Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 1—യെരൂശലേമിന്‍റെ നാശം

    “ഈ നാളിൽ നിന്‍റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊളളായിരുന്നു. ഇപ്പോഴോ അതു നിന്‍റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. നിന്‍റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്‍റെ ശത്രുക്കൾ നിനക്കു ചുറ്റും വാട കോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്‍റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കുവരും (ലൂക്കൊ . 19:42-44).GCMal 15.1

    ഒലിവുമലയുടെ ശിഖരത്തിൽ നിന്നുകൊണ്ട് യേശു യെരൂശലേമിനെ നോക്കി. അവന്‍റെ മുൻപിൽ കണ്ടത് സമാധാനപൂർണ്ണവും, യോഗ്യവുമായ ഒരു രംഗവിധാനമായിരുന്നു. അത് പെസഹയുടെ കാലം ആയിരുന്നു. യാക്കോബിന്‍റെ സന്തതികൾ എല്ലാ ദേശങ്ങളിൽനിന്നും ഈ വലിയ ദേശീയ ഉത്സവം കൊണ്ടാടാൻ അവിടെ വന്നിരുന്നു. പൂന്തോട്ടങ്ങളും, മുന്തിരിത്തോട്ടങ്ങളും, തീർത്ഥാടകരുടെ കൂടാരങ്ങളാൽ അലംകൃതമായ പച്ച മലഞ്ചരിവുകളും എഴുന്നുനില്ക്കുന്ന കുന്നുകളും രാജകൊട്ടാരങ്ങളും യിസായേലിന്‍റെ തലസ്ഥാനനഗരിയുടെ പുറം കോട്ടയും ചേർന്ന ദൃശ്യം. ഞാൻ രാജ്ഞിയായി ഇരിക്കുന്നു, എനിക്കു ഒരു ദുഃഖവും ഇല്ല, രമണീയമായിരിക്കുന്നു, സ്വർഗ്ഗത്തിന്‍റെ പത്യേക കരുതലിൽ സുരക്ഷിതയായിരിക്കുന്നു. കാലങ്ങൾക്കുമുൻപു രാജകീയ പാട്ടുകാരൻ പാടിയതുപോലെ: “മഹാരാജാവിന്‍റെ നഗരമായി ഉത്തര ഗിരിയായ സീയോൻ പർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു” (സങ്കീ. 48:2) എന്നു പറയത്തക്കവണ്ണം സീയോൻപുത്രി അഹങ്കരിച്ചിരുന്നോ എന്നു തോന്നുമായിരുന്നു. പ്രൗഢഗംഭീരമായ ദൈവാലയമന്ദിരം മുഴുവനും കാണാമായിരുന്നു. തങ്കകവാടവും, ഗോപുരവും, ഗോപുരാഗ്രവും, വെൺമയാർന്ന മാർബിൾ ഭിത്തികളും സൂര്യാസ്തമന കിരണങ്ങളിൽ പ്രകാശിച്ചിരുന്നു. “ആ സൗന്ദര്യ സമ്പൂർത്തി” യെഹൂദാ രാഷ്ട്രത്തിന്‍റെ അഭിമാനമായി നിന്നു. ആനന്ദാഭിമാനത്താൽ പുളകം കൊള്ളാതെ ഈ രംഗം കാണുവാൻ ഏതു യിസ്രായേല്യനു സാധിക്കും! എന്നാൽ യേശുവിന്‍റെ മനസ്സിൽ ദൂരവ്യാപകമായ വേറെ ചിന്തകളാണുണ്ടായത്. “അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ച് കരഞ്ഞു” (ലൂക്കൊ . 19:41). യെരൂശലേമിലേക്കുള്ള മഹത്വപ്രവേശനത്തിങ്കൽ ലോകം സന്തോഷിച്ചപ്പോഴും, കുരുത്തോലകൾ വീശിയപ്പോഴും, സന്തോഷത്തിന്‍റെ ഹോശന്നാകൾ കുന്നുകളിൽ പ്രതിദ്ധ്വനിച്ചപ്പോഴും, ആയിരങ്ങൾ തന്നെ രാജാവായി പ്രഖ്യാപിച്ചപ്പോഴും ലോകരക്ഷിതാവ് പെട്ടെന്ന് ഒരു രഹസ്യ സങ്കടത്തിൽ ആമഗ്നനാകുകയാണ് ചെയ്തത്. ദൈവപുത്രൻ, യിസ്രായേലിന്‍റെ വാഗ്ദത്തമായവൻ, മരണത്തെ ജയിച്ചവൻ, കല്ലറകളിൽനിന്നും മരിച്ചവരെ വിളിച്ചവൻ കണ്ണുനീർ തൂകി; വെറും ദുഃഖത്താൽ അല്ല, അവൻ അടക്കാനാവാത്ത തീവ്രവ്യഥയിൽ ആയിരുന്നു.GCMal 15.2

    പാദങ്ങൾ നീങ്ങുന്നത് വ്യഥയിലേയ്ക്കാണെന്ന് അറിയാമായിരുന്നെങ്കിലും തന്‍റെ കണ്ണുനീർ തനിക്കുവേണ്ടിയായിരുന്നില്ല. അടുത്തുവരുന്ന, ഗെത്ത്ശെമനയിലെ യാതനാരംഗം തന്‍റെ മുൻപിൽ ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി യാഗമൃഗങ്ങളെ കടത്തിക്കൊണ്ടുപോകുന്ന ആട്ടുവാതിൽ തന്‍റെ ദൃഷ്ടിയിൽ തെളിഞ്ഞുവന്നു. “അറുക്കുവാനുള്ള ആടിനെപ്പോലെ” താനും തനിക്കുവേണ്ടി തുറക്കപ്പെടേണ്ട വാതിലും (യെശ. 53:7) കാൽവറി എന്ന ക്രൂശീകരണ സ്ഥലവും അവിടെനിന്നും വളരെ അകലെയല്ല. താൻ താമസിയാതെ ചവിട്ടിത്തള്ളേണ്ട വഴിയും, തന്‍റെ ആത്മാവിനെ പാപയാഗമാക്കുമ്പോൾ ഉണ്ടാകുന്ന വലിയ കൂരിരുട്ടിന്‍റെ ഘോരതയും തനിക്ക് അറിയാമായിരുന്നു. പക്ഷെ ഈ സന്തോഷ വേളയിൽ ദുഃഖത്തിന്‍റെ നിഴൽ തന്‍റെ മേൽ വീഴ്ത്തിയത് ഈ രംഗങ്ങളെക്കുറിച്ചുള്ള ചിന്തയൊന്നും ആയിരുന്നില്ല. തന്‍റെ നിസ്വാർത്ഥ ആത്മാവിന്മേൽ വീണതു മനുഷ്യാതീതമായ തീവവേദനയുടെ അനിഷ്ട സൂചനയൊന്നും അല്ലായിരുന്നു. അന്ധരും പശ്ചാത്താപരഹിതരുമായ അവരെ അനുഗ്രഹിക്കാനും രക്ഷിക്കാനുമായി താൻ വന്നതുകൊണ്ടാണ് യെരൂശലേമിലെ ആയിരങ്ങളുടെ വിധിയോർത്ത് കരഞ്ഞത്. GCMal 16.1

    ദൈവത്തിന്‍റെ പ്രത്യേക കരുതലും ശ്രദ്ധയും അനുഭവിച്ചിരുന്ന തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ ആയിരം വർഷത്തെ ചരിത്രം യേശുവിന്‍റെ കൺ മുൻപിൽ തുറക്കപ്പെട്ടു. മോറിയാ മലയിൽ അബ്രഹാമിന്‍റെ വാഗ്ദത്ത സന്തതിയായ യിസഹാക്കിനെ യാഗം കഴിക്കാൻ കൊണ്ടുപോയപ്പോൾ എതിർക്കാതിരുന്നതും, യാഗപീഠത്തിന്മേൽ ബന്ധിക്കപ്പെട്ട് അനുസരണയുള്ളവനായി കിടന്നതും ദൈവപുത്രന്‍റെ യാഗത്തിന്‍റെ പ്രതീകമായിരുന്നു. അവിടെവെച്ച് “വിശ്വാസികളുടെ പിതാവിന്‍റെ അനുഗ്രഹത്തിന്‍റെ ഉടമ്പടിയായ രക്ഷകനെക്കുറിച്ചുള്ള ഉറപ്പു കൊടുത്തു. (ഉല്പ. 22:9,16-18). ഓർന്നാന്‍റെ മെതിക്കളത്തിലെ യാഗജ്വാലകൾ സ്വർഗ്ഗത്തിലേയ്ക്ക് ഉയർന്നപ്പോൾ സംഹാരദൂതൻ തന്‍റെ ക്രിയയിൽനിന്നും പിൻതിരിഞ്ഞത് (1 ദിന. 21 ) ~- രക്ഷകന്‍റെ യാഗത്തിന്‍റേയും നമുക്കുവേണ്ടിയുള്ള മദ്ധ്യസ്ഥതയുടേയും പ്രതീകമായിരുന്നു. ഭൂമിയിൽ മറ്റെല്ലാറ്റിനും മീതെ ദൈവം യെരൂശലേമിനെ മാനിച്ചിരുന്നു. “യഹോവ സീയോനെ തെരഞ്ഞെടുക്കയും അതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു” (സങ്കീ. 132:13). അവിടെ പല കാലങ്ങൾ വിശുദ്ധ പ്രവാചകന്മാർ മുന്നറിയിപ്പിൻ ദൂതുകൾ പ്രസംഗിച്ചു, പുരോഹിതന്മാർ ധൂപക്കുറ്റി വീശി, സുഗന്ധ ധൂപത്തോടൊപ്പം ആരാധകരുടെ പ്രാർത്ഥനയും ദൈവസന്നിധിയിലേക്ക് ഉയർന്നു. ദൈവത്തിന്‍റെ അറുക്കപ്പെട്ട കുഞ്ഞാടിനെ പ്രതിനിധീകരിക്കുന്ന ആടിനെ കൊന്ന് രക്തം ദിനംതോറും അവിടെ അർപ്പിച്ചിരുന്നു. കൃപാസനത്തിനുമുകളിൽ മേഘത്തിൽ യഹോവ തന്‍റെ സാന്നിദ്ധ്യം വെളിപ്പെടുത്തിയിരുന്നു. എല്ലാറ്റിലും പരിശുദ്ധമായതിലേക്കുള്ള വഴി ലോകത്തിന് തുറന്നതും, ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്തതും, സ്വർഗ്ഗത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിച്ചതുമായ കോവണിയുടെ അടിസ്ഥാനം അവിടെയായിരുന്നു (ഉല്പ. 28:12; യോഹ. 1:51). യിസ്രായേൽജനം ദൈവഭക്തി കാത്തുസൂക്ഷിച്ചിരുന്നെങ്കിൽ യെരൂശലേം ദൈവത്തിന്‍റെ തിരഞ്ഞടുക്കപ്പെട്ട സ്ഥാനമായി എന്നെന്നേക്കും നിലനിൽക്കുമായിരുന്നു (യിരെമ്യാ. 17:21 -25). പക്ഷെ, പ്രത്യേകാനുകൂല്യം ലഭിച്ച ഈ ജനത്തിന്‍റെ ചരിത്രത്തിൽ പിന്മാറ്റത്തിന്‍റെയും എതിർപ്പിന്‍റെയും രേഖകളാണുള്ളത്. അവർ ദൈവകൃപയെ നിഷേധിക്കുകയും, അവരുടെ പ്രത്യേകാവകാശം ദുർവിനിയോഗം ചെയ്യുകയും; അവസരങ്ങളെ നഷ്ടപ്പെടുത്തുകയും ചെയ്തു.GCMal 16.2

    യിസ്രായേൽ “ദൈവത്തിന്‍റെ ദൂതുവാഹകരെ പരിഹസിക്കയും അവരുടെ വാക്കുകളെ നിന്ദിക്കുകയും പ്രവാചകന്മാരെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതെങ്കിലും”, (2 ദിന. 36:16) ദൈവം കരുണയും കൃപയും, ദീർഘക്ഷമയും, മഹാദയയും സത്യവും ഉള്ള ദൈവമായി തന്നെത്തന്നെ അവർക്കു പിന്നെയും പ്രകടമാക്കി (പുറ. 34:6). എപ്പോഴും നിരാകരിക്കപ്പെട്ടിട്ടും ദൈവത്തിന്‍റെ കരുണ അവരോടു സംവാദിച്ചുകൊണ്ടിരുന്നു. തന്‍റെ ശ്രദ്ധയിലുള്ള മകനോടു ഒരു പിതാവിനുള്ള സഹതാപപൂർണ്ണമായ സ്നേഹത്തെക്കാൾ അധികം അവരെ സ്നേഹിച്ച ദൈവം “തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നിയിട്ട് അവൻ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു” (2 ദിന. 36:15). ശക്തമായ പ്രതിഷേധവും, കേണപേക്ഷകളും, ശാസനകളും തോൽവിയടഞ്ഞപ്പോൾ ദൈവം സ്വർഗ്ഗത്തിന്‍റെ ശ്രേഷ്ഠമായ ദാനത്തെ അവർക്കായി അയച്ചു. അതു കൂടാതെ, ആ ഏക ദാനത്തിലൂടെ സ്വർഗ്ഗം മുഴുവനും അവർക്കായി നൽകി.GCMal 17.1

