ സമയമായിരിക്കുന്നു. നാമിപ്പോൾ എടുക്കുന്ന തീരുമാനത്തിൽ നമ്മുടെ ഭാവി സന്തോഷവും മറ്റുള്ള ആത്മാക്കളുടെ രക്ഷയും ആശ്രയിച്ചിരിക്കുന്നു. സത്യത്തിന്‍റെ ആത്മാവിനാൽ നമ്മൾ നിയന്ത്രിക്കപ്പെടേണ്ടതാണ്. “കർത്താവേ ഞാൻ എന്തുചെയ്യണമെന്നു നീ ആഗ്രഹിക്കുന്നു”? എന്നു ക്രിസ്തുവിന്‍റെ ഓരോ അനുയായിയും ആത്മാർത്ഥമായി ചോദിക്കേണ്ടതാണ്. തിരുവചനം കൂടുതലായി ധ്യാനിച്ചുകൊണ്ട്, പ്രത്യേകിച്ചും ന്യായവിധി രംഗങ്ങൾ നന്നായി മനസ്സിലാക്കിക്കൊണ്ട് ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ നാം ദൈവസന്നിധിയിൽ സവിനയം കടന്നുവരേണ്ടതാണ്. ദൈവിക കാര്യങ്ങളിൽ ആഴമേറിയതും ജീവനുള്ളതുമായ അനുഭവം പ്രാപിക്കുവാൻ നമ്മൾ പരിശ്രമിക്കേണ്ടതുണ്ട്. ഒരു നിമിഷം പോലും നഷ്ടമാക്കുവാൻ നമുക്കില്ല. നമ്മുടെ ചുറ്റും അതിപ്രാധാന്യമേറിയ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു; സാത്താന്‍റെ മാന്ത്രികലോകത്തിൽ നാം ജീവിക്കുന്നു. ആയതിനാൽ ദൈവത്തിനുവേണ്ടി കോട്ട കാക്കുന്നവരേ, ഉറങ്ങരുത്; ശത്രു ഏതുനിമഷവും അടുത്തുണ്ട് നിങ്ങൾ ഉറങ്ങുകയോ മയങ്ങുകയോ ചെയ്യുന്നെങ്കിൽ നിങ്ങളുടെമേൽ ചാടി വീണു ഇരയാക്കുവാൻ അവൻ ഏതുനിമിഷവും ഒരുങ്ങിയിരിക്കുന്നു.GCMal 694.1

    ദൈവമുമ്പിലുള്ള തങ്ങളുടെ യഥാർത്ഥ അവസ്ഥയെ സംബന്ധിച്ചു പലരും വഞ്ചിക്കപ്പെട്ടിരിക്കുന്നു. തങ്ങൾ ചെയ്യാത്ത തെറ്റായ പ്രവൃത്തികളെക്കുറിച്ചവർ അഭിമാനം കൊള്ളുന്നു, അതേ സമയം ദൈവം അവരിൽ നിന്നാഗ്രഹിക്കുന്നതും അവർ ചെയ്യാതെ വിട്ടുകളഞ്ഞ നല്ലതും ശ്രേഷ്ഠവുമായ അനേക പ്രവൃത്തികളെ കണ്ടെത്തുവാനവർ മറന്നുപോകുന്നു. ദൈവത്തിന്‍റെ തോട്ടത്തിലവർ വൃക്ഷങ്ങളായിരുന്നതുകൊണ്ട് മാത്രമൊന്നുമാകുന്നില്ല. ഫലം പുറപ്പെടുവിക്കാനുള്ള ദൈവത്തിന്‍റെ പ്രതീക്ഷയ്ക്കവർ ഉത്തരം നസ്കേണ്ടതുണ്ട്. ദൈവത്തിന്‍റെ കൃപയിൽ ശക്തി പ്രാപിച്ച് ചെയ്യാമായിരുന്ന അനേക സൽപ്രവൃത്തികൾ ചെയ്യാതെ വിട്ടതിനവർ കണക്കുബോധിപ്പിക്കേണ്ടതാണ്. നിലത്തെ നിഷ്ഫലമാക്കുന്നവരെന്നു സ്വർഗ്ഗീയ പുസ്തകത്തിൽ അവരെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നു. എന്നാലും ഇവരുടെ അവസ്ഥ പൂർണ്ണമായി പ്രത്യാശാരഹിതമല്ല. ദൈവത്തിന്‍റെ ദയയെ നിസ്സാരമാക്കുകയും തന്‍റെ കൃപയെ ദുർവ്വിനിയോഗം ചെയ്യുകയും ചെയ്ത ഇവരോടു നിത്യസ്നേഹത്തിന്‍റെ ഹൃദയം വീണ്ടും വാദിക്കുന്നു. “അതുകൊണ്ടു ഉറങ്ങുന്നവനെ, ഉണർന്നു മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്ക്ക: എന്നാൽ ക്രിസ്തു നിന്‍റെ മേൽ പ്രകാശിക്കും എന്നു ചൊല്ലുന്നു. ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല. ജ്ഞാനികളായിട്ട് നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ” (എഫെ. 5:14-16).GCMal 695.1