    അനുതാപമില്ലാത്ത നഗരത്തോട് വാദിക്കാൻ ദൈവപുത്രൻതന്നെ അയയ്ക്കപ്പെട്ടു. മികച്ച മുന്തിരിവള്ളിയായ യിസ്രായേലിനെ മിസ്രയീമിൽനിന്ന് കൊണ്ടുവന്നത് ക്രിസ്തു ആയിരുന്നു (സങ്കീ. 80:8). തന്‍റെ സ്വന്തം കരം ജാതികളെ അതിന്‍റെ മുൻപിൽ നിന്ന് നീക്കിക്കളഞ്ഞു. ഫലപ്രദമായ ഒരു കുന്നിൽ അതിനെ നട്ടു. തന്‍റെ പരിപാലനം അതിനെ ചുറ്റിവളഞ്ഞിരുന്നു. അതിനെ വളർത്താൻ തന്‍റെ വേലക്കാരെ അയയ്ക്കുകയും ചെയ്തു. “ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്യാനുള്ളു? എന്ന് ദൈവം ആർത്തുവിളിക്കുന്നു (യെശ. 5:1 -4). മുന്തിരിങ്ങ കായ്ക്കുമെന്നു കാത്തിരുന്നാറെ, അത് കാട്ടുമുന്തിരിങ്ങ കായ്ച്ചു. എന്നിട്ടും നല്ല ഫലം കിട്ടുമെന്നുള്ള പ്രത്യാശയോടെ ദൈവം വ്യക്തിപരമായി മുന്തിരിത്തോട്ട ത്തിലേക്ക് വന്നു. യദൃച്ഛയാ നാശത്തിൽ നിന്ന് രക്ഷപെട്ടെങ്കിലോ! അവൻ മുന്തിരിവള്ളിയുടെ ചുറ്റും കിളച്ചു. അതിനുവേണ്ടി തുടർച്ചയായി പ്രയത്നിക്കുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്തു. താൻ സ്വന്തമായി നട്ട മുന്തിരിവള്ളിയെ രക്ഷിക്കാനുള്ള പ്രയത്നത്തിൽ അക്ഷീണനായിരുന്നു.GCMal 18.1

    പ്രകാശത്തിന്‍റെയും മഹത്വത്തിന്‍റെയും കർത്താവ് മൂന്നുവർഷം ജനങ്ങളുടെ ഇടയിൽ ആയിരുന്നു. അവൻ “നന്മചെയ്തും പിശാച് ബാധിച്ച വരെ ഒക്കെയും സൗഖ്യമാക്കിയും” മനസ്സു തകർന്നവർക്ക് സൗഖ്യം വരുത്തിയും, ബദ്ധന്മാരെ വിടുവിച്ചും, കുരുടന്മാർക്ക് കാഴ്ചകൊടുത്തും, മുടന്തരെ നടക്കുമാറാക്കിയും, ചെകിടരെ കേൾക്കുമാറാക്കിയും, കുഷ്ഠരോഗികളെ ശുദ്ധരാക്കിയും, മരിച്ചവരെ ഉയിർപ്പിച്ചും, ദരിദ്രരോടു സുവിശേഷം അറിയിച്ചും കൊണ്ട് അവരുടെയിടയിൽ സഞ്ചരിച്ചു (അപ്പൊ. 10:38; ലൂക്കൊ. 4:18; മത്തായി 11:5). “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി 11:28) എന്ന കൃപാപൂർണ്ണമായ വിളി എല്ലാവർക്കും ഒരു പോലെയുള്ളതായിരുന്നു.GCMal 18.2

    നന്മയ്ക്കുപകരം തിന്മയും സ്നേഹത്തിനുപകരം ദ്വേഷവും, (സങ്കീ. 109:5) ആയിരുന്നു പ്രതിഫലം എങ്കിലും കരുണയുടെ ദൗത്യം ദൃഢചിത്തതയോടെ കൊടുത്തുകൊണ്ടിരുന്നു. എതിർത്തു നിന്നവർ ഒരിക്കലും ദൈവത്തിന്‍റെ കൃപയെ അന്വേഷിച്ചില്ല. ഒരു ഭവനരഹിതനും പഥികനും ആയ അവന്‍റെ ദിനംപ്രതിയുള്ള ഓഹരി നിന്ദയും, നിർദ്ധനത്വവും ആയിരുന്നെങ്കിലും, ജീവന്‍റെ ദാനത്തെ സ്വീകരിക്കാൻ അപേക്ഷിച്ചുകൊണ്ട് മനുഷ്യരുടെ കഷ്ടങ്ങൾ ലളിതമാക്കിയും ആവശ്യങ്ങളിൽ ശുശ്രൂഷ ചെയ്തും അവൻ ജീവിച്ചു. ആ ശാഠ്യമുള്ള ഹൃദയങ്ങൾ തിരിച്ചടിച്ചിട്ടും, കരുണയുടെ തരംഗങ്ങൾ സഹതാപമുള്ളതും പറഞ്ഞറിയിക്കാൻ പാടില്ലാത്തതുമായ സ്നേഹത്തിന്‍റെ ശക്തമായ അലകളായി തിരിച്ചു നൽകപ്പെട്ടു. പക്ഷെ, യിസ്രായേൽ അവളുടെ ശ്രേഷ്ഠ സ്നേഹിതനും ഏകസഹായിയും ആയവനിൽ നിന്നും അകന്നു പോയി. അവന്‍റെ സ്നേഹത്തിന്‍റെ അപേക്ഷകൾ നിന്ദിക്കപ്പെട്ടു; ആലോചനകൾ അവഗണിച്ചു; മുന്നറിയിപ്പുകൾ അപഹാസ്യമാക്കി.GCMal 18.3

    പ്രതീക്ഷയുടേയും, ക്ഷമയുടേയും നിമിഷങ്ങൾ പെട്ടെന്ന് കടന്നുപൊയ്ക്കൊണ്ടിരുന്നു. ദീർഘകാലമായി തടഞ്ഞുവെയ്ക്കപ്പെട്ടിരുന്ന ദൈവകോപത്തിന്‍റെ പാനപാത്രം മിക്കവാറും നിറഞ്ഞു. മറുതലിപ്പിന്‍റെയും വിശ്വാസ ത്യാഗത്തിന്‍റെയും കാലങ്ങളിലൂടെ ഇരുണ്ടുകൂടിയ മേഘപടലങ്ങൾ ഇപ്പോൾ ആധിയോടെ കറുത്തിരുണ്ട്, കുറ്റക്കാരായ ജനങ്ങളുടെമേൽ പതിക്കാറായി. ആസന്നമായ വിധിയിൽനിന്ന് അവരെ രക്ഷിക്കാൻ കഴിയുമായിരുന്ന ഏക വ്യക്തിയെ അവഗണിച്ച്, അപമാനിച്ച്, പരിത്യജിച്ച് പെട്ടെന്നു ക്രൂശിൽ തറയ്ക്കാൻ പോകുന്നു. കാൽവറിയിലെ കുരിശിൽ ക്രിസ്തു തൂങ്ങുമ്പോൾ ദൈവത്തിന്‍റെ പ്രത്യേക പ്രീതിയും അനുഗ്രഹവും ലഭിച്ച രാഷ്ട്രം എന്ന നിലയിൽ യിസ്രായേലിന്‍റെ ദിവസം അവസാനിക്കുകയാണ്. ലൗകിക നേട്ടങ്ങ ളെക്കാളും, നിധികളെക്കാളും നഷ്ടപ്പെടുന്ന ഒരാത്മാവ് ഏറ്റവും വിലയേറിയതാണ്. ഒരിക്കൽ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടതും ദൈവത്തിന്‍റെ പ്രത്യേക നിധിയുമായിരുന്ന യെരൂശലേം നഗരത്തെ കർത്താവു നോക്കിയ പ്പോൾ ആ മുഴുനഗരത്തിന്‍റേയും നാശമാണ് തന്‍റെ മുമ്പിൽ കണ്ടത്.GCMal 19.1

    യിസായേലിന്‍റെ വിശ്വാസത്യാഗത്തെച്ചൊല്ലിയും പാപത്തിന്‍റെ ശിക്ഷ യായി വരുന്ന ഭയങ്കര ശൂന്യാവസ്ഥയെച്ചൊല്ലിയും പ്രവാചകൻ വിലപിച്ചിരുന്നു. യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചുകൊണ്ടുപോയിരിക്കയാലും ജനത്തിന്‍റെ പുത്രിയുടെ നിഹതന്മാർ നിമിത്തവും രാവും പകലും കരയേണ്ടതിന്നു തന്‍റെ കണ്ണ് കണ്ണുനീർ ഉറവ ആയിരുന്നെങ്കിൽ കൊള്ളായിരുന്നു എന്ന് യിരെമ്യാവു ആഗ്രഹിച്ചു (യിരെമ്യാ. 9:1; 13:17). പ്രവാചക വീക്ഷണത്തിൽ, വർഷങ്ങൾ അല്ല യുഗങ്ങൾതന്നെ കാണുന്ന കർത്താവിന്‍റെ ദു:ഖം എന്തായിരിക്കും! ഇത്രകാലം യഹോവയുടെ വാസസ്ഥലമായിരുന്ന ഈ പട്ടണത്തിനെതിരായി സംഹാരദൂതൻ തന്‍റെ വാൾ ഉയർത്തിയിരിക്കുന്നതും അവൻ കണ്ടു. റ്റൈറ്റസും സൈന്യവും പിൽക്കാലത്ത് കൈവശമാക്കിയ അതേ സ്ഥാനത്ത് ~ ഒലിവുമലയുടെ അഗ്രത്തിൽ നിന്നുകൊണ്ട് കണ്ണുനീരിനാൽ മങ്ങിയ നയനങ്ങളോടെ താഴ്വരയിലെ വിശുദ്ധ പൂമുഖങ്ങളെ നോക്കിയപ്പോൾ തന്‍റെ ദീർഘവീക്ഷണത്തിൽ വിദേശ സൈന്യം പട്ടണത്തെ ചുറ്റിയിരിക്കുന്നത് അവൻ കണ്ടു. യുദ്ധത്തിനു അണിനിരന്ന സൈന്യത്തിന്‍റെ കാലൊച്ചയും ശത്രുക്കളാൽ ചുറ്റപ്പെട്ട പട്ടണത്തിനുള്ളിൽ അമ്മമാരും കുഞ്ഞുങ്ങളും അപ്പത്തിനുവേണ്ടി കരയുന്നതും കേട്ടു. മനോഹരമായ വിശുദ്ധ ആലയം, കൊട്ടാരങ്ങൾ, മാളികകൾ, എല്ലാം തീക്ക് ഇരയാവുന്നതും, അവ ഒരിക്കൽ നിന്ന സ്ഥലങ്ങൾ പുകഞ്ഞു കത്തുന്ന കുപ്പിക്കുന്നുകളായിരിക്കുന്നതും അവൻ കണ്ടു.GCMal 19.2

    വാഗ്ദത്തജനം എല്ലാ ദേശങ്ങളിലും ചിതറിക്കിടക്കുന്നത് യുഗങ്ങളിലൂടെ അവൻ കണ്ടു. അവളുടെ മക്കളുടെ മേൽ വീഴാറായ തൽക്കാല ദൈവ ശിക്ഷയിൽ അവൻ കണ്ടത്, അന്ത്യന്യായവിധിയിൽ അവൾ മട്ടുവരെ കുടിക്കേണ്ട ദൈവകോപത്തിന്‍റെ പാനപാത്രത്തിൽനിന്നുള്ള ആദ്യത്തെ പങ്കു മാത്രമാണ്. ദിവ്യമായ ആർദ്രതയും, സ്നേഹത്തിന്‍റെ തീവ്രാഭിലാഷവും, ദു:ഖാർത്തനായി ഉച്ചരിച്ച വാക്കുകളിൽ പ്രകടമായത്, “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്‍റെ മക്കളെ ചേർത്തുകൊള്ളുവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല”. മറ്റുള്ളവയെക്കാൾ എല്ലാം അധികമായി ഹൃദയപൂർവ്വമായ താല്പര്യം ലഭിച്ച രാഷ്ടമായ നീ, നിന്‍റെ സന്ദർശന കാലവും നിന്‍റെ സമാധാനത്തിനുള്ളതും അറിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു. നീതിയുടെ മാലാഖയെ ഞാൻ വിരമിപ്പിച്ചു; ഞാൻ നിന്നെ അനുതപിക്കുവാൻ വിളിച്ചു, എങ്കിലും ഫലമുണ്ടായില്ല. നീ തിരസ്കരിച്ചതും, തള്ളിക്കളഞ്ഞതും വെറും ദൈവദാസന്മാരെയും പ്രതിനിധികളെയും പ്രവാചകന്മാരെയും മാത്രമല്ല, യിസ്രായേലിന്‍റെ പരിശുദ്ധനെ, നിന്‍റെ രക്ഷകനെത്തന്നെയാണ്. “എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്ന് എന്‍റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സായില്ല” (മത്തായി 23:37; യോഹ. 5:40).GCMal 20.1

    ദൈവത്തിന്‍റെ അന്ത്യന്യായവിധിയെ ധ്രുതഗതിയിൽ അഭിമുഖീകരിക്കുകയും, വിശ്വാസരാഹിത്യത്താലും എതിർപ്പിനാലും കഠിനമായിത്തീരുകയും ചെയ്ത ലോകത്തിന്‍റെ ഒരു പ്രതീകം യേശു യെരൂശലേമിൽ കണ്ടു. വീഴ്ച ഭവിച്ച ജനത്തിന്‍റെ മഹാദു:ഖങ്ങൾ അവന്‍റെ പ്രാണനുമേൽ സമ്മർദ്ദം ചെലു ത്തിയപ്പോൾ അതിദു:ഖത്തോടെ കരഞ്ഞു. മാനുഷിക ദുരിതങ്ങളുടെയും കണ്ണുനീരിന്‍റേയും രക്തത്തിന്‍റേയും പകർപ്പായ പാപത്തിന്‍റെ രേഖകൾ അവൻ ദർശിച്ചു. ഭൂമിയിൽ പീഡയും കഷ്ടതയും അനുഭവിക്കുന്നവർക്കായി അനന്തമായ ദയയാൽ അവന്‍റെ ഹൃദയം അലിഞ്ഞു. അവരെയെല്ലാം മോചി പ്പിക്കുവാൻ അവൻ തീവ്രമായി ആഗ്രഹിച്ചു. എങ്കിലും തന്‍റെ കരം മാനുഷിക ദു:ഖങ്ങളുടെ അലകളെ മാറ്റുകയില്ലായിരിക്കാം. ചിലർ തങ്ങളുടെ രക്ഷയുടെ ഏക ഉറവിടമായ തന്നെ അന്വേഷിച്ചേക്കാം. രക്ഷ കരഗതമാക്കുവാൻ അവൻ തന്‍റെ പ്രാണനെ മരണത്തോളം ഒഴുക്കിക്കളവാൻ തയ്യാറായിരുന്നു. പക്ഷെ, ചുരുക്കം ചിലർ മാത്രം നിത്യജീവനുവേണ്ടി തന്‍റെ അടുക്കൽ വരും.GCMal 20.2

    സ്വർഗ്ഗത്തിന്‍റെ മഹത്വമായവൻ കണ്ണുനീരിൽ! നിത്യനായ ദൈവപുത്രൻ പ്രാണവേദനയാലും, മനോവ്യഥയാലും തലകുനിച്ചു! ഈ രംഗം കണ്ട് മുഴുവൻ സ്വർഗ്ഗവും അത്ഭുതപ്പെട്ടു. ആ ദൃശ്യം പാപത്തിന്‍റെ അതിരറ്റ കലുഷതയെ നമുക്ക് കാട്ടിത്തരുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണ ലംഘനത്തിന്‍റെ പരിണിത ഫലത്തിൽനിന്നും കുറ്റവാളിയെ രക്ഷിക്കുകയെന്നത് അനന്തമായ ശക്തിക്കുപോലും എത്ര പ്രയാസമായ കാര്യമാണെന്ന് അത് കാണിച്ചുതരുന്നു. യേശു അന്ത്യതലമുറയെ നോക്കി. യെരുശലേമിന്‍റെ നാശത്തിന്‍റെ കാരണത്തിന് സമാനമായ ചതിവിൽ ലോകം അകപ്പെട്ടിരിക്കുന്നതുകണ്ടു. യെഹൂദന്മാരുടെ ഏറ്റവും വലിയ പാപം അവർ ക്രിസ്തുവിനെ തള്ളിക്കളഞ്ഞതാണ്. ക്രൈസ്തവ ലോകത്തിന്‍റെ ഏറ്റവും വലിയ പാപം ഭൂമിയിലെയും സ്വർഗ്ഗ ത്തിലെയും ദൈവിക ഭരണകൂടത്തിന്‍റെ അടിസ്ഥാനമായ കല്പനകളെ തള്ളിക്കളയുന്നതായിരിക്കും. യഹോവയുടെ പ്രമാണങ്ങളെ നിന്ദിച്ച് ഒന്നുമില്ലാതാക്കി. ജനകോടികൾ സത്യത്തിന്‍റെ വചനം ശ്രദ്ധിക്കുന്നതു തള്ളി, പാപത്തിന്‍റെ തടവറയിൽ, സാത്താന്‍റെ അടിമകളായി, തങ്ങളുടെ സന്ദർശനദിവസത്തിൽ രണ്ടാം മരണം അനുഭവിക്കാനുള്ള വിധിയുമായി കഴിയുന്നു. ഘോരമായ അന്ധത! അസാധാരണമായ ബുദ്ധിഭ്രമം!.GCMal 21.1

    പെസഹായ്ക്കു രണ്ടു ദിവസം മുൻപു, യെഹൂദഭരണാധികാരികളുടെ കപട ഭക്തിയെ ആക്ഷേപിച്ചുകൊണ്ട് ക്രിസ്തു അവസാനമായി ദൈവാലയത്തിൽനിന്നും വിരമിച്ച് തന്‍റെ ശിഷ്യന്മാരുമായി പിന്നെയും ഒലിവുമലയിൽ എത്തി. പട്ടണത്തെ നോക്കിക്കൊണ്ട് മലയുടെ പുൽച്ചരിവിൽ ഉപവിഷ്ടനായി. ഒരിക്കൽകൂടി അതിന്‍റെ ഭിത്തികളും, മാളികകളും, കൊട്ടാരങ്ങളും അവൻ കണ്ടു. വീണ്ടും വിസ്മയകരമായ രമണീയകത്വം നിറഞ്ഞ ദൈവാലയം എന്ന ആ സൗന്ദര്യമകുടം വിശുദ്ധപർവ്വതത്തെ കിരീടം ചൂടിക്കുന്നത് നോക്കിക്കണ്ടു. ആയിരം വർഷങ്ങൾക്കുമുൻപ് യിസ്രായേലിന്‍റെ വിശുദ്ധ മന്ദിരം അഥവാ ദൈവത്തിന്‍റെ തിരുനിവാസം ഉണ്ടാക്കുക വഴി ദൈവത്തിന് യിസ്രായേലിനോടുള്ള താല്പര്യത്തെപ്പറ്റി “അവന്‍റെ കൂടാരം ശാലേമിലും അവന്‍റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.” “അവൻ യെഹൂദാഗോത്രത്തേയും പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു... സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്‍റെ വിശുദ്ധമന്ദിരത്തെ പണിതു” (സങ്കീ. 76:2; 78:68,69) എന്ന് സങ്കീർത്തനക്കാരൻ വിവക്ഷിച്ചു. യിസ്രായേല്യ ചരിത്രത്തിലെ ഏറ്റവും സമൃദ്ധമായ കാലഘട്ടത്തിലായിരുന്നു ആദ്യത്തെ ദൈവാലയം ഉയർത്തപ്പെട്ടത്. ദാവീദുരാജാവ് ഈ ആവശ്യത്തിനുവേണ്ടി വിപുലമായ ധനശേഖരം നടത്തിയിരുന്നു. ദിവ്യനിയോഗത്താൽ അതിന്‍റെ നിർമ്മാണരൂപരേഖ ദാവീദിനു നൽകിയിരുന്നു (1 ദിന. 28:1 2, 19). യിസ്രായേൽരാജാക്കന്മാരിൽ ബുദ്ധിമാനായിരുന്ന ശാലോമോൻ ആ വേല പൂർത്തിയാക്കി. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രതാപപൂർണ്ണമായ കെട്ടിടം ഈ ആലയം ആയിരുന്നു. രണ്ടാമത്തെ ആലയത്തെക്കുറിച്ച് പ്രവാചകനായ ഹഗ്ഗായിയിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു. “ഈ ആലയത്തിന്‍റെ പിന്നത്തെ മഹത്വം മുമ്പിലത്തേതിലും വലുതായിരിക്കും”. “ഞാൻ സകല ജാതികളെയും ഇളക്കും. സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (ഹഗ്ഗായി. 2:9,7).GCMal 21.2

    ആയുഷ്കാലം മുഴുവൻ അടിമത്വത്തിൽ കിടന്ന ഒരു ജനത, ക്രിസ്തുവിന്‍റെ ജനനത്തിന് അഞ്ഞൂറു വർഷങ്ങൾക്കുമുൻപ്, വിജനമായതും, പാഴായതുമായ തങ്ങളുടെ രാജ്യത്തിലേയ്ക്ക് തിരിച്ചുവന്ന് നെബൂഖദ്നേസരിനാൽ നശിപ്പിക്കപ്പെട്ട ദൈവാലയം പുതുക്കിപ്പണിതു. ശലോമോൻ പണിത ദൈവാലയത്തിന്‍റെ മഹത്വം കണ്ടിട്ടുണ്ടായിരുന്ന പ്രായമുള്ളവർ അക്കൂട്ടത്തിൽ ഉണ്ടാ യിരുന്നു. പുതിയ കെട്ടിടത്തിന്‍റെ അടിസ്ഥാനം ഇപ്പോൾതന്നെ, അത് പഴയതിനെക്കാൾ താണതരമായിരിക്കുമെന്നുള്ളതുകൊണ്ട് അവർ കരഞ്ഞു. അവരെ സ്വാധീനിച്ച വികാരത്തെ ശക്തിമത്തായ രീതിയിൽ പ്രവാചകൻ വിവരിക്കുന്നു. “നിങ്ങളിൽ ഈ ആലയത്തെ അതിന്‍റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആർ ശേഷിച്ചിരിക്കുന്നു?” ഇപ്പോൾ കണ്ടിട്ടുള്ള നിങ്ങൾക്ക് എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ? (ഹഗ്ഗായി 2:3; എസാ. 3:12). രണ്ടാമത്തേതിന്‍റെ മഹത്വം ആദ്യത്തേതിനേക്കാൾ വലുതായിരിക്കും എന്ന വാഗ്ദത്തം ലഭിച്ചിരുന്നു.GCMal 22.1

    രണ്ടാമത്തെ ദൈവാലയം പ്രതാപത്തിൽ ആദ്യത്തേതിനോട് തുല്യമായിരുന്നില്ലെന്ന് മാത്രമല്ല ആദ്യത്തെ ദൈവാലയത്തിന്‍റെ ഭാഗമായിരുന്ന ദിവ്യസാന്നിദ്ധ്യത്തിന്‍റെ കാണപ്പെട്ട അടയാളത്താൽ രണ്ടാമത്തെ ദൈവാലയം വിശുദ്ധമാക്കപ്പെടുകയും ചെയ്തിരുന്നില്ല. അതിന്‍റെ പ്രതിഷ്ഠയ്ക്ക് എടുത്തുപറയത്തക്ക അമാനുഷിക ശക്തിയൊന്നും പ്രകടമായിരുന്നില്ല. പുതുതായി കെട്ടിപ്പടുത്ത അതിവിശുദ്ധസ്ഥലത്ത് തേജസ്സിന്‍റെ മേഘം ഇല്ലായിരുന്നു. അതിന്‍റെ യാഗപീഠത്തിൽ അർപ്പിക്കപ്പെട്ട യാഗവസ്തുവിനെ ദഹിപ്പിക്കാൻ ആകാശത്തുനിന്ന് തീ ഇറങ്ങിയില്ല. അതിവിശുദ്ധസ്ഥലത്തെ കെരൂ ബുകൾക്കിടയിൽ ഷക്കൈനൊ വസിച്ചിരുന്നില്ല. പെട്ടകവും കൃപാസനവും സാക്ഷ്യത്തിന്‍റെ കല്പലകകളും അതിൽ കണ്ടില്ല. ദൈവത്തിന്‍റെ ഇഷ്ടം ആരായുന്ന പുരോഹിതന്മാർ സ്വർഗ്ഗത്തിൽനിന്ന് ശബ്ദമൊന്നും ശ്രവിച്ചിരുന്നില്ല.GCMal 22.2

    ഹഗ്ഗായി പ്രവാചകനാൽ നല്കപ്പെട്ട ദൈവത്തിന്‍റെ വാഗ്ദത്തം നിറവേറ്റിക്കൊണ്ട് യെഹൂദാജനം നൂറ്റാണ്ടുകൾ വെറുതേ യത്നിക്കുകയായിരുന്നു. എന്നിട്ടും പ്രവാചകന്‍റെ വാക്കുകളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ അഹങ്കാരവും അവിശ്വാസവും അവരുടെ മനസ്സുകളെ കുരുടാക്കി. രണ്ടാമത്തെ ദൈവാലയം യഹോവയുടെ മഹത്വത്തിന്‍റെ തേജസ്സിനാൽ മാനിക്കപ്പെട്ടില്ല. (പക്ഷെ, ദൈവം ആളത്വമായി നിറഞ്ഞിരുന്ന ജീവിക്കുന്ന സാന്നിദ്ധ്യത്താൽ ശ്രേഷ്ഠമാക്കപ്പെട്ടു - തന്നെത്താൻ ജഡത്തിൽ ആവിഷ്കരിക്കപ്പെട്ടവൻ) നസ്രായനായ ക്രിസ്തു വിശുദ്ധസ്ഥലത്ത് പഠിപ്പിക്കുകയും സൗഖ്യമാക്കുകയും ചെയ്തപ്പോൾ സർവ്വജനത്തിന്‍റെയും പ്രത്യാശയായവൻ വാസ്തവത്തിൽ അവന്‍റെ ആലയത്തിലേയ്ക്കു വന്നു. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്താൽ മാത്രമാണ് രണ്ടാമത്തെ മന്ദിരം ഒന്നാമത്തേതിനേക്കാൾ മഹത്വ പൂർണ്ണമായത്. എന്നാൽ യിസ്രായേൽ ആ സ്വർഗ്ഗീയദാനത്തെ തിരസ്കരിച്ചു. അതോടൊപ്പം ആ ദൈവാലയത്തിന്‍റെ മഹത്വവും എന്നെന്നേയ്ക്കുമായി അവസാനിച്ചു. “നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും” എന്ന രക്ഷകന്‍റെ വാക്ക് അപ്പോൾത്തന്നെ നിവൃത്തിയായി (മത്തായി. 23:38).GCMal 23.1

    ദൈവാലയത്തിന്‍റെ നാശത്തെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ പ്രവചനം കേട്ട് ശിഷ്യന്മാർ സംഭമവും അത്ഭുതവും നിറഞ്ഞവരായി. അവന്‍റെ വാക്കുകളുടെ അർത്ഥം കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാൻ അവർ ആഗ്രഹിച്ചു. അതിന്‍റെ രമണീയകത്വം വർദ്ധിപ്പിക്കാൻ ധനവും മാനവശക്തിയും ശില്പവിദ്യാനിപുണതയും നാല്പതു വർഷത്തിലധികം ചിലവഴിച്ചിരുന്നു. മഹാനായ ഹെരോദാവ് റോമൻ ധനവും യെഹൂദാനിധിയും അതിനുവേണ്ടി അമിതവ്യയം ചെയ്തിരുന്നു. ലോകചക്രവർത്തി തന്‍റെ സമ്മാനങ്ങളാൽ അതിനെ ധന്യമാക്കിയിട്ടുണ്ട്. വെള്ള മാർബിളിന്‍റെ വലിയ കഷണങ്ങൾ ഈ ആവശ്യത്തിന് റോമിൽനിന്ന് കൊണ്ടുവന്ന് അതിന്‍റെ ഘടനയുടെ ഭാഗമാക്കി. ഇതിലേയ്ക്ക് ഗുരുവിന്‍റെ ശ്രദ്ധയെ ക്ഷണിച്ചുകൊണ്ട് ശിഷ്യന്മാർ “ഇതാ, എങ്ങനെയുള്ള കല്ല്; എങ്ങനെയുള്ള പണി! എന്നു പറഞ്ഞു (മർക്കൊ. 13:1)GCMal 23.2