    തങ്ങളുടെ ജീവിത വഴികാട്ടിയായ ദൈവവചനം കരത്തിലെടുത്തവർ ആരെല്ലാമെന്നു പരിശോധനാഘട്ടം വരുമ്പോൾ വെളിവാകും. നിത്യഹരിത വൃക്ഷങ്ങളും മറ്റുള്ള വൃക്ഷങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസം വേനൽ ക്കാലത്തു കാണപ്പെടുന്നില്ല; എന്നാൽ ശീതകാലം വരുമ്പോൾ നിത്യഹരിത ങ്ങൾക്കു മാറ്റമില്ലാതിരിക്കുകയും മറ്റു വൃക്ഷങ്ങൾ ഇലകൊഴിഞ്ഞും കാണപ്പെ ടുന്നു. അപ്രകാരം പുറമെ അഭിനയിക്കുന്ന വകഹൃദയനും സത്യക്രിസ്ത്യാ നിയും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ കാണപ്പെടാതിരിക്കുന്നെങ്കിലും ഇവർ തമ്മിലുള്ള യഥാർത്ഥ അന്തരം പ്രകടമാകുന്ന സമയം നമ്മുടെമേൽ വന്നു കൊണ്ടിരിക്കുന്നു. എതിർപ്പ് ഉണ്ടാകട്ടെ, മത്രഭാന്തും അസഹിഷ്ണുതയും ഉടലെടുക്കട്ടെ, പീഡനം വീണ്ടും കത്തിജ്വലിക്കട്ടെ, എന്നാൽ കപടഭക്തനും ചഞ്ചലഹൃദയനും വിശ്വാസം വലിച്ചെറിയുന്നത് കാണാം; പക്ഷേ, യഥാർത്ഥ ക്രിസ്ത്യാനി സമൃദ്ധിയുടെ കാലങ്ങളെക്കാളും വിശ്വാസത്തിൽ ഉറച്ചവനും പത്യാശയിൽ പുതുക്കം പ്രാപിച്ചവനുമായി പാറപോലെ ഉറച്ചുനില്ക്കും.GCMal 695.2

    “നിന്‍റെ സാക്ഷ്യങ്ങൾ എന്‍റെ ധ്യാനമായിരിക്കകൊണ്ട് എന്‍റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു”. “നിന്‍റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകല വ്യാജമാർഗ്ഗവും വെറുക്കുന്നു” എന്നു സങ്കീർത്തനക്കാരൻ പറയുന്നു (സങ്കീർത്തനങ്ങൾ 119: 99,104).GCMal 695.3

    “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ”. “അവർ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും; ഉഷ്ണണം തട്ടുമ്പോൾ അത് പേടിക്കയില്ല; അതിന്‍റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും” (സദൃശവാക്യങ്ങൾ 3:13; യിരെ മ്യാവ് 17:8).GCMal 696.1