    “ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു” എന്ന ഗൗരവമേറിയതും ഞെട്ടിപ്പിക്കു ന്നതുമായ മറുപടി ഈ വാക്കുകൾക്ക് യേശു കൊടുത്തു (മത്തായി 24:2).GCMal 23.3

    ശിഷ്യന്മാർ യെരുശലേമിന്‍റെ നാശത്തെ കർത്താവിന്‍റെ സർവ്വലോക രാജാധികാരം ഏറ്റെടുക്കാനുള്ള വരവിനോടും പശ്ചാത്താപമില്ലാത്ത യെഹൂദാജനത്തെ ശിക്ഷിക്കുന്നതിനോടും, റോമിന്‍റെ അടിമത്വത്തിൽനിന്നും യിസ്രായേലിനെ വിടുവിക്കുന്നതിനോടും ബന്ധപ്പെടുത്തി. കർത്താവ് രണ്ടാമത് വരുമെന്നു അവരോടു പറഞ്ഞിരുന്നു. അതുകൊണ്ട് യെരൂശലേമിന്‍റെ ന്യായവിധിയെപ്പറ്റി പറഞ്ഞപ്പോൾ അവരുടെ മനസ്സ് രണ്ടാം വരവിലേയ്ക് തിരിഞ്ഞു. ഒലിവുമലയിൽ രക്ഷകന്‍റെ ചുറ്റും കൂടിയപ്പോൾ “അതു എപ്പോൾ സംഭവിക്കും എന്നും നിന്‍റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത്? (മത്തായി 24:3) എന്നും അവർ ചോദിച്ചു.GCMal 23.4

    ഭാവിയെ തന്‍റെ കരുണയാൽ കർത്താവ് ശിഷ്യന്മാരിൽനിന്നും മറച്ചിരുന്നു. വീണ്ടെടുപ്പുകാരന്‍റെ കഷ്ടപ്പാടും മരണവും, അവരുടെ നഗരത്തിന്‍റെയും ദൈവാലയത്തിന്‍റെയും നാശവുമായ രണ്ടു ഭയങ്കര സംഭവങ്ങൾ അവർക്ക് ആ സമയത്ത് പൂർണ്ണമായി മനസ്സിലായിരുന്നെങ്കിൽ അവർ മഹാഭയത്തിലാണ്ടുപോകുമായിരുന്നു. കാലം അവസാനിക്കുന്നതിനുമുമ്പ് നടക്കേണ്ട പ്രധാനപ്പെട്ട സംഭവങ്ങളുടെ രൂപം കർത്താവ് അവരുടെ മുൻപിൽ അവതരിപ്പിച്ചു. അവന്‍റെ വാക്കുകൾ അവരപ്പോൾ പൂർണ്ണമായി ഗ്രഹിച്ചില്ല, എങ്കിലും അതിൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾ ദൈവജനത്തിനു ആവശ്യമാകുമ്പോൾ അവയുടെ അർത്ഥവും വെളിവാക്കപ്പെടണമായിരുന്നു. അവൻ ഉരുവിട്ട പ്രവചനത്തിനു രണ്ടു തരത്തിലുള്ള അർത്ഥം ഉണ്ട്. യെരൂശലേമിന്‍റെ നാശത്തെപ്പറ്റി മുൻകൂട്ടി പറഞ്ഞപ്പോൾ അന്ത്യനാളിലെ ഭീകരമായ അവസ്ഥയെക്കു റിച്ചും ചിത്രീകരിച്ചിരുന്നു.GCMal 24.1

    കേൾവിക്കാരായിരുന്ന ശിഷ്യന്മാരോട് വിശ്വാസത്യാഗിയായ യിസ്രായേലിന്നു വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചും; മശീഹയെ തിരസ്കരിക്കുകയും ക്രൂശിക്കുകയും ചെയ്യുന്നതിന്‍റെ പ്രതികാരമായ ദൈവശിക്ഷയെ പ്പറ്റിയും പറഞ്ഞു. ഭയങ്കരമായ ഈ സംഭവത്തിനുമുൻപ് തെറ്റിക്കൂടാത്ത അടയാളങ്ങളുണ്ടാകും. ഉൽക്കടഭീതി നിറഞ്ഞ സമയം വളരെ പെട്ടെന്ന് വരും. “എന്നാൽ ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്തിൽ നിൽക്കുന്നത് നിങ്ങൾ കാണുമ്പോൾ വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യയിലുള്ളവർ മലകളിലേയ്ക്ക് ഓടിപ്പോകട്ടെ എന്നു രക്ഷകൻ തന്‍റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പു കൊടുത്തു (മത്തായി 24:15, 16; ലൂക്കൊ . 21:20, 21). മുന്നറിയിപ്പിന്‍റെ അടയാളം കണ്ടാൽ രക്ഷപ്പെടേണ്ടവർ ഒട്ടും താമസിക്കരുത്. യെഹൂദ മുഴുവനും യെരൂശലേംതന്നെയും ഓടിപ്പോകാനുള്ള മുന്നറിയിപ്പ് ഉടൻതന്നെ അനുസരിക്കണം. പുരമുകളിൽ ആയിപ്പോയവൻ അവന്‍റെ ഏറ്റവും വിലപിടിപ്പുള്ള നിക്ഷേപം സംരക്ഷിക്കാൻ അകത്തേയ്ക്ക് പോകരുത്. പാടത്തും മുന്തിരിത്തോട്ടങ്ങളിലും ജോലി ചെയ്യുന്നവർ പകലത്തെ ചൂടിൽ ഊരിയിട്ടിരിക്കുന്ന വസ്ത്രം എടുക്കാനുള്ള സമയംപോലും കളയരുത്. പൊതുവായ നാശത്തിൽ ഉൾപ്പെട്ടുപോകാതിരിക്കാൻ ഒരു നിമിഷം പോലും ആരും അറച്ചു നില്ക്കരുത്.GCMal 24.2

    യെരൂശലേമിന്‍റെ പ്രകൃതിദത്തമായ ബലത്തോടൊപ്പം ഹെരോദാവിന്‍റെ ഭരണകാലത്ത് മനോഹരമാക്കുക മാത്രമല്ല, മണിമാളികകളും മതിലുകളും കൊത്തളങ്ങളും പണിതുയർത്തി പട്ടണത്തെ ബലപ്പെടുത്തി. അതിന്‍റെ നാശത്തെക്കുറിച്ചു പരസ്യമായി പ്രവചിച്ചവനെ, നോഹയെ അവന്‍റെ കാലത്ത് എന്നപോലെ ചിത്തഭ്രമമുള്ളവനെന്നു വിളിക്കുമായിരുന്നു. പക്ഷെ, “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും, എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല” എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട് (മത്തായി 24:35). അവളുടെ പാപങ്ങൾ കാരണം യെരൂശലേമിന് എതിരായി ഉഗ്രകോപത്തിന്‍റെ ന്യായവിധി പ്രഖ്യാപിക്കുകയും അവളുടെ ശാഠ്യമുള്ള അവിശ്വാസംമൂലം നാശം ഉറപ്പാക്കുകയും ചെയ്തു.GCMal 25.1

    “ന്യായം വെറുക്കയും ചൊവ്വുള്ളത് ഒക്കെയും വളച്ചുകളകയും ചെയ്യുന്ന യാക്കോബുഗൃഹത്തിന്‍റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്‍റെ അധിപന്മാരുമായുള്ളാരെ, ഇതു കേൾപ്പിൻ. അവർ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു. അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു. അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപ ദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു. എന്നിട്ടും അവർ യഹോവയെ ചാരി: യഹോവ നമ്മുടെയിടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരികയില്ല’ എന്ന് മിഖാ പ്രവാചകനിലുടെ കർത്താവു അരുളിച്ചെയ്യുന്നു (മീഖാ. 3:9-11 ).GCMal 25.2

    ഈ വാക്കുകൾ ദുഷ്ടതയും സ്വയ നീതീകരണവും നിറഞ്ഞ യെരൂശലേം നിവാസികളെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ ന്യായപ്രമാണത്തെ കർക്കശമായി അനുസരിക്കുന്നുയെന്ന് അവകാശപ്പെട്ടുകൊണ്ട് അവർ അതിന്‍റെ തത്വങ്ങൾ ലംഘിച്ചിരുന്നു. ക്രിസ്തുവിന്‍റെ നിർമ്മലതയും വിശുദ്ധിയും അവരുടെ തെറ്റുകളെ വെളിപ്പെടുത്തിയതിനാൽ അവർ അവനെ വെറു ക്കുകയും പാപത്തിന്‍റെ അനന്തരഫലമായി അവരുടെമേൽ പതിച്ച എല്ലാ പ്രയാസങ്ങൾക്കും കാരണം അവനാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. അവൻ പാപരഹിതനാണെന്ന് അറിഞ്ഞിട്ടും അവന്‍റെ മരണം രാഷ്ട്രത്തിന്‍റെ സുരക്ഷയ്ക്ക് ആവശ്യമാണെന്ന് അവർ പ്രഖ്യാപിച്ചു. “അവനെ ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാർ വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു” (യോഹ. 11:48).GCMal 25.3

    യേശുവിനെ ത്യജിച്ചാൽ അവർക്ക്, വീണ്ടും ഐക്യവും ശക്തിയും ഉള്ള ജനമാകാം. അങ്ങനെ അവർ ന്യായീകരിക്കയും മുഴുവൻ രാഷ്ട്രവും നശിക്കുന്നതിനെക്കാൾ ഒരുത്തൻ മരിക്കുന്നത് നല്ലത് എന്ന മഹാപുരോഹിതന്‍റെ തീരുമാനത്തോടു യോജിക്കുകയും ചെയ്തു.GCMal 26.1

    അങ്ങനെ യെഹൂദാനേതാക്കന്മാർ “സീയോനെ രക്തപാതകം കൊണ്ടും യെരൂശലേമിനെ ദ്രോഹം കൊണ്ടും പണിതു” (മീഖാ. 3:10). എന്നിട്ടും, തങ്ങളുടെ പാപത്തെ ശാസിച്ചതുകൊണ്ട് രക്ഷകനെ അവർ കൊല്ലുമ്പോഴും തങ്ങൾ ദൈവത്തിന്‍റെ പ്രത്യേക ജനം ആണെന്നു സ്വയം നീതീകരിക്കുകയും അവരുടെ ശത്രുക്കളിൽനിന്ന് ദൈവം വിടുവിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. “അതുകൊണ്ട് നിങ്ങളുടെ നിമിത്തം സീയോനെ വയൽപോലെ ഉഴും; യെരൂശലേം കൽക്കുന്നുകളും ആലയത്തിന്‍റെ പർവ്വതം കാട്ടിലെ തോടുകൾ പോലെയും ആയിത്തീരും” (മീഖാ.3:12) എന്ന് പ്രവാചകൻ തുടർന്നു പറയുന്നു.GCMal 26.2

    ക്രിസ്തു യെരൂശലേമിന്‍റെ നാശത്തെക്കുറിച്ച് പ്രവചിച്ചതിനുശേഷം നാല്പതു വർഷം വരെ അത് നടപ്പാക്കിയില്ല. തന്‍റെ മകന്‍റെ കൊലപാതകരും തന്‍റെ സുവിശേഷം തിരസ്കരിച്ചവരുമായ ജനത്തോടുള്ള ദൈവത്തിന്‍റെ ദീർഘക്ഷമ അത്ഭുതാവഹംതന്നെയാണ്. ഉപമയിലെ ഫലമില്ലാത്ത വൃക്ഷം യെഹൂദാരാഷ്ട്രത്തോടുള്ള ദൈവത്തിന്‍റെ ഇടപെടലിനെ പ്രതിനിധീകരിക്കുന്നു. ആജ്ഞ പുറപ്പെട്ടുകഴിഞ്ഞു: “അതിനെ വെട്ടിക്കളക. അത് നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്?” (ലൂക്കൊ. 13:7). എങ്കിലും ദിവ്യകാരുണ്യത്താൽ കുറെക്കാലംകൂടെ ആ ശിക്ഷാവിധി താമസിപ്പിച്ചു. യെഹൂദന്മാരുടെയിടയിൽ അപ്പോഴും അനേകർ ക്രിസ്തുവിന്‍റെ സ്വഭാവവും വേലയും അറിയാത്തവരായി ഉണ്ടായിരുന്നു. കൂടാതെ കുട്ടികൾ തങ്ങളുടെ മാതാപിതാക്കന്മാർ ഉപയോഗിക്കാതിരുന്ന വെളിച്ചം കിട്ടിയവരല്ലായിരുന്നു. അപ്പൊസ്തലന്മാരുടേയും അവരോടുകൂടെ ഉണ്ടായിരുന്നവരുടേയും പ്രസംഗത്തിലൂടെ ദൈവം, ആ വെളിച്ചം അവരുടെ മേൽ പ്രകാശിക്കുമാറാക്കി. കിസ്തുവിന്‍റെ ജനനം, ജീവിതം, എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമല്ല; മരണം, ഉയിർപ്പ് എന്നീ കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളും അവ എങ്ങനെ നിവൃത്തിയായി എന്നും അവർക്ക് കാണാൻ സന്ദർഭം കൊടുക്കണമായിരുന്നു. മാതാപിതാക്കളുടെ പാപത്തിന് മക്കൾ ശിക്ഷിക്കപ്പെടേണ്ടതല്ല. പക്ഷെ, മാതാപിതാക്കൾക്ക് കൊടുത്ത വെളിച്ചത്തെക്കുറിച്ചുള്ള അറിവും കുട്ടികൾക്ക് ലഭിച്ച അധിക വെളിച്ചവും അവർ തിരസ്കരിച്ചപ്പോൾ അപ്പനമ്മമാരുടെ പാപങ്ങൾക്ക് അവർ ഭാഗഭാക്കുകളാകുകയും അനീതിയുടെ അളവ് തികയ്ക്കുകയും ചെയ്തു.GCMal 26.3

    യെഹൂദാജനത്തിന്‍റെ പശ്ചാത്തപിക്കുകയില്ലെന്ന ശാഠ്യത്തെ ഉറപ്പിക്കാൻ മാത്രമെ യെരൂശലേമിനോടുള്ള ദൈവത്തിന്‍റെ ദീർഘക്ഷമ ഉപകരിച്ചുള്ളു യേശുവിന്‍റെ ശിഷ്യന്മാരോടുള്ള അവരുടെ വെറുപ്പും, കൂരതയും അവസാന ദൈവകാരുണ്യവും തിരസ്ക്കരിക്കുമാറാക്കി. അവർക്കു കൊടുത്തിരുന്ന സംരക്ഷണം ദൈവം പിൻവലിച്ചു. സാത്താനെയും അവന്‍റെ ദൂതന്മാരെയും തടഞ്ഞിരുന്ന ദൈവശക്തി മാറി. രാഷ്ട്രം അവൾ തെരഞ്ഞെടുത്ത നായകന്‍റെ നിയന്ത്രണത്തിൽ മാത്രമായി. അവരിലെ ദുഷ്ട പ്രചോദനങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സഹായിച്ചിരുന്ന ദൈവകൃപയെ അവളുടെ കുഞ്ഞുങ്ങൾ നിഷേധിച്ചു. ഇപ്പോൾ ദുഷ്ടശക്തി വിജയിച്ചിരിക്കുകയാണ്. ഏറ്റവും നിഷ്ഠൂരവും തരംതാണതുമായ വികാരത്തെ സാത്താൻ അവരിൽ ഉയർത്തി. മനുഷ്യർക്ക് വിവേചനാശക്തി ഇല്ലാതായി. അവർ യുക്തിവിചാരത്തിന് അതീതരായിരുന്നു. ആവേശവും, അന്ധമായ ക്രോധവും അവരെ നിയന്ത്രിച്ചു. അവർ ക്രൂരതയിൽ പൈശാചികരായി. കുടുംബത്തിലും, രാഷ്ട്രീയത്തിലും, വലിയവരിലും, ചെറിയവരിലും ഒരുപോലെ സംശയം, ശത്രുത, വെറുപ്പ്, സംഘട്ടനാവസ്ഥ, എതിർപ്പ്, കൊലപാതകം എന്നിവ നിലനിന്നു. ഒരിടത്തും സുരക്ഷിതത്വം ഉണ്ടായിരുന്നില്ല. കൂട്ടുകാരും ബന്ധുക്കളും പരസ്പരം വഞ്ചിച്ചു. മാതാപിതാക്കൾ തങ്ങളുടെ മക്കളേയും മക്കൾ മാതാപിതാക്കളേയും കൊന്നു. ഭരണാധികാരികൾക്ക് തങ്ങളെത്തന്നെ ഭരിക്കാൻ ഒരു ത്രാണിയും ഇല്ലാതായി. നിയന്ത്രണമില്ലാത്ത വികാരാവേശം അവരെ സ്വേച്ഛാധിപതികളാക്കി. നിർമ്മലനായ ദൈവപുത്രനെ ത്യജിക്കാൻ യെഹൂദന്മാർ കള്ള സാക്ഷ്യം സ്വീകരിച്ചു. ഇപ്പോൾ കള്ളക്കുറ്റാരോപണങ്ങൾ അവരുടെ സ്വന്തം ജീവനെ അപകടത്തിലാക്കി. “യിസ്രായേലിന്‍റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽ നിന്ന് നീങ്ങുമാറാക്കുവിൻ” (യെശ. 30:11) എന്ന് അവരുടെ പ്രവൃത്തികളിൽ വളരെ നാളുകളായി അവർ പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോൾ അവരുടെ ആഗ്രഹം സഫലമായി. ദൈവഭയം പിന്നീട് അവരെ അലട്ടിയില്ല. രാഷ്ട്രത്തിന്‍റെ തലയ്ക്കൽ സാത്താൻ ആയിരുന്നു. രാഷ്ട്രീയവും മതപരവുമായ എല്ലാ അധികാരങ്ങളും അവന്‍റെ സ്വാധീനത്തിലായിരുന്നു.GCMal 26.4

    എതിർപക്ഷനായകന്മാർ, ചില സമയത്ത്, അതിനിർഭാഗ്യവാന്മാരായ ഇരകളെ പീഡിപ്പിക്കാനും അവരുടേത് പിടിച്ചുപറിക്കാനുമായി ഒത്തുചേർന്നു. പിന്നെ ഇരുകൂട്ടരുടേയും ശക്തികൾ തമ്മിൽ ഏറ്റുമുട്ടി യാതൊരു ദയയും കൂടാതെ കൊന്നൊടുക്കി. അവരുടെ കാര്യത്തെ ദൈവാലയത്തിന്‍റെ വിശുദ്ധിക്കുപോലും തടഞ്ഞു നിറുത്തുവാൻ കഴിഞ്ഞില്ല. ആരാധകരെ യാഗപീഠത്തിനു മുൻപിൽത്തന്നെ അടിച്ചുവീഴ്ത്തി. അതിവിശുദ്ധസ്ഥലം ശവശരീരങ്ങൾകൊണ്ട് അശുദ്ധമാക്കി. എന്നിട്ടും യെരൂശലേം ദൈവത്തിന്‍റെ സ്വന്ത പട്ടണം ആയതുകൊണ്ട് അത് നശിക്കും എന്ന ഭയം തങ്ങൾക്കില്ലെന്ന്, നരകതുല്യമായ വേല ചെയ്തിരുന്ന ദുഷ്ടന്മാർ തങ്ങളുടെ അന്ധവും ദൈവദൂഷണപരവുമായ ധിക്കാരത്താൽ പ്രസിദ്ധപ്പെടുത്തി. റോമൻ സൈന്യം ദൈവാലയത്തെ വളഞ്ഞുകൊണ്ടിരുന്നപ്പോഴും ജനം ദൈവത്തിൽനിന്നുള്ള വിടുതലിനായി കാത്തിരിക്കണമായിരുന്നു. അപ്പോൾ പോലും നേതാക്കൾ അവരുടെ ശക്തി കൂടുതൽ ഉറപ്പിക്കാനായി കള്ളപ്രവാചകന്മാർക്ക് കൈക്കൂലി കൊടുത്ത് പ്രസംഗിപ്പിച്ചു. പ്രതിയോഗികളെ പരാജയപ്പെടുത്താൻ സ്വർഗ്ഗസ്ഥൻ ഇടപെടുമെന്ന് അധികം പേരെയും വിശ്വസിപ്പിച്ചിരുന്നു. പക്ഷെ, യിസ്രായേൽ കാലങ്ങളായി ദിവ്യസംരക്ഷണത്തെ നിഷേധിച്ചു. ഇപ്പോൾ അവൾക്ക് യാതൊരു പ്രതിരോധവും ഇല്ല. സന്തോഷ രഹിതമായ യെരൂശലേം! അന്യരാജ്യത്തെ സൈന്യങ്ങൾ അവളുടെ കോട്ടകൊത്തളങ്ങളെ തല്ലിത്തകർത്ത്, അവളുടെ യുദ്ധവീരന്മാരെ കൊന്നൊടുക്കിയപ്പോൾ ആഭ്യന്തരമായ അഭിപ്രായഭിന്നതകളും, പരസ്പരം കൊന്ന അവളുടെ മക്കളുടെ രക്തത്താൽ ചുവന്ന തെരുവുകളും ആണ് അവിടുണ്ടായിരുന്നത്.GCMal 27.1

    യെരൂശലേമിന്‍റെ നാശത്തെപ്പറ്റി ക്രിസ്തു പറഞ്ഞ പ്രവചനങ്ങൾ അക്ഷരംപ്രതി നിറവേറി. ക്രിസ്തുവിന്‍റെ മുന്നറിയിപ്പിന്‍റെ വാക്കുകൾ യെഹൂദരുടെ ജീവിതാനുഭവമായി. “നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും” (മത്തായി 7:2).GCMal 28.1

    ശിക്ഷാവിധിയെക്കുറിച്ചും അത്യാഹിതത്തെക്കുറിച്ചും സൂചന കൊടുക്കുന്ന അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടായി. അർദ്ധരാത്രിയിൽ ദൈവാലയത്തിന്മേലും യാഗപീഠത്തിന്മേലും അസാധാരണമായ പ്രകാശം വീശി. രഥങ്ങളും, പടയാളികൾ യുദ്ധത്തിനായി കൂടിവരുന്നതും, അസ്തമന സമയത്തെ മേഘത്തിൽ ചിത്രീകരിക്കപ്പെട്ടു. രാത്രിയിൽ വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷിച്ചിരുന്ന പുരോഹിതന്മാർ അസാധാരണ ശബ്ദം കേട്ട് ഭയപ്പെട്ടു; ഭൂമി വിറച്ചു. “നമുക്ക് ഇവിടെനിന്ന് പോകാം’ എന്ന് നിലവിളിക്കുന്ന ജനക്കൂട്ടത്തിന്‍റെ ശബ്ദം കേട്ടു. നാലുപേർ പിടിച്ചാൽ പോലും കഷ്ടിച്ച് അടയ്ക്കാൻ കഴിയുമായിരുന്നത് ഭാരമുള്ളതും, ഏറ്റവും വലിയ ഇരുമ്പഴികളാൽ ഭദ്രമാക്കിയതും കരിങ്കല്ലു പാകിയ നിരത്തിൽ ഉറപ്പിച്ചിരുന്നതുമായ കിഴക്കേവാ തിൽ അദൃശ്യരായ വ്യക്തികളാൽ അർദ്ധരാത്രിയിൽ തുറന്നു കിടന്നു. - Milman, The History of the Jews, book 13.GCMal 28.2

    പട്ടണത്തിന് വരാനിരുന്ന നാശത്തെപ്പറ്റി വിളിച്ചു പറഞ്ഞുകൊണ്ട് ഒരു മനുഷ്യൻ ഏഴുവർഷം യെരൂശലേമിന്‍റെ വീഥികളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. “കിഴക്കുനിന്ന് ഒരു ശബ്ദം! പടിഞ്ഞാറുനിന്നൊരു ശബ്ദം! നാലു കാറ്റിൽ നിന്നൊരു ശബ്ദം! യെരൂശലേമിനെതിരായും ദൈവാലയത്തിനെതിരായും ഒരു ശബ്ദം! മണവാളനും മണവാട്ടിക്കും എതിരായി ഒരു ശബ്ദം! സകല മനുഷ്യർക്കും എതിരായി ഒരു ശബ്ദം'! എന്ന വന്യമായ വിലാപഗാനം രാവും പകലും പാടിക്കൊണ്ട് നടന്നു. - Ibid., book 13. ഈ അപരിചിതനെ ജയിലിൽ അടച്ചു ചാട്ടവാറുകൊണ്ട് അടിച്ചെങ്കിലും യാതൊരു ആവലാതിയും അയാളുടെ നാവിൽ നിന്ന് പുറപ്പെട്ടില്ല. നിന്ദിച്ചും ഭത്സിച്ചുംകൊണ്ട് “യെരൂശലേമിന് മഹാകഷ്ടം, മഹാകഷ്ടം! അതിലെ നിവാസികൾക്ക് കഷ്ടം! കഷ്ടം!” എന്നു മാത്രം പറഞ്ഞു. അയാൾ മുന്നറിയിപ്പുകൊടുത്ത അവരോധത്തിൽവെച്ച് അയാൾ മരിക്കുംവരെ മുന്നറിയിപ്പിൻ ഗാനം നിലച്ചില്ല.GCMal 28.3

    യെരൂശലേമിന്‍റെ നാശത്തിൽപ്പെട്ട് ഒരു ക്രിസ്ത്യാനിപോലും മരിച്ചില്ല. ക്രിസ്തു തന്‍റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു, അവന്‍റെ വാക്കുകൾ വിശ്വസിച്ച് എല്ലാവരും വാഗ്ദാനം ചെയ്യപ്പെട്ട അടയാളം നോക്കിപ്പാർത്തു: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോൾ അതിന്‍റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവീൻ. അന്ന് യെഹൂദ്യയിൽ ഉള്ളവർ മലകളിലേയ്ക്ക് ഓടിപ്പോകട്ടെ അതിന്‍റെ നടുവിൽ ഉള്ളവർ പുറപ്പെട്ടുപോകട്ടെ” (ലൂക്കൊ . 21:20, 21). സെസ്റ്റ്യസിന്‍റെ കീഴിൽ റോമാക്കാർ പട്ടണം വളഞ്ഞ് പെട്ടെന്നുള്ള ആക്രമണത്തിന് എല്ലാം അനുകൂലം എന്ന് കണ്ടതിനുശേഷം നിനച്ചിരിക്കാതെ അവരോധം അവർ കൈവിട്ടു. യാതൊരു കാരണവും ഇല്ലാതെ റോമാസൈന്യാധിപൻ സൈന്യത്തെ പിൻവ ലിച്ചപ്പോൾ സൈന്യത്താൽ വളയപ്പെട്ട ജനം വിജയത്തെക്കുറിച്ച് യാതൊരു പ്രതീക്ഷയും ഇല്ലാതെ കീഴടങ്ങലിന്‍റെ വക്കിൽ ആയിരുന്നു. എന്നാൽ ദൈവത്തിന്‍റെ ദയയുള്ള കരുതൽ തന്‍റെ സ്വന്ത ജനത്തിന്‍റെ നന്മയ്ക്കുവേണ്ടി സംഗതികളെ നിയന്ത്രിച്ചിരുന്നു. കാത്തിരുന്ന ക്രിസ്ത്യാനികൾക്ക് വാഗ്ദത്തം ചെയ്തിരുന്ന അടയാളം നൽകപ്പെട്ടു. ഇപ്പോൾ രക്ഷകന്‍റെ മുന്നറിയിപ്പ് അനുസരിക്കേണ്ട എല്ലാവർക്കും ഒരു അവസരംകൂടെ കൊടുത്തു. യെഹൂദന്മാരോ റോമാക്കാരോ, ക്രിസ്ത്യാനികളുടെ ഓടിപ്പോക്കിന് യാതൊരു വിഘ്നവും വരുത്താതിരിക്കത്തക്കവണ്ണം കാര്യങ്ങളെ ദൈവം നിയന്ത്രിച്ചു. സൈസ്റ്റ്യസ് പിൻതിരിഞ്ഞപ്പോൾ, യെഹൂദന്മാർ യെരുശലേമിൽ നിന്ന് ചാടിവീഴുകയും പിൻതിരിഞ്ഞ സൈന്യത്തെ പിന്തുടരുകയും അങ്ങനെ രണ്ട് ശക്തികളും പരസ്പരം എതിരിട്ടപ്പോൾ ക്രിസ്ത്യാനികൾക്ക് പട്ടണം വിടാനുള്ള അവസരം സിദ്ധിക്കുകയും ചെയ്തു. ഈ സമയത്ത് ശത്രുക്കൾ രാജ്യം ഒഴിഞ്ഞിരുന്നു. അല്ലെങ്കിൽ അവർ വഴിക്കുവെച്ച് തടയപ്പെടുമായിരുന്നു. അവരോധത്തിന്‍റെ സമയത്ത് യെഹൂദന്മാർ യെരുശലേമിൽ കൂടാരപ്പെരുന്നാൾ ആഘോഷിക്കുവാൻ ഒന്നിച്ചു കൂടിയിരുന്നു. അങ്ങനെ സകല ദേശത്തും ഉണ്ടായിരുന്ന ക്രിസ്ത്യാനികൾക്ക് യാതൊരു വൈഷമ്യവും കൂടാതെ രക്ഷപെടാൻ സാധിച്ചു. താമസിയാതെ യോർദ്ദാന് അപ്പുറത്തുള്ള പെറിയ എന്ന ദേശത്ത പെല്ലാ എന്ന പട്ടണത്തിൽ അവർ സുരക്ഷിതത്വം കണ്ടെത്തി.GCMal 29.1

    യെഹൂദാസൈന്യം സെസ്റ്റ്യസിനേയും അദ്ദേഹത്തിന്‍റെ സൈന്യത്തെയും പിൻ തുടർന്ന്, മുഴുവൻ സൈന്യത്തേയും നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുംവിധം ഉഗ്രപോരാട്ടം പിൻപടയിന്മേൽ നടത്തി. പിൻവാങ്ങൽ വിജയകരമാക്കാൻ റോമാ സൈന്യത്തിന് പാടുപെടേണ്ടിവന്നു. മിക്കവാറും നഷ്ടം ഒന്നും കൂടാതെ യെഹൂദർ രക്ഷപെടുകയും അവർ കൊള്ളയുമായി വിജയാഘോഷത്തോടെ യെരുശലേമിൽ തിരിച്ചെത്തുകയും ചെയ്തു. നാമ മാത്രമായ ഈ വിജയത്താൽ ദുഷ്ടത മാത്രമെ നേടിയുള്ളു. അത് റോമാക്കാരെ ദുശാഠ്യത്തോടെ എതിർക്കാനുള്ള പ്രചോദനം കൊടുത്തു. തന്മൂലം വളരെ വേഗത്തിൽ, പറഞ്ഞറിയിക്കാൻ പറ്റാത്ത കഷ്ടം, നാശത്തിന് വിധിക്കപ്പെട്ട ആ പട്ടണത്തിന്മേൽ വന്നുകൂടി.GCMal 30.1

    റ്റൈറ്റസിനാൽ ഉപരോധം വീണ്ടും തുടങ്ങിയപ്പോൾ അതിദാരുണമായ കൊടും ദുരിതങ്ങൾ യെരൂശലേമിന്മേൽ വീണു. പെസഹ ആചരിക്കാനായി പട്ടണത്തിന്‍റെ മതിലകങ്ങളിൽ ലക്ഷക്കണക്കിനു യെഹൂദന്മാർ കൂടിയിരുന്നു. ശ്രദ്ധിച്ച് സംരക്ഷിച്ചിരുന്നെങ്കിൽ താമസക്കാർക്ക് വർഷങ്ങളോളം മതിയാകുമായിരുന്ന ആഹാരസാധനങ്ങളുടെ കലവറ, അന്യോന്യം പോരാടുന്ന കലഹക്കാരുടെ അസൂയയും പ്രതികാരവും കാരണം നേരത്തേതന്നെ നശിപ്പിക്കപ്പെട്ടു. അപ്പോൾ പട്ടിണിയുടെ ഉഗ്രഭീതി അനുഭവിക്കാൻ തുടങ്ങി. ഒരളവ് ഗോതമ്പ് ഒരു താലന്തിന് വിറ്റു. ബെൽറ്റിന്‍റേയും ചെരുപ്പിന്‍റെയും തുകലും കവചത്തിന്‍റെ ആവരണവും കാർന്നു തിന്നത്തക്കവണ്ണം വിശപ്പിന്‍റെ പ്രാണവേദന അത്ര ഉഗ്രമായിരുന്നു. പട്ടണമതിലിനു വെളിയിൽ വളരുന്ന കാട്ടു ചെടികൾ മോഷ്ടിക്കാൻ ഒരു വലിയ കൂട്ടം ആളുകൾ രാത്രിയിൽ പോകുമായിരുന്നു. അവരിൽ നിന്നും പിടിച്ചെടുത്തിട്ട് ക്രൂരമായ ദണ്ഡനത്താൽ പലരേയും കൊന്നു. ജീവൻ പണയപ്പെടുത്തി, ചിതറിക്കിടക്കുന്ന നെന്മണികൾ പെറുക്കിക്കൊണ്ട് സുരക്ഷിതമായി തിരിച്ചെത്തിയവരുടേത് മോഷ്ടിക്കപ്പെട്ടു. ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളിൽനിന്ന്, അവർ ഒളിച്ചുവെച്ചേയ്ക്കാൻ സാധ്യതയുള്ള അവസാനത്തെ വിരളമായ സംഭരണവും പിടിച്ചെടുക്കാൻ അധികാരികൾ മനുഷ്യത്വരഹിതമായ ദണ്ഡനങ്ങൾ ഏല്പിച്ചു. ഈ ക്രൂരതകൾ സർവ്വ സാധാരണമായിരുന്നു. അത് ചെയ്തവർ ശരിക്ക് ആഹാരം കഴിച്ചിരുന്നവരും ആഹാരസാധനങ്ങളുടെ ഒരു കലവറ ഭാവിയിലേയ്ക്ക് ഉണ്ടാ ക്കിവെയ്ക്കാൻ ആഗ്രഹിച്ചിരുന്നവരും ആയിരുന്നു.GCMal 30.2

    ക്ഷാമം, സാംക്രമിക രോഗം എന്നിവമൂലം ആയിരങ്ങൾ മരിച്ചു. സ്വാഭാവിക സ്നേഹം നശിച്ചതായി തോന്നി. ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരുടേതും ഭാര്യമാർ ഭർത്താക്കന്മാരുടേതും മോഷ്ടിച്ചു. പ്രായം ചെന്ന അപ്പനമ്മമാരുടെ വായിൽനിന്ന് കുട്ടികൾ ആഹാരം തട്ടിയെടുത്തു? “ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ?” എന്ന പ്രവാചകന്‍റെ ചോദ്യത്തിനുള്ള ഉത്തരം ന്യായം വിധിക്കപ്പെട്ട ഈ പട്ടണത്തിന്‍റെ മതിലകങ്ങളിൽനിന്ന് കിട്ടി. “കരുണയുള്ള സ്ത്രീകൾ പൈതങ്ങളെ സ്വന്തം കൈകൊണ്ട് പാകം ചെയ്തു; അവർ എന്‍റെ ജനത്തിന്‍റെ പുതിയുടെ നാശത്തിങ്കൽ അവർക്ക് ആഹാരമായിരുന്നു ‘ (യെശയ്യാ. 49:15; വിലാപങ്ങൾ 4:10). കൂടാതെ പതിനാല് നൂറ്റാണ്ടുകൾക്കുമുൻപ് കൊടുത്തിരുന്ന മുന്നറിയിപ്പിൻ പ്രവചനവും നിവൃത്തിയായി. “ദേഹമാർദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്‍റെ ഉള്ളംകാൽ നിലത്തുവെപ്പാൻ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്‍റെ മാർവ്വിടത്തിലെ ഭർത്താവിനും തന്‍റെ മകനും മകൾക്കും, . . . താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി ശത്രു നിന്‍റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകല വസ്തുക്കളുടെയും ദുർല്ലഭത്വം നിമിത്തം അവൾ അവരെ രഹസ്യമായി തിന്നും” (ആവർത്തനം 28:56, 57).GCMal 30.3

    റോമാനേതാക്കന്മാർ യെഹൂദന്മാരെ ഭയപ്പെടുത്തി കീഴടക്കാൻ പരി ശ്രമിച്ചു. എതിർത്തെ ജയിൽപുള്ളികളെ ചാട്ടവാറുകൊണ്ട് അടിക്കുകയും ദണ്ഡിപ്പിക്കുകയും പട്ടണമതിലിനു മുമ്പിൽ ക്രൂശിക്കുകയും ചെയ്തു. ഇങ്ങനെ ദിവസംതോറും നൂറുകണക്കിന് ആളുകളെ കൊന്നു. യഹോശാ ഫാത്ത് താഴ്വരയിലും കാൽവറിയിലും വൻതോതിൽ ക്രൂശുകൾ ഉയർന്നു. അവയുടെ ഇടയിൽക്കൂടെ നടക്കാൻ സ്ഥലം ഇല്ലാതാകുവോളം ക്രൂശീകരണം തുടർന്നു. പീലാത്തോസിന്‍റെ ന്യായാസനത്തിനു മുൻപിൽ വെച്ച് പറഞ്ഞ ഭയങ്കരമായ ശാപം അതിദാരുണമായി അവരെ സന്ദർശിച്ചു. “അവന്‍റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” (മത്തായി 27:25).GCMal 31.1

    റ്റൈറ്റസ് ഭയാനകരമായ ഈ രംഗത്തിന് പൂർണ്ണമനസ്സോടെ ഒരു അവസാനം ഉണ്ടാക്കുമായിരുന്നു. അങ്ങനെ യെരൂശലേമിന്‍റെ വിധി അതിന്‍റെ മുഴുവൻ അളവിൽ അനുഭവിക്കുന്നതിൽനിന്നും അതിനെ വിടുവിക്കുമായിരുന്നു. താഴ്വരകളിൽ ശവശരീരങ്ങൾ കൂടിക്കിടക്കുന്നതു കണ്ട് അദ്ദേഹം ഭീതി നിറഞ്ഞവനായി. ഒലിവുമലയുടെ ശിഖരത്തിൽ നിന്നുകൊണ്ട് ദൈവാലയത്തിന്‍റെ മഹാത്മ്യം കണ്ട് വികാരഭരിതനായി, അതിന്‍റെ ഒറ്റക്കല്ലുപോലും തൊട്ടുപോകരുതെന്ന് ആജ്ഞാപിച്ചു. ദൈവാലയം കൈവശമാക്കുവാൻ ശ്രമിക്കുന്നതിനുമുൻപ് ആ വിശുദ്ധസ്ഥലം രക്തത്താൽ അശുദ്ധമാക്കാൻ തന്നെ പ്രേരിപ്പിക്കരുതെന്ന് യെഹൂദാനേതാക്കന്മാരോട് കേണപേക്ഷിച്ചു. അവർ ദൈവാലയത്തിൽനിന്ന് പുറപ്പെട്ട് വേറെ ഏതെങ്കിലും സ്ഥലത്ത് യുദ്ധം ചെയ്താൽ ഒറ്റ റോമാക്കാരനും ദൈവാലയത്തിന്‍റെ വിശുദ്ധിയെ ഭംഗപ്പെടുത്തുമായിരുന്നില്ല. അവരെത്തന്നെയും അവരുടെ പട്ടണത്തെയും ആരാധനാസ്ഥലത്തേയും രക്ഷിക്കുന്നതിനായി കീഴടങ്ങാൻ ജോസീഫസ്തന്നെ വാഗ്ധാടിയുള്ള തന്‍റെ പ്രസംഗത്തിലൂടെ കേണപേക്ഷിച്ചു. പക്ഷെ ഈ വാക്കുകളുടെ മറുപടി കൈപ്പേറിയ ശാപമായിരുന്നു. അവരുടെ അവസാനത്തെ മാനുഷിക മദ്ധ്യസ്ഥനായ അദ്ദേഹം അപേക്ഷിച്ചുകൊണ്ട് നിന്നപ്പോൾത്തന്നെ, അദ്ദേഹത്തിനുനേരെ അമ്പുകൾ ചുഴറ്റി എറിഞ്ഞു. ദൈവപുത്രന്‍റെ യാചനകളെ തിരസ്കരിച്ച യെഹൂദാജനത്തിന് ഇപ്പോഴത്തെ ഗുണദോഷങ്ങളും യാചനകളും അവസാനംവരെ എതിർക്കാനുള്ള തീരുമാനത്തിൽ അവരെ എത്തിച്ചു. ദൈവാലയം രക്ഷിക്കാനുള്ള റൈറ്റസിന്‍റെ ഉദ്യമം പാഴായി. കല്ലിന്മേൽ കല്ല് ശേഷിക്കയില്ലെന്ന് റ്റൈറ്റസിനെക്കാൾ വലിയവൻ പ്രഖ്യാപിച്ചിരുന്നല്ലൊ.GCMal 31.2

    യെഹൂദാനേതാക്കന്മാരുടെ അന്ധമായ മർക്കടമുഷ്ടിയും ഉപരോധിച്ചിരുന്ന പട്ടണത്തിനകത്ത് നടന്നിരുന്ന കുറ്റകൃത്യങ്ങളും അതിക്രമങ്ങളും റോമാക്കാരിൽ ധാർമ്മിക രോഷവും ഘോരതയും ഉളവാക്കി. അവസാനം റ്റൈറ്റസ് ദൈവാലയം കൈവശമാക്കുവാൻതന്നെ നിശ്ചയിച്ചു. സാധിക്കുമെങ്കിൽ എങ്ങനെയെങ്കിലും നശിപ്പിക്കാതെ അത് രക്ഷിക്കണം എന്നും തീരുമാനിച്ചു. പക്ഷെ ആരും അദ്ദേഹത്തിന്‍റെ ആജ്ഞകൾ വകവെച്ചില്ല. രാത്രിയിൽ അദ്ദേഹം കൂടാരത്തിലേയ്ക്ക് മടങ്ങിയശേഷം ദൈവാലയത്തിൽനിന്ന് യെഹൂദന്മാർ ചാടി വന്ന്, പുറത്തുവെച്ച് പടയാളികളെ ആക്രമിച്ചു. ആ യുദ്ധത്തിൽ ഒരു പടയാളി നടപ്പന്തലിന്‍റെ വാതിലിലൂടെ ഒരു തീപ്പന്തം അകത്തേയ്ക്ക് വലിച്ചെറിഞ്ഞു. പെട്ടെന്ന്, ദേവദാരുപാളികൾകൊണ്ട് പൊതിഞ്ഞിരുന്ന ദൈവാലയത്തിന്‍റെ മുറികൾ ആളിക്കത്തി. റ്റെറ്റസ് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു. അദ്ദേഹത്തിന്‍റെ സൈന്യാധിപന്മാരും ജനറലുകളും പുറകെ എത്തി. അദ്ദേഹം പടയാളികളോട് തീ കെടുത്താൻ ആജ്ഞാപിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകളെ ആരും ശ്രദ്ധിച്ചില്ല. പടയാളികൾ തങ്ങളുടെ ഉഗ്രകോപത്തിൽ അടുത്തുള്ള മുറികളിലേയ്ക്കും തീപ്പന്തങ്ങൾ വലിച്ചെറിഞ്ഞു. എന്നിട്ട് അവിടെ അഭയം പ്രാപിച്ചിരുന്ന വലിയ കൂട്ടം ജനങ്ങളെ തങ്ങളുടെ വാളുകൊണ്ട് വെട്ടിക്കൊന്നു. ദൈവാലയനടയിലൂടെ വെള്ളം പോലെ രക്തം ഒഴുകി. ആയിരക്കണക്കിന് യെഹൂദന്മാർ കൊല്ലപ്പെട്ടു. യുദ്ധശബ്ദങ്ങളെ വെല്ലുന്ന ശബ്ദത്തിൽ മഹത്വം യിസ്രായേലിൽനിന്നു പോയി എന്നർത്ഥമുള്ള “ഇക്കബൊഡ്” എന്ന ആർത്ത നാദം കേട്ടു - മഹത്വം വേർപെട്ടു.GCMal 32.1

    സൈന്യത്തിന്‍റെ കോപം തടയുന്നത് അസാധ്യം ആണെന്ന് റ്റൈറ്റസ് മനസ്സിലാക്കി. അദ്ദേഹം തന്‍റെ മേലധികാരികളോടൊത്ത് അകത്തെ വിശുദ്ധ സൗധം പരിശോധിച്ചു. അതിന്‍റെ ശോഭ അവരെ അമ്പരപ്പിച്ചു. തീ അവിടേയ്ക്ക് ആ സമയംവരെ കയറിയിട്ടില്ലാത്തതുകൊണ്ട് അത് രക്ഷിക്കാൻ ഒരു അവസാന ശ്രമംകൂടെ നടത്തി. ഭയങ്കര നാശനഷ്ടങ്ങൾ വരുത്തുന്ന അഗ്നിബാധയുടെ പുരോഗതി തടയുവാൻ പടയാളികളെ വേഗം അനുശാസിച്ചു. ശതാധിപൻ ലിബറാലീസും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥരും ആജ്ഞ നടപ്പാക്കുവാൻ പരിശ്രമിച്ചു. പക്ഷെ, യെഹൂദരോടുള്ള കഠിനമായ ശത്രുതയും യുദ്ധത്തിന്‍റെ ഘോരമായ വികാരക്ഷോഭവും, പിടിച്ചുപറിക്കാനുള്ള മതിവരാത്ത ആവേശവും ചക്രവർത്തിയോടുള്ള ബഹുമാനത്തിന് വഴിമാറി. തങ്ങൾക്ക് ചുറ്റും ഉള്ളതെല്ലാം തിളങ്ങുന്ന സ്വർണ്ണമാണെന്ന് പടയാളികൾ മനസ്സിലാക്കി. അവ അഗ്നിയുടെ വെളിച്ചത്തിൽ കണ്ണഞ്ചിക്കുംവിധം വെട്ടിത്തിളങ്ങി. അതിവിശുദ്ധ സ്ഥലത്ത് അളക്കാൻ സാധിക്കാത്ത അത്ര നിധി കിടപ്പുണ്ടെന്ന് അവർ വിചാരിച്ചു. ഒരു പടയാളി ആരും കാണാതെ കത്തിച്ച കമ്പ് കതകിന്‍റെ വിജാഗിരി പഴുതിലൂടെ തള്ളി. ഒറ്റ നിമിഷംകൊണ്ട് കെട്ടിടം മുഴു വൻ തീ പടർന്നു. കാഴ്ച നശിപ്പിക്കുന്ന പുകയും തീയും കാരണം മേലധികാരികൾ അവിടെനിന്നും മടങ്ങേണ്ടിവന്നു. മാഹാത്മ്യം ഉള്ള സൗധത്ത അതിന്‍റെ വിധിക്ക് വിട്ടു.GCMal 32.2

    റോമാക്കാർക്ക് അത് അതിഭയങ്കരമായ കാഴ്ചയായിരുന്നു. യെഹൂദർക്ക് അത് എന്തായിരുന്നു? ആ പട്ടണം ഇരുന്നിരുന്ന കുന്നിന്‍റെ അഗ്രംവരെ അഗ്നി പർവ്വതത്തിലെന്നപോലെ തീ ആളിക്കത്തി. ഭയങ്കരമായ സ്ഫോടനത്തോടെ ഒന്നിനു പിറകെ ഒന്നായി കെട്ടിടങ്ങൾ വീണു. അടി കാണാത്ത അഗ്നിമയമായ ഗർത്തം അവയെയെല്ലാം വിഴുങ്ങിക്കളഞ്ഞു. ദേവദാരുകൊണ്ടുള്ള മേൽക്കൂരകൾ അഗ്നികൊണ്ടുള്ള വിരിപ്പുകൾ പോലെ ആയി. സ്വർണ്ണം പൂശിയ ഗോപുരാഗ്രങ്ങൾ ചുവന്നു പ്രകാശിക്കുന്ന വലിയ ആണികൾപോലെ കണ്ടു. പടിപ്പുരമാളികകൾ പുകയും അഗ്നിയും നിറഞ്ഞ തുണുകളായി. അടുത്തുള്ള കുന്നുകളും പ്രകാശിച്ചു. ജനങ്ങൾ കൂട്ടം കൂട്ടമായി ഭയത്തോടും വ്യാകുലതയോടുംകൂടെ ഈ നാശത്തിന്‍റെ പുരോഗതി നോക്കിനിന്നിരുന്നു. ചിലർ വിളറിയ മുഖങ്ങളുമായും ചിലർ നൈരാശ്യത്തിന്‍റെ സങ്കടം നിറഞ്ഞവരായും ചിലർ പ്രതികാരത്തിന് സാദ്ധ്യത ഇല്ലാത്തതിനാൽ കോരിത്തരിച്ച് നോക്കിക്കൊണ്ടും ഉയരങ്ങളിൽ തിങ്ങിനിന്നിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന റോമാപ്പട്ടാളത്തിന്‍റെ അലർച്ചയും അഗ്നിജ്വാലയിൽ മരിച്ചുകൊണ്ടിരുന്ന കലാപകാരികളുടെ നിലവിളികളും, അഗ്നിബാധയുടെ ആരവത്തിലും മേൽക്കൂരകൾ വീഴുന്ന ഇടിനാദത്തിലും അലിഞ്ഞു ചേർന്നു. ഉയരങ്ങളിൽ നിന്നിരുന്ന ആളുകളുടെ കൂക്കുവിളികൾ പർവ്വതങ്ങളിൽ പ്രതിധ്വനിച്ചു. നിലവിളികളും വിലാപങ്ങളും ഭിത്തികളിൽ തട്ടി വീണ്ടും ശബ്ദിച്ചു. ക്ഷാമം മൂലം മരിച്ചു കൊണ്ടിരുന്ന ജനം അതീവ മനോവേദനയുടേയും നാശനഷ്ടത്തിന്‍റെയും കരച്ചിൽ പുറപ്പെടുവിക്കാനായി ശേഷിച്ച ശക്തി ഒരുമിച്ചു കൂട്ടി.GCMal 33.1

    “പുറമെ കണ്ട കാഴ്ചയെക്കാൾ അതിഭയങ്കരമായിരുന്നു അകത്തു നടന്ന കൂട്ടക്കൊല. പുരുഷന്മാരും സ്ത്രീകളും, വൃദ്ധരും, യൗവ്വനക്കാരും, കലാപകാരികളും പുരോഹിതന്മാരും, അക്രമികളും ദയയ്ക്കായി കെഞ്ചി യാചിച്ചവരും യാതൊരു പക്ഷഭേദവും ഇല്ലാതെ നുറുക്കപ്പെട്ടു. വധിക്കപ്പെട്ടവരുടെ എണ്ണം കൊലയാളികളുടേതിലും അധികമായിരുന്നു. ഉന്മൂലനാശം വരുത്താനായി സേനാവിഭാഗത്തിന് ശവശരീരങ്ങളുടെ പുറത്ത് ആയാസപ്പെട്ട് കയറേണ്ടിവന്നു”. - Milman, The History of the }ews, book 16.GCMal 34.1

    ദൈവാലയ നശീകരണം കഴിഞ്ഞ ഉടനെ മുഴുപട്ടണവും റോമാക്കാരുടെ കൈകളിൽ അമർന്നു. യെഹൂദാനേതാക്കന്മാർ അവരുടെ മനോഹരമായ മണിമാളികകൾ കൈവെടിഞ്ഞു. റ്റൈറ്റസ് അവയെ നിസഹായാവസ്ഥയിൽ കണ്ടു. അദ്ദേഹം അത്ഭുതത്തോടെ അവയെ സൂക്ഷിച്ചുനോക്കിയിട്ട് ദൈവം അവയെ തന്‍റെ കൈകളിൽ തന്നിരിക്കുന്നു, കാരണം, ഒരു യന്ത്രത്തിനും അത് എത്രതന്നെ ശക്തിയുള്ളതാണെങ്കിൽപോലും - വലിപ്പംകൊണ്ട് അത്യത്ഭുതം ഉണർത്തുന്ന ഈ കോട്ടയെ അതിജീവിക്കാൻ സാധ്യമാകുകയില്ല. എന്ന് പറഞ്ഞു. പട്ടണവും ദൈവാലയവും അതിന്‍റെ അടിസ്ഥാനംവരെ ഇടിച്ചു നിരപ്പാക്കി. ദൈവാലയം നിന്നിരുന്ന സ്ഥലം “വയൽ ഉഴുന്നതു പോലെ” ആക്കി (യിരെമ്യാ. 26:18). തുടർന്നുണ്ടായ ഉപരോധത്തിലും കൂട്ടക്കൊലയിലും പത്തു ലക്ഷത്തിലധികം ആളുകൾ നശിച്ചു. ജീവിച്ചിരുന്നവരെ തടവുകാരായി പിടിക്കുകയും അടിമകളായി വിൽക്കുകയും റോമാചക്രവർത്തിയുടെ വിജയം ആഘോഷിക്കുവാൻ റോമിലേയ്ക്ക് കൊണ്ടുപോവുകയും വന്യമൃഗങ്ങൾക്ക് ഇരയായി ആംഫി തിയറ്ററുകളിൽ (സ്റ്റേഡിയത്തിൽ) എറിഞ്ഞുകളകയും ചെയ്തു. ശേഷിച്ചവർ ഭവനരഹിതരായി ചിതറി, ഭൂമിയിൽ എല്ലാ ദിക്കിലും അലഞ്ഞു.GCMal 34.2

    യെഹൂദന്മാരുടെ നാശത്തിന്‍റെ ചങ്ങല അവർതന്നെ നിർമ്മിച്ചു. അവർക്കുള്ള പ്രതികാരത്തിന്‍റെ പാനപാത്രം അവർതന്നെ നിറച്ചു. ഒരു രാഷ്ട്രം എന്ന നിലയിൽ സംഭവിച്ച പൂർണ്ണനാശവും ചിതറിപ്പോകലിൽ എത്തിച്ചേർന്ന മഹാ ദുരിതങ്ങളും അവരുടെ സ്വന്തം കൈകൾകൊണ്ട് വിതച്ച വിത്തിന്‍റെ ഫല ശേഖരം ആയിരുന്നു. പ്രവാചകൻ പറയുന്നു: “യിസ്രായേലേ, നിന്‍റെ സഹായം ആയിരിക്കുന്ന എന്നോട് മറുക്കുന്നത് നിന്‍റെ നാശം ആകുന്നു”. “നിന്‍റെ അകൃത്യം നിമിത്തം അല്ലോ നീ വീണിരിക്കുന്നത്” (ഹോശേയാ 13:9;14:1). ദൈവം അപ്പോഴപ്പോൾ തരുന്ന ശിക്ഷകൾ ആയിട്ടാണ് അവരുടെ കഷ്ടതകളെ കണക്കാക്കിയിരുന്നത്. മഹാവഞ്ചകൻ തന്‍റെ വേല മറെച്ചുവെയ്ക്കാൻ ആഗ്രഹിച്ചിരുന്നത് അങ്ങനെ ആണ്. ദുശ്ശാഠ്യത്തോടെ ദൈവത്തിന്‍റെ സ്നേഹവും കരുണയും തള്ളിക്കളഞ്ഞതിനാൽ യെഹൂദാജനം ദൈവത്തിന്‍റെ സംരക്ഷണം പിൻവലിക്കാൻ കാരണമാക്കി. സാത്താന്‍റെ ഇഷ്ടപ്രകാരം അവരെ ഭരിക്കാൻ അനുവദിച്ചു. യെരൂശലേമിന്‍റെ നാശത്തിൽ നടമാടിയ കൊടും ക്രൂരതകൾ, സാത്താന്‍റെ നിയന്ത്രണത്തിന് കീഴടങ്ങുന്നവരുടെമേൽ നടത്തുന്ന, അവന്‍റെ ഹീനകൃത്യങ്ങളുടെ പ്രകടനം ആയിരുന്നു.GCMal 34.3

    നാം അനുഭവിക്കുന്ന സമാധാനത്തിനും സംരക്ഷണത്തിനുമായി കർത്താവിനോടു എന്തുമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് നമ്മൾ അറിയുന്നില്ല. സാത്താന്‍റെ പൂർണ്ണ നിയന്ത്രണത്തിലേയ്ക്ക് കടക്കാതെ മനുഷ്യരാശിയെ തടയുന്നത് ദൈവത്തിന്‍റെ നിയന്ത്രണ ശക്തിയാണ്. സാത്താന്‍റെ ക്രൂരവും ദുഷിച്ചതുമായ ശക്തിയെ നിയന്ത്രിച്ച് നമ്മെ കാത്തുകൊള്ളുന്ന ദൈവത്തിന്‍റെ കരുണയ്ക്കും ദീർഘക്ഷമയ്ക്കുമായി അനുസരണം കെട്ടവരും നന്ദിയില്ലാത്തവരും കൃതജ്ഞത പറയാൻ വളരെ അധികം കടപ്പെട്ടിരിക്കുന്നു. എങ്കിലും മനുഷ്യർ ദിവ്യക്ഷമയുടെ അതിർ കടക്കുമ്പോൾ ദൈവിക നിയന്ത്രണം മാറ്റപ്പെടും. ലംഘനത്തിനെതിരെ ശിക്ഷ നടത്തുന്ന ആരാച്ചാരായിട്ട് പാപിക്കെതിരെ ദൈവം നിലകൊള്ളുന്നില്ല. എന്നാൽ തന്നെ തള്ളിക്കളയുന്നവരിൽ നിന്നും തന്‍റെ ദയ നീക്കി, അവർ വിതയ്ക്കുന്നതുതന്നെ കൊയ്യാൻ അനുവദിക്കുന്നു. പ്രകാശത്തിന്‍റെ ഓരോ രശ്മിയേയും നിരസിച്ചുകൊണ്ട്, ഓരോ മുന്നറിയിപ്പും നിന്ദിക്കുകയോ, ശ്രദ്ധിക്കാതിരിക്കുകയോ ചെയ്തുകൊണ്ട്. ഓരോ വികാരത്തേയും താലോലിച്ചുകൊണ്ടുള്ള, ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ ഓരോ ലംഘനവും അവർ വിതയ്ക്കുന്ന ഓരോ വിത്താണ്. അത് സംശയരഹിതമായി വിളവ് തരും. വാശിയോടെ പ്രതിരോധിക്കപ്പെടുന്ന പരിശുദ്ധാ ത്മാവ് അവസാനം പാപിയിൽനിന്ന് പിന്മാറുമ്പോൾ ആത്മാവിന്‍റെ ദുഷ്ടവി കാരങ്ങളെ നിയന്ത്രിക്കാൻ ഒരു ശക്തിയും ശേഷിക്കയില്ല. അപ്പോൾ സാത്താന്‍റെ ശത്രുതയിൽനിന്നും ദോഹചിന്തയിൽ നിന്നും ഒരു സംരക്ഷണവും ഉണ്ടാ യിരിക്കുകയും ഇല്ല. ദൈവത്തിന്‍റെ കരുണാപൂർവ്വമായ അപേക്ഷകളെ നിരസിക്കുന്നവർക്കും ദിവ്യകൃപകളെ നിന്ദിക്കുന്ന എല്ലാവർക്കും യെരൂശലേമിന്‍റെ നാശം ഭയപ്പെടുത്തുന്ന, പാവനമായ മുന്നറിയിപ്പാണ്. പാപിയുടെമേൽ വരുന്ന സുനിശ്ചിതമായ ശിക്ഷയ്ക്കും ദൈവത്തിന് പാപത്തോടുള്ള വെറുപ്പിനും, ഇതിലും കൂടുതൽ ഉറപ്പായ സാക്ഷ്യം ഒരിക്കലും നൽകപ്പെട്ടിട്ടില്ല.GCMal 35.1

    യെരൂശലേമിന്‍റെ ന്യായവിധിയെക്കുറിച്ചുള്ള രക്ഷകന്‍റെ പ്രവചനത്തിന് വേറൊരു നിവർത്തീകരണംകൂടെ ഉണ്ട്. അതിൽ ഈ ഘോരമായ നാശം, പക്ഷെ, ഒരു മങ്ങിയ നിഴൽ മാത്രമായിരിക്കും. ദൈവത്തിന്‍റെ ന്യായപ്രമാണത്തെ ചവിട്ടിത്തേയ്ക്കുകയും ദൈവകാരുണ്യം നിരസിക്കുകയും ചെയ്യുന്ന ലോകത്തിന്‍റെ ശിക്ഷാവിധി നമുക്ക് ഈ തിരഞ്ഞെടുക്കപ്പെട്ട പട്ടണത്തിനു സംഭവിച്ച വിധിയിൽ കാണാം. ദീർഘ നൂറ്റാണ്ടുകളിലായി ലോകം കണ്ട മാനുഷിക ദുരിതങ്ങളുടെ രേഖകൾ വളരെ ഇരുണ്ടതാണ്. ഇതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഹൃദയം വേദനിക്കുകയും മനസ്സ് തളരുകയും ചെയ്യുന്നു. സ്വർഗ്ഗത്തിന്‍റെ അധികാരം തള്ളിക്കളയുന്നതിന്‍റെ പരിണിതഫലം വളരെ ഭയാനകമാണ്. എന്നാൽ ഇതിനേക്കാൾ ഇരുളടഞ്ഞ രംഗം ഭാവിയെക്കുറിച്ചുള്ള വെളിപാടിൽ തന്നിട്ടുണ്ട്. കഴിഞ്ഞകാലത്തെ രേഖകൾ, - ബഹളത്തിന്‍റെ നീണ്ട ഘോഷയാത്രകൾ, സംഘട്ടനങ്ങൾ, വിപ്ലവങ്ങൾ, “ഒച്ചയോടെ ചവിട്ടിനടക്കുന്ന യോദ്ധാവിന്‍റെ ചെരിപ്പൊക്കെയും രക്തം പുരണ്ട വസ്ത്രവും വിറകുപോലെ തീക്കു ഇരയായിത്തീരും” (യെശയ്യാ. 9:5). ആ ദിവസത്തെ ഉഗ്രഭയവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയൊക്കെ എന്താണ്? അടക്കിനിറുത്തുന്ന ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ദുഷ്ടന്മാരിൽനിന്ന് പൂർണ്ണമായി പിൻവാങ്ങു മ്പോൾ മാനുഷിക വികാരങ്ങളും, സാത്താന്‍റെ ഉഗ്രകോപവും പ്രകടമാകുന്നത് പിന്നീട് തടയപ്പെടുകയില്ല. സാത്താന്‍റെ ഭരണത്തിന്‍റെ ഫലങ്ങൾ മുൻപൊരിക്കലും കണ്ടിട്ടില്ലാത്തവിധം ലോകം അപ്പോൾ നോക്കിക്കാണും.GCMal 35.2

    യെരൂശലേമിന്‍റെ നാശത്തിങ്കൽ സംഭവിച്ചതുപോലെ ആ ദിവസത്തിലും ജീവ പുസ്തകത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനുംതന്നെ വിടുവിപ്പിക്കപ്പെടും (യെശയ്യാ. 4:3), താൻ രണ്ടാമതു വന്നു തന്‍റെ വിശ്വസ്തരെ തന്‍റെ അടുക്കൽ ചേർക്കുമെന്ന് ക്രിസ്തു പറഞ്ഞു. “അന്ന് ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ട്, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാ ശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും. അവൻ തന്‍റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുകൂടെ അയയ്ക്കും; അവർ അവന്‍റെ വൃതന്മാരെ ആകാശത്തിന്‍റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കി ൽനിന്നും കൂട്ടിച്ചേർക്കും” (മത്തായി 24:30,31 ). വചനം അനുസരിക്കാത്തവരെ” തന്‍റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്‍റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും” (2 തെസ്സ. 2:8). പുരാതന യിസ്രായേലിനെപ്പോലെ ദുഷ്ടന്മാർ തങ്ങളെത്തന്നെ നശിപ്പിക്കും. അവർ അവരുടെ പാപത്താൽ വീഴും. പാപത്താൽ നിറഞ്ഞ ഒരു ആയുസ്സിൽ ദൈവവുമായി യോജിക്കാത്തവരായി അവർ അവരെത്തന്നെ പ്രതിഷ്ഠിച്ചു. ദൈവഹിതത്തിന് വിരുദ്ധമായി അവർ ജീവിച്ചതുകൊണ്ടു ദൈവമഹത്വത്തിന്‍റെ പ്രത്യക്ഷത അവർക്ക് ദഹിപ്പിക്കുന്ന അഗ്നിയായി മാറി.GCMal 36.1

    ക്രിസ്തുവിന്‍റെ വാക്കുകളിൽക്കൂടെ മനുഷ്യനു നൽകിയ പാഠങ്ങൾ അവർ അവഗണിക്കാതെയിരിക്കുവാൻ സൂക്ഷിച്ചുകൊള്ളട്ടെ. യെരൂശലേമിന്‍റെ നാശത്തെക്കുറിച്ച് കർത്താവ് തന്‍റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് കൊടുത്തപ്പോൾ അവർ രക്ഷപെടേണ്ടതിന് തയ്യാറാകാൻ ആസന്നമായ നാശത്തേക്കുറിച്ച് അടയാളം കൊടുത്തതുപോലെ, വരുവാനിരിക്കുന്ന കോപത്തിൽനിന്നും ഓടി രക്ഷപ്പെടേണ്ട എല്ലാവർക്കുമായി ക്രിസ്തു അവസാനനാശത്തേക്കുറിച്ചു ലോകത്തിനു മുന്നറിയിപ്പു കൊടുക്കുകയും അവന്‍റെ വരവിനുള്ള അടയാളങ്ങൾ തരികയും ചെയ്തു. “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും” എന്നു യേശു പറഞ്ഞു (ലൂക്കൊ . 21:25; മത്താ. 24:29; മർക്കൊ. 13:24-26; വെളി. 6:12-17). അവന്‍റെ വരവിന്‍റെ മുന്നറിയിപ്പുകൾ കാണുന്നവർ “അവൻ അടുക്കെ വാതിൽക്കൽത്തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവീൻ” (മത്തായി 24:33). “അതുകൊണ്ട് ഉണർന്നിരിപ്പിൻ” (മർക്കൊ. 13:36) എന്നത് കർത്താവിന്‍റെ താക്കീതാണ്. ഈ മുന്നറിയിപ്പ് വക വയ്ക്കുന്നവർ ഇരുളിൽ ആയിരിക്കുകയില്ല. ആ ദിവസം അവർക്ക് പെട്ടെന്ന് കെണിപോലെ വരികയുമില്ല. എന്നാൽ ഉണർന്നിരിക്കാത്തവർക്ക് “കർത്താവിന്‍റെ ദിവസം രാത്രിയിൽ കള്ളൻ എന്നപോലെ വരും” (1തെസ്സ. 5:2-5).GCMal 36.2

    യെരുശലേമിനെക്കുറിച്ചുണ്ടായിരുന്ന കർത്താവിന്‍റെ മുന്നറിയിപ്പ് സ്വീകരിപ്പാൻ യെഹൂദാജനം തയ്യാറല്ലായിരുന്നു. അതിൽ കൂടുതൽ ഇന്നത്ത ലോകം ആ ദൂത് അംഗീകരിക്കാൻ തയ്യാറല്ല. അത് എപ്പോൾ വന്നാലും അഭക്തർക്ക് അവർ നിനയ്ക്കാത്ത നാഴികയിൽ കർത്താവിന്‍റെ ദിവസം വരും. ജീവിതം പരിണാമം വരുത്താതെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ; മനുഷ്യർ സന്തോഷത്തിലും, വ്യാപാരത്തിലും, യാത്രയിലും, ധനസമ്പാദനത്തിലും മ മറന്നിരിക്കുമ്പോൾ; മതനേതാക്കന്മാർ ലോകത്തിന്‍റെ പുരോഗതിയിലും, ജ്ഞാന സമ്പാദനത്തിലും വ്യാപൃതരായിരിക്കുമ്പോൾ; ജനം തെറ്റായ സുര ക്ഷിതത്വത്താൽ സമാധാനിച്ചിരിക്കുമ്പോൾ - കാവലില്ലാത്ത വീട്ടിൽ അർദ്ധ രാത്രിക്ക് കള്ളൻ മോഷ്ടിക്കുന്നതുപോലെ, അശ്രദ്ധരും ഭക്തികെട്ടവരുമായ വർക്ക് പെട്ടെന്ന് നാശം വന്നു ഭവിക്കും; “അവർക്ക് തെറ്റിയൊഴിയാവതുമല്ല” (വാക്യം 3).GCMal 37.1

    Larger font
    Smaller font
    Copy
    Print
    Contents